Image

50 വയസ്സുകാരന്‍ ലൗ ജിഹാദ് നടത്തിയെന്ന കണ്ടുപിടുത്തത്തില്‍ വെട്ടിയരിഞ്ഞു: ഡോ. തോമസ് ഐസക്ക്

Published on 08 December, 2017
50 വയസ്സുകാരന്‍ ലൗ ജിഹാദ് നടത്തിയെന്ന കണ്ടുപിടുത്തത്തില്‍ വെട്ടിയരിഞ്ഞു: ഡോ. തോമസ് ഐസക്ക്
കണ്ടിരിക്കാനാവില്ല ആ വീഡിയോ. ഒരാളെ മഴുകൊണ്ട് വെട്ടിപ്പിളര്‍ന്ന്, മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി, ചുട്ടു കൊല്ലുന്നത് മനസറപ്പില്ലാതെ കാമറയില്‍ പകര്‍ത്തിയ് ഒരു പതിനാലുകാരനാണ്. ഈ കൊലപാതകത്തെയും അതു ചിത്രീകരിച്ചു ലോകത്തിനു വിളമ്പിയവരെയും അഭിനന്ദിക്കാനും ന്യായീകരിക്കാനും മലയാളികളുമുണ്ട്. മനുഷ്യത്വമുള്ളവരില്‍ നിര്‍വികാരതയും മരവിപ്പും പടരുമ്പോള്‍ ആര്‍ത്തട്ടഹസിച്ച് കൊലപാതകികളെ അഭിനന്ദിക്കുകയാണ് മറ്റു ചിലര്‍.

ലൌ ജിഹാദിന്റെ പേരിലാണത്രേ കൊലപാതകം. ലൌ ജിഹാദു നടത്തുന്നവര്‍ക്ക് ഇതാണ് ശിക്ഷയെന്ന മുന്നറിയിപ്പും വീഡിയോയിലുണ്ട്. കൊലപാതകിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പരമാവധി ശിക്ഷ അയാള്‍ക്കു തങ്ങള്‍ വാങ്ങിക്കൊടുക്കുമെന്ന രാജസ്ഥാന്‍ പോലീസിന്റെ നിലപാടും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അഖ്‌ലക്കിന്റെ കൊലപാതകികള്‍ക്ക് എന്തു സംഭവിച്ചുവെന്ന് രാജ്യം കണ്ടതാണ്. ആ ഗതി ഈ കേസിനുണ്ടാകാതിരിക്കട്ടെയെന്ന് ആശിക്കാം.

പരസ്പരം സ്‌നേഹിക്കുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നത് വധശിക്ഷ ലഭിക്കുന്ന കുറ്റമായി പരിഗണിക്കുന്നൊരു സമാന്തര സമൂഹം ഇന്ത്യയില്‍ വ്യാപിക്കുകയാണ്. കേരളം അതില്‍ നിന്നൊക്കെ മുക്തമാണ് എന്ന് നാമൊക്കെ അഹങ്കരിച്ചിരുന്നു. എന്നാല്‍, ഹീനമായ ഈ കൊലപാതകത്തിന് കേരളത്തിലും പിന്തുണ ലഭിക്കുന്നു. നവോത്ഥാനമൂല്യങ്ങളുടെ പേരില്‍ നമ്മുടെ നാടിനുണ്ടായിരുന്ന സ്വീകാര്യതയും ആദരവും കപ്പലു കയറുകയാണ്.

മതത്തിന്റെയും ജാതിയുടെയും അഭിമാനത്തിനു ക്ഷതമേറ്റതായി പ്രഖ്യാപിച്ച് കമിതാക്കളെ ക്രൂരമായ വധശിക്ഷയ്ക്കിരയാക്കുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ നിര്‍ബാധം അരങ്ങേറുന്നുണ്ട്. നമ്മുടെ സാമ്പ്രദായിക നീതിവ്യവസ്ഥയ്ക്ക് പുറത്താണ് ഇക്കൂട്ടരുടെ വിഹാരം. സര്‍ക്കാരും പോലീസുമൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല.

നാലഞ്ചു വര്‍ഷം മുമ്പുള്ള ഒരു സംഭവം ഓര്‍ക്കുന്നു. ദുരഭിമാനക്കൊലപാതകത്തെക്കുറിച്ചുള്ള ബിബിസി റിപ്പോര്‍ട്ട്. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. ധര്‍മ്മേന്ദര്‍ ബാരക്, നിധി ബാരക് എന്നീ കമിതാക്കളെ നിധിയുടെ കുടുംബം അതിക്രൂരമായി കൊന്നു കളഞ്ഞു. ധര്‍മ്മേന്ദറിന്റെ കൈകള്‍ വെട്ടി, കാലുകളരിഞ്ഞ്, തലയറുത്താണ് കൊന്നത്. നിധിയെ മരിക്കുംവരെ തല്ലി. സംഭവമറിച്ച് ഏതാണ്ട് ഒരുമണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തിയ ബിബിസിയുടെ സുബൈര്‍ അഹമ്മദ്, ഒരിറ്റു കണ്ണീരു പൊടിയുകയോ, ഒരല്‍പ്പം വിഷമം നിഴലിക്കുകയോ ചെയ്ത ഒരു മുഖമെങ്കിലും കാണാനാവുമോയെന്ന് തിരഞ്ഞു നോക്കി. പരാജയമായിരുന്നു ഫലം. അറസ്റ്റിലായ നിധിയുടെ അമ്മയ്ക്കടക്കം ഒരു കുറ്റബോധവുമുണ്ടായിരുന്നില്ല. ചെയ്തതു ശരിയാണെന്നും പ്രണയിക്കുന്നവര്‍ക്ക് ഇതാണ് ശിക്ഷയെന്നുമായിരുന്നു ബന്ധുക്കളും നാട്ടുകാരും ഒരേസമയം പ്രഖ്യാപിച്ചത്.

പത്തുകൊല്ലം മുമ്പ് ഉത്തര്‍ പ്രദേശിലെ ആഗ്രയ്ക്കടുത്ത് നഹാരയില്‍ ജാതിക്കോടതി നടപ്പാക്കിയ വധശിക്ഷ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. പ്രണയബദ്ധരായി വിവാഹിതരായ ഗുഡിയ, മഹേഷ് എന്നീ കമിതാക്കളെയാണ് താക്കൂര്‍ കോടതി അതിക്രൂരമായി കൊന്നത്. ഗുഡിയയെയും മഹേഷിനെയും തല്ലിച്ചതച്ച് മരക്കൊമ്പില്‍ തൂക്കിക്കൊന്നു. മൃതശരീരങ്ങളുടെ കഴുത്തറുത്ത് കബന്ധങ്ങള്‍ കഷണങ്ങളായി വെട്ടിപ്പിളര്‍ന്ന് അടുത്തുളള അഴുക്കുചാലിന് സമീപം ചുട്ടെരിച്ചാണ് അഭിമാനം കാത്തുസൂക്ഷിച്ചത്.

ഇത്തരം കൊലപാതകങ്ങളുടെ രീതിയും ശൈലിയുമല്ല അതിനു ലഭിക്കുന്ന സാമൂഹ്യസ്വീകാര്യതയാണ് ആഴത്തില്‍ പഠിക്കേണ്ടതും ചികിത്സിക്കേണ്ടതും. ജാത്യാഭിമാനം സംരക്ഷിക്കാന്‍ എത്ര ക്രൂരമായ കൊലപാതകങ്ങള്‍ക്കും മടിക്കാത്ത ഒരു സമൂഹം. അവരില്‍ രോമാഞ്ചം ചൊരിയാന്‍ കേരളത്തിലും ആള്‍ക്കൂട്ടം.

ഭീകരമാണ്, ഭയാനകമാണ് സ്ഥിതി. മറികടന്നേ തീരൂ ഈ പ്രതിസന്ധി. പോലീസും കോടതിയും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതോടൊപ്പം സാമൂഹ്യകൂട്ടായ്മകള്‍ക്കുള്ള പൊതുഇടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടണം. പുതിയ തലമുറയെ ജനാധിപത്യമൂല്യങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാന്‍ പ്രാപ്തമാക്കണം. അവരില്‍ ചരിത്രബോധം ഊട്ടിയുറപ്പിക്കണം.
50 വയസ്സുകാരന്‍ ലൗ ജിഹാദ് നടത്തിയെന്ന കണ്ടുപിടുത്തത്തില്‍ വെട്ടിയരിഞ്ഞു: ഡോ. തോമസ് ഐസക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക