Image

ഓഖി (കവിത: സജി വര്‍ഗീസ്)

സജി വര്‍ഗീസ് Published on 08 December, 2017
ഓഖി (കവിത: സജി വര്‍ഗീസ്)
പ്രണയം തലകീഴായിക്കിടക്കുന്നു;
നീലവിഹായസ്സു ഞാന്‍ കാണുന്നു.
മഴ മേഘങ്ങളെന്റെ കാഴ്ചകള്‍ മറയ്ക്കുന്നു;
നീല ജലാശയത്തിലേക്കാണ്ടു പോകുന്നു.
ആകാശ മണ്ഡലത്തില്‍ നിന്നിറങ്ങി വന്ന മാലാഖ
കടലാഴങ്ങളിലേക്ക്;
പവിഴ പുറ്റുകള്‍ക്കിടയില്‍ക്കിടന്നെന്നധരങ്ങളില്‍ സ്പര്‍ശനം.
ഹിമശിഖരങ്ങള്‍ക്കിടയിലൂടൊരു യാത്ര,
പ്രണയത്തിന്‍ നാഗമായ് ചുറ്റിവരിഞ്ഞുകിടന്നു ചുടുചുംബനം നല്‍കി ;
രൗദ്രഭാവം പൂണ്ടവള്‍! കുതറിത്തെറിക്കുന്നു.
വിശപ്പറിഞ്ഞവള്‍, ചാരിത്ര്യത്തിന്റെ പുറംതോട് പൊട്ടിപ്പോയവള്‍,
ആഴിയുടെ ആഴങ്ങളിലവള്‍ ചുഴിയായി ക്കറങ്ങിത്തിരിഞ്ഞവള്‍
ചുഴലിക്കൊടുങ്കാറ്റായി അലറിക്കരഞ്ഞു;
ആരോ ഓഖിയെന്നു വിളിച്ചു.
മുന്നറിയിപ്പായവള്‍ക്കടന്നു പോയി.
ശീതീകരിച്ച മുറിയിലിരുന്നവലോകനം;
രക്ഷാപ്രവര്‍ത്തനം, ചാനല്‍ച്ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു.
ഓഖി! അവള്‍ കടന്നു പോയി
വരുമൊരുനാള്‍ ഈരേഴു സമുദ്രമായ്
നിന്റെയത്യാഗ്രഹത്തിനൊരുതാക്കീതായ് !
Join WhatsApp News
Revathi 2017-12-08 05:44:57
കാറ്റിനെയും തിരകളെയും നിയന്തിക്കാന്‍ കഴിവുള്ള ദൈവങ്ങള്‍ എവിടെ ?
നഷ്ട പരിഹാരത്തിന് ഇവരുടെ പേരില്‍ കേസ് കൊടുക്കണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക