Image

വിടവുകള്‍ വളരുമ്പോള്‍ (ലേഖനം- ജോണ്‍വേറ്റം)

ജോണ്‍വേറ്റം Published on 07 December, 2017
വിടവുകള്‍ വളരുമ്പോള്‍ (ലേഖനം- ജോണ്‍വേറ്റം)
സകല മനുഷ്യ വര്‍ഗ്ഗങ്ങള്‍ക്കും ജീവജലം നല്‍കുന്ന സ്‌നേഹത്തിന്റെ ഉറവുകള്‍ വറ്റുകയാണോ? ഭൂമുഖത്തുള്ള ജനതകളൊക്കെയും അനുഗ്രഹിക്കപ്പെടുന്നതിനുവേണ്ട സമാധാനം കുറയുന്നതെന്തുകൊണ്ട്? കുടുംബജീവിതത്തില്‍ സന്തുഷ്ടിനിറയുവാന്‍ എന്തു ചെയ്യണം?

ദേശാഭിമാനികളായ കേരളീയര്‍ ഏത് രാജ്യത്തുവസിച്ചാലും, മലയാളെ ഭാഷയെ സ്‌നേഹിച്ചും മലയാള മാദ്ധ്യമങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചും മദനാടുകളില്‍ കേരളസംസ്‌ക്കാരത്തെ നാട്ടുവളര്‍ത്തുവാന്‍ ശ്രമിക്കും. എന്നാല്‍, വിദേശങ്ങളില്‍ ജനിച്ചുവളരുന്ന അവരുടെ മക്കള്‍ മലയാളനാടിനെ എങ്ങനെ കാണുന്നു? മാതാപിതാക്കളെ എപ്രകാരം കരുതുന്നു

ബാല്യം മദ്ധ്യപ്രായം വാര്‍ദ്ധക്യം എന്ന വത്യസ്ത ജീവിതദശകളില്‍പ്പെട്ടവര്‍ ഭൂമിയില്‍ ഇടകലര്‍ന്നു ജീവിക്കുന്നു. പരസ്പര സ്‌നേഹവും സമാധാനവും സുരക്ഷിതത്വവും അവര്‍ക്കു ലഭിക്കുന്നുണ്ടോ? അസമത്വങ്ങള്‍ പരിഹരിച്ച് ഒരു ജീവിതമായി ജീവിതം ആസ്വദിക്കുവാന്‍ സാധിക്കുന്നില്ല! തലമുറകളില്‍ സ്വതവേ ഉണ്ടാകുന്ന ഐക്യരാഹിത്യം വികസിത വികസ്വര രാഷ്ട്രങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഭൂത വര്‍ത്തമാന കാലങ്ങളിലൂടെ ഭാവി ലോകത്തേക്ക് പടരുന്ന ഈ ക്രമഭംഗം അര നൂറ്റാണ്ടിനുമുമ്പ് അധികം ശ്രദ്ധിക്കപ്പെട്ടില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതലായും പൗരസ്ത്യ നാടുകളില്‍ കുറഞ്ഞും കാണപ്പെടുന്ന ഈ സ്ഥിതി സമയപ്രതിസന്ധിയാണ്. കുടുംബങ്ങള്‍ കൂടിച്ചേര്‍ന്നു ജീവിക്കുന്ന ഇടങ്ങളില്‍ തലമുറകള്‍ തമ്മിലുള്ള കാലയകലം ഭിന്നത വര്‍ദ്ധിപ്പിക്കുന്നു. മനുഷത്വ ഗുണങ്ങള്‍ മാറുന്നു. പഴയ പുതിയ ജനതകളില്‍ യഥാര്‍ത്ഥമായി ഉണ്ടാകുന്ന അറിവും അഭിരുചിയും വ്യക്തിത്വം സംബന്ധിച്ച സംവാദങ്ങളും ഗുരുതര പ്രശ്‌നം സൃഷ്ടിക്കുന്നു. കേരളത്തിലെ കൂട്ടുകുടുംബ സമ്പ്രദായം മുരടിച്ചതിനും ഈടുറ്റ ന്യായങ്ങളുണ്ട്.

ഒരു വിഷയത്തില്‍ മാത്രം ഉണ്ടാകുന്ന വിസ്‌പോടനം തലമുറകളുടെ ബന്ധത്തെ ഛേദിക്കില്ല. എങ്കിലും, അഭിപ്രായം ആദര്‍ശം ആശയ വിനിമയം ഉദ്യോഗം ഇടപാടുകള്‍ പെരുമാറ്റച്ചിട്ട മതം രാഷ്ട്രീയം സാംസ്‌ക്കാരിക മാനദണ്ഡങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ അസംതൃപ്തി പകരുന്ന ആരോപണങ്ങളും നിസ്സഹകാരികളും ഉണ്ടാകുന്നു! തൊഴില്‍പരമായ പുതിയ ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതില്‍ യുവജനം മുമ്പിലും പഴമക്കാര്‍ പിന്നിലുമാണ്. ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദരും ഏറെയുള്ള ഇളം തലമുറ സാങ്കേതിക നൂനത്വങ്ങളെ കൈക്കൊള്ളുമ്പോള്‍, അനുകാലിക പരിജ്ഞാനം ആര്‍ജ്ജിക്കാനും കാലാനുസൃതമാറ്റങ്ങളെ അംഗീകരിക്കാനും വയസ്സന്മാര്‍ക്ക് തിടുക്കമില്ല. പുതുതലമുറയുടെ മാനസികാവസ്ഥ പരുപരുത്തതും അനുസരണം ആത്മനിയന്ത്രണം നല്ലപെരുമാറ്റം എന്നിവ കുറവാണെന്നും അവര്‍ക്ക് പരാതിയുണ്ട്. വേണ്ടത്ര അദ്ധ്വാനിക്കാതെ, ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ചിന്തിക്കാതെ, ആര്‍ഭാടമായി ജീവിക്കുകയെന്ന യുവജന സിന്താന്തം കുഴയ്ക്കുന്നുവെന്ന ആവലാതി മദ്ധ്യവയസ്‌കര്‍ക്കും ഉണ്ട്. പ്രായാധിക്യമുള്ളവര്‍ അവഗണിക്കപ്പെടും പുറന്തള്ളപ്പെട്ടും അലയേണ്ടിവരുന്നത് യുവീയുവാക്കളുടെ ഉപേക്ഷയാലാണെന്ന് വിശ്വസിക്കുന്നവരും വിരളമല്ല. മതത്തിന്റെ മൂല്യവത്തായ വ്യവസ്ഥകള്‍ പാലിക്കാതെ സങ്കരസമൂഹത്തില്‍ ചെറുപ്പക്കാര്‍ ചേരുന്നുവെന്നും, പിത്ൃപുത്ര ബന്ധത്തിന്റേയും സഹോദര്യത്തിന്റെയും പവിത്രമായ അര്‍ത്ഥങ്ങറിയാതെ വികലജീവിതം നയിക്കുന്നുവെന്നും അഭിപ്രായമുണ്ട്.

വളര്‍ച്ചക്കൊപ്പം ലഭിക്കുന്ന അറിവും പ്രവര്‍ത്തന പരിചയവും യുവജനങ്ങളില്‍ സ്വഭാവ പരിവര്‍ത്തനം വരുത്തുമെന്ന് സകലരും സമ്മതിക്കുന്നു. അടിസ്ഥാനം ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങളും, കഠിനമായ അച്ചടക്ക നടപടികളും, കുടുംബങ്ങളില്‍ നിന്ന് അവിവാഹിതരെ അകറ്റുന്നുവെന്ന് മറ്റൊരു ആദര്‍ശവാദം അച്ഛനമ്മമാരുടെ നിര്‍ദ്ദയനിയന്ത്രണം അന്യായവും അസ്സഹനീയവുമാകുമ്പോള്‍ മക്കള്‍ കലഹിക്കും. കുടുംബത്തോടുള്ള ചര്‍ച്ചയും ചേര്‍ച്ചയും ചോര്‍ന്നു പോകും. അവരുടെ സ്‌നേഹവും സമാധാനവും അന്യരിലേക്ക് ഒഴുകും. പിതാവോ മാതാവോ മാത്രമുള്ള ഭവനങ്ങളിലെ കുട്ടികള്‍ക്കും, രണ്ടാനമ്മയുടേയോ ചിറ്റപ്പന്റേയോ കൂടെ ജീവിക്കേണ്ടിവരുന്നവര്‍ക്കും, അസുഖകരമായ ചിന്തകള്‍ ഉണ്ടാകാം. അവരില്‍ ഒരു ഭാഗം അനുസരണയും സഹകരണവുമില്ലാതെ അലമ്പരും നിരാശരുമാകുമത്രേ. മാതാപിതാക്കളുടെ വിവാഹമോചനം ഭവനചട്ടങ്ങളെ ലംഘിച്ചു അകലംപാലിക്കുവാന്‍ സന്തതികളെ പ്രേരിപ്പിക്കുമെന്നും, അവര്‍ക്ക് ലഭിക്കേണ്ട ഊഷ്മള സ്‌നേഹത്തിന്റെയും അതുല്യമായ വാത്സല്യത്തിന്റെയും അഭാവമാണ് അതിന്റെ ഹേതുവെന്നും വിശ്വസിക്കുന്നവരുണ്ട്. പ്രായം കൂടുന്തോറും മനുഷ്യസ്വഭാവത്തിന് മാറ്റമുണ്ടാക്കുന്നുവെന്ന ഒരു തലമുറയുടെ ആശയം മറ്റൊരു തലമുറയുടെ ചിന്തയിലൂടെ ശീലങ്ങളിലൂടെ, വ്യത്യസ്ഥമാകുമെന്നു കരുതാം.

ജനകീയവിടവ് തുടര്‍ച്ചയാണ്! സമകാലീനസാഹചര്യങ്ങളില്‍ ജനിച്ചുവളരുന്നവര്‍ക്ക് ശതകാല യാഥാര്‍ത്ഥ്യങ്ങള്‍ പഴങ്കഥകളാണ്. ഓരോ തലമുറക്കും അതിന്റെ മുമ്പും പിമ്പുമുള്ള ജനതകളുടെ സിദ്ധാന്തങ്ങളെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ സമാന്തര ചിന്തകള്‍ സമ്മതിക്കുന്നില്ല. സാങ്കേതിക വിദ്യയുടെ തലങ്ങളില്‍ പുത്തന്‍ തലമുറ മുന്നിലും മറ്റു്‌ളവര്‍ പിറകിലുമാണ്. അദ്ധ്വാനശീലരും പ്രതിസന്ധികളെ ഭയക്കാത്തവരും സാഹസികത ആസ്വദിക്കുന്നവരും യുവതലമുറയില്‍ ഭൂരിപക്ഷമായി. എന്നിരിക്കെ, അലസ്സരും ദുശ്ശാഠ്യമുള്ളവരും സ്വാര്‍ത്ഥികളും കുറ്റവാളികളും യുവജനസമൂഹത്തില്‍ വര്‍ദ്ധിച്ചു! ആചാര പ്രിയരും ആഭിജത്യത്തിലും തറവാടിത്വത്തിലും വിശ്വസിക്കുന്നവരും നിഷ്‌കര്‍ഷയുള്ളവരും സഹനവും ക്,മയുള്ളവരാണ് മൂപ്പന്മാര്‍. എന്നാലും, ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും പഠിപ്പിച്ചുകൊണ്ട് പഴഞ്ചന്‍ ആശയങ്ങളെ അവര്‍ മുറുകെ പിടിക്കുന്നു. പരിതസ്ഥിതികളുടെ പരിവര്‍ത്തനങ്ങളെ യുവതലമുറ ബോധപൂര്‍വ്വം അംഗീകരിക്കുമ്പോള്‍, കിഴവന്മാര്‍ അവഗണിക്കുന്നുവെന്നാണ് വേറൊരു വിമര്‍ശനം. ഇന്നത്തെ യുവജനങ്ങളില്‍ ഭൂരിപക്ഷം അദ്ധ്വാനശീലരും കുടുംബബോധമുള്ളവരും സമര്‍ത്ഥരും സന്മനോഭാവം ഉള്ളവരുമാണ്. എന്നാല്‍, ന്യൂനപക്ഷം അങ്ങനെയല്ല. അവിശ്വസ്തത അവഗണന അക്രമം അമിത മദ്യപാനം മയക്കുമരുന്നുപയോഗം സ്വവര്‍ഗ്ഗരതി സ്വവര്‍ഗ്ഗവിവാഹം പച്ചകുത്ത് പ്രാകൃതവേഷം മോഷണം ഭീകര പ്രവര്‍ത്തനം എന്നിവയില്‍ ബന്ധിതരാകുന്നു. അതുകൊണ്ട്, തലമുറകളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ജീവിതരീതികളും ഭിന്നിക്കുന്നു!

തത്വവിചാരം തൊഴില്‍രംഗം നിയമപരിഷ്‌കരണം മനസ്സിനെ മന്ദീഭവിപ്പിക്കുകയോ മോദിപ്പിക്കുകയോ ചെയ്യുന്ന അനുഭവങ്ങള്‍ വിശ്വാസം ശാസ്ത്രപഠനം തുടങ്ങിയ വിവിധവിഷയങ്ങളിലൂടെ തലമുറകളില്‍ ഉണ്ടാകുന്ന അകലങ്ങള്‍ നികത്തുവാന്‍ സാധിക്കുന്നില്ല! പിന്നയോ, പരിഹാരം സംബന്ധിച്ച ചിന്തോദ്ദീപകങ്ങളായ അനവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

വിദേശങ്ങളില്‍ കുടിയേറിപാര്‍ക്കുന്നവരും ജോലിചെയ്യുന്നവരുമായ മലയാളികള്‍ തൊഴില്‍ രംഗത്തും മതരാഷ്ട്രീയ സാമുഹ്യമണ്ഡലങ്ങളിലും ശ്രേഷ്ഠപുരോഗതി നേടുന്നു. അങ്ങനെയാണെങ്കിലും, അവരുടെ കുടുംബസാചര്യം എത്രത്തോളം സംതൃപ്തമാണെന്നു ചോദിക്കുമ്പോള്‍ ലഭിക്കുന്ന ഉചിതമായ ഉത്തരം ചിന്തനീയമാണ്. മറുനാടന്‍ മലയാളികളുടെ തലമുറകളില്‍ ഉളവാകുന്ന വിടവുകളുടെ അടിസ്ഥാനം എവിടെയെന്നു അന്വേഷിക്കുമ്പോള്‍ കിട്ടുന്ന കുടുംബപരമായ കുറെ ചോദ്യങ്ങള്‍:

മറുനാടന്‍ മലയാളികള്‍ ധാര്‍മ്മികബോധമുള്ളവരും പിടിച്ചുകയറുന്നവരും സമ്പന്നരും സഹായികളുമാണെങ്കിലും, അവരുടെ കുടുംബ ജീവിതത്തിന്റെ നിയന്ത്രണം കുറയുന്നു എന്ന വിചാരം ശരിയോ തെറ്റോ?

ദൈവത്തെ ആരാധിക്കുകയും അനാചാരങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന അഭ്യസ്തവിദ്യരായ മാതാപിതാക്കള്‍ അവരുടെ സന്തതികള്‍ക്കു നല്കുന്ന വിശ്വാസത്തിന്റെ അടിസ്ഥാനം എന്താണ്?

കേരളത്തിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്കു വിദേശത്ത് ജനിച്ചുവളര്‍ന്ന മക്കളും, അവരുടെ ജന്മഭൂമിയും സുഖദജീവിതവും വെടിഞ്ഞു, അച്ഛനമ്മമാരോടൊത്തു വസിക്കണമെന്നു നിര്‍ബന്ധിക്കുന്നതു നീതിനിഷ്ഠമോ?

കല്ല്യാണപ്പൊരുത്തവും ജാതിചിന്തയും സദാചാരഭയവും മനസ്സമ്മതച്ചടങ്ങും പഴമക്കാരുടേതാണെന്നും, വിവാഹം വ്യക്തിപരമാകയാല്‍ മതാനുമതി അവശ്യമല്ലെന്നും, സന്തതികളെ അന്ധവിശ്വാസത്തില്‍ തളച്ചിടുന്നതു തെറ്റും അവകാശലംഘനവുമാണെന്ന യുവജനവാദം ഏതു ത്വത്തില്‍ അധിഷ്ഠിതമാണ്?

കുടുംബബന്ധവും കുലീനതയും പരമ്പരാഗതക്രമങ്ങളും ഉപേക്ഷിച്ചു സ്വതന്ത്രമായി സ്വീകരിക്കുന്ന ചെറുപ്പക്കാരുടെ സ്വകാര്യസഹവാസം ഒരു ന്ല്ല ജീവിതമെന്നും കരുതാന്‍ കഴിയുമോ?

അവിഹിതബന്ധം അരുതെന്നും, പാതിവ്രതൃവും ബ്രഹ്മചര്യവും വിശുദ്ധമെന്നും, നന്മക്കുവേണ്ടി തിന്മചെയ്യരുതെന്നും, പഠിപ്പിക്കുന്നവരെ പാടേ ഉപേക്ഷിക്കുന്ന യുവതലമുറയുടെ നിരസനത്തിന്റെ കാരണം എന്താണ്?

സാത്താനിസത്തിലേക്കു തിരിഞ്ഞു ദുഷ്ടതന്ത്രങ്ങള്‍ സൃഷിച്ചു ശിശുദ്രോഹവും ജാരജനനവും വര്‍ദ്ധിപ്പിയ്ക്കുകയും, മാതാപിതാക്കളെ ഉപദ്രവിക്കുയും ഉപേക്ഷിക്കുകയും ചെയ്യുന്നവര്‍ പെരുകുന്നു. അവരെ മാനസാന്തരപ്പെടുത്തി ഈ ലോകത്തിന്റെ രക്ഷാസംഘങ്ങളാക്കിമാറ്റുവാന്‍ മറ്റുള്ളവര്‍ക്കു എന്തു മനോഭാവം ഉണ്ടായിരിക്കണം? 

ആദിവാസികളുടെ സമൂഹത്തില്‍ നാമമാത്രമായും ഗ്രാമങ്ങളില്‍ കുറഞ്ഞും നഗരങ്ങളില്‍ കൂടുതലായും കാണപ്പെടുന്ന കുടുംബപരമായ കുഴപ്പങ്ങള്‍ വിരുദ്ധഭാവങ്ങളിലൂടെ വിപുലവ്യാപകമാകുന്നു. അതിനാല്‍, അവയില്‍നിന്ന് ഒഴിഞ്ഞിരിക്കാന്‍, കുടുംബസമാധാനവും സുരക്ഷയും സംബന്ധിച്ച നിയമത്തിന്റെ ഏതു ലംഘനത്തെയും തടയാന്‍ സാധിക്കണം. അതുകാരണമായി അനേകം നിര്‍ദ്ദേശങ്ങളും പോന്തിവന്നിട്ടുണ്ട്.

തലമുറകളുടെ ജീവിതാവശ്യങ്ങളെയും വ്യത്യസ്തതാല്പര്യങ്ങളെയും ക്ഷമയോടെ പഠിപ്പിക്കുകയും തുറന്ന മനസ്സോടെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്യണം. അകാലിക ജീവിതശൈലിയും കാലഹരണപ്പെട്ട ആചാരക്രമങ്ങളും ഒഴിവാക്കണം. പൊതു പ്രവര്‍ത്തകസമിതികളിലും വിനോദവേദികളിലും സംസ്‌കാരികസമ്മേളനങ്ങളുലും പ്രായവ്യത്യാസം തടസ്സമാകരുത്. വേണ്ടാത്തത് വിട്ടുകളയുവാന്‍ തലമുറക്കാര്‍ തയ്യാറാവണം. തുടര്‍ച്ച എപ്പോഴും ഗുരുതരമായ അസ്വസ്ഥതയാകയാല്‍ കുടുംബങ്ങളില്‍ അഭ്യന്തരകലഹം ഒഴിവാക്കണം. മക്കളുടെ മൗലികാവകാശങ്ങളെയും സ്വതന്ത്ര്യത്തെയും സ്വകാര്യതയേയും മാതാപിതാക്കള്‍ നിഷേധിക്കരുത്. ആത്മാര്‍ത്ഥമായ ബുദ്ധിയുപദേശവും സഹനത്തോടുകൂടിയ സമീപനവും പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കും. അതിനു യുക്തിചിന്ത ഉപയോഗിക്കണം. അനുമേദനവാക്കും അംഗീകാരകര്‍മ്മവും സഹകരണത്തിനും സൗഹാര്‍ദ്ദതയ്ക്കും പ്രചോദനമാകും. കഷ്ടനഷ്ടങ്ങളും ദുഖദുരിതങ്ങളും സഹിച്ചു ത്യാഗത്തോടെ സഹായിക്കുന്നത് അച്ഛനമ്മമാരാണെന്ന വിശ്വാസം സന്തതികള്‍ക്കുണ്ടായിരിക്കണം. ആശയവിനിമയത്തിലൂടെ കുടുംബസ്സമാധാനം പുഷ്ടിപ്പെടുത്താം. വിദ്വേഷത്തിന്റെ വാക്കുകള്‍ക്കു വിനാശകശക്തിയുള്ളതിനാല്‍ മൊഴികള്‍ എപ്പോഴും കൃപയോടുകൂടിയതായിരിക്കണം. പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍, സഹിച്ചുനില്കാനും, പരസ്പരം ആശ്വസിപ്പിക്കാനും സന്നദ്ധരാകണം. മക്കള്‍ അവിശ്വാസികളും മാതാപിതാക്കള്‍ ആത്മീയനിറവില്‍ ജീവിക്കുന്നവരുമാണെങ്കില്‍, കുപിതരും വിഷാദമഗ്തരുമാകാതെ, തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കണം. അന്യോന്യം സമാധാനം പാലിക്കാന്‍, ന്യായബോധമുള്ളവര്‍ നല്ലമാര്‍ഗ്ഗദര്‍ശനം സന്മനസ്സോടെ സ്വീകരിക്കും. പൂര്‍വ്വജീവിതങ്ങള്‍ ആചരിച്ച അനുചിതകര്‍മ്മങ്ങളെ ഭാവിലോകം ഏറ്റുവാങ്ങുകയില്ല!

അടുത്ത അരനൂറ്റാണ്ടിനുള്ളില്‍ ഒരു നൂതനപരിവര്‍ത്തനഘട്ടം ഉണ്ടാകും. പുതിയസാങ്കേതികവിദ്യകള്‍ വികസിക്കും. ജനപ്പെരുപ്പം സാഹചര്യത്തെ സ്ങ്കീര്‍ണ്ണമാക്കും. അതുകൊണ്ട്, ഒരു സുരക്ഷിതഭൂമിയിലെത്തുന്ന സുഖദമായ അതിജീവനത്തിന്റെ വിശാലബന്ധുരമായ മാര്‍ഗ്ഗം എങ്ങനെ കണ്ടെത്താം?


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക