Image

യുഎഇയുടെ സാമൂഹ്യവിജയം സഹിഷ്‌ണതയുടെ മൂല്യങ്ങളില്‍ അധിഷ്‌ഠിതം: ഷെയ്‌ഖ്‌ നഹ്യാന്‍

Published on 12 March, 2012
യുഎഇയുടെ സാമൂഹ്യവിജയം സഹിഷ്‌ണതയുടെ മൂല്യങ്ങളില്‍ അധിഷ്‌ഠിതം: ഷെയ്‌ഖ്‌ നഹ്യാന്‍
അബുദാബി: സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ ലോക രാഷ്‌ട്രങ്ങള്‍ ഉഴലുമ്പോള്‍ യുഎഇയുടെ സാമൂഹ്യ ജീവിത മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നത്‌ സഹിഷ്‌ണതയുടെ മൂല്യങ്ങളില്‍ അധിഷ്‌ഠിതമായ നയസമീപനങ്ങളുടെ വിജയമാണെന്ന്‌ വിദ്യാഭ്യാസ, ശാസ്‌ത്ര ഗവേഷണ മന്ത്രി ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു.

അബുദാബി മാര്‍ത്തോമ്മ ഇടവകയുടെ 40-ാമത്‌ വാര്‍ഷിക പരിപാടികളുടെ സമാപന സമ്മേളനം മുസഫ മാര്‍ത്തോമ്മ ദേവാലയത്തില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാലു പതിറ്റാണ്‌ടുകളിലൂടെ മലങ്കര മാര്‍ത്തോമ്മ സഭ യുഎഇയുടെ ആധ്യാത്മിക മണ്ഡലത്തില്‍ നല്‍കിയ സംഭാവനകളെ മന്ത്രി പ്രകീര്‍ത്തിച്ചു.

മതങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലും പരസ്‌പര സഹിഷ്‌ണുതയും ബഹുമാനവും പുലര്‍ത്തിയും അന്യോന്യം വിലകര്‍പ്പിക്കുകയും ചെയ്യുന്ന സാമൂഹ്യ ക്രമം മുസ്‌ ലിം വിശ്വാസത്തില്‍നിന്നും ഉരുത്തിരിഞ്ഞതാണ്‌. രാഷ്‌ട്രപിതാവ്‌ ഷെയ്‌ഖ്‌ സായദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ തുടങ്ങിവച്ചതും യുഎഇ പ്രസിഡന്റ്‌ ഷെയ്‌ഖ്‌ ഖലീഫ ബിന്‍ സായദ്‌ അല്‍ നഹ്യാന്‍ നിലകൊള്ളുന്നതും അത്തരം സാര്‍വ ലൗകിക സാഹോദര്യ കാഴ്‌ചപ്പാടിലാണെന്നും ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ പറഞ്ഞു.

മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നല്‍കി. മനുഷ്യത്വത്തിന്റെ സമ്പന്നത പങ്കുവച്ച്‌ എളിയവരെ നമുക്കൊപ്പം നടത്താന്‍ പ്രാപ്‌തരാക്കുന്നതാണ്‌ യഥാര്‍ഥ ജീവകാരുണ്യമെന്ന്‌ മെത്രാപ്പോലീത്ത ഓര്‍മിപ്പിച്ചു.

ചെന്നൈ-ബാംഗളൂര്‍ ഭദ്രാസനാധിപന്‍ ഡോ. ഐസക്‌ മാര്‍ പീലക്‌സിനോസ്‌ അധ്യക്ഷത വഹിച്ചു. വാര്‍ഷിക സ്‌മരണിക ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ്‌ പ്രകാശനം ചെയ്‌തു. ജെംസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പത്മശ്രീ സണ്ണിവര്‍ക്കി ആശംസ നേര്‍ന്നു.

സെന്റ്‌ ആന്‍ഡ്രൂസ്‌ ഇടവക വികാരി റവ. ആന്‍ഡ്രൂസ്‌ ഡേവിഡ്‌ തോംസണ്‍, ഇടവക വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ്‌ അട്ടത്തറയില്‍, സഹവികാരി റവ. ഷാജി തോമസ്‌, ട്രസ്റ്റി സാമുവല്‍ തോമസ്‌, ജനറല്‍ കണ്‍വീനര്‍ വി.ജെ. തോമസ്‌,, സെക്രട്ടറി മാത്യൂസ്‌ പി. ജോണ്‍, സ്‌മരണിക ചെയര്‍മാന്‍ സാംജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇടവകയുടെ നവീകരിച്ച വെബ്‌സൈറ്റിന്റെ പ്രകാശനം ഡോ. ജോസഫ്‌ മാര്‍ത്തോമ്മ നിര്‍വഹിച്ചു.

അനില്‍ സി. ഇടിക്കുള രചിച്ച്‌ മാത്യൂസ്‌ പി. ജോണ്‍ സംഗീതം നല്‍കിയ 40-ാമത്‌ വാര്‍ഷിക ഗാനം ഇടവക ഗായകസംഘം ആലപിച്ചു.
യുഎഇയുടെ സാമൂഹ്യവിജയം സഹിഷ്‌ണതയുടെ മൂല്യങ്ങളില്‍ അധിഷ്‌ഠിതം: ഷെയ്‌ഖ്‌ നഹ്യാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക