Image

ചിന്നിച്ചിതറി മാനത്ത് കണ്ടത്...(പകല്‍ക്കിനാവ്- 79: ജോര്‍ജ് തുമ്പയില്‍)

Published on 01 December, 2017
ചിന്നിച്ചിതറി മാനത്ത് കണ്ടത്...(പകല്‍ക്കിനാവ്- 79: ജോര്‍ജ് തുമ്പയില്‍)
രണ്ടു മാസത്തിനിടെ രണ്ട് അഗ്നിഗോളങ്ങളെ മാനത്തു കണ്ടതിന്റെ ആവേശത്തിലാണ് ന്യൂജേഴ്‌സിയിലെ ജനങ്ങള്‍. ട്രന്റണ്‍, വിന്‍ലാന്‍ഡ്, ഓഷ്യന്‍ സിറ്റി, സ്‌റ്റോണ്‍ ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഈ അഗ്നിഗോളത്തെ ആകാശത്ത് കണ്ടു. പ്രകാശോജ്വലമായ ഈ ആകാശവിസ്മയം ഉല്‍ക്ക തന്നെയായിരുന്നുവോ എന്ന കാര്യത്തിലായിരുന്നു ജനങ്ങള്‍ക്ക് സംശയം. ഒടുവില്‍ ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ, മേരിലാന്‍ഡ്, വാഷിങ്ടണ്‍, വിര്‍ജീനിയ, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ നിന്നുള്ളവരും സാക്ഷിയായതോടെ ശാസ്ത്രലോകം ഉറപ്പാക്കി. അതൊരു ഉല്‍ക്കയായിരുന്നു. ഉല്‍ക്കയെ അപ്രതീക്ഷിതമായി അടുത്ത കണ്ടതിന്റെ ആവേശത്തില്‍ പലരും ചോദിക്കുന്നു, ഇനിയും വരുമോ ഇവന്‍ ഈ ഭൂമിയിലേക്ക്? വരും, വരാതിരിക്കില്ല, അത്‌ലാന്റിക്ക് സമുദ്രത്തിലേക്ക് ആഴ്ന്നു പോകും മുന്നേ പൊട്ടിച്ചിതറി നൂറായിരം പ്രകാശഗോപുരങ്ങളൊരുക്കി വിസ്മയം സൃഷ്ടിക്കാന്‍ ഡിസംബറില്‍ വീണ്ടും വന്നേക്കുമെന്നു ജ്യോതിശാസ്ത്രജ്ഞന്മാര്‍ പറയുന്നു. കടലിലേക്ക് വീഴും മുന്നേ പൊട്ടിച്ചിതറിയെങ്കിലും ഇതെങ്ങാനും തലയില്‍ വീഴുമോയെന്നായിരുന്നു പലരുടെയും പേടി. അങ്ങനെ സംഭവിക്കുമോ? സംഭവിച്ചേക്കാം.

ഇത്തരത്തിലൊന്ന് നാലുവര്‍ഷങ്ങള്‍ക്ക് മുന്നേ റഷ്യയില്‍ നടന്നു. റഷ്യയില്‍ ആയതു കൊണ്ടാവും പുറം ലോകം ഇക്കാര്യം കാര്യമായി അറിഞ്ഞിരുന്നില്ല. 2013 ഫെബ്രുവരി 15ന് റഷ്യയിലെ ഉറാല്‍ പര്‍വതനിരയ്ക്കു സമീപം ചെല്യബിന്‍സ്കിയിലാണ് സംഭവം. ഈ കൂറ്റന്‍ ഉല്‍ക്കയാണ് ചെല്യാബിന്‍സ് ഉല്‍ക്ക എന്നറിയപ്പെടുന്നത്. സംഭവത്തില്‍ 1500ലധികം പേര്‍ക്ക് പോള്ളലേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് പറ്റുകയും ചെയ്യുകയുണ്ടായി. താഴേക്ക് വീഴും മുന്നേ, ഉല്‍ക്ക അന്തരീക്ഷത്തില്‍ വെച്ച് പൊട്ടിത്തെറിച്ചത് അപകടം കുറക്കുന്നതിനിടയാക്കി. യുഎസിലെ അലബാമയില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന ആന്‍ എലിസബലത്ത് ഹോഡ്ജിന് (31) ഉല്‍ക്ക പതിച്ചു പൊള്ളലേറ്റതായി വാര്‍ത്തയുണ്ട്, എന്നാല്‍ ഇത് നവംബര്‍ 1954-ലാണ്. ഇത്തരത്തില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അത് ഇന്ത്യയിലാണ്. അന്ന് ഈ വാര്‍ത്ത വായിച്ചത് ഞാന്‍ എന്റെ വാര്‍ത്ത ശേഖരത്തില്‍ സൂക്ഷിച്ചു വച്ചിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു സംഭവം. ഉല്‍ക്ക വീണു അന്ന് ബസ് ഡ്രൈവറാണ് മരിച്ചത്. വെല്ലൂര്‍ ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളജ് വളപ്പിലാണ് ഉല്‍ക്ക വീണതും ഒരാള്‍ കൊല്ലപ്പെട്ടതും മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തത്. ലോകത്ത് ഇതിനു മുന്‍പ് ഉല്‍ക്ക പതിച്ചു മരണം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. അങ്ങനെ, ഇത്തരത്തിലെ ആദ്യത്തെ മരണമായി ഇതു മാറി.

എന്താണ് ഉല്‍ക്ക? പൊട്ടിത്തകര്‍ന്ന ഛിന്ന ഗ്രഹങ്ങളുടെയോ വാല്‍നക്ഷത്രങ്ങളുടെയോ അവശിഷ്ടങ്ങളാണ് ഉല്‍ക്കകള്‍. ചെറു പാറക്കഷണങ്ങളും പൊടിപടലങ്ങളും ലോഹങ്ങളുമടങ്ങുന്ന ഇവ കോടിക്കണക്കിനു വര്‍ഷങ്ങളായി സൂര്യനെ വലംവയ്ക്കുന്നു. ചിലതു ഭൗമാന്തരീക്ഷവുമായി കൂട്ടിയുരസി എരിഞ്ഞുതീരും. അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യും. കുഞ്ഞു കല്ലുകള്‍ മുതല്‍ കൂറ്റന്‍ പാറകളുടെ വരെ വലുപ്പമുള്ളവയുണ്ടാകും. ധൂളീകണങ്ങള്‍ മുതല്‍ ഒരു മീറ്റര്‍ വരെ വലിപ്പമുള്ളവയാണ് ഇവ. വളരെ ചെറിയവയെ ബഹിരാകാശധൂളീകണങ്ങള്‍ എന്നു വിളിക്കുന്നു. ഇവയില്‍ ഭൂരിഭാഗവും വരുന്നത് ധൂമകേതു, ഛിന്നഗ്രഹങ്ങള്‍ എന്നിവയില്‍ നിന്നാണ്. വളരെ അപൂര്‍വ്വമായി ചന്ദ്രന്‍, ചൊവ്വ എന്നിവയില്‍ നിന്നും ഉല്‍ക്കകള്‍ എത്താറുണ്ട്. സെക്കന്റില്‍ 42 മീറ്റര്‍ വേഗത്തിലാണ് സാധാരണയായി ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉല്‍ക്കകള്‍ ആകാശത്ത് ഒരു അഗ്‌നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മള്‍ കൊള്ളിമീനുകള്‍ എന്നു വിളിക്കുന്നത്. ഇതായിരിക്കണം ന്യൂജേഴ്‌സി ഭാഗത്തുള്ളവര്‍ കണ്ടത്. കഴിഞ്ഞ രണ്ടു തവണയും ഉല്‍ക്കകളേക്കാള്‍ വലിയ രീതിയിലുള്ള അഗ്നിഗോളങ്ങള്‍ കണ്ടു എന്ന റിപ്പോര്‍ട്ട് പഠിച്ചാല്‍ വലിയ ശിലാപാളികളാവാം അതെന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടി വരും. അത്‌ലാന്റിക്കില്‍ ചില ദിവസങ്ങളില്‍ മിനിറ്റുകള്‍ ഇടവിട്ടുള്ള ഉല്‍ക്കാവീഴ്ചകള്‍ കാണാം. ഈ പ്രതിഭാസത്തെയാണ് ഉല്‍ക്കാവര്‍ഷം എന്നു വിളിക്കുന്നത്. ഒരു വര്‍ഷം 15,000 ടണ്ണിലേറെ ഉല്‍ക്കകള്‍ (സൂക്ഷ്മധൂളീകണങ്ങള്‍ ഉള്‍പ്പെടെ) ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ മനുഷ്യനേത്രത്തില്‍ ഇവ പ്രത്യക്ഷപ്പെടുന്നത് വളരെ കുറച്ചും. ധ്രുവപ്രദേശങ്ങളിലാണ് സാധാരണയായി ഉല്‍ക്കവര്‍ഷം കാണപ്പെടുന്നത്. അതു കൊണ്ടു തന്നെ ഇവ കേന്ദ്രീകരിച്ചുള്ള പഠനവും കാര്യമായി നടക്കുന്നുണ്ട്.

നാസയുടെ നേതൃത്വത്തിലാണ് ഉല്‍ക്ക പഠനം നടത്തുന്നത്. സൗരയൂഥത്തില്‍ ഭൂമിയോട് അടുത്തുളള സൂര്യനെയും ചൊവ്വയെയും പോലുളളവയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വേണ്ടിയാണിത്. അന്റാര്‍ട്ടിക് ഉല്‍ക്കകള്‍ സൗരയൂഥത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവയാണെന്ന് നാസ ദൗത്യത്തിന്റെ ശാസ്ത്രജ്ഞന്‍ ടിം മക്കോയ് പറയുന്നു. 1976ല്‍ നാസ അന്റാര്‍ട്ടിക്കന്‍ ഉല്‍ക്കശിലകളെക്കുറിച്ച് പഠിക്കാനാരംഭിച്ചത് മുതല്‍ 23000 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സൂര്യന്‍, ചൊവ്വ തുടങ്ങിയവയില്‍ നിന്നും കുളളന്‍ഗ്രഹങ്ങളില്‍ നിന്നും ഇതിനുളള സാമ്പിളുകള്‍ ലഭിച്ചിട്ടുണ്ട്. ചന്ദ്രനില്‍ നിന്നും ചൊവ്വയില്‍ നിന്നും ലഭിച്ച ആദ്യ ശിലകളും എഎല്‍എച്ച് 84001 എന്ന കടല്‍ ശിലയും 1990ല്‍ ചൊവ്വാ ദൗത്യത്തിന് വീണ്ടും തുടക്കം കുറിയ്ക്കാന്‍ സഹായകമായി. ഉല്‍ക്കകള്‍ ബഹിരാകാശത്ത് നിന്ന് ഭൂമിയില്‍ പതിക്കുന്നവയാണ്. അന്റാര്‍ട്ടിക്കന്‍ ഉല്‍ക്കകളുടെ കാര്യത്തില്‍ ഇവ മഞ്ഞിലാണ് സംരക്ഷിക്കപ്പെടുക. ഇവയെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ തണുത്ത കാലാവസ്ഥ സഹായകമാണ്. ഇവയുടെ തെരച്ചിലിനായി ചെറുസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അന്റാര്‍ട്ടിക്കിലെ വേനല്‍ക്കാലത്താണ് ഇവര്‍ തെരച്ചില്‍ നടത്തുക. ശീതകാലത്ത് ഇവര്‍ ഉത്തരധ്രുവത്തിലും തെരച്ചില്‍ നടത്തും. വേനല്‍ക്കാലത്തും ഇവിടെ തണുപ്പ് മൈനസ് 18ലും താഴെയാണ്. ഇവര്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തമ്പടിക്കുകയും ഐസ് പാളികളില്‍ തെരച്ചില്‍ നടത്തുകയും ചെയ്യുന്നു.

സൗരയൂഥത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉല്‍ക്കകള്‍ വരാറുണ്ട്. മിക്കതും കുളളന്‍ഗ്രഹങ്ങളില്‍ നിന്ന് വരുന്നവയാണ്. ഗ്രഹങ്ങള്‍ രൂപപ്പെട്ടതിന്റെ അവശിഷ്ടങ്ങളാണിത്. ഭൂമിയില്‍ ഇവയുടെ പതനം മൂലം പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഉല്‍ക്കകളുടെ വലിയ രൂപമാണ് ധ്രുവനക്ഷത്രങ്ങള്‍ അഥവാ കോമറ്റുകള്‍. പേര് കേട്ടാല്‍ തോന്നുന്ന പോലെ വാലുള്ള നക്ഷത്രങ്ങളേ അല്ല വാല്‍നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളുടേതായ ഒരു പ്രത്യേകതയും അവയ്ക്കില്ല. ആ പേര് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായതിനാല്‍ 'ധൂമകേതുക്കള്‍' എന്ന ഇവരുടെ 'സ്കൂളില്‍ പേര്' ആണ് ഇവിടെ നമ്മള്‍ കൂടുതലും ഉപയോഗിയ്ക്കുക. ഗ്രഹങ്ങളെയോ ക്ഷുദ്രഗ്രഹങ്ങളെയോ ഒക്കെ പോലെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ബഹിരാകാശവസ്തുക്കള്‍ തന്നെയാണ് ധൂമകേതുക്കളും എന്നിരിക്കിലും അവയെ വ്യത്യസ്തരാക്കുന്ന ചില പ്രത്യേകതകള്‍ ഉണ്ട്. ഭൂരിഭാഗവും (ഏതാണ്ട് 80%) ഐസും പിന്നെ പൊടിപടലങ്ങളും ചേര്‍ന്ന ശരീരം, ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന വാല്‍ അല്ലെങ്കില്‍ കോമ (അന്തരീക്ഷം), മിക്കവാറും നീളം കൂടിയ ദീര്‍ഘവൃത്തമായിരിക്കും എങ്കിലും പൊതുവേ സ്ഥിരതയില്ലാത്ത ഓര്‍ബിറ്റ്. നമ്മള്‍ കാണുന്നതൊക്കെ വെറും 'ഷോ' മാത്രം! വളരെ ചെറിയ ഒരു മര്‍മം (ന്യൂക്ലിയസ്) മാത്രമാണ് ഒരു ധൂമകേതുവിന്റെ ശരീരം. അതിനു 100 മീറ്റര്‍ മുതല്‍ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ വലിപ്പമുണ്ടാവാം. ഗോളാകൃതി പ്രാപിക്കാന്‍ മാത്രമുള്ള പിണ്ഡം ഇല്ലാത്തതുകൊണ്ട് മിക്കവാറും നിയതമായ ഒരു രൂപം ഇവയ്ക്കുണ്ടാവില്ല. ഐസും പൊടിപടലങ്ങളും പാറക്കഷണങ്ങളുമൊക്കെ ചേര്‍ന്നതാണ് ഇത്. ഐസ് എന്ന്! പറയുമ്പോ തണുത്തുറഞ്ഞ ജലമാണ് മുഖ്യമെങ്കിലും കാര്‍ബണ്‍ ഡയോക്‌സൈഡ്, അമോണിയ, മീതെയിന്‍ തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടും. പ്രതിഫലനശേഷി വളരെ കുറഞ്ഞ ഈ ന്യൂക്ലിയസ് മിക്കവാറും ഭൂമിയില്‍ നിന്നും അദൃശ്യമായിരിക്കും. അപ്പോള്‍ ന്യൂജേഴ്‌സിയിലെ മാനത്ത് വന്നത് ധൂമകേതുവല്ല, അതു പാവം ഉല്‍ക്ക തന്നെയായിരിക്കും. എന്തായാലും ഭൂതമോ പ്രേതമോ ഏലിയന്‍സോ ഒന്നുമല്ലല്ലോ... ഭാഗ്യം, ഉല്‍ക്കകള്‍, അവ പെയ്‌തോട്ടെ, ആര്‍ക്കും ശല്യമില്ലാതെ...
ചിന്നിച്ചിതറി മാനത്ത് കണ്ടത്...(പകല്‍ക്കിനാവ്- 79: ജോര്‍ജ് തുമ്പയില്‍)ചിന്നിച്ചിതറി മാനത്ത് കണ്ടത്...(പകല്‍ക്കിനാവ്- 79: ജോര്‍ജ് തുമ്പയില്‍)ചിന്നിച്ചിതറി മാനത്ത് കണ്ടത്...(പകല്‍ക്കിനാവ്- 79: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക