Image

ഈശ്വരന്, നന്ദി പൂര്‍വം....(സന്തോഷ് പിള്ള)

Published on 22 November, 2017
ഈശ്വരന്, നന്ദി പൂര്‍വം....(സന്തോഷ് പിള്ള)
ഇന്നലെ പെയ്ത മഴ ചെന്നൈയിലെ കൊടുവേനലിനെ അല്പമൊന്നു തണുപ്പിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍, മകള്‍ ആവശ്യപ്പെട്ടു, എന്തായാലും ഇത്തവണ തിരുപ്പതിയില്‍ പോയേ തീരൂ. വിദേശത്തു ജനിച്ചു വളര്‍ന്ന മകള്‍ എങ്ങനെയോ തിരുപ്പതിയെ കുറിച്ചറിഞ്ഞിരിക്കുന്നു. ചെന്നയിലെ ബന്ധു വീട്ടില്‍ നിന്നും അങ്ങനെ ആറംഗ സംഘം വെളുപ്പിനെ മൂന്ന് മണിക്ക് യാത്ര പുറപ്പെട്ടു. പട്ടണത്തിലെ നിരത്തിനിരുവശവും കെട്ടിടങ്ങള്‍ നിരനിരയായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, ഒഴുകിപോകാന്‍ സാധിക്കാതെ തലേന്ന് പതിച്ച മഴവെള്ളം അവിടവിടെ തളം കെട്ടി കിടക്കുന്നു. നഗരം ഉണര്‍ന്നിട്ടില്ല!!! എത്രയും വേഗം നാഗരാ തൃത്തി കടന്നുകിട്ടി ട്രാഫിക്കില്‍ നിന്നും രക്ഷനേടാനാണ് െ്രെഡവറുടെ ശ്രമം.

മെല്ലെ മെല്ലെ തമിഴ്‌നാടിനോട് വിടചൊല്ലി ഞങ്ങള്‍ ആന്ധ്രയി ലേക്ക് പ്രവേശിച്ചു. ഹൈവേയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതു കൊണ്ട് വാഹനങ്ങളെ ഗ്രാമത്തിനുള്ളിലൂടെ പോകുന്ന ചെറിയ റോഡുകളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു. രാത്രി പകലിനോട് യാത്ര പറയുന്ന രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ പാതക്കിരുവശവും തല ഉയര്‍ത്തി നില്‍ക്കുന്ന പര്‍വതശിഖരങ്ങള്‍. അവയുടെ താഴ്‌വാരങ്ങളില്‍ പച്ചപ്പട്ടു വിരിച്ച നെല്‍പ്പാടങ്ങള്‍. പച്ച പട്ടുസാരിയുടെ ബോര്‍ഡറായി, വരമ്പുകളാല്‍ തീര്‍ത്ത നീര്‍ച്ചാലുകള്‍. ഇരുവശവം പരന്നു കിടക്കുന്ന പച്ചപ്പിനൊരു വേര്‍തിരുവായി കറുത്ത ടാറുകളാല്‍ തീര്‍ത്ത ഋജുവായ റോഡുകള്‍. മഴവെള്ളം റോ ഡില്‍ നിന്നും അതിവേഗം നീര്‍ച്ചാലിലേക്ക് വാര്‍ന്നുപോയിക്കൊണ്ടിരിക്കുന്നു. കുട്ടനാടന്‍ പ്രകൃതി ഭംഗിയോട് കിടപിടിക്കുന്ന നെല്പാടങ്ങള്‍. ഒരു വ്യത്യാസം മാത്രം. ആന്ധ്രയിലെ നെല്‍പ്പാടങ്ങള്‍ക്ക് മലനിരകളാല്‍ തീര്‍ത്ത കോട്ടകള്‍.

മുന്നില്‍ കാണുന്ന പര്‍വത നിരകള്‍ക്കുമുകളില്‍ പടര്‍ന്നു പൊന്തി വരുന്ന വെള്ളിവെളിച്ചം ഒരു മഹാ പ്രതിഭാസത്തിന്റെ വരവിനെ വിളിച്ചറിയിക്കുന്നു. അന്ധകാരത്തിന്റെ അന്തകന്റെ എഴുന്നള്ളത്തിനുള്ള ശുഭ മുഹൂര്‍ത്തം സമാഗതമായി.

ദിവസത്തിലെ ആദ്യയാമ മായ വിദ്യാലക്ഷ്മിയുടെ യാമം, പുലര്‍ച്ചെ മൂന്നു മുതല്‍ ആറ് മണിവരെയുള്ള സമയം ഇതാ കഴിയുന്നു. തമോഗുണം അകന്ന് സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തവും നിര്‍മ്മലവുമാകുന്ന ഈ സമയത്തിനെത്തന്നെയാണ് ബ്രാഹ്മമുഹൂര്‍ത്തം എന്നും പറയപ്പെടുന്നത്. ഈ യാമത്തിന് മറ്റൊരു പേരുകൂടി ഉണ്ടല്ലോ? അതേ , അതേ സരസ്വതീയാമം. അത് ഓര്‍ത്തെടുത്തപ്പോള്‍…, നാവിന്‍ തുമ്പിലേക്ക് ഈ ഗാനം എവിടുന്നാണ് ഒഴുകി വരുന്നത്? "സരസ്വതി യാമം കഴിഞ്ഞു, ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞു, വെണ്‍കൊറ്റ കുടചൂടും മലയുടെ മടിയില്‍ വെളിച്ചം ചിറകടിച്ചുയര്‍ന്നു." ഇപ്പോള്‍ കണ്‍മുന്നില്‍ പൊട്ടിവിരിയുന്ന ഉഷസ്സിന്റെ എല്ലാ ഭാവങ്ങളും നേരില്‍ കണ്ട് മനോഹരമായി ഒപ്പിയെടുത്തതുപോലെയുള്ള വരികള്‍. വയലാര്‍ എന്ന അതുല്യപ്രതിഭക്കൊരായിരം പ്രണാമം. ലോകത്തിലെ ഏറ്റവും വേഗം കൂടിയ വാഹനം എന്ന ചോദ്യത്തിന്, ഒറ്റ ഉത്തരം….” മനസ്സ്”.

ഹൈസ്കൂളില്‍ എത്തിയപ്പോളാണ് ഒരു സൗണ്ട് സിസ്റ്റം സ്കൂളില്‍ വേണമെന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് തീരുമാനിച്ചത് . അതിനു വേണ്ടി പിരിവു നടത്തി ഒരു ഗ്രാമഫോണ്‍ പ്ലെയറും രണ്ട് കോളാമ്പി ലൗഡ് സ്പീക്കറുകളും സ്കൂളില്‍ വാങ്ങിച്ചു . ഉച്ച ഊണു സമയത്ത്, വരുന്ന തിങ്കളാഴ്ച മുതല്‍ സിനിമാ ഗാനങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമെന്ന് ഹെഡ് മാസ്റ്റര്‍ ശിവരാമന്‍ സാര്‍ അസംബ്ലിയില്‍ അനൗണ്‍സും ചെയ്തു. പാട്ടു പെട്ടി പ്രവര്‍ത്തിക്കുന്നതു കാണാന്‍ ഓഫീസ് മുറിയുടെ ജാലകത്തിനടുത്തു് അനേകം കുട്ടികള്‍ തടിച്ചു കൂടി. ഒരു വെളുത്ത കവറിനുള്ളില്‍ നിന്നും സാര്‍ പുറത്തെടുത്ത കറുത്ത ഡിസ്ക്കില്‍ വൃത്താകൃതിയിലുള്ള അനേകം വരകള്‍. അതിന് പുറത്ത് സുന്ദരനായ ഒരു നായയുടെ ചിത്രം. ഒരു ഡിസ്ക് , പാട്ട് പെട്ടിയില്‍ വച്ചിട്ട് കൈ പോലെയുള്ള സാധനം അതിനു മുകളിലേക്ക് ശിവരാമന്‍ സാര്‍ എടുത്തു വച്ചു. ഡിസ്ക് കറങ്ങാന്‍ തുടങ്ങിയപ്പ്‌പോള്‍ ആ അത്ഭുതം സംഭവിച്ചു. സ്കൂളിന്റെ മേല്‍ക്കൂരയില്‍ ഉറപ്പിച്ചിരുന്ന കോളാമ്പിയില്‍ നിന്നും ,""സരസ്വതി യാമം കഴിഞ്ഞു, ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞു" എന്ന ഗാനം അലയടിച്ചുയര്‍ന്നു. ആര്‍പ്പു വിളിച്ച് , കൈകള്‍ കൊട്ടി, തുള്ളിച്ചാടി ആഹ്‌ളാദ പ്രകടനം നടത്തിയാണ് വിദ്യാലയത്തില്‍ കേട്ട ആദ്യ ഗാനത്തെ അന്ന് കുട്ടികളെല്ലാം എതിരേറ്റത്. അതിനു ശേഷം കുറച്ചു മാസങ്ങള്‍ മാത്രം മനസ്സില്‍ തങ്ങിനിന്ന ഈ ഗാനം ഇപ്പോഴിതാ ഓര്‍മയില്‍ ഓടി എത്തിയിരിക്കുന്നു.

പ്രകൃതി ഒരുക്കിയ യമാസ്മരികയ ചുറ്റുപ്പാട് യആവോളം നുകര്‍ന്നുകൊണ്ട് കുച്ചു ദൂരം യാത്ര ചെയ്തുയ കഴിഞ്ഞപ്പോള്‍ വഴിയരികിലെയ മറക്കാനാവാത്ത ആ കാഴ്ച കണ്ണില്‍ പെട്ടത് . പാതയോരത്തെ തണല്‍ മരത്തിന് ചുവട്ടില്‍ വലിയ ഒരു കുട്ടനിറയെ പേരക്ക വില്‍ക്കാനായി, ശോഷിച്ച്, എല്ലും തോലും മാത്രമായ ശരീരത്തില്‍, സാരിച്ചുറ്റി കുത്തിയിരിക്കുന്ന ഒരു ഗ്രാമീണ മധ്യ വയസ്ക.. അവര്‍ക്കരികിലായി ഇരുകൈകളും മുന്നോട്ടു നീട്ടി അതീവശ്രദ്ധയോടെ ചോറ്റുപാത്രത്തില്‍ മാത്രം കണ്ണും നട്ട് കിടക്കുന്ന ഒരു ശുനകന്‍. ചെറിയ ചോറ്റുപാത്രത്തിലെ ഭക്ഷണം ഒരാള്‍ക്കുപോലും തികയില്ല. എന്നാലും, അതും പങ്ക് വെക്കാന്‍ തയ്യാറായ പേരക്ക വില്പനക്കാരിയില്‍ വിളങ്ങിനില്‍ക്കുന്നു സഹാനുഭൂതി.

തിരുപ്പതി എന്ന ചെറുപട്ടണത്തില്‍ നിന്നുമാണ് തിരുമലയിലേക്കുള്ള മലകയറ്റം തുടങ്ങുന്നത്. മല കയറുന്നതിനായി ഒരുദിശയിലേക്ക് മാത്രം പോകുന്നു പാതയും, മല ഇറങ്ങുന്നതിനായി മറ്റൊരു പാതയും നിര്‍മ്മിച്ചിരിക്കുന്നു. ഇതേ പോലെ ശബരിമലയിലും ഒരു ദിശയിലേക്കുള്ള പാതകള്‍ മാത്രം നിര്‍മിച്ചിരുന്നെങ്കില്‍ എത്ര അപകട മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന ചിന്ത മനസ്സിനെ അസ്വസ്ഥമാക്കി.

തിരു മലകയറുന്ന ബസുകള്‍ എല്ലാംതന്നെ നീളം കുറഞ്ഞവയും, “ഗട്ട് റെഡി” എന്ന് എഴുതി വച്ചവയും ആയിരുന്നു. മല കയറുന്ന എല്ലാ ബസുകളും പ്രത്യേക പരിശോധനക്ക് വിധേയമാക്കി സുരക്ഷ ഉറപ്പുവരുത്തുമത്രെ. പാതകള്‍ക്കിരുവശവും ചെറിയ മരണങ്ങളാല്‍ പ്രക്രുതി ഒരുക്കിയ വനപ്രദേശത്തിനുള്ളിലൂടെ മലചവുട്ടി കയറുന്ന ഭക്തര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന കാനന പാത. ദര്‍ശനത്തിനായി നീണ്ട വരിയില്‍ അഞ്ച് മണിക്കൂര്‍ കാത്തുനില്‍കണം. ഇടക്കിടെ വിശ്രമിക്കാനായി മുറികള്‍ ഒരുക്കിയിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ എത്തുമ്പോള്‍ പല വരികളും ഒരുമിക്കുന്നതുകൊണ്ട് വലിയ തിക്കും തിരക്കും. “ജനമഹാസമുദ്രം” ഗോവിന്ദാ! ഗോവിന്ദാ! വിളികളുമായി ബാലാജിയെ കാണാനെത്തിയിരിക്കുന്നു. മുണ്ഡനം ചെയ്ത തലകളില്‍ വാരിത്തേച്ചിരിക്കുന്ന ചന്ദനത്തിന്റെ സുഗന്ധം പ്രദേശമാകെ പരന്നിരിക്കുന്നു. ചാക്കുകളില്‍ നിറയെ കാണിക്ക അര്‍പ്പിക്കാനുള്ള പണവും ചുമന്നാണ് ചിലര്‍ എത്തിയിരിക്കുന്നത്. ഇടിച്ചു മുന്നോട്ടു കയറുന്നതു ശീലിച്ചിട്ടില്ലാത്തതുകൊണ്ട് ഞങ്ങളുടെ സംഘത്തെ പിന്നോട്ടു തള്ളി കടന്നുപോകുന്ന ജനക്കൂട്ടം.

ദര്‍ശനം ശേഷം ശ്രീകോവില്‍ വലം വക്കാന്‍ ആരംഭിച്ചപ്പോള്‍ മകളോട് ഒരാള്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഒറ്റനോട്ടത്തില്‍ അമ്പതു വയസ്സ് തോന്നിക്കുന്ന ഒരു തനി നാടന്‍ തെലുങ്കന്‍. പക്ഷെ അയാള്‍ പറയുന്നതെല്ലാം, ഇംഗ്ലീഷും, അല്പം മലയാളവും മാത്രം അറിയാവുന്ന മകള്‍ക്ക് മനസ്സിലാവുന്നുണ്ട് . തിരുപ്പതി എന്ന മഹാക്ഷേത്രത്തെ നല്ലവണ്ണം അറിയാവുന്ന ഒരു ഗൈഡിനെ പോലെ അയാള്‍ ക്ഷേത്രത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം മകള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നു. പണം ആയിരിക്കാം ഉദ്ദേശം, അതുകൊണ്ട് കുറച്ചു രൂപ കൊടുക്കാന്‍ നോക്കുമ്പോഴേക്കും ജനക്കൂട്ടത്തിനിടയില്‍ അയാള്‍ അപ്രത്യക്ഷനായി!!!.

ഉന്തും, തള്ളും, തിക്കും, തിരക്കും നിറഞ്ഞ ക്ഷേത്രാങ്കണത്തില്‍ നിന്നും ഒരുവിധം രക്ഷപെട്ടു പ്രസാദം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി. അവിടുത്തെ നീണ്ട നിരകണ്ടു നിരാശപ്പെട്ട് തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ കൂടെ വന്നവര്‍, "അയ്യോ ഇവിടുന്ന് ലഡ്ഡു വാങ്ങാതെ പോവരുതേ" എന്നറിയിച്ചു. പ്രസാദമായ ലഡ്ഡു കയ്യില്‍ കിട്ടിയപ്പോള്‍ കാത്തുനില്പിന്റെ പരിഭവമെല്ലാം അലിഞ്ഞില്ലാതായി. ഇത്രയും വലിയ ലഡ്ഡു അന്നുവരെ കണ്ടിട്ടില്ലായിരുന്നു.

ഒരു ലക്ഷം തീര്‍ത്ഥാടകര്‍ ഒരുദിവസം സന്ദര്‍ശിക്കുന്ന സ്ഥലത്ത്, ആവിശ്യത്തിലധികം ശൗചാലയങ്ങളും, അവയെല്ലാം വൃത്തിയായി സൂക്ഷിക്കുന്ന അനേകം ജോലിക്കാരും. ആയിരക്കണക്കിന് സന്ദര്‍ശകര്‍ വന്നുപോയാലും പരിസരം അതീവ ശുദ്ധിയായി സൂക്ഷിക്കുന്ന “ഡിസ്‌നി വേള്‍ഡി” നോടു കിട പിടിക്കുന്ന ശുചിത്വം. ശബരി മലയുമായി താരതമ്യം ചെയ്തപ്പോള്‍, മലയാളികളെക്കാള്‍ എത്രയോ മെച്ചമായി ഒരു സ്ഥാപനം നടത്തികൊണ്ട് പോകാന്‍ അന്യ സസ്ഥാനക്കാര്‍ക്ക് സാധിക്കുന്നു എന്ന് നേരില്‍ കണ്ട് ബോധ്യമായി. മുപ്പത്തിനായിരത്തില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണവും എല്ലാ ദിവസവും ഇവിടെ വിതരണം ചെയ്യപ്പെടുന്നു.

ദര്‍ശന നിര്‍വൃതിയില്‍ ആറാടി, മലമുകളിലെ കാഴ്ചകള്‍ ആസ്വദിച്ച് രാവിന്‍റെ മൂടു പടലത്തിലൂടെ ഞങ്ങള്‍ മലയിറക്കം ആരംഭിച്ചു. ഹെയര്‍ പിന്‍ വളവുകളിലൂടെ വാഹനം താഴേക്കു ഗമിക്കുമ്പോള്‍, അകലെ സമതലത്തില്‍, പ്രഭാപൂരിതമായ തിരുപ്പതി പട്ടണം. വിണ്ണില്‍ നിന്നും അടര്‍ന്നു വീണ നക്ഷത്രക്കു ലകള്‍, മണ്ണില്‍ തട്ടി ചിതറി കിടക്കുന്നതു പോലെ, വൈദ്യു തി വിളക്കുകളാല്‍ മിന്നി, മിന്നി വിളങ്ങുന്നു. പാതിയുറക്കത്തിലേക്ക് വീഴുന്ന മകളോട് "ക്ഷേത്രത്തിനുള്ളില്‍ അമ്പലത്തിലെ കാഴ്ചകള്‍ വിശദീകരിച്ച വ്യക്തി ഏതു ഭാഷയില്‍ ആണ് സംസാരിച്ചത് എന്നു ചോദിച്ചു. " ഇംഗ്ലീഷില്‍ എന്നായിരുന്നു മറുപടി.

“ അയാള്‍ ആരായിരുന്നു”? മോളോട് മാത്രം എന്തുകൊണ്ട് മുപ്പതു മിനിറ്റോളം ചിലവഴിച്ചു എന്ന് വീണ്ടും ചൊദിച്ചപ്പോള്‍,
“തിരുപ്പതിയില്‍ പോകണമെന്ന് ആര്‍ക്കായിരുന്നു നിര്‍ബന്ധം” എന്നായി മകളുടെ ചോദ്യം?
അച്ഛന് മനസിലായില്ലേ?
“അത് ഭഗവാന്‍ തന്നെ ആയിരുന്നു…...” ക്ഷേത്രവും ചുറ്റുപാടുകളുമെല്ലാം നേരിട്ട് വന്ന് എനിക്ക് വിശദീകരിച്ചു തന്നു.

ദേവാലയങ്ങളില്‍ ഈശ്വരനെ തിരഞ്ഞു ഞാന്‍ നടക്കുമ്പോള്‍, തൊട്ടു മുമ്പില്‍ ഭഗവാന്‍ വന്നുനിന്നാലും തിരിച്ചറിയാന്‍ സാധിക്കാതെ പോയല്ലോ, എന്ന നിരാശ ബോധവും, കൗമാരപ്രായത്തിലേക്ക് കാല്‍വെച്ചു നില്‍ക്കുന്ന മകളുടെ ആത്മ ജ്ഞാനത്തിനു മുമ്പില്‍ താനെത്ര ശിശുവാണെന്ന തിരിച്ചറിവും എന്‍റെ ബോധ മണ്ഡലത്തെ പിടിച്ചുലച്ചു.

അപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ നിന്നും വിമുക്തി നേടി മനസ്സു ശാന്തമായപ്പോള്‍, വാഹനത്തിനുള്ളിലേക്കു വീശിയടിക്കുന്ന തണുത്ത കാറ്റിനോടൊപ്പം ശ്രീകുമാരന്‍ തമ്പിയുടെ കേട്ടു മറന്ന വരികള്‍ എന്നെ തേടിയെത്തി .

"ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി രാജകൊട്ടാരത്തില്‍ വിളിക്കാതെ .........
ആടകള്‍ ചാര്‍ത്തിയ കണ്മണി വിഗ്രഹം അവിടെയും സൂക്ഷിച്ചിരുന്നു..............
ഒരു പിടി ചോറിനായ് യാചിച്ചു ദൈവം ചിരികള്‍ മുഴങ്ങി സദസ്സില്‍, ചിരികള്‍ മുഴങ്ങി സദസ്സില്‍,
ഒരു കാവല്‍ക്കാരന്‍ വാളോങ്ങി നിന്നു, ചിരിച്ചു, പിന്‍വാങ്ങി, ഭഗവാന്‍, ഭഗവാന്‍ ......."
ഈശ്വരന്, നന്ദി പൂര്‍വം....(സന്തോഷ് പിള്ള)ഈശ്വരന്, നന്ദി പൂര്‍വം....(സന്തോഷ് പിള്ള)ഈശ്വരന്, നന്ദി പൂര്‍വം....(സന്തോഷ് പിള്ള)
Join WhatsApp News
santha prasannan 2017-11-23 23:04:46
santhosh , you really put it in perspective, a wonderfully blessed family . Thank you for letting me share your story .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക