Image

വാലാട്ടികളുടെ ഊഴം (ജോയ് മാത്യു)

ജോയ് മാത്യു Published on 22 November, 2017
വാലാട്ടികളുടെ ഊഴം (ജോയ് മാത്യു)
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തുന്നത് എല്ലാ കാലത്തും എല്ലാ ഭരണകൂടങ്ങളും ചെയ്തുപോന്നിട്ടുള്ളതാണൂഅത് ബി ജെ പി ഭരണകൂടത്തിന്റെയോ അതുമായി ബന്ധപ്പെട്ട തീവ്ര ഹൈന്ദവ വാദികളുടെയോ മാത്രം പ്രശ്‌നമല്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി 'കിസ്സാ കുര്‍സികാ 'എന്ന സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതുപോലെ തന്നെ വിജയ് ടെണ്ടുല്‍ക്കറുടെ 'കാസിറാം ക്വത്ത്വാള്‍ 'നാടകത്തിനു ശിവസേന ഭീഷണിയെ തുടര്‍ന്ന് താല്‍ക്കാലികമായി വിലക്കുണ്ടായിരുന്നു. കേരളത്തിലാകട്ടെ നായനാര്‍ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കെ ജെ ബേബിയുടെ 'നാടുഗദ്ദിക ' എന്ന നാടകത്തിനു വിലക്കേര്‍പ്പെടുത്തി ആദിവാസികളടക്കമുള്ള അഭിനേതാക്കളെ ജയിലിലടച്ചത് നിരവധി തെരുവുനാടകങ്ങളും ഇങ്ങിനെ നിരോധിക്കപ്പെട്ടുഅതുപോലെ പി എം ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ് 'എന്ന നാടകവും ഒരു വിഭാഗം മത ഭ്രാന്തന്മാരുടെ ആക്രമണത്തിനിരയായി 'സാത്താനിക്ക് വേഴ്‌സസ് 'എഴുതിയ സല്‍മാന്‍ റുഷ്ദിയുടെ തലവെട്ടിക്കളയുമെന്ന മുസ്ലിം യാഥാ സ്തികന്മാരുടെ ഭീഷണിയുണ്ടായിട്ടില്ലേ? എം എഫ് ഹുസൈനിന്റെ ചിത്രങ്ങളെ സംബന്ധിച്ചും ഇതേ പോലെ ഹൈന്ദവ സംഘടനകള്‍ ഭീഷണി മുഴക്കുകയും അദ്ദേഹത്തെ ഒരര്‍ത്ഥത്തില്‍ നാട് കടത്തുകയും ചെയ്തിരുന്നു. അങ്ങനെ നോക്കുമ്പോള്‍ എല്ലാ കാലത്തും ഇത്തരം വിലക്കുകള്‍ ഉണ്ടായിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനെതിരെ പടവാളെടുക്കുന്ന, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭയക്കുന്ന ഒരു ഭരണകൂട മുഖം എല്ലാ കാലത്തും മനുഷ്യര്‍ നേരിട്ടിട്ടുള്ളതാണ്. പെരുമാള്‍ മുരുകന്റെ കഥയും വ്യത്യസ്തമല്ലലോ. അതുകൊണ്ടു പദ്മാവതി പോലെയുള്ള സിനിമകളോടുള്ള പ്രതിഷേധത്തിനെ ആ അര്‍ത്ഥത്തില്‍ കണ്ടാല്‍ മതിയാകും. ആത്യന്തികമായി തീരുമാനങ്ങള്‍ എടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നു ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞ സ്ഥിതിയ്ക്ക് അവരാണ് ഇനി കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട അവസാന വാക്ക് എന്നു വന്നിരിക്കുന്നു കോടതിയുടെ ഈ വിധി ആവിഷ്‌കാര സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു കലാകാരനും പ്രത്യാശ നല്‍കുന്ന ഒന്ന് തന്നെയാണ്, എന്നാല്‍ അതിന്റെ മറൂവശം നല്‍കുന്ന ഭവിഷത്ത് കാണാതിരുന്നുകൂടാ കോടതി പറയുന്നു സെന്‍സര്‍ ബോര്‍ഡാണ് കാര്യങ്ങള്‍ എല്ലാം ആത്യന്തികമായി തീരുമാനിക്കേണ്ടത് എന്ന്, അപ്പോള്‍ സെന്‍സര്‍ ബോര്‍ഡില്‍ വരുന്ന അംഗങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ചായിരിക്കും ഇനി കാര്യങ്ങള്‍ നീങ്ങുക. അപ്പോള്‍ സ്വാഭാവികമായും സര്‍ക്കാര്‍, തങ്ങള്‍ക്ക് അനുകൂലമായി ചിന്തിക്കുന്ന ,തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന,തങ്ങള്‍ക്ക് വേണ്ടി വാലാട്ടുന്നവരെ സ്സെന്‍സര്‍ബോര്‍ഡില്‍ അംഗങ്ങളാക്കും അങ്ങിനെ അത് സര്‍ക്കാരിന്റെ ചട്ടുകം ആയി പ്രവര്‍ത്തിക്കുകയും ചെയ്യും അങ്ങനെ വരുമ്പോള്‍ ഇനി വരുന്ന ചിത്രങ്ങള്‍ അവരുടെ രാഷ്ട്രീയസാമൂഹിക കാഴ്ചപ്പാടുകള്‍ക്ക് അനുകൂലം അല്ല എന്ന് തോന്നിയാല്‍ ആ സിനിമയ്ക്ക് അംഗീകാരം നല്‍കാതെ ഇരിക്കാം. ആ തീരുമാനത്തെ പിന്നെ ചോദ്യം ചെയ്യാന്‍ കോടതിയില്‍ പോകാനും പറ്റില്ലല്ലൊ എല്ലാത്തിനും മുകളില്‍ വരുന്ന ഒന്നായി സിനിമയുടെ അവസാന വാക്കായി സെന്‍സര്‍ ബോര്‍ഡ് മാറുകയും അതിലെ അംഗങ്ങളെ സര്‍ക്കാര്‍ നിശ്ചയിക്കുകയും ചെയ്യുമ്പോള്‍ അവിടെ ഒരു കലാകാരന്റെ സ്വാതന്ത്ര്യം വീണ്ടും ഹനിക്കും സത്യത്തില്‍ എന്തിനാണ് ഇവിടെ സിനിമയ്ക്ക് മാത്രമായി ഒരു സെന്‍സര്‍ ബോര്‍ഡ് എന്നാണു എനിക്ക് ചോദിക്കാനുള്ളത്. കഥകള്‍ക്കോ നാടകത്തിനോ കവിതയ്‌ക്കോ തുടങ്ങി മറ്റൊരു കലാ രൂപത്തിനും ഇല്ലാത്ത ഒന്ന് എന്തിനു സിനിമയ്ക്ക് മാത്രം വേണം?
എന്നാല്‍ എന്റെ സംശയം അതൊന്നുമല്ല
തലവെട്ടും
കൈ വെട്ടും
മൂക്ക് ചെത്തും
എന്നൊക്ക പരസ്യമായി വിളിച്ചുകൂവുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ സ്വമേധയാ കേടുക്കാനുള്ള ഉത്തരവാദിത്വം ബഹുമാനപ്പെട്ട കോടതിക്കില്ലേ?
അങ്ങിനെ ഒരു നീക്കം നമ്മുടെ നീതിന്യായത്തില്‍ ഇല്ലാത്തിടത്തോളം മനുഷ്യന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള പ്രാകൃതമായ ഇത്തരം ആക്രോശങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും

(ജോയ് മാത്യുവിന്റെ എഫ് ബി പോസ്റ്റ് )

വാലാട്ടികളുടെ ഊഴം (ജോയ് മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക