Image

ഹോം എലോണ്‍... വരും വരാഴികകള്‍ (മീനു എലിസബത്ത്)

Published on 18 November, 2017
ഹോം എലോണ്‍... വരും വരാഴികകള്‍ (മീനു എലിസബത്ത്)
രണ്ടായിരത്തൊന്നിലെ ഡിസംബര്‍ മാസം. ഞങ്ങള്‍ ലിറ്റില്‍ റോക്ക് അര്‍ക്കന്‍സായില്‍ താമസം. ഭര്‍ത്താവു ജോലിക്കു പോയിരിക്കുന്നു. രണ്ടാം ക്ലാസ്‌കാരനായ മൂത്ത കുട്ടിക്കു രാവിലെ എട്ടു മണിക്ക് സ്‌കൂളില്‍ എത്തണം. സ്‌കൂള്‍ വീടിനു വളരെ അടുത്തായതിനാല്‍ സാധാരണ നടന്നാണ് പോക്ക്.  അന്ന് രാവിലെ ചെറിയ രീതിയില്‍ മഞ്ഞു വീഴ്ചയുണ്ട്. ആള്‍  ജാക്കറ്റും തൊപ്പിയുമെല്ലാം വെച്ച് റെഡിയാവുന്നു.

ബെഡ്റൂമില്‍ ചെന്ന് നോക്കുമ്പോള്‍ ഇളയ ഇരട്ടക്കുട്ടികള്‍ നല്ല ഉറക്കം തന്നെ. ഞാന്‍ ഒരു നിമിഷമൊന്നു ശങ്കിച്ച് നിന്നു. ഇവരെ രണ്ടു പേരെയും, ഉണര്‍ത്തി സ്വെറ്ററും ജാക്കറ്റും , തൊപ്പിയും സോക്സും ഷൂസും ഇടുവിച്ചു കാര്‍ സീറ്റു വരെ കൊണ്ട് വെയ്ക്കുന്നതിനു പത്തു മിനിറ്റില്‍ കൂടുതല്‍ എടുക്കും. ഉണര്‍ത്തുക തന്നെ ശ്രമകരം.

ഒരു കാരണത്താലും കുഞ്ഞു കുട്ടികളെ തനിയെ  വീട്ടിലിട്ടിട്ടു പോകാനും പാടില്ലന്നാണ് നിയമം . സ്‌കൂളിലേക്കു നടക്കാന്‍ അഞ്ചു മിനിട്ടു ദൂരം പോലുമില്ല. പക്ഷെ മഴയിലും മഞ്ഞിലും കുട്ടിയെ തനിയെ വിടാനും കഴിയില്ല. എന്തിനും പ്രതിവിധി കണ്ടു പിടിക്കുന്ന എന്റെ മലയാളി ബുദ്ധി പ്രവര്‍ത്തിച്ചു. 'ഓ അഞ്ചു മിനിറ്റിന്റെ കാര്യല്ലേ ഒള്ളു, കുട്ടികളാണെ നല്ല ഉറക്കവും. ഇതാന്നു പറയുന്നതിന് മുന്പ്   ഞാനിങ്ങു വരും. അതിനിടെ ഇപ്പൊ എന്ത് സംഭവിക്കാന്‍..???

പക്ഷെ എന്റെ പൊട്ട ബുദ്ധയില്‍ തോന്നിയ ആ എളുപ്പ വഴിക്കു ഞാന്‍ കൊടുക്കേണ്ടി വരാമായിരുന്ന വില എന്റെ ജീവിതം തന്നെ മാറ്റി മറിച്ചേനെ.. ആ വെറും അഞ്ചു മിനിറ്റിനകം സംഭവിച്ച കാര്യം പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷവും, മിടിക്കുന്ന ഹൃദയത്തോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയുന്നില്ല.

അഞ്ചു മിനിറ്റിനകം വരാമെന്ന ധാരണയില്‍ മൂത്ത മകനുമായി സ്‌കൂളിലേക്ക് പോയ ഞാന്‍ തിരികെ വരുമ്പോള്‍ കാണുന്നത് വീടിന് മുന്‍പില്‍ വലിയ ഒരു ആള്‍ക്കൂട്ടമാണ്. മഞ്ഞും മഴയും ഉണ്ടായിരുന്നതിനാല്‍ ട്രാഫിക് ബ്ലോക് കാരണം വിചാരിച്ചതു പോലെ അഞ്ചു മിനിട്ടിനുള്ളില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നുമില്ല. ധൃതിയില്‍ വീട്ടിലേക്കു വരുമ്പോള്‍ വീടിനകത്തും, പുറത്തും ആള്‍ക്കാര്‍. പലരും, വഴിയില്‍ പാര്‍ക്ക് ചെയ്തിട്ട് വീട്ടിലേക്കു ഓടി വരുന്നു. എന്റെ ഇരട്ടക്കുട്ടികളെ എടുത്തു കൊണ്ട് രണ്ടു സ്ത്രീകള്‍. അവരുടെ ജാക്കറ്റ് ഊരി കുട്ടികളെ പുതപ്പിച്ചിരിക്കുന്നു.. ഒരു സ്ത്രീ നിന്ന് പോലീസിനെ വിളിക്കുന്നത് കേട്ട് കൊണ്ടു ഞാന്‍ അവരുടെ അടുത്തേക്ക് ഓടി. എന്താണ് സംഭവം എന്നറിയുന്നതിനു മുന്‍പേ ഞാന്‍ അവരോടു കരഞ്ഞു യാചിച്ചു. ഞാനീ കുട്ടികളുടെ അമ്മയാണ്. നിങ്ങളെന്തിനാണ് പോലീസിനെ വിളിക്കുന്നത് ?

അവര്‍ എന്നെ വളരെ ദേഷ്യത്തോടെ നോക്കി ഫോണ്‍ കട്ട് ചെയ്തു.
വര്‍ധിച്ച അരിശത്തോടെ അവര്‍ എന്നെ വളരെയധികം വഴക്കു പറഞ്ഞു. നിനക്കിപ്പോള്‍ നിന്റെ കുഞ്ഞുങ്ങളും വീടും എല്ലാം നഷ്ടപ്പെട്ടേനെ. കണ്ടോ പുക ഇപ്പോഴും, അടങ്ങിയിട്ടില്ല. ഞാന്‍ വീട്ടിലേക്കു നോക്കുമ്പോള്‍ കറുത്ത പുകപടലങ്ങള്‍. പറഞ്ഞിട്ടും, പറഞ്ഞിട്ടും, അവര്‍ക്കു അരിശം അടങ്ങുന്നില്ല. 'ഒരിക്കല്‍ പോലും ഇത്ര ചെറിയകുട്ടികളെ തനിച്ചാക്കി എവിടെയും, പോകരുത്. ഒരമ്മയുടെ അധികാരത്തോടെ അവര്‍ എന്നെ ശാസിച്ചു.

അവര്‍ പറഞ്ഞതിങ്ങനെ

അവര്‍ എന്റെ വീടിന്റെ മുന്നിലുള്ള റോഡിലൂടെ പോകുമ്പോള്‍ കുട്ടികള്‍ രണ്ടും, വീടിനു വെളിയിലിറങ്ങി തണുത്തു വിറച്ചു നില്‍ക്കുന്നു. വീടിനുള്ളില്‍ നിന്നും, പുക ഉയരുന്നുമുണ്ട്. പേടിച്ചു നില്‍ക്കുന്ന കുഞ്ഞുങ്ങളെ അവര്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ അവരുടെ ഭര്‍ത്താവ് വീട്ടിനകത്തു കയറി പരിശോധിച്ചു. ഇന്‍ഡക്ഷന്‍ കുക്കറിന്റെ മുകളില്‍ ഒരു പ്ലാസ്റ്റിക് പാത്രമിരുന്നു ഉരുകി കറുത്ത പുക വരുന്നതാണ്.

ബെഡ്‌റൂമിലേക്ക് പുക കയറിയപ്പോള്‍ കുട്ടികള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. കസേര വലിച്ചിട്ടു അതില്‍ കയറി നിന്ന് അവര്‍ വാതില്‍ തുറന്നു വെളിയില്‍ വരുമ്പോള്‍ മഞ്ഞും, മഴയും. അപ്പോളാണ് രക്ഷകരായി ഈ അമേരിക്കക്കാരി സ്ത്രീയും ഭര്‍ത്താവും എത്തിപ്പെടുന്നതും, അവര്‍ പോലീസിനെ വിളിക്കുന്നതും.

അന്ന് ഞാന്‍ വരാന്‍ ഒരു മിനിറ്റും കൂടി താമസിച്ചിരുന്നെങ്കില്‍ ചൈല്‍ഡ് എന്‍ഡെയ്ഞ്ചര്‍മെന്റിനും ചൈല്‍ഡ് അബാന്‍ഡനിങ്ങിനുംഎന്റെ പേരില്‍ കേസ് എടുത്തു അറസ്റ്റ് ചെയ്യുകയും, കുട്ടികളെ സ്റ്റേറ്റ് ഏറ്റെടുക്കുകയും പിന്നെ നീണ്ട കോടതി നടപടികളെ നേരിടേണ്ടി വരുകയും, ഒരു പക്ഷെ കുട്ടികളെ താല്‍ക്കാലികമായെങ്കിലും നഷ്ടപ്പെടുകയും, ചെയ്‌തേനെ.

രാവിലെ ഞാന്‍ ഭര്‍ത്താവിന് കാപ്പി ഇട്ടു കൊടുക്കാന്‍ അടുപ്പു കത്തിച്ചതോര്‍മ്മിക്കാതെ ഏതോ പ്ലാസ്റ്റിക് പാത്രം എടുത്തു വച്ചതാണ് പുക വരാന്‍ കാരണം. ചില ചില്ലറ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാനായികണ്ടു പിടിച്ച എളുപ്പ വഴിക്കു ജീവിതം കൊണ്ട് തന്നെ പ്രതിവിധി ചെയ്യേണ്ടി വന്നേനെ. തല നാരിഴക്കാണ് രക്ഷപെടുന്നത്.

നന്ദിയോടെ മാത്രമേ അവരെ ഓര്‍മ്മിക്കാന്‍ കഴിയു. ആ സ്ത്രീ അന്നുപദേശിച്ചതു ഇന്നും, എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നു. അതിനു ശേഷം കുട്ടികള്‍ വലുതാകുന്നിടം വരെ ഞാനോ ഭര്‍ത്താവോ അവരെ തനിയെ ആക്കി എങ്ങും പോയിട്ടില്ല. ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും ഇത് ഒരു പാഠമാകട്ടെ എന്ന ഒറ്റ ഉദേശത്തിലാണ് ഈ അനുഭവം കുത്തിക്കുറിക്കുന്നതു.

ഇന്നിപ്പോള്‍ ഇതെഴുതാന്‍ കാരണം ഡാലസില്‍ മരിച്ച (മരണ കാരണം അറിയാന്‍ ഓട്ടോപ്‌സി ഫലം പുറത്തു വരുന്നത് വരെ വരെ കാത്തിരിക്കണം) ഷെറിന്‍ മാത്യൂസ് എന്ന കുഞ്ഞിന്റെ വളര്‍ത്തു മാതാപിതാക്കള്‍ മൂന്നു വയസുള്ള അവളെ തനിയെ ആക്കി വെളിയില്‍ ഡിന്നര്‍ കഴിക്കാന്‍ പോയ സംഭവം വായിച്ചപ്പോളാണ്. വളര്‍ത്തമ്മ സിനി മാത്യുവിനെ അക്കാരണത്താല്‍ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ കുട്ടികളെ തനിയെ വീട്ടിലിട്ടു പോയി പ്രശ്‌നത്തിലായ ധാരാളം കഥകള്‍ ഇതിനു മുന്‍പും കേട്ടിരിക്കുന്നു. ഹ്യൂസ്റ്റണില്‍ സഹോദരങ്ങളായ ഒരാണ്‍ കുട്ടിയും, പെണ്‍കുട്ടിയും, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുങ്ങി മരിച്ച സംഭവം ഇന്നും, ഒരു ഞെട്ടലോടെയേ ഓര്‍മ്മിക്കുവാന്‍ കഴിയു. ആകെയുണ്ടായിരുന്ന രണ്ടു കുട്ടികളെ തനിയ വീട്ടിലാക്കിയിട്ടു ജോലിക്കു പോയ മലയാളി മാതാപിതാക്കള്‍ പോലിസിന്റെ വിളി വരുമ്പോളാണ് കുട്ടികള്‍ രണ്ടും വീടിനടുത്തുള്ള ഒരു ക്രീക്കില്‍ മുങ്ങി മരിച്ച കാര്യം അറിയുന്നത്. കൊലക്കുറ്റമായിരുന്നു അവരില്‍ ചുമത്തിയിരുന്ന ചാര്‍ജ്. അവര്‍ ഗള്‍ഫില്‍ നിന്ന്, അമേരിക്കയിലേക്ക് വന്നിട്ട് രണ്ടു വര്‍ഷമോ മറ്റോ ആയിരുന്നുള്ളു.

എന്റെ മതാപിതാക്കള്‍ രണ്ടു പേരും, സര്‍ക്കാര്‍ ജോലിക്കാരായിരുന്നതിനാല്‍ ബാല്യകാലങ്ങളിലൊക്കെ പലപ്പോഴും, സ്‌കൂള്‍ കഴിഞ്ഞു വന്നാല്‍ തനിയെ ഇരിക്കേണ്ട അവസരങ്ങള്‍ എനിക്കും അനുജനും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊക്കെ അയല്‍ വക്കങ്ങള്‍ തമ്മില്‍ ഇഴയടുപ്പവും, അടുത്തുള്ള ബന്ധുക്കളുടെ മേല്‍ നോട്ടവും, ഉണ്ടായിരുന്നു. നമ്മള്‍ കേരളത്തില്‍ വളര്‍ന്ന സാഹചര്യമല്ല ഇവിടെ അമേരിക്കയില്‍. മിക്ക പേര്‍ക്കും, അയല്‍ വക്കങ്ങളുമായിഹലോ ഹായ് ബന്ധം പോലുമില്ല. പലര്‍ക്കും ബന്ധുക്കള്‍ അടുത്ത് പോയിട്ട് ഒരേ ടൗണിലോ സിറ്റിയിലോ പോലും, ആരും കാണില്ല. അടുത്ത് ബന്ധുക്കളുള്ളവര്‍ പോലും അടുപ്പമുള്ളവരാകണമെന്നുമില്ല.

ഓര്‍മ്മക്കുറവും, ധ്രുതിയും, സ്ട്രെസും, കാരണം കുഞ്ഞുങ്ങളെ കാര്‍ സീറ്റില്‍ നിന്നും, ഇറക്കാതെ കാര്‍ അടച്ചു ജോലിക്കു പോയി കൊലപാതകത്തിന് അറസ്റ്റിലാകുന്ന മാതാപിതാക്കളുടെ കഥകള്‍ വേനല്‍ക്കാലങ്ങളില്‍ നിത്യ സംഭവമായിരിക്കുന്നു. അമിതമായ സെല്‍ ഫോണ്‍ ഉപയോഗവും, ഇതിനെല്ലാം കാരണമായി കാണാറുണ്ട്.

ഡാളസിലെ ചൈല്‍ഡ് പ്രൊട്ടക്റ്റിവ് സെര്‍വീസിൽ  ഉയര്‍ന്ന ഉദ്യോഗസ്ഥനായ സുഹൃത്തു തന്റെ പല അനുഭവങ്ങളും, ലേഖികയോട് പങ്കു വെയ്ക്കുകയുണ്ടായി. അവ താഴെ. 

ടെക്‌സസിലും, അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും, ചൈല്‍ഡ് എന്‍ഡെയിഞ്ചര്‍മെന്റ് ഒരു ഫെലണി ചാര്‍ജാണ്.
കുട്ടികളെ സീറ്റ് ബെല്റ്റ് ധരിപ്പിക്കാതെയും, കാര്‍ സീറ്റില്ലാതെയും യാത്ര നടത്തുക,
കുട്ടിയെ തനിയെ കാറിലിരുത്തിയിട്ട് പോവുക,
മദ്യത്തിന്റെ ലഹരിയില്‍ കുട്ടിയെ വണ്ടിയിലിരുത്തി വണ്ടി ഓടിക്കുക,
സെക്‌സ്വല്‍ ക്രിമിനലുകളാണെന്നറിയാവുന്നവരെ കുട്ടിയെ നോക്കാന്‍ ഏല്‍പ്പിക്കുക,
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മദ്യം വിളമ്പുക,
കൊച്ചു കുട്ടിയെ മറ്റൊരു കൊച്ചു കുട്ടിയുടെ മേല്‍നോട്ടത്തിലേല്പിച്ചിട്ടു പുറത്ത് പോവുക,
കുട്ടിക്കു മുറിവേല്‍ക്കുന്നതു പോലെയുള്ള ക്ഷതങ്ങളും, ഉപദ്രവങ്ങളും, ഏല്‍പ്പിക്കുക,
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കുട്ടിയെ തനിച്ചാക്കി പോവുക,
കുട്ടികളുടെ കയ്യും, കണ്ണുമെത്തുന്ന ഇടങ്ങളില്‍ നിറതോക്കുകള്‍ ലോക്കിടാതെ വെയ്ക്കുക,
നിങ്ങളുടെ പരിചയത്തിലോ, ബന്ധുതയിലോ ഉള്ള കുഞ്ഞിനെ അതിന്റെ വീട്ടുകാരോ ബന്ധുക്കളോ അമിത ശാരീരിക പീഡനമോ ലൈംഗിക പീഡനമോ നടത്തുന്നുണ്ട് എന്ന് നിങ്ങളറിഞ്ഞതിനു ശേഷവും, അത്റിപ്പോ ര്‍ട്ട് ചെയ്യാതെ മൂടി വെയ്ക്കുക
ഇവയെല്ലാവും തന്നെ ചൈല്‍ഡ് അബ്യൂൂസിന്റെ പരിധികളില്‍ പെടുന്നു.

സ്വന്തം, കുട്ടികളെയോ അന്യരുടെ കുട്ടികളെയോ ബെല്‍റ്റുപയോഗിചു പാട് വരുന്ന രീതിയില്‍ തല്ലുന്നതു ടെക്സസിലെ നിയമം അനുസരിച്ചു കുറ്റകരമാണ്.
ടെക്സാസിലും , മറ്റു പല സംസ്ഥാനങ്ങളിലും,ചൈല്‍ഡ് എന്‍ഡേഞ്ചര്‍മെന്റ്കുറഞ്ഞത് രണ്ടു വര്‍ഷം മുതല്‍ ഇരുപതു വര്‍ഷം വരെ തടവ് കിട്ടാവുന്ന ഭീകര കുറ്റമാണ്.

കുട്ടിയെ തനിച്ചാക്കി ഭക്ഷണം കഴിക്കുവാന്‍ പോയ സിനി മാത്യു വിന്റെ അറസ്റ്റില്‍ വക്കിലന്‍മ്മാരുടെ ശക്തമായ ഇടപെടലുകളും, ബുദ്ധി പരമായ നിയമോപദേശങ്ങളും വലിയ പങ്കു വഹിക്കുന്നുണ്ടാവണം . മനപൂര്‍വ്വമോ അല്ലാതെയോ ഉള്ള കൊലപാതകക്കുറ്റത്തിനുള്ള ശിക്ഷയേക്കാള്‍ എന്തായാലും, ചൈല്‍ഡ് എന്‍ഡേഞ്ചര്‍മെന്റിനുള്ള ശിക്ഷ കുറവായിരിക്കും എന്ന് പൊതുജനം ഊഹിക്കുന്നു. നുണകളില്‍ നിന്ന് നുണകളിലേക്കും, ട്വിസ്റ്റില്‍ നിന്നും, ട്വിസ്റ്റുകളിയ്ക്കും പൊയ്ക്കൊണ്ടിരിക്കുന്ന ഈ കേസ്, നിസ്സഹായയും നിരാലംബയുമായിരുന്ന ആ കുഞ്ഞു മാലാഖയുടെ മരണത്തിനു കാരണക്കാരായവരുടെ ശിക്ഷയില്‍ തന്നെ അവസാനിക്കണമെന്ന് മനസാക്ഷിയുള്ള മനുഷ്യര്‍ ആഗ്രഹിച്ചു പോവുന്നു.

അജ്ഞത മൂലം നിയമങ്ങള്‍ മറികടക്കാനുള്ള സൂത്രപ്പണികളും ഉപാധികളും, കണ്ടെത്തിയാല്‍ അത് നമ്മെ വലിയ നിയക്കുരുക്കുകളിലേക്ക് ശിക്ഷകളിലേക്കും വലിച്ചിഴക്കും. ഇന്ത്യയിലെ പോലെ കൈക്കൂലി കൊടുത്തും, ഉന്നത ബന്ധങ്ങളുടെ ശക്തി മൂലവും, അമേരിക്കയിലെ നിയമങ്ങളില്‍ നിന്നും, രക്ഷ പെടാമെന്നാരെങ്കിലും, വിചാരിക്കുന്നുണ്ടെങ്കില്‍ അത് വെറും, വ്യമോഹമായിരിക്കും. അമേരിക്കയില്‍ വന്നതിനു ശേഷവും, ഇവിടുത്തെ നിയമങ്ങളും ചട്ടങ്ങളൂം, ബഹുമാനിക്കാത്ത അനേക ഇന്ത്യക്കാര്‍ക്കു ഈ കേസ് ഒരു പാഠം ആവട്ടെ. ഇനിയും, ഒരിക്കലും, ഒരു കുഞ്ഞിനും, ഇങ്ങനെ ഒരു വിധി ഉണ്ടാവാതെയുമിരിക്കട്ടെ. 
Join WhatsApp News
അറക്കല്‍ അബു 2017-11-19 09:38:43

How about a working smoke detector in your house? Did you raise your children in  a home without a smoke detector? Vow

observer 2017-11-19 10:54:36
പുറത്തു നില്‍ക്കുന്നവര്‍ക്കു കുഞ്ഞു മാലാഖ. പക്ഷെ വളര്‍ത്തിയവര്‍അനുഭവിച്ച പ്രശ്‌നങ്ങള്‍ കാണാതിരുന്നു കൂടാ. ശരിയായ ശരീര വളര്‍ച്ചയില്ല. സംസാര ശേഷി കുറവ്. പാല്‍ കുടിക്കില്ല. ആകെ അവര്‍ പൊറുതി മുട്ടിയിരിക്കാം. എനിട്ടും കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു എന്നാണു ഇന്ത്യയിലെ അനാധാലയം പറയുന്നത്. ചുരുക്കത്തില്‍ തെറ്റിദ്ധരിപ്പിച്ചാകാം കുട്ടിയെ കൊടുത്തത്.
പക്ഷെ കുട്ടിയെ വേണ്ടെങ്കില്‍ ഉപേക്ഷിക്കാന്‍ നിയമ പരമായ മാര്‍ഗങ്ങള്‍ ആയിരുന്നു തേടേണ്ടിയിരുന്നത്. അതിനു പകരം അതിനെ ഉപദ്രവിച്ചുവെങ്കില്‍ അതിനു ഒരു ന്യായീകരണവുമില്ല 
Dr. Kunjappu 2017-11-19 12:41:06
ആത്മകഥാംശം തുളുമ്പുന്ന ഈ ലേഖനം എല്ലാവര്‍ക്കും മാര്‍ഗ്ഗദര്‍ശിയാകട്ടെ!
മള്‍ട്ടൈ-ടാസ്കിങ് ചെയ്യുന്ന ഒരു വീട്ടമ്മയ്ക്കു വരാവുന്ന പ്രശ്നം എത്ര ഗുരുതരമായി കലാശിച്ചേക്കാമെന്ന് ഈ വായന എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു.        

Professor Kunjappu
വിദ്യാധരൻ 2017-11-19 17:44:42
അനുഭവവും ആത്മാർത്ഥതയും എഴുത്തിൽ  ഇഴചേർക്കുമ്പോൾ അത് സമൂഹത്തോട് പ്രതിബദ്ധതയുള്ളതായി തീരുന്നു. അനുഭവത്തെക്കാൾ മറ്റൊരു ഗുരു ഇല്ലല്ലോ?  ഇന്ത്യയിൽ നിന്ന് വരുന്ന പലർക്കും പതിമൂന്ന് വയസ്സിനു താഴയുള്ള കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ വീട്ടിലാക്കി മാതാപിതാക്കൾ പോകുന്നതിന്റെ ഗൗരവം മനസ്സിലാകില്ല.  പറഞ്ഞുകൊടുത്താൽ ചിലർ കേൾക്കുന്നത് നെറ്റി ചുളിച്ചിട്ടാണ് . പിന്നെ മലയാളിയുടെ സ്വാതസിദ്ധമായ മാനഭാവവും ' നീ ആരെടാ എന്നെ ഉപദേശിക്കാൻ " കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിച്ചുകൊള്ളും "  മാളിലും മറ്റും കുട്ടികളെ കൂട്ടികൊണ്ടുപോകുന്നവർക്ക് കുട്ടി നഷ്ടപ്പെടുവാനുള്ള സാധ്യത വളരെ കൂടുതലാണ് .  ഫോണിൽ സ്ഥിരം കുത്തിക്കൊണ്ടിരിക്കലാണല്ലോ നമ്മെൾക്കെല്ലാം പരിപാടി .   ,ലൈംഗിക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടർ,   വ്യഭിചാരത്തിനായി കുട്ടികളെ തട്ടികൊണ്ടുപോയി  വിൽക്കുന്നവർ ഇവരെല്ലാം,   നമ്മളുടെ ചുറ്റും കഴുകുകളെപ്പോലെ ഉണ്ടെന്നുള്ള വിവരം അറിഞ്ഞിരിക്കുന്നത് നല്ലതാണ് .  ബേബീസിറ്റിങ്ങിന് മലയാളിയുടെ വീട്ടിലാക്കിയവർക്ക് അവരുടെ കുട്ടികളെ വയിൻ കൊടുത്ത് ഉറക്കമായിരുന്നു കേട്ടിട്ടുണ്ട് .  കുട്ടിയുടെ അച്ഛനാണ് അതിന് ഉത്തരവാദിയെന്ന് സംശയിച്ച 'അമ്മ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അത് അച്ഛനല്ല  ബേബി സിറ്ററുടെ വീട്ടിലെ അച്ഛന്റെ പരിപാടി ആയിരുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു .  പിന്നെ ഇവിടെ ഒരാൾ എഴുതി കണ്ടു സ്‌മോക്ക് അലാറം ഇല്ലായിരുന്നോ എന്ന്?  അതെനിക്ക് അറിഞ്ഞുകൂടാ . ഇന്നാണെങ്കിൽ ക്യാമറ വഴി ഫോണിൽ നോക്കി വിവരം അറിയാം . എന്തെല്ലാം സംവിധാനങ്ങൾ ഉണ്ടെങ്കിലും കുട്ടികളെ തനിയെ വീട്ടിലാക്കി പോകുന്നതിൽ ഒരു ന്യായികരണവും ഇല്ല.  ഗുണപാഠം ഉൾപ്പെട്ട ലേഖനത്തിന് നന്ദി .
Joseph Padannamakkel 2017-11-19 22:14:30
ഡാളസ്സിൽ അപകടപ്പെട്ടു മരിച്ച മൂന്നു വയസ്സുണ്ടായിരുന്ന കുഞ്ഞിന്റെ വളർത്തച്ഛനും വളർത്തമ്മയും  കുഞ്ഞിനെ തനിയെ വീട്ടിലാക്കിയിട്ട് ഭക്ഷണം കഴിക്കാൻ പോയിയെന്ന കഥ 'ഈമലയാളിയിൽ' വായിച്ചപ്പോൾ തന്നെ  ഞെട്ടലുണ്ടാക്കിയിരുന്നു. അവൾ അനാഥ കുഞ്ഞായിട്ടല്ലേ അവളെ തനിയേ ആക്കി അവർ പുറത്തു പോയത്! അപകടം ഏതു സമയത്തും എങ്ങനെയും സംഭവിക്കാം. ചിലർ കുട്ടികളെ കാറിനുള്ളിലാക്കി കാർ ഓൺ ചെയ്തു പിസാ മേടിക്കാനോ, പെട്ടെന്ന് മടങ്ങി വരുമെന്നുദേശിച്ച് കടയിലോ കയറാം. കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ സ്ത്രീ കാറിനകത്ത് വെന്തു മരിച്ചുവെന്ന വാർത്ത വായിച്ചു.

എന്റെ മക്കൾ കുഞ്ഞുങ്ങളായിരുന്നപ്പോഴുള്ള ഒരു സംഭവം ഓർക്കുന്നു. അന്ന് എന്റെ കുടുംബം ഒരു അപ്പാർട്മെന്റിലാണ് താമസിക്കുന്നത്. മകന് മൂന്നു വയസും മകൾക്ക് അഞ്ചു വയസും പ്രായം. ജോലി കഴിഞ്ഞു ക്ഷീണിതനായി വന്ന ഞാൻ ലിവിങ് റൂമിലുള്ള ഒരു സോഫയിൽ അൽപ്പം വിശ്രമിച്ചുകൊണ്ടു മയക്കത്തിലായിരുന്നു. മക്കൾ രണ്ടുപേരും ബെഡ്‌റൂമിൽ കളിച്ചുകൊണ്ടുമിരുന്നു. പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നപ്പോൾ മുറി മുഴുവൻ പുകയും സ്‌മോക്ക് അലാമും അടിക്കുന്നു. ഓടി ചെന്ന് കുട്ടികളെ എടുത്ത് വീടിനു പുറത്തു നിർത്തി. ബെഡ്‌റൂമിൽ ചെന്ന് നോക്കിയപ്പോൾ ബെഡ്റൂമിലെ ടേബിൾ ലാംപിലെ കത്തുന്ന ബൾബിനുമുകളിൽ ഒരു ടൗവ്വലിൽ തീ കത്തുന്നു. ടവ്വൽ ബൾബിനു മുകളിലിട്ടത് അഞ്ചു വയസുകാരി മകൾ ചെയ്ത കുരുത്തക്കേടെന്ന് അന്ന് എനിക്ക് മനസിലായിരുന്നില്ല. അങ്ങനെ  ചെയ്തത് എന്റെ മൂന്നു വയസുകാരൻ മകനാണെന്നു പറഞ്ഞു പഴി ചാരി അവൾ രക്ഷപ്പെട്ടു. ഈ കുരുത്തക്കേട് വളരെക്കാലം കഴിഞ്ഞാണ് അവളെന്നോട് പറഞ്ഞത്. 

ഈ മകൾ തന്നെ അവൾ ബാങ്കളൂരിൽ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ മറ്റൊരു സംഭവം ഉണ്ടായി. അവൾ അന്ന് ഹോസ്റ്റലിൽ ഇലക്ട്രിക്കൽ പെട്ടി കൊണ്ട് തുണികൾ തേച്ചുകൊണ്ടിരുന്നപ്പോൾ ഇലക്ട്രിസിറ്റി പ്രതീക്ഷിക്കാതെ പോയി. ക്ലാസിൽ പോവാൻ ധൃതി വെച്ച് പെട്ടി തുണിയിൽ നിന്നെടുക്കാതെ ക്ളാസിലേക്കോടി. അവൾ ക്ളാസിലായിരുന്ന സമയത്ത് ഇലക്ട്രിസിറ്റി വരുകയും  താമസിച്ചിരുന്ന മുറി മുഴുവനും പുസ്തകങ്ങളും തുണികളും കത്തി നാശമാവുകയും ചെയ്തു. കോളേജുകാർ നാശ നഷ്ടങ്ങൾക്കായി നല്ലയൊരു ഫൈൻ ഈടാക്കുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളും അനുഭവത്തിൽക്കൂടി എന്റെ മകൾക്ക് പഠിക്കേണ്ടി വന്നു. 

എന്റെ ഈ കഥകൾ ഇവിടെ എഴുതിയത് കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് ഉപകാരപ്പെടണമെന്ന ഉദ്ദേശത്തിലാണ്. അമേരിക്കയിൽ അടച്ചുകെട്ടിയ വീടിനുള്ളിൽ കുഞ്ഞുങ്ങളെ വളർത്തുകയെന്നത് വളരെ ബുദ്ധിമുട്ടുള്ളതാണ്. അശ്രദ്ധകൊണ്ട് അപകടം പ്രായപൂർത്തിയായാലും ഉണ്ടാകാം. ചിലപ്പോൾ കുഞ്ഞിനെ വീട്ടിൽ തനിയെ ആക്കി മടങ്ങി വരുമ്പോൾ വീട്ടിൽ തോക്കുധാരിയുടെ ഭീക്ഷണിയും നേരിടാം. എന്തും സംഭവിക്കാം. 
Eaappachi 2017-11-20 08:34:24
വിദ്യേട്ടാ ... നിങ്ങടെ കവിത കമന്റുകൾ വായിച്ചു വായിച്ചു പണ്ടാറടങ്ങി ഇരിക്കുവാരുന്നു .. ഇപ്പം ഒരു റിലാക്‌സേഷൻ ഉണ്ട് ... ഇത് പോലെ ഒള്ള സാദാ കമന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .. വേദനിപ്പിച്ചില്ലല്ലോ അല്ലെ .. 
sunu 2017-11-20 09:22:04
ഭാര്യ വീട്ടിൽ കയറ്റാത്തതു കാരണം കള്ളടിച്ചിട്ടു ഗാരേജിൽ കാറിൽ ഹീറ്റിട്ടു  കിടന്നുറങ്കി ചത്തവൻ മുതൽ ഗാരേജിലിട്ടു  വണ്ടി  പണിതു നെഞ്ചത്ത് വീണവൻ വരെ ഇവിടെയുണ്ട് . ടീനേജുകളെ തന്നയാക്കി രാത്രിഷിഫ്ട് ചെയ്ത് മകൾ ഗര്ഭിണിയായതും കഥ. എന്ത് വന്നാലും മലയാളി പഠിക്കില്ല. നിയമം അറിയാതെ നീതിപാലകരെ തെറി പറഞ്ഞു നടക്കുന്നവൻ മലയാളി .
വിദ്യാധരൻ 2017-11-20 11:56:42
തൊട്ടാൽ വാടുവാൻ ഞാൻ തൊട്ടാവാടിയല്ല 
മുട്ടിയാൽ  പൊട്ടുവാൻ ഞാൻ നീർക്കുമുളയുമല്ല 
വേദനിക്കുമെന്നുള്ളം അന്യന്റെ വേദനയിൽ 
ചേതനക്കത്  സഹിക്കില്ല ഞാൻ പൊട്ടിതെറിച്ചേക്കും 

സാധാരണക്കാരനാകാണാനിഷ്ടമെങ്കിലും, അ-
സാധാരണത്ത്വം കലർന്ന കലാവേല കണ്ടാൽ 
പ്രതികരിച്ചുപോം മനുഷ്യനല്ലേ ഞാനും 
അതുപദ്യമാവാം ഗദ്യമാവാം ക്ഷമിച്ചാലുമങ്ങ്. 

മറക്കുന്നതെങ്ങനെ അമ്മയച്ഛന്മാർ മക്കളെ,
വിറയ്ക്കുന്ന തണിപ്പിലും തിളയ്ക്കുന്ന ചൂടിലും,
വീട്ടിലാക്കി,  തീറ്റശാലകളിൽ പോവത് ?
കൂട്ടുനിൽക്കില്ല  ചിന്തിപ്പവർ ഇതിനൊരിക്കലും .

'പണ്ടാറംമടങ്ങിയാലും' നിങ്ങളിൽ ഒളിഞ്ഞിരി-
പ്പുണ്ടൊരു കാവ്യാസാധകൻ തീർച്ച തന്നെ 
അതുകൊണ്ടുഞാൻ കുത്തിക്കുറിക്കുന്നു ല-
ളിതമാം ഭാഷയിൽ, അങ്ങിതു സ്വീകരിച്ചാലും. 

vidya Fan Club 2017-11-20 22:46:51
വിദ്യേട്ടാ -നിങ്ങൾ എന്തു വേണമെങ്കിലും എഴുതികൊള്ളു .വായിക്കാൻ  ഞങ്ങളുണ്ട് - പ്രതികരണക്കോളത്തിലൂടെ നിങ്ങൾ തിരഞ്ഞെടുക്കുന്ന ലേഖനം/കവിതകൾ  ഞങ്ങൾ വായിക്കുന്നത് .  എന്തെങ്കിലും അതിൽ കാണുമെന്ന് ഞങ്ങൾക്കറിയാം 
josecheripuram 2017-11-21 21:22:50
When I look back ,When I was new in this country I did't know the rules of this country.I had a3 year old&a new born.I left them in apartment alone to get milk from a store one block away.By the grace of God nothing happened.Now When I think of it a chill runs through my spine.Do not take risk with children.Thanks Meenu for reminding us.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക