Image

തിരിച്ചുവരവിലും വിജയനിമിഷങ്ങള്‍

Published on 28 June, 2011
തിരിച്ചുവരവിലും വിജയനിമിഷങ്ങള്‍
സന്തോഷത്തിന്റെ ദിവസങ്ങളാണ്‌ കാവ്യക്ക്‌. രണ്ടാമതും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തന്നെ തേടിയെത്തിയതിന്റെ... ഗദ്ദാമയിലെ അശ്വതിയെ ജൂറി അംഗീകരിച്ചതിന്റെ... ഒപ്പം ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌ എന്ന ചിത്രം ഹിറ്റായതിന്റെ...കൊമേഴ്‌സ്യല്‍ ഹിറ്റുകളായ ചൈനാ ടൗണ്‍, ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്നിവയിലും കാവ്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതെ തിരിച്ചു വരവ്‌ കാവ്യയുടെ വിജയമാവുകയാണ്‌. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വിവാഹത്തോടെ തിരിച്ചു പോയ ഒരു നായിക. പിന്നീട്‌ ജീവിതത്തില്‍ അവര്‍ക്ക്‌ നേരിടേണ്ടി വന്നത്‌ കയ്‌പ്പുനിറഞ്ഞ അനുഭവങ്ങള്‍.

അവസാനം സിനിമയിലേക്ക്‌ തിരിച്ചു വരുകയായിരുന്നു കാവ്യയുടെ മുമ്പിലുണ്ടായ ഏകമാര്‍ഗം. തിരിച്ചു വന്നപ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന സംശയം കാവ്യയും ഉണ്ടായിരുന്നിരിക്കാം. പക്ഷെ പ്രേക്ഷകര്‍ കാവ്യയെ ഇരുകൈയ്യും നീട്ടി വീണ്ടും സ്വീകരിച്ചു. ഇപ്പോഴിതാ മലയാള സിനിമ വീണ്ടും കാവ്യയെ അംഗീകരിച്ചിരിക്കുന്നു.

ഗദ്ദാമയിലെ അശ്വതിയുടെ കഥാപാത്രം കാവ്യയുടെ ജീവിതത്തിലേത്‌ പോലെ തന്നെ സങ്കടങ്ങള്‍ നിറഞ്ഞതായിരുന്നു. ഗള്‍ഫി ജോലിക്കായി ചെന്ന്‌ ഏറെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന കഥാപാത്രമായിരുന്നു ഗദ്ദാമയിലെ അശ്വതി. നമുക്കിടയില്‍ എവിടെയും കാണാവുന്ന ഒരു കഥാപാത്രം. ആ കഥാപാത്രം അവതരിപ്പിക്കാന്‍ കമല്‍ കാവ്യയെ തന്നെ തിരഞ്ഞെടുത്തത്‌ ഒരു നിയോഗം.

ചാലക്കുടിയില്‍ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിലാണ്‌ കാവ്യ ഇപ്പോള്‍. പുതിയ സിനിമകള്‍ ഇനി തുടങ്ങാനിരിക്കുന്നതേയുള്ളു. വലിച്ചുവാരി സിനിമ ചെയ്യുന്ന രീതി കാവ്യ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഏറെ സെലക്‌ടീവായിരിക്കുന്നു.

കാവ്യക്ക്‌ ഇപ്പോള്‍ ശരിക്കും ഏറെ സന്തോഷിക്കാവുന്ന അവസരം തന്നെയാണല്ലോ ഇത്‌?

സന്തോഷം തീര്‍ച്ചയായും ഉണ്ട്‌. ഇല്ലെന്ന്‌ പറഞ്ഞാല്‍ അതൊരു കള്ളത്തരമാകും. ഇപ്പോള്‍ ലഭിച്ച നേട്ടങ്ങള്‍ എനിക്ക്‌ ആത്മവിശ്വാസത്തിന്‌ ആവശ്യമായിരുന്നു. ഞാന്‍ ശരിക്കും ആത്മവിശ്വാസത്തിലാണ്‌ ഇപ്പോള്‍. ജീവിതത്തില്‍ പൊരുതിയാല്‍ വിജയിക്കാം എന്ന ആത്മവിശ്വാസം എനിക്കിപ്പോള്‍ ഉണ്ട്‌.

സംസ്ഥാന പുരസ്‌കാരം കിട്ടിയപ്പോള്‍ ശരിക്കും വിജയിച്ചു എന്ന്‌ തോന്നിയോ?

നമ്മള്‍ നന്നായിരുന്നാല്‍ നല്ല ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയം ലഭിക്കും എന്ന ആത്മവിശ്വാസം എനിക്കുണ്ട്‌ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. അല്ലാതെ എന്തൊക്കെയോ നേടിയിരിക്കുന്നു, ഞാനാണ്‌ ഇപ്പോഴത്തെ താരം എന്നൊന്നുമുള്ള അഹങ്കാരമൊന്നും എനിക്കില്ല.

എന്നാലും ഇത്‌ കാവ്യയുടെ വിജയം തന്നെയാണ്‌. പ്രത്യേകിച്ചും സിനിമയിലേക്ക്‌ മടങ്ങി വരവിന്‌ കാവ്യക്ക്‌ ഇടയായ സാഹചര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍?

അതെല്ലാം ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്‌. വീണ്ടും ഇക്കാര്യത്തില്‍ ഒരു കമന്റ്‌ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിന്റെ ആവശ്യമില്ല. ഞാന്‍ ശരിയായിരുന്നു എന്ന്‌ എനിക്ക്‌ ബോധ്യമുണ്ട്‌. എന്റെ ഭാഗത്ത്‌ തെറ്റുണ്ടായിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ ഒരിക്കലും എന്നെ പ്രോല്‍സാഹിപ്പിക്കില്ല. സംസ്ഥാന പുരസ്‌കാരം കിട്ടിയപ്പോള്‍ എന്നെ ആരൊക്കെയാണ്‌ വിളിച്ചിരുന്നത്‌. ഒരുപാട്‌ നാളുകളായി എന്നെ ഇഷ്‌ടപ്പെട്ടിരുന്ന ഒരുപാട്‌ പേര്‍. അവര്‍ക്ക്‌ ഞാനൊന്നും പ്രത്യേകിച്ച്‌ നല്‍കിയിട്ടില്ലല്ലോ. എന്നിട്ടും ഒരു മകളെപ്പോലെ എന്നെ വിളിച്ച്‌ ആശ്വസിപ്പിച്ചവര്‍.

ഗദ്ദാമയിലെ അശ്വതിയെ അവതരിപ്പിക്കുമ്പോള്‍ എന്തായിരുന്നു തയാറെടുപ്പുകള്‍?

ഗദ്ദാമ എന്ന സിനിമ കണ്ടിട്ടുള്ളവര്‍ക്ക്‌ അറിയാം. അത്‌ വളരെ എളുപ്പം ചെയ്‌ത്‌ തീര്‍ക്കാന്‍ കഴിയുന്നൊരു സിനിമയല്ല. അശ്വതി എന്ന കഥാപത്രം കമല്‍സാര്‍ എനിക്ക്‌ പറഞ്ഞു വരുമ്പോള്‍ ആദ്യമൊന്നും അതിന്റെ ഡെപ്‌ത്‌ അറിഞ്ഞിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അശ്വതിയുടെ പ്രധാന്യം ഞാന്‍ തിരിച്ചറിഞ്ഞു. അശ്വതി എന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍, അത്‌ തുടക്കം മുതലുള്ളതില്‍ പലതും, എന്റെ ഉള്ളുപൊള്ളിച്ചു. അശ്വതി മണലാരണ്യത്തില്‍ ആരുടെയൊക്കെയോ കൈയ്യില്‍ പെട്ടതിന്‌ ശേഷം അല്‌പം വെള്ളത്തിനായി ദാഹിക്കുന്ന രംഗമുണ്ട്‌. ആ ഷോട്ട്‌ എടുത്തതിന്‌ ശേഷം ഞാന്‍ കരഞ്ഞു പോയി. അതുപോലെ തന്നെ ഗള്‍ഫിലെ വീട്ടില്‍ നിന്നും രക്ഷപെടാനായി അശ്വതി ശ്രമിക്കുന്ന രംഗങ്ങള്‍. ആ രംഗങ്ങളൊക്കെ ഷോട്ടിന്‌ മുമ്പ്‌ തിരക്കഥയില്‍ വായിക്കുമ്പോള്‍ തന്നെ എന്റെ കണ്ണുനിറയുമായിരുന്നു. അത്രക്ക്‌ ഇഷ്‌ടപ്പെട്ട ചെയ്‌തതാണ്‌ ഗദ്ദാമ. ഇതുപോലെ തന്നെയാണ്‌ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌ എന്ന ചിത്രത്തിലെ സുമംഗല എന്ന കഥാപാത്രവും. പ്രീയനന്ദനനെപോലെ ഒരു വലിയ സംവിധായകന്‍ അദ്ദേഹത്തിന്റെ സിനിമയിലേക്ക്‌ എന്നെ വിളിക്കുക എന്നത്‌ തന്നെ വലിയ കാര്യമാണ്‌. സുമംഗലയും സാധാരണയില്‍ സാധാരണയായി നമ്മുക്കിടയിലുള്ള ഒരു വീട്ടമ്മയുടെ ഉദാഹരണമാണ്‌. അത്‌ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതുകൊണ്ടാവും സ്‌ത്രീ പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്‌ടപ്പെട്ടത്‌.

വീണ്ടും ഒരു സംസ്ഥാന അവാര്‍ഡ്‌ കിട്ടിയപ്പോള്‍ എന്ത്‌ തോന്നി?. അവാര്‍ഡ്‌ പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലും അങ്ങനെയൊരു അതിമോഹം ഇല്ല. ഒരു ചെറിയ ആഗ്രഹം ഉണ്ടായിരുന്നു. കാരണം എന്നെപ്പോലെയുള്ളവര്‍ക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ പ്രോല്‍സാഹനമാണല്ലോ ഇത്‌. അവാര്‍ഡ്‌ ആര്‍ക്കാണ്‌ കിട്ടുക എന്നറിയാന്‍ താത്‌പര്യമുണ്ടായിരുന്നു. എനിക്കാണെന്ന്‌ അറിഞ്ഞപ്പോള്‍ ഏറ്റവും കുടുതല്‍ സന്തോഷിച്ചത്‌ അച്ഛനും അമ്മയുമാണ്‌. പിന്നെ വീണ്ടും സിനിമയിലേക്ക്‌ എത്തിയപ്പോള്‍ ചില വിജയനിമിഷങ്ങള്‍ എനിക്ക്‌ ലഭിക്കുന്നുണ്ടല്ലോ. അത്‌ എനിക്കും സന്തോഷം തരുന്നു.

13 വര്‍ഷം സിനിമയില്‍ നില്‍ക്കുക എന്നത്‌ ഒരു വലിയ കാര്യമാണ്‌. കാവ്യക്ക്‌ ഇനിയും ഒരുപാട്‌ സമയമുണ്ട്‌ താനും?

ഒന്നും ഞാനിപ്പോള്‍ പ്ലാന്‍ ചെയ്യാറില്ല. നമ്മള്‍ പ്ലാന്‍ ചെയ്യുന്നതുപോലെയൊന്നും എല്ലാം നടന്നുവെന്ന്‌ വരില്ല. ഇപ്പോള്‍ എന്നെ തേടി വരുന്ന സിനിമകളുടെ കഥകള്‍ ഞാന്‍ തന്നെ കേള്‍ക്കുന്നു. നല്ലതോ, ചീത്തയോ എന്താണെന്ന്‌ എനിക്ക്‌ തന്നെ അറിയാം. സിനിമ വേണോ, വേണ്ടയോ എന്ന്‌ തീരുമാനിക്കാനും കഴിയുന്നുണ്ട്‌. ഇപ്പോള്‍ ഞാന്‍ വളരെ ഇന്‍ഡിപെന്‍ഡന്റാണ്‌ എന്ന്‌ തോന്നുന്നുണ്ട്‌.

ഇന്‍ഡിപെന്റന്റാണ്‌ എന്ന്‌ പറഞ്ഞല്ലോ.മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക്‌ ശ്രമിക്കുന്നില്ലേ? അതിനുള്ള അവസരങ്ങള്‍ ധാരണം വരുന്നുണ്ടാകുമല്ലോ?

മലയാളത്തില്‍ നിന്നും അന്യഭാഷയില്‍ അഭിനയിക്കണമെന്ന്‌ എനിക്കത്‌ മുമ്പേ ചെയ്യാമായിരുന്നു. ഞാന്‍ അഭിനയിച്ചിട്ടുമുണ്ടല്ലോ. സിദ്ദിഖ്‌ സാറിന്റെ സാധുമിരണ്ടാല്‍ പോലുള്ള ചിത്രങ്ങള്‍. പക്ഷെ മലയാള സിനിമയാണ്‌ ഞാന്‍ എപ്പോഴും ഇഷ്‌ടപ്പെടുന്നത്‌. ഈ സിനിമ കാണാനാണ്‌ എനിക്കിഷ്‌ടം.

ഗദ്ദാമയും, ഭക്തജനങ്ങളുടെ ശ്രദ്ധിക്കുമൊക്കെ അഭിനയ പ്രധാന്യമുള്ള സിനിമകളാകുമ്പോള്‍ ചൈനാ ടൗണ്‍ പോലുള്ള സിനിമകളില്‍ കാര്യമായ വേഷങ്ങള്‍ ലഭിച്ചില്ലല്ലോ കാവ്യക്ക്‌?

ആ സിനിമ ഒരു കൊമേഴ്‌സ്യല്‍ സിനിമയാണ്‌. അതിലേക്ക്‌ വിളിക്കുമ്പോഴേ റാഫിമെക്കാര്‍ട്ടിന്‍ പറഞ്ഞിരുന്നു വലിയ അഭിനയ സാധ്യതയുള്ള കാരക്‌ടര്‍ ഒന്നുമല്ല ഇതെന്ന്‌. ഒരു കൊമേഴ്‌സ്യല്‍ ഹിറ്റിന്റെ ഭാഗമാകാന്‍ കഴിയും എന്നും പറഞ്ഞിരുന്നു. കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യാതിരിക്കാന്‍ കഴിയില്ലല്ലോ. നല്ല സിനിമകള്‍ക്കൊപ്പം ഇത്തരം സിനിമകളും വേണമല്ലോ.

ഇനിയിപ്പോള്‍ പുതിയ സിനിമകള്‍ ഏതൊക്കെയാണ്‌?

മലയാളത്തില്‍ ഒന്ന്‌ രണ്ട്‌ സിനിമകള്‍ സംസാരിക്കുന്നുണ്ട്‌. മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാഫിയാണ്‌ സംവിധായകന്‍. അതുപോലെ ദിലീപേട്ടന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു. അക്കുഅക്‌ബര്‍ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.
തിരിച്ചുവരവിലും വിജയനിമിഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക