Image

നവതിയുടെ നിറവില്‍ അദ്വാനി: വന്‍മരം ഇനി വിസ്മൃതിയില്‍ (ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 11 November, 2017
 നവതിയുടെ നിറവില്‍ അദ്വാനി: വന്‍മരം ഇനി വിസ്മൃതിയില്‍ (ഷാജന്‍ ആനിത്തോട്ടം)
നവംബര്‍ എട്ടിന് ലാല്‍ കൃഷ്ണ അദ്വാനിയ്ക്ക് തൊണ്ണൂറ് വയസ്സ് തികഞ്ഞു. ഒരു കാലത്ത് ഇന്ത്യയില്‍ ഏറ്റവും ശക്തനായിരുന്ന രാഷ്ട്രീയ നേതാവിന്റെ പിറന്നാള്‍ പക്ഷേ, അധികമാരുമറിയാതെയാണ് കടന്നുപോയത്. താന്‍ കൈപിടിച്ചുയര്‍ത്തി വലുതാക്കിയ നരേന്ദ്രമോഡി പ്രധാനമന്ത്രിപദത്തിലിരുന്ന് രാജ്യം ഭരിയ്ക്കുമ്പോള്‍ അവഗണനയുടെ കയ്പുനീര്‍ കുടിച്ച് നിസ്സംഗനായി വിശ്രമിയ്ക്കുകയാണ് ഇന്ത്യയുടെ മുന്‍ ഉപപ്രധാനമന്ത്രി. ശബ്ദിയ്ക്കാന്‍ നാവിന് ശക്തിയില്ലാത്തതുകൊണ്ടോ പ്രതികരിയ്ക്കാനറിയാത്തതുകൊണ്ടോ അല്ല, അദ്വാനിയ്ക്കിപ്പോള്‍ അടങ്ങിയൊതുങ്ങി കഴിയാനേ തരമുള്ളൂ എന്നതാണ് സത്യം. അധികാരത്തിന്റെ ശീതളിമയില്ലായ്മയേക്കാള്‍ ക്രിമിനല്‍ കേസുകളുടെ അഗ്നികുണ്ടങ്ങള്‍ 'ലോഹമനുഷ്യനെ' ഇന്ന് എരിഞ്ഞൊടുക്കുന്നു; ഒപ്പം, ഒരു കാലത്ത് വിശ്വസ്തരും ഏറാന്‍മൂളികളുമായി കൂടെ നടന്നിരുന്നവരുടെ അവഗണന നല്‍കുന്ന വേദനയും. ഒരിയ്ക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാക പറത്തുന്നത് സ്വപ്‌നം കണ്ടിരുന്ന, കരുത്തനായ, കൗശലക്കാരനായ രാഷ്ട്രീയനേതാവ് ഇപ്പോള്‍, ജീവിതത്തിന്റെ അസ്തമനകാലത്ത്, തനിയ്ക്ക് സമീപഭാവിയില്‍ ലഭിച്ചേക്കാവുന്ന കാരാഗൃഹവാസത്തെയോര്‍ത്ത് പേക്കിനാവുകള്‍ കാണുന്നുണ്ടാവണം.

എല്‍.കെ.അദ്വാനിയ്ക്കിത് കാലം കാത്തുവച്ച കര്‍മ്മഫലം എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയുടെ ആത്മാവിനെ പലവട്ടം കീറിമുറിച്ച്, രാജ്യത്തെ ജനങ്ങളിലാകെ വര്‍ഗ്ഗീയ വിഷം കുത്തിനിറച്ച ഒരുപാട് കരുനീക്കങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കുമൊടുവില്‍ ലഭിച്ച കാവ്യനീതി! ഇന്ന് അതിലും വന്യവും ക്രൂരവുമായി ഭരണതലപ്പത്തുള്ളവര്‍ വിളയാടുമ്പോള്‍, അവര്‍ക്കും നാളെ ലഭിയ്ക്കുവാന്‍ പോകുന്നത് ഇത്തരമൊരു ഒറ്റപ്പെടലിന്റെയും ശൂന്യവല്‍ക്കരണത്തിന്റെയും ദയനീയാവസ്ഥയായിരിക്കുമെന്ന് കുറഞ്ഞപക്ഷം അദ്വാനിയെങ്കിലും വിശ്വസിയ്ക്കുന്നുണ്ടാവണം. പ്രപഞ്ചസത്യം അതുതന്നെയാണ് നമ്മളെ പഠിപ്പിയ്ക്കുന്നതും.

2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണം അമേരിയ്ക്കന്‍ ജീവിതത്തെ സമൂലം മാറ്റിമറിച്ചതിന് സമാനമായിരുന്നു 1992 ഡിസംബര്‍ ആറിലെ ബാബറി മസ്ജിദ് തകര്‍ക്കല്‍ ഇന്ത്യയുടെ പൊതുസമൂഹത്തില്‍ വരുത്തിയ ആഘാതം. വേള്‍ഡ് ട്രേഡ് സെന്ററിന്(World Trade Center) നേരെയുണ്ടായ ആക്രമണത്തിനുശേഷം അമേരിയ്ക്കയിലെ ജീവിതാവസ്ഥ പാടേ മാറി. എയര്‍പോര്‍ട്ടുകളിലെയും പൊതുസ്ഥാപനങ്ങളിലെയും കനത്ത സുരക്ഷാനടപടികള്‍ സ്വാഭാവിക മുന്‍ കരുതലുകള്‍ മാത്രമായി നമ്മളംഗീകരിയ്ക്കുമ്പോഴും, അമേരിയ്ക്കന്‍ പൊതുസമൂഹത്തില്‍ കഴിഞ്ഞ ഒന്നര ദശാബ്ദമായി വളര്‍ന്നുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളും വിശ്വാസമില്ലായ്മയും എത്രമാത്രം വലുതെന്ന് കൃത്യമായി നമ്മളറിയുന്നു. അയോദ്ധ്യയിലെ ബാബറി മസ്ജിദ് നിലനിന്നിരുന്നത് ശ്രീരാജജന്മഭൂമിയിലാണെന്ന വിശ്വാസത്തെയും വാദത്തെയും നമുക്കംഗീകരിയ്ക്കാം. പക്ഷേ ഏതാണ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് തച്ചുടച്ചപ്പോള്‍ നമ്മള്‍ തല്ലിക്കെടുത്തിയത് രാജ്യത്തിന്റെ മതേതര സ്വഭാവവും പരസ്പര വിശ്വാസവുമായിരുന്നു എന്നു കൂടി നമ്മളംഗീകരിയ്ക്കണം. ആ തകര്‍ക്കലിനു ശേഷം ഭാരതത്തിന്റെ കൂട്ടായ്മയും ഒത്തൊരുമയും ഒരിക്കലും വിളക്കിയെടുക്കാനാവാത്ത വിധം തകര്‍ക്കപ്പെട്ടു. അതിന്റെ അമരക്കാരിലൊരാളായിരുന്നു മസ്ജിദ് പൊളിച്ചടുക്കുമ്പോള്‍ വിളിപ്പാടകലെ അത് കണ്ട് നിന്ന് ആഹ്ലാദിച്ച് എല്‍.കെ.അദ്വാനി.
കഴിഞ്ഞ ഏപ്രില്‍ മാസം ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനാല് പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചു. ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടവര്‍ നീതിന്യായ വ്യവസ്ഥയെ വെടിച്ചു രക്ഷപ്പെടുത്തില്ലെന്നും കേസിന്റെ വിചാരണ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നുമാണ് പരമോന്നത കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. ജാമ്യത്തിലിറങ്ങിയെങ്കിലും ഒരു കാലത്ത് ബി.ജെ.പി.യുടെ ഗര്‍ജ്ജിയ്ക്കുന്ന സിംഹമായി വിലസിയിരുന്ന അദ്വാനി ഇപ്പോള്‍ ലക്‌നോവിലെയും റായ് ബറേലിയിലെയും ദല്‍ഹിയിലെയും കോടതികളില്‍ വിചാരണയ്ക്കായി അലഞ്ഞു നടക്കുന്നു. സര്‍ക്കാരിന്റെ 'ഇസഡ് കാറ്റഗറി' സുരക്ഷയൊക്കെയുണ്ടെങ്കിലും ആ കണ്ണുകള്‍ പരതുന്നത് തനിയ്ക്കായി തൊണ്ടയലറി മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയോ, കരഘോഷം മുഴുക്കുന്ന കരസേവകരെയോ ആയിരിയ്ക്കണം. അവരൊക്കെ കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് കാണാമറയത്തേയ്ക്ക് പിന്‍വലിഞ്ഞിട്ട് കാലമെത്രയോ കഴിഞ്ഞിരിക്കുന്നു? ആള്‍ക്കൂട്ടത്തില്‍ തനിയെ നില്‍ക്കുന്നതിന്റെ വേദന ഇന്ന് അദ്വാനിയോളം അറിയുന്നവര്‍ ആരുണ്ടാവില്ല.

രണ്ട് ദശാബ്ദങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച ഹവാല കുംഭകോണത്തില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട ചരിത്രവുമുണ്ട് എല്‍.കെ.അദ്വാനിയ്ക്ക്. 1996 ഫെബ്രുവരി അവസാനം അദ്വാനിയടക്കെ പതിനൊന്നുപേര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കപ്പെട്ടത്. കോടികള്‍ വാരിയെറിഞ്ഞും അധികാരത്തിന്റെ അംശവടികള്‍ ഉപയോഗിച്ചും വര്‍ഷങ്ങള്‍ക്കുശേഷം സംശയാതീതമായി തെളിയിയ്ക്കാനാവാത്തതിനാല്‍ ഹവാല കേസ് തേങ്ങ് മാഞ്ഞുപോയി എന്നത് ചരിത്രം. പക്ഷേ അതിന്റെ കറ അദ്വാനിയുടെ പൊതുജീവിതത്തിലാകമാനം കരിനിഴല്‍ വീഴ്ത്തി. 'അടല്‍ജി' എന്ന് ജനം സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന, ഇന്ന് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ദല്‍ഹിയില്‍ ജീവഛവമായി കഴിയുന്ന അടല്‍ ബിഹാരി വാജ്‌പേയ് 1996 ല്‍ ആദ്യമായി ഒരു ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരിയ്ക്കുമ്പോള്‍, ആ സ്ഥാനത്ത് വരുന്നതിന് തടസ്സമായി അഡ്വാനിയ്ക്ക് മുമ്പില്‍ നിന്നത് ഹവാലാ കേസിന്റെ കരിനിഴലായിരുന്നു. പതിമൂന്ന്, ദിവസം മാത്രം നീണ്ട് നിന്ന ആ മന്ത്രിസഭയ്ക്ക് ശേഷം 1999-ല്‍ വീണ്ടും ബി.ജെ.പി. അധികാരത്തിലെത്തുമ്പോഴും അടല്‍ജിയ്ക്ക് കീഴില്‍ ഉപപ്രധാനമന്ത്രിയായിരിക്കുവാനായിരുന്നു അഡ്വാനിയുടെ വിധി. മസ്ജിദ് തകര്‍ക്കലും രാജ്യത്തെ ഇളക്കിമറിച്ച രഥയാത്രയുടെ ഫലവുമൊക്കെയായി ബി.ജെ.പി. നേടിയ വര്‍ഗീയ വിജയം വോട്ടായും പാര്‍ലമെന്റംഗങ്ങളുടെ ഭൂരിപക്ഷമായുമൊക്കെ വളര്‍ന്നപ്പോള്‍ അതിന്റെ ഗുണഭോക്താവാകുവാന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. ലക്ഷങ്ങളുടെ കണ്ണുനീരും, കിടപ്പാടവും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട പരശതം കുടുംബങ്ങളുടെ ശാപവും തലയ്ക്ക് മീതെ നില്‍ക്കുമ്പോള്‍ കര്‍മ്മഫലം അദ്ദേഹത്തെ പിന്നോട്ടടിച്ചു എന്നു വേണം കരുതാന്‍.

ബാബറി മസ്ജിദ് തകര്‍ക്കല്‍ മൂലം നശിച്ചുപോയത് അയോദ്ധ്യയിലെയോ ഉത്തരേന്ത്യയിലെയോ മാത്രം സാമൂഹ്യജീവിതതാളമായിരുന്നില്ല. കേരളത്തിലും അതിന്റെ അലയടികള്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അന്നുവരെ ഏകോദരസഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്ന ഒരേ ഗ്രാമത്തിലെ കുടുംബങ്ങള്‍ മുജന്മശത്രുക്കളെപ്പോലെ പരസ്പരം കാണുവാന്‍ തുടങ്ങി. ജാതിയുടെയും മതത്തിന്റെയും പേരില്‍ വ്യക്തികള്‍ സ്വയം അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചു. സ്വാതന്ത്ര്യാനന്തര ഭാരത്തില്‍ വിഭജനത്തിനു ശേഷം നടന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ കേട്ടുകേള്‍വിമാത്രമായിരുന്ന ജനം അവയൊക്കെയും കണ്‍മുമ്പില്‍ കണ്ടുതുടങ്ങി. വിവിധ മതക്കാര്‍ തമ്മിലുള്ള സാഹോദര്യത്തിനും പരസ്പര സഹകരണത്തിനും പേരു കേട്ടിരുന്ന മലബാറിന്റെ മണ്ണിലാണ്. മാറാട് കലാപവും കൂട്ടക്കൊലയും രണ്ട് തവണ നടന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ അരിയും പഞ്ചസാരയും ചായപ്പൊടിയും പങ്കുവച്ചും പരസ്പരം വിരുന്നൂട്ടിയും, പരിമിതികള്‍ക്കിടയിലും ജീവിതം ആഘോഷമാക്കിയിരുന്ന കുടുംബങ്ങള്‍ മതത്തിന്റെ പേരില്‍ പരസ്പരം ആഞ്ഞുവെട്ടി. ഇന്നും സ്വന്തം കുടുംബങ്ങളിലേയ്ക്ക് മടങ്ങിച്ചെല്ലാനാവാതെ നട്ടം തിരിയുന്ന അനവധി വീട്ടുകാര്‍ മാറാടും പരിസരങ്ങളിലുമുണ്ട്.

പണ്ടൊക്കെ സ്‌ക്കൂളിലും കോളേജിലും പഠിയ്ക്കുന്നവര്‍ സൗഹൃദത്തിന് ഏറെ വില നല്‍കിയിരുന്നു. സുഹൃത്തിന്റെ ജാതിയോ മതമോ ഒരിയ്ക്കലും സൗഹൃദത്തിന് മാനദണ്ഡമോ തടസ്സമോ ആയിരുന്നില്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് അവയൊക്കെയാണ് മുഖ്യഘടകങ്ങളെന്ന് അനുഭവത്തിലൂടെ നാം തിരിച്ചറിയുന്നു. പ്രണയത്തിനുപോലും മതവും ജാതിയും മുന്നൊരുക്കമായ ഘടകമാണ്. എങ്ങാനും അത് ലംഘിച്ചാല്‍ 'ലവ് ജിഹാദ്' എന്നോ 'സംഘിബറസ്‌മെന്ന് ആരോപണമായി. നിഷ്‌ക്കളങ്കമായ സൗഹൃദമോ പ്രതിഫലേച്ഛയില്ലാത്ത ബന്ധങ്ങളോ ഉണ്ടാവുന്നില്ലായെന്നത് തികച്ചും നിരാശാജനകമാണ്.
എല്ലാ കുറ്റങ്ങള്‍ക്കും ഉത്തരവാദി എല്‍.കെ. അദ്വാനിയെന്നോ, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കൊപ്പം പിന്നില്‍ ബി.ജെ.പി. മാത്രമേയുള്ളൂവെന്നോ ഇവിടെ വിവക്ഷിക്കുന്നില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ കുറ്റകരമായ പങ്കുണ്ട്. ആരും അധികയോഗ്യതയുള്ളവരുമല്ല. ഇന്ന് എല്ലാ മതനേതാക്കളും രാഷ്ട്രീയക്കാരും തങ്ങളുടെ ലഘുവായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കുന്നു, കളിയ്ക്കുന്നു. പക്ഷേ കുടത്തിലെ ഭൂതത്തെ തുറന്നു വിട്ടവര്‍ കൂടുതല്‍ കുറ്റക്കാരെന്ന് തന്നെ പറയേണ്ടിവരും.

നരേന്ദ്രമോഡി ഇന്ത്യയുടെ കരുത്തനായ പ്രധാനമന്ത്രിയാണ്. ലോക്‌സഭയില്‍ ബി.ജെ.പി.യ്ക്ക് മൃഗീയ ഭൂരിപക്ഷമാണുള്ളത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ വ്യക്തമായ സ്വാധീനവും സമ്മര്‍ദവും ചെലുത്താവുന്ന സര്‍ക്കാര്‍ പക്ഷേ, അത്തരമൊരു ദിശാബോധം കാണിയ്ക്കാതെ വര്‍ഗീയ വിഷം ചുരത്തിക്കൊണ്ടിരിയ്ക്കുന്നു എന്നു കാണുമ്പോള്‍ 'അദ്വാനിയുഗം' അവസാനിച്ചിട്ടില്ല എന്നു തോന്നിപ്പോകുന്നു. ജനകീയ വോട്ടുകള്‍ നേടി വിജയിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ മതനേതാക്കളെ മുഖ്യമന്ത്രിമാരാക്കുമ്പോഴും ഒരുളുപ്പുമില്ലാതെ വര്‍ഗീയത പ്രസംഗിക്കുന്നവരെ കാബിനറ്റ് റാങ്കില്‍ കേന്ദ്രമന്ത്രിസഭയിലെടുക്കുമ്പോഴും സാധാരണ ജനങ്ങള്‍ക്ക് ലഭിയ്ക്കുന്നത് അത്തരമൊരു അപകട സന്ദേശമാണ്. താജ്മഹലെന്ന ഇന്ത്യയുടെ അഭിമാനത്തെ വര്‍ഗീയതയുടെ ചിഹ്നമായി അടയാളപ്പെടുത്തുമ്പോഴും, കുത്തബ്ബ് മീനാറും ഫത്തേപ്പൂര്‍ സിക്രിയും പുനര്‍നാകരണം ചെയ്യണമെന്ന് ഉത്തരവാദപ്പെട്ട നേതാക്കള്‍ പ്രസംഗിയ്ക്കുമ്പോഴും ജനം മറ്റൊന്ന് ധരിയ്ക്കുക? തങ്ങളെ അംഗീകരിയ്ക്കാത്തവര്‍ പാക്കിസ്ഥാനിലേയ്ക്ക് പോവട്ടെയെന്ന് ഒരു കേന്ദ്രമന്ത്രിതന്നെ പറയുമ്പോള്‍, പണ്ട് രാജ്യം വെട്ടിമുറിയ്ക്കാന്‍ കൂട്ടുനിന്ന മുഹമ്മദാലി ജിന്നയ്ക്ക് പാക്കിസ്ഥാനില്‍ ചെന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത അദ്വാനിയുടെ മുഖം  ആ മന്ത്രിയില്‍ ആരെങ്കിലും കണ്ടാല്‍ നമുക്കവരെ കുറ്റപ്പെടുത്താനാവില്ല.

അദ്വാനി അതിവേഗം വിസ്മൃതിയിലേയ്‌ക്കൊതുങ്ങുകയാണ്. ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന് കരുതി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനൊരുങ്ങിയ അദ്ദേഹത്തിന് ആദ്യം ഇഷ്ടമണ്ഡലമായ 'ഗാന്ധിനഗര്‍' നിഷേധിച്ചു. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ സീറ്റ് ലഭിച്ച് അദ്ദേഹം വിജയിച്ചെങ്കിലും, പ്രായാധിക്യത്തിന്റെ പേര് പറഞ്ഞ് താന്‍ വളര്‍ത്തിയ പാര്‍ട്ടിയുടെ മന്ത്രിസഭയില്‍ ചേര്‍ക്കാതെ അദ്ദേഹത്തെ പുറത്തുനിര്‍ത്തി. അതേ പേര് പറഞ്ഞ് അദ്ദേഹത്തെയും മറ്റ് സീനിയര്‍ നേതാക്കളെയും പാര്‍ട്ടിയുടെ പരമോന്നത പദവിയില്‍ നിന്നും മാറ്റി 'മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍' എന്ന മൂലയ്ക്കിരുത്തി. ഒരിയ്ക്കല്‍ ലോക്‌സഭയില്‍ രണ്ടേ രണ്ട് എം.പി.മാര്‍ മാത്രമുണ്ടായിരുന്ന പാര്‍ട്ടിയെ ഇത്രമാത്രം വളര്‍ത്തി വലുതാക്കിയ അദ്വാനിയ്ക്കാണിങ്ങനെ സംഭവിച്ചിരിക്കുന്നത് എന്ന് ഓര്‍ക്കണം. ഇടയ്‌ക്കെപ്പോഴോ അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്നു എന്ന് മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു(അദ്വാനി ആരാധകരില്‍ അവശേഷിച്ചിരിക്കുന്നവരുടെ പെയ്ഡ് ന്യൂസ് ആയിരുന്നിരിയ്ക്കണം അത്. മോഡിയെ അറിയാവുന്നവര്‍ അതൊരിയ്ക്കലും വിശ്വസിച്ചിരുന്നില്ല). എന്നാല്‍ റാം നാഥ് ഗോവിന്ദ് എന്ന് ഒട്ടും അറിയപ്പെടാത്ത ബീഹാര്‍ ഗവര്‍ണര്‍ക്കാണ് കുറി വീണത്. റാം നാഥ് ഗോവിന്ദിനൊപ്പം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പോകാനും സത്യപ്രതിജ്ഞാചടങ്ങില്‍ രാഷ്ട്രപതിഭവന്റെ ഹാളില്‍ മുന്‍നിരയിലിരിയ്ക്കാനും മാത്രമായിരുന്നു അദ്വാനിയുടെ യോഗം. അംബാനിമാരും അദാനിമാരും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവൃത്തികള്‍ ഒരു നെടുവീര്‍പ്പോടെ കണ്ടുകൊണ്ടിരിയ്ക്കുകയാണ് അനുദിനം വേര് ചീഞ്ഞുകൊണ്ടിരിക്കുന്ന ആ വന്മരം. വേദനയോടെ അദ്ദേഹമറിയുന്നു, മോഡിയുഗത്തില്‍ അദ്വാനിയല്ല, അദാനിയാണ് താരം!

 നവതിയുടെ നിറവില്‍ അദ്വാനി: വന്‍മരം ഇനി വിസ്മൃതിയില്‍ (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക