Image

ക്ഷേത്ര കൈയേറ്റത്തിനെതിരെ കെ എച്ച്എന്‍എ

Published on 08 November, 2017
ക്ഷേത്ര കൈയേറ്റത്തിനെതിരെ കെ എച്ച്എന്‍എ

ഇരുട്ടിന്റെ മറവില്‍ പോലീസ് സന്നാഹത്തോടെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടിയെ ശക്തമായി അപലപിക്കുന്നതായി കേരളാ ഹിന്ദുസ്സ് ഓഫ് നോർത്ത് അമേരിക്ക .ഹൈന്ദവസമൂഹത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്കെതിരെ ലോകമെങ്ങുമുള്ള സനാതന ദർശനങ്ങൾ   പിന്തുടരുന്ന  മലയാളികൾ മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . കെ എച് എൻ എ  ഇത്തരം പ്രതിഷേധങ്ങളുടെ മുൻ നിരയിൽ ഉണ്ടാവുമെന്നും പ്രസിഡന്റ് രേഖാ മേനോൻ അറിയിച്ചു .ഒരു നാടിന്റെ പാരമ്പര്യവും സംസ്കാരവും തച്ചുടക്കുന്ന നിലയിലേക്കാണ് ഇത്തരം അതിക്രമങ്ങൾ മുന്നോട്ടു പോവുന്നതെന്നും, ജന്മാവകാശമായി കിട്ടിയ തന്റെ  പൈതൃകത്തെ സംരക്ഷിക്കാൻ ഓരോ ഹിന്ദുവിനും ഉത്തരവാദിത്വം ഉണ്ടെന്നും ,അതിനു തന്നാലാവുന്നതു ചെയ്യാൻ മുന്നോട്ടു വരേണ്ട സമയമാണിതെന്നും കെ എച് എൻ എ നേതാവ്  കൃഷ്ണരാജ് മോഹനൻ ഓർമപ്പെടുത്തി  .

ഭക്തജനങ്ങള്‍ ചേര്‍ന്ന് ഭരണം നടത്തുന്ന ഈ ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് പലവട്ടം ശ്രമിച്ചതാണ്. അപ്പോഴെല്ലാം ഭക്തജനങ്ങള്‍ പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ ബോര്‍ഡ് അധികൃതര്‍ പിന്മാറുകയും ഇപ്പോൾ ഇരുട്ടിന്റെ മറവില്‍ ബലമായി പിടിച്ചെടുത്തത് കേരളത്തിലെ ഹൈന്ദവ സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥയുടെ മറ്റൊരു തെളിവായി മാറുന്നു .നിർബന്ധിത മത പരിവർത്തനം ,ലവ് ജിഹാദ് തുടങ്ങിയ വെല്ലുവിളികൾക്കു പുറമേ സംരക്ഷകർ ആകേണ്ട ഭരണ വർഗം വരുമാനമുള്ള ക്ഷേത്രങ്ങൾ പിടിച്ചെടുത്തു കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ അവകാശങ്ങളിലേക്കു കടന്നു കയറി അവരെ കൂടുതൽ ദുർബലമാക്കുന്നു.  കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അന്തിമ വിധിക്ക് കാത്തിരിക്കാതെ ബലപ്രയോഗം നടത്തി ക്ഷേത്രം കൈയടക്കുന്നത് അസംഘടിതരായ ഒരു സമൂഹത്തോട് കാണിക്കുന്ന കൊടിയ അനീതി ആയി മാത്രമേ കാണാൻ സാധിക്കുകയുള്ളു .നിരീശ്വരവാദികളായ ഭരണവർഗ്ഗം ,ധാർമിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തെ ഇല്ലാതാക്കാൻ പ്രത്യക്ഷമായും പരോക്ഷമായും കൂട്ട് നിൽക്കുന്നു എന്ന നിർഭാഗ്യകരമായ അവസ്ഥയിലാണ് കേരളം .സനാതനമായ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നത് ഒരു ദൗർബല്യ മായി കണ്ട് മുന്നോട്ടു പോവുകയാണെങ്കിൽ ഭരണ വർഗത്തിനെതിരെ ഒരു ധർമ യുദ്ധത്തിന് ഹൈന്ദവ സമൂഹം തയാറാവേണ്ടി വരുമെന്ന് കെ എച് എൻ എ വിശ്വസിക്കുന്നു.

നിത്യപൂജക്കു ക്ഷയിച്ചു കിടന്ന വക ഇല്ലാതെ പതിറ്റാണ്ടുകളോളം ജീര്‍ണ്ണിച്ചു കിടന്നിരുന്ന ക്ഷേത്ര ത്തിൻറെ അവസ്ഥയിൽ മനംനൊന്ത തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 1972 ൽ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു . അദ്ദേഹത്തിന്റെയും അഡ്വ.പി.വി. രാധാകൃഷ്ണ അയ്യര്‍, അഡ്വ.എന്‍. ദാമോദരമേനോന്‍ എന്നിവരുടെയും നേതൃത്വത്തില്‍ രൂപീകരിച്ച കമ്മറ്റിയുടെ പ്രവര്‍ത്തന ഫലമായി ആണ് ഇന്ന് നാം കാണുന്ന ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രമായി മാറിയത്. .2010ല്‍ ക്ഷേത്രത്തിലെ ഇടതുപക്ഷ ജീവനക്കാര്‍ വേതന വര്‍ദ്ധനവിനായി ഹൈക്കോടതിയിലും മലബാര്‍ ദേവസ്വം ഡെ.കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഹൈക്കോടതി ഈ പരാതി തള്ളി.പക്ഷെ ഹിന്ദുവിന് എതിരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്ക് എതിരെ ഇവരാരും പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ചരിത്രം അങ്ങനെയായിരിക്കെ ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധ വിശ്വാസം കുറഞ്ഞു എന്ന് ഉറഞ്ഞു തുള്ളിയവർ ഇന്ന് ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും പരിഹാസ്യമായ രീതിയിൽ ഘോഷ യാത്ര നടത്തിയും ക്ഷേത്രങ്ങൾ പിടിച്ചെടുത്തും ഹൈന്ദവ സമൂഹത്തെയാകെ വീണ്ടും വീണ്ടും അപഹസിക്കുകയാണ് .

ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്ന കൈയേറ്റത്തിനെതിരെ എല്ലാ ഹൈന്ദവ സഹോദരങ്ങളും ശക്തമായി പ്രതീകരിക്കണം എന്ന് കെ എച് എൻ എ അഭ്യര്‍ത്ഥിച്ചു . കക്ഷി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നു ഒരു കുടക്കീഴിൽ അണി നിരന്നു ഇത്തരം നീക്കങ്ങൾക്കെതിരെ പൊരുതണമെന്നും, മനുഷ്യ രാശിക്ക് വെളിച്ചം നൽകിയ ഹൈന്ദവ ദർശനങ്ങൾ നെഞ്ചേറ്റുന്ന ജന സമൂഹം ശ്രീ ശങ്കരാചാര്യർക്കും ശ്രീ നാരായണ ഗുരുവിനും പരമഭട്ടാരക ചട്ടമ്പി സ്വാമികൾക്കും ജന്മം നൽകിയ മലയാള മണ്ണിൽ നിന്ന് വേരറ്റു പോകാതെ കാത്തു സൂക്ഷിക്കേണ്ടത്  ഓരോ ഹിന്ദുവിന്റെ കർത്തവ്യമാണെന്നും, ഈ ധർമ്മയുദ്ധത്തിൽ മറ്റു ഹിന്ദു സംഘടനകളുമായി ചേർന്ന് ഇതിന്റെ മുൻനിരയിൽ നിന്ന് കെ എച് എൻ എ പ്രവർത്തിക്കുമെന്നും അറിയിച്ചു.
ക്ഷേത്ര കൈയേറ്റത്തിനെതിരെ കെ എച്ച്എന്‍എക്ഷേത്ര കൈയേറ്റത്തിനെതിരെ കെ എച്ച്എന്‍എക്ഷേത്ര കൈയേറ്റത്തിനെതിരെ കെ എച്ച്എന്‍എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക