Image

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ

Published on 10 March, 2012
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ
കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ. മാര്‍ക്കറ്റിലെ ഭാരത് ഹോട്ടലിനാണ് ആദ്യം തീപിടിച്ചത്. ഹോട്ടലിന്റെ അടുക്കളയില്‍ നിന്നും പടര്‍ന്ന തീ അണയ്ക്കാന്‍ വൈകിയതോടെ സമീപകടകളിലേക്കും ബാധിക്കുകയായിരുന്നു. അതിനിടെ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ പി.ബി. സലീമിനെ ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്ന് ആരോപിച്ച് നാട്ടുകാരും മാര്‍ക്കറ്റിലെ തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

രാവിലെ 6-30ഓടെ ഭാരത് ഹോട്ടലില്‍ എത്തിയ ജീവനക്കാരാണ് അടുക്കള ഭാഗത്ത് തീ പടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനിടെ സ്ഥലത്തെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ പത്ത് മിനുട്ടുകളോളം മാത്രം വെള്ളം പമ്പു ചെയ്ത ശേഷം ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ മടങ്ങി. ഈ സമയത്താണ് തീ സമീപത്തെ കടകളിലേക്ക് പടര്‍ന്നത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഏറെ വൈകിയാണ് പിന്നീട് സ്ഥലത്തെത്തിയത്. ഇതില്‍ രോഷാകുലരായിട്ടാണ് നാട്ടുകാര്‍ ജില്ലാ കളക്ടറെ തടഞ്ഞത്. രണ്ടര മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായത്.

മന്ത്രിമാരായ എം.കെ. മുനീര്‍, ആര്യാടന്‍ മുഹമ്മദ്, കെ. രാഘവന്‍ എംപി എന്നിവര്‍ സ്ഥലത്തെത്തി. കോഴിക്കോട് വ്യാപാരകേന്ദ്രങ്ങളിലെ തീപിടുത്തം പതിവായിരിക്കുകയാണെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്ന പരാതി അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. തീ അണയ്ക്കാന്‍ പരിശ്രമിച്ച നാട്ടുകാരെ ആദരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക