Image

കേരളത്തില്‍ രാഷ്ട്രീയ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കണം (വാല്‍ക്കണ്ണാടി: കോരസണ്‍)

Published on 31 October, 2017
കേരളത്തില്‍ രാഷ്ട്രീയ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കണം (വാല്‍ക്കണ്ണാടി: കോരസണ്‍)
കലാലയം വെറും രാഷ്ട്രീയ കളരി അല്ലെന്നും പഠന കേന്ദ്രമാണെന്നും ഉള്ള കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശം ഒരു വലിയ ചര്‍ച്ചക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്. പൊന്നാനി എം. ഇ. എസ് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചു ഉള്ള മാനേജ്‌മെന്റിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നും, സമരം ചെയ്യേണ്ടവര്‍ കലാലയത്തിനു പുറത്തു പോയി ചെയ്യട്ടെ; പഠന കേന്ദ്രങ്ങള്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ കോടതി പരാമര്‍ശം, കേരളത്തെ അരാഷ്രീയവല്‍ക്കരിക്കാനുള്ള കടന്നുകയറ്റമാണെന്നു രാഷ്ട്രീയക്കാര്‍ തുറന്നടിച്ചു.

കുറെ വര്‍ഷങ്ങള്‍ പിന്നോട്ട് പോകുമ്പോള്‍ കലാലയ രാഷ്രീയ ദിനങ്ങളുടെ മാസ്മരിക ഭാവം ഇതള്‍ വിരിയുകയാണ്. എഴുപതുകളിലെ ശരാശരി മലയാളി കോളേജ് ജീവിതത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് കലാലയ രാഷ്രീയം. ബോയ്‌സ് ഹൈ സ്കൂളിലെ മുരടിച്ച ദിനങ്ങളില്‍ നിന്നും ഒരു വലിയ വാതായനം ആണ് കോളേജ് തുറന്നിട്ടത് . പെങ്ങന്മാരേ, സഹോദരിമാരേ ഒരു വോട്ട് കെ. സ്. യൂ വിനു നല്‍കണേ എന്ന് കേണു അപേക്ഷിക്കുമ്പോള്‍ തല താഴ്ത്തി കിലുക്കാംപെട്ടി പോലെ ചിരിച്ചു കൊണ്ട് നോട്ടീസ് വാങ്ങി പോകുന്ന പെണ്‍കുട്ടികള്‍. അന്ന് പ്രീഡിഗ്രി കോളേജ് തലത്തിലായിരുന്നതുകൊണ്ടു കൗമാരത്തിന്റെ ആരബ്ധത, ബൊഗൈന്‍വില്ല പൂക്കള്‍പോലെ നിറഞ്ഞു നിന്ന കോളേജ് വഴികള്‍. ആരാണ് സ്ഥാനാര്‍ഥിയെന്നു വലിയ പിടിയില്ലെങ്കിലും ഏറ്റവും കൂടുതല്‍ നോട്ടീസ് വിതരണം നടത്തി എന്നതില്‍ അഭിമാനിച്ചിരുന്നു. ഒരു മുഖം മാത്രം എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കുക എന്ന ക്ലേശകരമായ പരിശ്രമം ആയിരുന്നു അതിനു പിന്നില്‍. പാര്‍ട്ടിക്കൊടിയും പിടിച്ചു മുദ്രാവാക്യം മുഴക്കി കോളേജ് വരാന്തകളില്‍ കൂട്ടമായി നടന്നു പോകുമ്പോഴും ശ്രദ്ധിക്കപ്പെടുവാനുള്ള ത്വര ജ്വലിച്ചു നിന്നിരുന്നു. പ്രത്യയ ശാസ്ത്രത്തിന്റെ പിന്‍ബലം ഒന്നുമായിരുന്നില്ല പ്രീഡിഗ്രി രാഷ്ട്രീയം.

ആയിടക്ക് പാര്‍ട്ടി ഒരു സമരം പ്രഖ്യാപിച്ചു, സമരത്തിന്‍റ്റെ കാരണം എന്താണെന്നു മനസിലായുമില്ല തിരക്കിയതുമില്ല, പഠിപ്പുമുടക്ക്, വരാന്തകള്‍ തോറും മുദ്രാവാക്യം വിളിച്ചു നടന്നു കൂട്ടമണിയടിച്ചു കോളേജ് വിടുവിച്ചു. അങ്ങനെ സ്വയം ക്ലാസ് മുടക്കി പ്രതിഷേധം പ്രകടിപ്പിച്ചു ജാഥയായി വഴിയിലേക്ക്, അപ്പോഴാണ് റോഡ് തടയല്‍ ആണ് പാര്‍ട്ടി ആഹ്വാനം എന്ന് കേട്ടത്. തിരക്ക് പിടിച്ച എം . സി . റോഡില്‍ തടസ്സങ്ങള്‍ കൊണ്ട് വയ്ക്കാന്‍ വലിയ ഉന്മേഷമായിരുന്നു. കെ .സ് .ര്‍ .ടി. സി , ഫാസ്റ്റ് പാസ്സന്ജര്‍ ബസ് ആയിരുന്നു മുന്നില്‍ കിടന്നത്. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു തിളപ്പന്‍ നേതാവ് വണ്ടിയുടെ മുന്നില്‍ ആഞ്ഞു അടിച്ചു െ്രെഡവറോട് വണ്ടി മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആഞ്ജാപിക്കുകയാണ്. അയാള്‍ കാട്ടികൂട്ടുന്ന വീര്യം അഭിമാനത്തോടെ നോക്കി നിന്നു . ചെറിയ ആ മനുഷ്യന്‍ എത്ര വാഹനങ്ങളാണ് തടഞ്ഞു നിറുത്തിയത്. സന്തോഷത്തോടെ റോഡിന്‍റ്റെ കുറുകെ നിന്ന് മുദ്രാവാക്യം വിളിച്ചപ്പോള്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല എന്തിനാണ് ഈ സമരമെന്ന്. ബസില്‍ ഉണ്ടായിരുന്ന ആരോ ഒരാള്‍ എന്തിനാ കുട്ടികളെ ഈ തടയല്‍, വളരെ അത്യാവശ്യത്തിനു പോകേണ്ടതാണ് എന്ന് പറഞ്ഞപ്പോള്‍ അയാളെ കൊല്ലാകൊല ചെയ്തതും നോക്കി കണ്ടു. നാളത്തെ നേതൃത്വ പരിശീലനത്തിന് ഇത് കൂടിയേ മതിയാകുകയുള്ളൂ എന്ന തിരിച്ചറിവാണ് ഉണ്ടായി കൊണ്ടിരുന്നത്. ഒരു ഉത്സവം പോലെ ആഘോഷിച്ചുനിന്ന പ്രീഡിഗ്രി സമരക്കാര്‍ ഒന്നും അറിയാതെ സമരം തുടര്‍ന്നു. പെട്ടന്ന് കുറെ നാട്ടുകാര്‍ ബലമായി സമരക്കാരെ തള്ളിമാറ്റി ആക്രോശിച്ചു, മാറിക്കോ, വണ്ടി പോകട്ടെ, റോഡ് തടയല്‍ സമരം പൊളിഞ്ഞു. പിന്നെയാണ് അറിയുന്നത് ഇത്തരം കനത്ത ഇടപെടല്‍ ഉണ്ടാകും എന്ന് അറിഞ്ഞു മൂത്ത നേതാക്കള്‍ നേരത്തെ സ്ഥലം കാലിയാക്കിയിരുന്നു.

കെ. എസ്. ആര്‍. ടി. സി ഒരു ബുക്കിംഗ് സ്‌റ്റേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും ഒരു സമരം. കോളേജ് അടപ്പിച്ചു ജാഥയായി ജംഗ്ഷനിലേക്ക് പോയി അവിടെ എരിപൊരി വെയിലില്‍ കുത്തി ഇരുന്നു മുദ്രാവാക്യം വിളിച്ചു , നേതാക്കള്‍ ഘോര ഘോര പ്രസംഗം, പോലീസ് വരുന്നു വണ്ടിയില്‍ അറസ്റ്റ് ചെയ്തു സ്‌റ്റേഷനിലേക്ക് പോകയാണ്. അതിലും കിടന്നു തൊണ്ട തുറന്നു മുദ്രാവാക്യം വിളിക്കയാണ്. സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അറസ്റ്റ് ചെയ്തു കൊണ്ടുവന്ന സമരക്കാരുടെ പേരുവിവരം എഴുതി എടുത്തു എവിടുന്നോ ഒരു നാരങ്ങാവെള്ളം കിട്ടി, കുട്ടികളെ ഇനി പൊയ്‌ക്കൊള്ളൂ, പോലീസ് പറഞ്ഞു. പിന്നീടാണ് അറിയുന്നത്, ബുക്കിംഗ് സ്‌റ്റേഷന്‍ അനുവദിച്ച വിവരം നേരത്തേതന്നെ അറിഞ്ഞുകൊണ്ടാണ്, സമരം നടത്താന്‍ നേതാവ് ആഹ്വാനം ചെയ്തത്, പോലീസ്കാരുമായുള്ള ഇടപെടലൊക്കെ പുള്ളി കൃത്യമായി അറേഞ്ച് ചെയ്തിരുന്നു. പിറ്റേദിവസത്തെ പത്ര വാര്‍ത്തയില്‍ പാര്‍ട്ടി നടത്തിയ സമരം വിജയം കണ്ടു എന്നും പ്രസംഗിച്ച നേതാവിന്റെ പേരും അടിച്ചു വന്നു.

വീണ്ടും കോളേജില്‍ ഒരു കനത്ത സമരം, എന്താണ് കാരണമെന്നു ഇപ്പോഴും ഓര്‍ക്കാന്‍ പറ്റുന്നില്ല. പക്ഷെ അത് കുറച്ചു കടന്ന കൈ ആയി മാറി. രണ്ടു രാഷ്രീയപാര്ടികള് തമ്മില്‍ കൂട്ട തല്ല്, സൈക്കില്‍ ചെയിനും മുട്ടന്‍ കമ്പുകളുമായി തേരാപ്പാരാ ഓടുന്ന രംഗം. സംഗതി പണി മാറുകയാണെന്ന് കണ്ടു പ്രീഡിഗ്രി സംഘം ദൂരെ മാറിനില്‍ക്കയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് തീരെ പിടിയില്ല. കുപ്പിയും ഗ്ലാസും പൊട്ടുന്നതും ആക്രോശവും ഓട്ടവും ഒക്കെ കേള്‍ക്കാം. പെണ്‍കുട്ടികള്‍ ഒക്കെ ക്ലാസ്സില്‍ നിന്നും ഓടി പോകയാണ്. പിന്നെ കാണുന്നത് പ്രിന്‍സിപ്പാലിന്റെ മുറിയില്‍ നടക്കുന്ന കിരാതമായ കൂട്ടതല്ലാണ്. ദൂരെ നിന്ന് എല്ലാവരും നോക്കുന്നു , നാട്ടുകാര്‍ കൂട്ടമായി കോളേജ് അതിര്‍ത്തിയില്‍ നോക്കി നില്‍ക്കുകയാണ് . കൂടുതലും കുട്ടികള്‍ പിരിഞ്ഞുപോയി തുടങ്ങി, അപ്പോള്‍ പോലീസ് എത്തി പത്രക്കാരും വന്നു, രക്തത്തില്‍ കുതിര്‍ന്ന ഒരു കുട്ടിയുടെ ശരീരം കുറേപ്പേര്‍ ചേര്‍ന്ന് എടുത്തുകൊണ്ടു പോകുന്നതാണ് പിന്നെ കണ്ടത്, സംഭവംകണ്ടു ഭയന്ന് വീട്ടില്‍ പോയി. പിറ്റേ ദിവസം വിദ്യാര്‍ഥി സംഘട്ടനത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു എന്നാണ് അറിഞ്ഞത് . പുറത്തേക്കു പോകാനും ഭയം. ഒരാഴ്ചക്കകം സംഗതി ഗൗരവമായി മാറി, കുട്ടി മരിച്ചു, കോളേജ് മാസങ്ങളോളം അടഞ്ഞു കിടന്നു. ഇരുഭാഗത്തേയും അക്രമത്തിനു ഇടയാക്കിയ നേതാക്കളെ കോളജില്‍ നിന്നും പുറത്താക്കി.

അടിയന്തരാവസ്ഥ കാലത്തെ കലാലയ രാഷ്രീയയം ശാന്തമായിരുന്നു. പാര്‍ട്ടിതല തിരഞ്ഞെടുപ്പുകള്‍ക്ക് പകരം ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുത്തു, അവര്‍ കോളേജ് സ്റ്റുഡന്റ് ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഒക്കെ ശാന്തം. രാഷ്ട്രീയ കോലാഹലങ്ങള്‍ ഒന്നും ഉണ്ടായില്ല, സമരം ചെയ്യാനാരും ധൈര്യപ്പെട്ടും ഇല്ല. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടുകൂടി ഉറങ്ങിക്കിടന്ന കലാലയ രാഷ്ട്രീയം സടകുടഞ്ഞെഴുനേറ്റു. അപ്പോഴേക്കും പ്രീഡിഗ്രി സംഘം മുതിര്‍ന്ന നേതാക്കളായി മാറി. പഴയകാല സമരത്തിന്റെ പ്രതാപം തിരിച്ചുവന്നു.

വീണ്ടും ഒരു സമര രംഗം, ഇടതുപക്ഷം ആഹ്വാനം ചെയ്ത സമരം ആയതുകൊണ്ട്, ക്ലാസ്സില്‍ സ്ഥിരമായി കേറാത്ത വലതുപക്ഷ നേതാക്കളും ക്ലാസ്സില്‍ കയറി ഇരിപ്പുണ്ട്. അദ്ധ്യാപകനെ തള്ളിമാറ്റി സമര സംഘം ആവേശകരമായി ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചു. ഒരു ചെറിയ വിപ്ലവകാരി സമര കാരണം വിശദീകരിച്ചു , എല്ലാവരും ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങണം എന്ന് ആവശ്യപ്പെട്ടു. അയാള്‍ ഞങ്ങളുടെ ക്ലാസ്സില്‍ തന്നെയുള്ള ഒരു വിപ്ലവ സഖാവ് ആയിരുന്നു. ഉടന്‍ പുറകിലിരുന്ന ഖദര്‍ നേതാക്കള്‍ എഴുനേറ്റു, ക്ലാസ് വിട്ടുപോയില്ലേല്‍ നീ എന്ത് ചെയ്യുമെടാ എന്ന് തര്‍ക്കിച്ചു തുടങ്ങി. അപ്രതീക്ഷിത പ്രതിരോധത്തില്‍ ഒന്ന് നടുങ്ങിയ വിപ്ലവ നേതാവിന്‍റ്റെ വീര്യം തിളച്ചു . പിന്നെ സംസാരത്തിന്റെ ഭാഷ മാറി, ശംബ്ദം ഉയര്‍ന്നു. രണ്ടു കൂട്ടരും ക്ലാസ്സില്‍ ഒരു സംഘട്ടനത്തിനുള്ള പുറപ്പാടിലായി. മുന്‍ നിരയില്‍ ഇരുന്ന ലേഖകന്‍, ഭയപ്പാടോടെ, എങ്ങോട്ടു ഇറങ്ങി ഓടണം എന്ന് ശങ്കിച്ച് നില്‍ക്കുകയായിരുന്നു. എവിടുന്നോ വന്ന ഒരു ധൈര്യം, പെട്ടന്ന് എഴുനേറ്റു , വളരെ ഉച്ചത്തില്‍, ‘ഇത് നമ്മുടെ സ്വന്തം ക്ലാസ്, ഇവിടെ നമ്മള്‍ തമ്മില്‍ തല്ലരുത്’ എന്ന് പറഞ്ഞു രണ്ടു കൂട്ടരെയും രണ്ടു സൈഡിലേക്ക് പറഞ്ഞു വിട്ടു. ദൈവാധീനത്തിനു ഇരു കൂട്ടരും അത് അനുസരിച്ചു രണ്ടു വഴിക്കു പിരിഞ്ഞു.

കോളേജ് പഠന കാലത്തിനു ശേഷം,വര്‍ഷങ്ങള്‍ കഴിഞ്ഞു, അന്ന് അവിടെ ഉണ്ടായിരുന്ന ഖദര്‍ സുഹൃത്തിനെ കണ്ടുമുട്ടി, പഴയ ചില കാര്യങ്ങള്‍ അയവിറക്കിയ കൂട്ടത്തില്‍ അയാള്‍ പറഞ്ഞു, ‘അന്ന് നിങ്ങള്‍ അവനെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കില്‍ അവനെ ഞങ്ങള്‍ അവിടെയിട്ടു തീര്‍ത്തേനെ, അതായിരുന്നു ഞങ്ങളുടെ പ്ലാന്‍. നിങ്ങള്‍ അങ്ങനെ ഇടപെടും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ലായിരുന്നു’. ആ സുഹൃത്തിന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് നടുങ്ങി പോയി. എന്താണ് അവിടെ സംഭവിക്കാമായിരുന്നത്?! , കുറെ ദിവസങ്ങള്‍ എന്റെ ഉറക്കം കെടുത്തിയ വിചാരങ്ങള്‍ ആയി അവ മാറി. നാട്ടില്‍ നിന്ന് പോരുന്നതിനു മുന്‍പ് ചില്ലറ ബാങ്ക് ഇടപാടുകള്‍ക്കായി അടുത്ത ബാങ്കില്‍ ചെന്നു. ബാങ്ക് ക്ലര്‍ക്ക് മുഖമുയര്‍ത്തി നോക്കി, വളെരെ കണ്ടു പരിചയമുള്ള കണ്ണുകള്‍, വിശ്വസിക്കാനായില്ല , അത് അവന്‍ തന്നെ അന്നത്തെ വിപ്ലവ സഖാവ് ! ആ കണ്ണുകളില്‍ കുറെ നേരം നോക്കി നിന്നു, രക്തം തളംകെട്ടിനില്‍ക്കുന്ന ചില ചിത്രങ്ങള്‍ വളരെ വേഗം മനസ്സില്‍കൂടി കടന്നു പോയി. കോരസനു എന്നെ മനസ്സിലായില്ലേ?, ഞാന്‍ സുരു , നമ്മള്‍ ഒരു ക്ലാസ്സില്‍ ആയിരുന്നില്ലേ , മറന്നുപോയോ? ഇല്ല സുഹൃത്തേ അങ്ങനെ മറക്കാന്‍ ഒക്കുമോ ? തിരികെ ബാങ്കില്‍ നിന്നും ഇറങ്ങി പുറത്തു നിന്ന മരത്തില്‍ പിടിച്ചുകൊണ്ടു ആകാശത്തേക്ക് നോക്കി നിന്നു ; അത് അവന്‍ തന്നെയോ അതോ അവന്റെ പ്രേതമോ?

കോളേജ് കാലത്തെ ഹരമായിരുന്നു സമരങ്ങള്‍. പഠനം രണ്ടാമതും സമരം ഒന്നാമതുമായ ഒരു കാലം. വല്ല റെയില്‍വേ ടെസ്റ്റ്, ബാങ്ക് ടെസ്റ്റ് ഒക്കെയാണ് ഭാവിയെപ്പറ്റി ചിന്തിക്കാനുള്ള ആകെ സാദ്ധ്യതകള്‍, അല്ലെങ്കില്‍ എങ്ങനെയെങ്കിലും ഗള്‍ഫില്‍ പോയി പറ്റുക. ഭാവിയെക്കുറിച്ചു ആശങ്ക ഉണ്ടായിരുന്നതിനാല്‍ രാത്രി കൂടുതലും പഠന പരിപാടികളായിരുന്നു. ട്യൂഷന്‍ സെന്ററിലെ നൈനാന്‍ സാറിന്റെ വീട്ടില്‍ രാത്രി പത്തുമണിക്ക്, കോസ്റ്റ് അക്കൗണ്ടിംഗ് പഠിക്കാന്‍ പോയ എത്ര എത്ര രാത്രികള്‍! . എങ്ങനെയെകിലും പരീക്ഷക്ക് കടന്നു കൂടിയേ പറ്റുള്ളൂ, അതിനാല്‍ പകല്‍ സമരവും രാത്രി പഠനവുമായി ഒരു കാലം. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സാറുമ്മാരുടെ ഇംഗ്ലീഷ് ആണ് ആകെ ഇംഗ്ലീഷിന്റെ സംഭാഷണ രൂപമായ മാതൃക, അത് ഇംഗ്ലീഷ് ആണോ മംഗ്ലീഷ് ആണോ എന്നറിയില്ല, ആ ഉച്ചാരണവും സംഭാഷണവുമാണ് ആകെ കൈമുതല്‍, അത് ധൈര്യമായി പുറത്തു പറയാന്‍ പോലും കഴിയാത്ത പരിശീലനം. മൂന്നുവര്‍ഷ കോമേഴ്‌സ് ഗ്രാഡുവേറ്റിനു ഒരു ലെഡ്ജര്‍ എങ്ങനെ ഇരിക്കുന്നു എന്ന് പോലും നേരിട്ട് കാണാന്‍ കഴിയാത്ത പരിശീലനം. ഒക്കെ സങ്കല്‍പ്പിക്കുക, പരിമിതമായ സാദ്ധ്യതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സ്വപ്നം വികസിപ്പിക്കുക. അത് ശരിക്കും മനസ്സിലായത് ഒരു കോളേജ് ട്രിപ്പില്‍ ആയിരുന്നു. കുറ്റാലത്തുവച്ചു അവിടെ മദ്രാസില്‍ നിന്നും വന്ന കുട്ടികള്‍ ഇംഗ്ലീഷില്‍ ചിലതു ചോദിച്ചപ്പോള്‍ ഞങ്ങളുടെ ക്ലാസ്സില്‍ ഇംഗ്ലീഷിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഉണ്ണി പറയുന്ന മറുപടി കേട്ടപ്പോള്‍ ചിരി അടക്കാന്‍ കഴിഞ്ഞില്ല. തമിഴരുടെ ഇംഗ്ലീഷിന് മുന്‍പില്‍ നാണംകെട്ടുപോയ ആ സായാഹ്നം കുറെ നാള്‍ ചിരിക്കാനുള്ള വക നല്‍കി. എങ്കിലും, മനസ്സില്‍ നടുക്കം ഉണ്ടായി. ഈ ഇംഗ്ലീഷും അക്കൗണ്ടിങ്ങും കൊണ്ട് എങ്ങനെ ജീവിക്കും ? ഏതായാലും ഏതു സാഹചര്യത്തിനും അനുരൂപപ്പെടാനുള്ള മലയാളിയുടെ സ്വത സിദ്ധമായ രീതികൊണ്ട് തട്ടി മുട്ടി, ലോകത്തിന്റെ പല ഭാഗത്തായും ജീവിതം കരുപ്പിടിപ്പിച്ചു.

ഇന്ന് മലയാളി മത്സരിക്കുന്നത് ലോക തൊഴിലാളികളോടാണ്. ലോക കമ്പോളത്തില്‍ തൊഴില്‍ തേടണമെങ്കില്‍ അതിനു ഉതകുന്ന പരിശീലനവും ആവശ്യമാണ്. സമരം കളിച്ചു സമയം കളയാന്‍ പറ്റില്ല. അധ്യാപകര്‍ക്ക് യു. ജി. സി. നിരക്കില്‍ വന്‍ വേതനം കൊടുക്കുന്നുണ്ട്. പക്ഷെ, കേരളത്തില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളുടെ പരിതാപകരമായ തൊഴില്‍ നൈതികത, കുട്ടികളോട് കാട്ടുന്ന കഠിന അപരാധമാണ്. പ്രാപ്തി, വൈദഗ്ദ്ധ്യം ഒക്കെ അന്തര്‍ദേശീയ നിലവാരത്തില്‍ എത്തിയില്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ പിടിച്ചു നില്‍ക്കാനാവില്ല. പൂര്‍ണ്ണ വൈദഗ്ദ്ധ്യമില്ലാത്ത, പരിശീലന നിലവാരം കുറഞ്ഞ ഒരു കൂട്ടം പേരെ തൊഴില്‍ തേടാന്‍ തള്ളിവിടുന്നത് ശരിയല്ല. ഇന്ന് സമരവും പഠനവും പറ്റില്ല, നമുക്ക് നല്ല പഠന കേന്ദ്രങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. നേഴ്‌സിംഗ്, എം ബി എ , തുടങ്ങി ഡോക്ടറേറ്റ് വരെ ആറു മാസം കൊണ്ട് ഒപ്പിച്ചു കൊടുക്കുന്ന ബാംഗ്ലൂര്‍ ബോംബെ തരികിട യൂണിവേഴ്‌സിറ്റികള്‍ ഇന്ന് കുട്ടികള്‍ക്ക് വല്ലാത്ത പ്രലോഭനമാണ്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ലോക തൊഴില്‍ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ അപ്പാടെ തിരസ്കരിക്കപ്പെടും.

സമരം ചെയ്യേണ്ടവര്‍ അതിനുള്ള മറ്റു ഇടങ്ങളാണ് കണ്ടു പിടിക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേതാക്കളെ വേണമെങ്കില്‍ അവര്‍ അതിനു വേറെ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങട്ടെ. ജനാധിപത്യ യൂണിവേഴ്‌സിറ്റി, കമ്മ്യൂണിസ്റ്റ് യൂണിവേഴ്‌സിറ്റി, കര്‍ഷക യൂണിവേഴ്‌സിറ്റി , താമര യൂണിവേഴ്‌സിറ്റി , പച്ചവിരിക്കും യൂണിവേഴ്‌സിറ്റി, മഞ്ഞ വിരിക്കും യൂണിവേഴ്‌സിറ്റി തുടങ്ങി ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും നിലപാടുകള്‍ പഠിപ്പിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കട്ടെ.

ഒരു സമൂഹത്തിന്റെ ഭാവി ഇരുളിലാക്കിയിട്ടു എന്ത് രാഷ്ട്രീയം? രാഷ്ട്രീയത്തിന്റെ അതിപ്രസരം കലാലയങ്ങളെ കലാപ കേന്ദ്രങ്ങള്‍ ആക്കി മാറ്റുന്നു, ഇനിയും നമുക്ക് അത് വേണ്ട, നമ്മുടെകുട്ടികള്‍ പഠിക്കട്ടെ, ലോക നിലവാരമുള്ള അദ്ധ്യാപകരെ ഉള്‍പ്പെടുത്തി നമ്മുടെ സര്‍വ്വകലാശാലകള്‍ മികവ് തെളിയിക്കട്ടെ . കാലത്തിന്റെ കാറ്റുകള്‍ പിടിച്ചെടുക്കുന്ന, വേറിട്ട് ചിന്തിക്കുന്ന കാഴ്ചപ്പാടുകള്‍ ഉള്ള, രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത ഒരു നേതൃത്വം കേരള വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവണം. നിലവാരം ഉയര്‍ത്തണമെങ്കില്‍ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരണം അവസാനിപ്പിച്ചേ മതിയാകയുള്ളൂ.

ഒക്ടോബര്‍, രണ്ടായിരത്തി പതിനേഴ് .
Join WhatsApp News
SchCast 2017-11-02 11:20:06

Great article.

Bring back to mind a lot of nostalgic memories.

Ninan Mathullah 2017-11-02 13:28:47

Politics is not a bad word. Where four people meet there will be politics. If one try to get more than his fair share of the pie with his inherent strength, then the other two weak can join together to fight the strong to prevent it. In this process strong leaders emerge in society with leadership qualities and sense of justice to lead the society in the next generation to protect the weak. Most of our political leaders were trained like this. Students who involve in politics in college and universities are a small percentage only. If politics is banned in colleges then religious and racist forces will lift its ugly head to vent the energy of youths. We do not know if racist and religious forces that infiltrated the judicial system behind this ruling. Fascist forces will find this situation very attractive for their growth as nobody to question their fascist agenda in colleges. College managements have also vested interests. While I was studying for pre-degree, the KSU state meeting was conducted at Kottayam that year. While the delegates were returning in the night KSC supporters threw stones at their buses from the fourth floor of the college, and many students were hurt. Police came after a complaint, broke open the college gate and arrested many children from the hostel early in the morning. Next day management closed the college for police getting into the college. It is said that management gave all the support for the KSC supporters to attack KSU delegates. It is necessary to have clear guidelines for student political activities in colleges. To ban it completely is not advisable.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക