Image

മലയാളത്തിന്റെ സ്വന്തം വിദ്യാബാലന്‍

Published on 10 March, 2012
മലയാളത്തിന്റെ സ്വന്തം വിദ്യാബാലന്‍
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇതൊരു അപൂര്‍വ്വമായ കാഴ്‌ച തന്നെയാണ്‌. ഒരിക്കലും അക്കാദിമിക്‌ സിനിമാ ലോകത്തിന്റെ പരിധിയില്‍ പെടാതിരുന്ന, സമാന്തര സിനിമാ ലോകം പുശ്ചിച്ചു തള്ളിയിരുന്ന, സിനിമാ സംസ്‌കാരത്തിന്‌ യോജിക്കാത്തതെന്ന്‌ വിധിയെഴുതപ്പെട്ട ഒരു സിനിമാ താരത്തിന്റെ ജീവിതം പില്‍ക്കാലത്ത്‌ വെള്ളിത്തിരയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ദേശിയ പുരസ്‌കാരം ലഭിക്കുക എന്നത്‌ കൗതുകമുള്ള കാര്യം തന്നെ. ഡെര്‍ട്ടി പിക്‌ചര്‍ എന്ന സിനിമയില്‍ സില്‍ക്ക്‌ സ്‌മിതയുടെ ജീവിതം അവതരിപ്പിച്ച്‌ വിദ്യാബാലന്‍ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയപ്പോള്‍, എത്രത്തോളം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വ്യക്തികളിലും ജീവിതമുണ്ട്‌ എന്ന ഓര്‍പ്പെടുത്തല്‍ കൂടിയാകുന്ന ഈ സംസ്ഥാന പുരസ്‌കാരം. ഇവിടെ വിദ്യാബാലന്‍ എന്ന അഭിനേത്രി അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കപ്പെടുകയായിരുന്നു. വെറുമൊരു മസാലചിത്രം മാത്രമാകേണ്ടിയിരുന്ന ഡെര്‍ട്ടി പിക്‌ചറിനെ തന്റെ മികച്ച അഭിനയത്തിലൂടെ ദേശിയ പുരസ്‌കാര വേദിയിലെത്തിച്ചത്‌ വിദ്യയുടെ അഭിനയത്തികവ്‌ തന്നെ.

ദേശിയ പുരസ്‌കാര വേദിയില്‍ സമാന്തര ചിത്രങ്ങള്‍ ങ്ങള്‍ തന്നെയായിരുന്നു നിറഞ്ഞു നിന്നത്‌. സമാന്തര സിനിമാ രംഗത്തെ മികച്ച പരീക്ഷണങ്ങള്‍ക്കിടയില്‍ ഡെര്‍ട്ടിപിക്‌ചര്‍ പോലെ ഒരു ക്ലീന്‍ കൊമേഴ്‌സ്യല്‍ ചിത്രം അംഗീകരിക്കപ്പെട്ടതും ഏറെ ശ്രദ്ധേയമാണ്‌. ഇന്ത്യന്‍ സിനിമയില്‍ നൂറു കോടിയുടെ കച്ചവടം സാധ്യമാക്കിയ ചിത്രമാണ്‌ വിദ്യാബാലന്റെ ഡെര്‍ട്ടി പിക്‌ചര്‍. ഡെര്‍ട്ടി പിക്‌ചറിലെ അഭിനയിത്തിന്‌ ദേശിയ പുരസ്‌കാരം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാ ലോകം വിദ്യാ ബാലനെ അത്ഭുതത്തോടെ നോക്കുകയാണ്‌.

ദേശിയ പുരസ്‌കാരം നേടിയതിനു ശേഷം വിദ്യാബാലനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്ന്‌...

ദേശിയ പുരസ്‌കാരത്തിന്റെ നിറവിലാണ്‌ വിദ്യാബാലന്‍ ഇപ്പോള്‍. ഇത്രയും വലിയൊരു അംഗീകാരം പ്രതീക്ഷിച്ചിരുന്നോ?

അംഗീകാരങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുമല്ലോ. പക്ഷെ ഡെര്‍ട്ടി പിക്‌ചറിന്‌ ഇത്രയും വലിയൊരു അംഗീകാരം ഒരുക്കലും പ്രതീക്ഷിച്ചിരുന്നില്ല. സത്യം തന്നെയാണ്‌ പറയുന്നത്‌. പക്ഷെ ഡെര്‍ട്ടി പിക്‌ചര്‍ ചെയ്‌തു കഴിഞ്ഞപ്പോള്‍ മികച്ചൊരു വര്‍ക്കാണ്‌ ചെയ്‌തതെന്ന്‌ ഞങ്ങള്‍ ടീമിന്‌ ബോധ്യമുണ്ടായിരുന്നു.

സില്‍ക്ക്‌ സ്‌മിതയുടെ എന്ന പഴയകാല ഗ്ലാമര്‍ നടിയുടെ കഥയായിരുന്നു ഡെര്‍ട്ടി പിക്‌ചര്‍?

സില്‍ക്ക്‌ സ്‌മിതയുടെ കഥ എന്ന രീതിയില്‍ മാത്രം കാണരുത്‌. അതില്‍ വ്യക്തമായ ഒരു ലൈഫ്‌ ഉണ്ടായിരുന്നു. സ്‌മിതയുടെ അല്ലെങ്കില്‍ സ്‌മിതയെ പോലെ പുറംതള്ളപ്പെട്ടവരുടെ ഒരു ലൈഫ്‌ ആ ചിത്രത്തിനുണ്ടായിരുന്നു. ആ ജീവിതം സത്യത്തില്‍ എന്തായിരുന്നു എന്ന്‌ സ്‌ക്രീനില്‍ കൊണ്ടുവരാനാണ്‌ സംവിധായകന്‍ ശ്രമിച്ചത്‌.

പക്ഷെ ഒരു പക്കാ കൊമേഴ്‌സ്യല്‍ ട്രീറ്റ്‌മെന്റിനാണ്‌ ഡെര്‍ട്ടിപിക്‌ചര്‍ ലക്ഷ്യം വെച്ചതെന്നും അഭിപ്രായമുണ്ടായിരുന്നു?

അത്തരം നിരീക്ഷണങ്ങളെല്ലാം തന്നെ ദേശിയ പുരസ്‌കാരം ലഭിച്ചതോടെ ഇല്ലാതായില്ലേ. മികച്ച നടി എന്ന നിലയില്‍ എനിക്ക്‌ ലഭിച്ച അംഗീകാരം ആ സിനിമക്ക്‌ മൊത്തമായി ലഭിച്ചതാണ്‌. ഞങ്ങള്‍ കൊമേഴ്‌സ്യല്‍ ലക്ഷ്യം മാത്രം വെച്ചിരുന്നുവെങ്കില്‍ ഇത്രയും വലിയ അംഗീകാരം ലഭിക്കുമായിരുന്നില്ലല്ലോ.

ബോളിവുഡ്‌ സിനിമയിലെ മുന്‍നിര നായികയായി വിദ്യ മാറിയിട്ട്‌ ഏറെക്കാലമാകുന്നു. പക്ഷെ ഗ്ലാമര്‍ റോളുകളില്‍ ഒരിക്കലും കണ്ടിട്ടില്ല. ബോളിവുഡ്‌ നായികമാരില്‍ നിന്നും വിദ്യയെ വേറിട്ട്‌ നിര്‍ത്തിയത്‌ ഈ തീരുമാനമായിരുന്നു. പക്ഷെ ഡെര്‍ട്ടി പിക്‌ചറില്‍ ഗ്ലാമറിന്റെ അതിപ്രസരമായിരുന്നില്ലേ? വിദ്യയെ ഇത്തരമൊരു റോളില്‍ ആരും പ്രതീക്ഷിച്ചതുമില്ല?

പൂര്‍ണ്ണമായും സ്‌ക്രീപ്‌ട്‌ വായിച്ചതിനു ശേഷം ഞാന്‍ സമ്മതിച്ച കഥാപാത്രമാണ്‌ ഡെര്‍ട്ടി പിക്‌ചറിലേത്‌. ആ സിനിമയിലെ കഥാപാത്രം ഒരു ഐറ്റം നമ്പര്‍ ഡാന്‍സറാണ്‌. അപ്പോള്‍ പിന്നെ സിനിമയിലും ഗ്ലാമര്‍ വരുന്നത്‌ സ്വാഭാവികം. അതിനപ്പുറം ഗ്ലാമര്‍ പ്രകടിപ്പിക്കാന്‍ വേണ്ടിയുള്ള ഒറ്റ രംഗം പോലും ആ സിനിമയില്‍ മനപ്പൂര്‍വം ഷൂട്ട്‌ ചെയ്‌തിട്ടില്ല. ഗ്ലാമര്‍ വേഷം ചെയ്‌ത്‌ ശ്രദ്ധ നേടാനുള്ള ഒരു ശ്രമവും ഞാന്‍ ഇതുവരെ ബോളുവുഡില്‍ ചെയ്‌തിട്ടുമില്ല. ലഗേ രഹോ മുന്നാഭായി, പാ, നോ വണ്‍ കില്‍ഡ്‌ ജെസികാ തുടങ്ങിയ ചിത്രങ്ങളൊക്കെ ഹിറ്റായ ചിത്രങ്ങളാണ്‌. ഞാന്‍ ഒരിക്കലും ഈ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഗ്ലാമര്‍ പ്രദര്‍ശനം എന്നതൊക്കെ പുറത്തു നിന്നു നോക്കുന്നവര്‍ തോന്നുന്ന കാര്യങ്ങളാണ്‌. കഥാപാത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്നു എന്നു മാത്രമേ ഞാന്‍ കാണാറുള്ളു. ഡെര്‍ട്ടി പിക്‌ചറും അങ്ങനെ തന്നെ നോക്കിക്കണ്ട ചിത്രമാണ്‌.

മലയാളത്തില്‍ തിളങ്ങേണ്ടിയിരുന്നു നായികയാണ്‌ വിദ്യ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മോഹന്‍ലാലിനൊപ്പം ചക്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയതുമാണ്‌. ആ ചിത്രം മുടങ്ങിയപ്പോള്‍ മലയാളത്തിലെ അവസരവും വിദ്യക്ക്‌ നഷ്‌ടമായി. അതൊരു വലിയ നഷ്‌ടമായി ഇപ്പോള്‍ തോന്നുന്നുണ്ടോ?

മലയാളത്തില്‍ നല്ലൊരു ചിത്രം ചെയ്യാന്‍ കഴിയാതെ പോയി എന്നത്‌ എന്റെ നഷ്‌ടം തന്നെയാണ്‌. എന്റെ സ്വന്തം നാടല്ലേ അത്‌. പിന്നീട്‌ ബോളിവുഡില്‍ സ്വന്തമായി മേല്‍വിലാസം ഉണ്ടായപ്പോഴും ഒരു നല്ല മലയാളം സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കണം എന്നു വിചാരിച്ചിരുന്നു. കമല്‍സാറിന്റെ ഗദ്ദാമ എനിക്ക്‌ ഇഷ്‌ടപ്പെട്ടു. ആ കഥാപാത്രം ലഭിച്ചിരുന്നുവെങ്കില്‍ എന്ന്‌ ആഗ്രഹിച്ചുപോയി. കമല്‍സാറിനോട്‌ ഇത്‌ ഞാന്‍ പറയുകയും ചെയ്‌തു. പിന്നീട്‌ സന്തോഷ്‌ ശിവന്‍ ഉറുമിയിലേക്ക്‌ വിളിച്ചപ്പോള്‍ ഒരു ഗാനരംഗമാണെങ്കിലും ഞാന്‍ വന്ന്‌ അഭിനയിച്ചത്‌ ഉറുമി മലയാള ചിത്രമാണ്‌ എന്നതിനാലായിരുന്നു. ഇപ്പോള്‍ എനിക്ക്‌ ലഭിച്ച ദേശിയ പുരസ്‌കാരം തീര്‍ച്ചയായും എന്റെ സ്വന്തം നാടിനും കൂടിയുള്ളതാണ്‌.

ഹിന്ദിയില്‍ നായികാ പ്രധാന്യമുള്ള ചിത്രങ്ങളിലാണ്‌ വിദ്യബാലന്‍ ഇപ്പോള്‍ തിളങ്ങുന്നത്‌?

അത്‌ ഭാഗ്യം കൊണ്ടു മാത്രമല്ല. നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരുന്നതിന്റെ ഫലമാണ്‌ എന്നു കൂടി ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ റിലീസ്‌ ചെയ്‌ത കഹാനിയില്‍ ഞാനാണ്‌ കേന്ദ്രകഥാപാത്രം. അതില്‍ ഒരു നായക കഥാപാത്രമില്ല. പക്ഷെ ആ സിനിമ മികച്ച വിജയം നേടുമെന്നാണ്‌ വിശ്വാസം. നോ വണ്‍ കില്‍ഡ്‌ ജെസികയിലും നായക കഥാപാത്രമുണ്ടായിരുന്നില്ല. ഞാനും റാണി മുഖര്‍ജിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ആ ചിത്രം വന്‍ ഹിറ്റായിരുന്നു. ഇത്തരം സിനിമകള്‍ വരുമ്പോള്‍ പുതിയ സിനിമാ സംസ്‌കാരം കൂടിയാണ്‌ വരുന്നത്‌.

മലയാളത്തിനോട്‌ ഒരുപാട്‌ ഇഷ്‌ടമുണ്ടല്ലോ? എന്നാണ്‌ ഇനി മലയാള സിനിമയിലേക്ക്‌ വരുന്നത്‌?

പാലക്കാട്‌, എന്റെ നാട്ടിലേക്ക്‌ വരണമെന്ന്‌ ഒരുപാട്‌ ആഗ്രഹിക്കുന്നതാണ്‌. അത്‌ എന്തായാലും ഉടനെ ഉണ്ടാവും. ബോളിവുഡ്‌ സിനിമയില്‍ ഇപ്പോള്‍ നല്ല തിരക്കുകളുണ്ട്‌. നല്ല പ്രോജക്‌ടുകളാണ്‌ തേടിയെത്തുന്നത്‌. പക്ഷെ നല്ലൊരു കഥാപാത്രം കിട്ടായാല്‍ തീര്‍ച്ചയായും ഞാന്‍ മലയാളത്തിലുണ്ടാകും. പക്ഷെ ഒന്നുണ്ട്‌, എനിക്ക്‌ ചലഞ്ചിംഗായ ഒരു കഥാപാത്രം എന്നെ തേടിയെത്തണം.
മലയാളത്തിന്റെ സ്വന്തം വിദ്യാബാലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക