Image

പുതിയ ആത്മീയ നിയോഗവുമായി മാര്‍ യൗസേബിയോസ് പാറശാലയിലേക്ക്

Published on 27 October, 2017
പുതിയ ആത്മീയ നിയോഗവുമായി മാര്‍ യൗസേബിയോസ് പാറശാലയിലേക്ക്
ലോകത്തിലെ ഏറ്റവും സമ്പന്നമായ ന്യൂയോര്‍ക്കില്‍ ഏഴു വര്‍ഷത്തെ നിയോഗം പൂര്‍ത്തിയാക്കുന്ന തോമസ് മാര്‍ യൗസേബിയോസിന്റെ പുതിയ സേവനരംഗം താരതമ്യേന ദരിദ്രമായ പാറശാലയിലേക്ക്. മലങ്കര കത്തോലിക്കാ സഭയ്ക്ക് അമേരിക്ക- കാനഡ രൂപത സ്ഥാപിതമായപ്പോള്‍ ആദ്യ ബിഷപ്പായ മാര്‍ യൗസേബിയോസ് പാറശാല രൂപതയുടേയും ആദ്യത്തെ അജപാലകനാകുന്നുവെന്നതും ഒരു ചരിത്ര നിയോഗം

അമ്പത്താറാം വയസില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മാര്‍ യൗസേബിയോസിന് ഇനിയും ബാല്യം. അതിനാല്‍ തന്നെ പുതിയ കര്‍മ്മകാണ്ഡത്തില്‍ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കാനുള്ള സന്നദ്ധതയുമായാണ് അജപാലകന്‍ എത്തുക.

പാരമ്പര്യത്തിന്റെ പൊങ്ങച്ചത്തില്‍ ഊറ്റംകൊള്ളുന്ന വരേണ്യ വിഭാഗമല്ല പാറശാലയിലെ അജഗണങ്ങള്‍. കൂടുതല്‍ പേരും ക്രൈസ്തവ വിശ്വാസത്തിലേക്ക് എത്തിച്ചേര്‍ന്നവര്‍. അതിനാല്‍ തന്നെ ഒരു മിഷന്‍ രൂപത കൂടിയാണത്.

എന്നാല്‍ ക്രൈസ്തവ മൂല്യങ്ങളില്‍ ജീവിക്കുന്ന സമൂഹമാണത്. രൂപതകള്‍ക്കുള്ള സംവിധാനങ്ങളും മറ്റും കാര്യമായി ഇല്ല. പക്ഷെ ആത്മീയമായി സമ്പന്നരാണെന്നുള്ളതാണ് പ്രധാനം- മാര്‍ യൗസേബിയോസ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തു നിന്ന് 30 മൈ ല്‍ അകലമേയുള്ളുവെങ്കിലും പാറശാല സാമ്പത്തിക പിന്നോക്കാവസ്ഥ കൂടുതലുള്ള സ്ഥലമാണ്. പക്ഷെ മതസൗഹാര്‍ദ്ദം ഏറെ നിലനില്‍ക്കുന്ന സ്ഥലം. കേരളത്തില്‍ ക്രൈസ്തവര്‍ 17 ശതമാനം മാത്രമുള്ളപ്പോള്‍ രൂപതയുടെ പ്രദേശങ്ങളില്‍ 20 ശതമാനം പേരുണ്ട്.

തികച്ചും ഗ്രാമീണ അന്തരീക്ഷം. സഭാംഗങ്ങളായി 40,000 പേര്‍. നാടാര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് നല്ലൊരു പങ്ക്. നാടാര്‍ വിഭാഗക്കാരായ ഹിന്ദുക്കളും ലത്തീന്‍ കത്തോലിക്കരുമുണ്ട്. അവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുമ്പോള്‍ മലങ്കര സഭയില്‍പ്പെട്ടവര്‍ക്ക് ആനൂകൂല്യമൊന്നുമില്ല.

ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് സംവരണമില്ലാതെ തന്നെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവിടെ- മാര്‍ യൗസേബിയോസ് പറഞ്ഞു. സംവരണാനുകൂല്യമൊന്നുമില്ലെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ മികച്ച ആത്മീയ - ഭൗതീക ജീവിതം അവര്‍ നയിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. ഈ സാഹചര്യത്തില്‍ ജോലി സാധ്യതകളും മറ്റും ഉറപ്പാക്കാന്‍ കരിയര്‍ ഗൈഡന്‍സ് സ്ഥാപനങ്ങള്‍ക്കു രൂപംകൊടുക്കുക തന്റെ ആദ്യത്തെ ചുമതലകളിലൊന്നായിരിക്കും- അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ജീവിതം സന്തോഷകരമായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു. വിശ്വാസികളുടെ വലിയ സ്‌നേഹവും പിന്തുണയും ലഭിച്ചു. അതുപോലെതന്നെ രൂപതാംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ ഏറെ ശക്തിപ്പെട്ടു.

താന്‍ വരുമ്പോള്‍ രണ്ടു പള്ളികളും 11 മിഷനുകളുമാണുണ്ടായിരുന്നത്. ഇപ്പോള്‍ 16 ഇടവകകളായി. കത്തീഡ്രലും അരമനയും സ്വന്തമായി. ഇതിനൊക്കെ പുറമെ അമേരിക്കയില്‍ നിന്ന് രണ്ടു വൈദീകരേയും ഒരു കന്യാസ്ത്രീയേയും ആദ്യമായി സംഭാവന ചെയ്തത് മലങ്കര കത്തോലിക്കാ സഭയില്‍ നിന്നാണ്.

പാറശാലയിലെ സാമ്പത്തിക വിഷമതകളേപ്പറ്റി ആകുലതകളൊന്നുമില്ല. സഭാ സംവിധാനത്തിലെ ശക്തി പണമല്ല. മറിച്ച് ആത്മീയ കൂട്ടായ്മയാണ് പ്രധാനം. പള്ളിയും സംവിധാനവുമൊക്കെ ക്രമേണ ഉണ്ടാകും. സംവരണാനുകൂല്യം പോലും വേണ്ടെന്നു കരുതി സഭയില്‍ ഉറച്ചു നില്‍ക്കുന്ന വലിയ ത്യാഗമനസ്സാണ് താന്‍ അവിടെ കാണുന്നത്.

അമേരിക്കയിലും ഒത്തിരി നന്മകളുണ്ട്. സ്വാതന്ത്ര്യവും തുല്യതയും നിലനില്‍ക്കുന്ന നാട്. മാനുഷീക മൂല്യങ്ങള്‍ പക്ഷെ ക്രമേണ മണ്ണൊലിച്ചു പോകുന്നുണ്ടോ എന്നു സംശയമുണ്ട്.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ ഭൗതീകത ഒരു വിപത്തായിട്ടില്ല. എന്നാല്‍ അടുത്ത തലമുറയില്‍ അതുണ്ടായിക്കൂടെന്നില്ല. അതിനാല്‍ കരുതല്‍ ഏറെ വേണം. വിവാഹ ബന്ധത്തിനും കുടുംബത്തിനും വന്ന അപച്യുതിയാണു അമേരിക്കക്കു വന്നു പതിച്ച ദുരവസ്ഥക്ക് നല്ല ഉദാഹരണം. 1992-ല്‍ 3,45,000 വിവാഹങ്ങള്‍ നടന്നപ്പോള്‍ 2016-ല്‍ അതു 1,20,000 ആയി കുറഞ്ഞു. കുടുംബ ബന്ധങ്ങളില്‍ താത്പര്യം കുറയുന്നത് ആപത്കരമാണ്. കുടുംബത്തിലാണ് ക്രൈസ്തവ മൂല്യങ്ങള്‍ പാലിക്കപ്പെടുന്നത്.

അതിഭൗതീകത ആപത്താണ്. ഈ ലോകം മതി, തനിക്ക് താന്‍ മതി, ദൈവം വേണ്ട എന്ന ചിന്താഗതിയൊക്കെ വളരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലൂടെ കടന്നുപോയ തലമുറ കടുത്ത വിശ്വാസികളായിരുന്നു. അതിനുശേഷം വന്ന ഭൗതീക വളര്‍ച്ച ചിന്താഗതികളില്‍ മാറ്റം വരുത്ത

പള്ളിയില്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞുവെങ്കിലും അവരും ക്രൈസ്തവമൂല്യങ്ങളില്‍ നിന്നകന്നുപോയി എന്നു പറയാനാവില്ല.

സീറോ മലബാര്‍ സഭയ്ക്ക് 40 രൂപതകളുള്ളപ്പോള്‍ മലങ്കര സഭയ്ക്ക് 10 രൂപതകളേയുള്ളൂ. സഭയ്ക്ക് ഒരുപാട് രൂപതകള്‍ ലഭിക്കുന്നു എന്ന ചിന്താഗതി ശരിയല്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവല്ല സഹായ മെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് ആണ് പുതിയ ബിഷപ്പ. നാളെ (ശനിയാഴ്ച) എല്‍മോണ്ടിലെ കത്തീഡ്രലില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവ അടക്കം ഒട്ടേറെ സഭാ പിതാക്കന്മാര്‍ പങ്കെടുക്കും. 
പുതിയ ആത്മീയ നിയോഗവുമായി മാര്‍ യൗസേബിയോസ് പാറശാലയിലേക്ക്പുതിയ ആത്മീയ നിയോഗവുമായി മാര്‍ യൗസേബിയോസ് പാറശാലയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക