Image

ശമ്പളവര്‍ധന പ്രഖ്യാപിച്ചു; 'ഗോകുല'ത്തിലെ നഴ്‌സ്‌സമരം തീര്‍ന്നു

Published on 09 March, 2012
ശമ്പളവര്‍ധന പ്രഖ്യാപിച്ചു; 'ഗോകുല'ത്തിലെ നഴ്‌സ്‌സമരം തീര്‍ന്നു
വെഞ്ഞാറമൂട്: ശമ്പളവര്‍ധനവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായതോടെ ഗോകുലം മെഡിക്കല്‍കോളേജിലെ നഴ്‌സുമാര്‍ 14 ദിവസമായി നടത്തുകയായിരുന്ന സമരം അവസാനിപ്പിച്ചു. ഗോകുലം ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്.

വെള്ളിയാഴ്ച തിരുവനന്തപുരം ലേബര്‍ കമ്മീഷണര്‍ പി.ടി. ആന്റണിയുടെ മധ്യസ്ഥതയിലാണ് മാനേജ്‌മെന്റും സമര നേതാക്കളും ചര്‍ച്ച നടത്തിയത്.

നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കും, മൂന്ന് ഷിഫ്ട് സമ്പ്രദായം നടപ്പാക്കും. കുറഞ്ഞ വേതനം സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ നല്‍കും, മറ്റ് ആനുകൂല്യങ്ങള്‍ പരിഗണിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് മാനേജ്‌മെന്റ് നടത്തിയത്.

എന്നാല്‍ പുറത്താക്കിയ രണ്ട് ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

സമരത്തെത്തുടര്‍ന്ന് ആസ്?പത്രിക്കുണ്ടായ നഷ്ടത്തില്‍ സമരക്കാര്‍ ഖേദം പ്രകടിപ്പിച്ചു.

മാനേജ്‌മെന്റിനുവേണ്ടി ചെയര്‍മാനെ കൂടാതെ എം.ഡി. ഡോ. കെ.കെ.മനോജന്‍, പി.ആര്‍.ഒ.മാരായ ടി.കൃഷ്ണകുമാര്‍, ആനന്ദ് എന്നിവരും സമര നേതാക്കളായ ലിജു വേങ്ങയില്‍, അഭിലാല്‍, മണികണ്ഠന്‍, രമ്യ, ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.

ശനിയാഴ്ച മുതല്‍ ജീവനക്കാര്‍ ജോലിക്ക് കയറുമെന്ന് യൂണിയന്‍ പ്രതിനിധി വിഷ്ണു അറിയിച്ചു. ശനിയാഴ്ച മുതല്‍ ഒ.പി. പ്രവര്‍ത്തിക്കുമെന്ന് എം.ഡി. ഡോ.കെ.കെ.മനോജനും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക