Image

ആന്ധ്രപ്രദേശ് വനിതാ മന്ത്രിയുടെ ശ്രദ്ധ വസ്ത്രധാരണത്തില്‍ മാത്രം; സി.പി.ഐ. നേതാവിന്റെ പ്രസ്താവന വിവാദമായി

Published on 09 March, 2012
ആന്ധ്രപ്രദേശ് വനിതാ മന്ത്രിയുടെ ശ്രദ്ധ വസ്ത്രധാരണത്തില്‍ മാത്രം; സി.പി.ഐ. നേതാവിന്റെ പ്രസ്താവന വിവാദമായി
ഹൈദരാബാദ്:ആന്ധ്രപ്രദേശ് വനിതാ മന്ത്രിയെക്കുറിച്ച് സി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. വ്യവസായ മന്ത്രി ഡോ. ജെ. ഗീത റെഡ്ഡിയെക്കുറിച്ച് സി.പി.ഐ. നേതാവ് കെ.നാരായണ നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്.

വ്യാവസായിക മന്ത്രാലയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലല്ല, വസ്ത്രധാരണത്തിലാണ് ഗീത റെഡ്ഡിയുടെ മുഴുവന്‍ ശ്രദ്ധയുമെന്നാണ് നാരായണ കഴിഞ്ഞ ദിവസം പരിഹസിച്ചത്. ചെറുകിട വ്യവസായികളുടെ യോഗത്തിലാണ് സി.പി.ഐ നേതാവിന്റെ പരാമര്‍ശം.

എന്നാല്‍ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ നാരായണയ്‌ക്കെതിരെ ശക്തമായ പ്രസ്താവനയുമായി മന്ത്രിയും രംഗത്തെത്തി. ഭംഗിയായി വസ്ത്രം ധരിച്ച് സ്ത്രീകള്‍ പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് നാരായണയെപ്പോലുള്ള സങ്കുചിത മനഃസ്ഥിതിക്കാര്‍ക്ക് ദഹിക്കാനാവുന്നില്ല. ഭംഗിയായി വസ്ത്രം ധരിക്കുകയെന്നത് സ്ത്രീകളുടെ അവകാശമാണ് അവര്‍ പറഞ്ഞു. 

ഡോക്ടറായി വിദേശത്ത് 15 വര്‍ഷത്തിലധികം താന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ വസ്ത്രധാരണ രീതിയെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. നിയമങ്ങള്‍ കൊണ്ടു മാത്രം സ്ത്രീശാക്തീകരണം നടപ്പാവില്ല, പുരുഷന്‍മാര്‍ തങ്ങളുടെ ചിന്താഗതി മാറ്റിയാലേ രക്ഷയുള്ളൂ ഗീത റെഡ്ഡി പറഞ്ഞു.

അതേസമയം നാരായണയുടെ പ്രസ്താവനയെ എതിര്‍ത്ത് അദ്ദേഹത്തിന്റെ ഭാര്യയും സി.പി.ഐ. വനിതാ വിഭാഗം നേതാവുമായ സുശീലയും രംഗത്തെത്തി. സ്ത്രീകള്‍ സമൂഹത്തിന്റെ അംബാസഡര്‍മാരാണെന്നും പൊതുവേദികളില്‍ നന്നായി പ്രത്യക്ഷപ്പെടേണ്ടത് അവരുടെ കടമയാണെന്നും സുശീല പറഞ്ഞു. 

സംസ്ഥാന പട്ടികജാതി ക്ഷേമ അസോസിയേഷന്റെ പരാതിപ്രകാരം ഗാന്ധിനഗര്‍ പോലീസ് നാരായണയ്‌ക്കെതിരെ കേസെടുത്തു. ഇതിനെത്തുടര്‍ന്ന് ക്ഷമാപണം നടത്താന്‍ നാരായണ തയ്യാറായെങ്കിലും മന്ത്രി ചെവിക്കൊണ്ടില്ല. ഇത്രയും പ്രായമുള്ളയാള്‍ക്ക് എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ പറയാനാവുകയെന്നും മന്ത്രി ചോദിച്ചു. 

അഴിമതിക്കേസില്‍ അറസ്റ്റിലായ ഐ.എ.എസ്. ഓഫീസര്‍ ശ്രീലക്ഷ്മിയെ കുറിച്ചു നടത്തിയ പരാമര്‍ശത്തിന്റെ പേരിലും നിയമസഭയെ പന്നിത്തൊഴുത്തിനോട് ഉപമിച്ചതിന്റെ പേരിലും നേരത്തേ നാരായണ വിവാദത്തില്‍പ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക