Image

യു.പി. മുഖ്യമന്ത്രിയെ ഇന്നറിയാം; എസ്.പി. നിയമസഭാകക്ഷിയോഗം ഇന്ന്

Published on 09 March, 2012
യു.പി. മുഖ്യമന്ത്രിയെ ഇന്നറിയാം; എസ്.പി. നിയമസഭാകക്ഷിയോഗം ഇന്ന്
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍വിജയം സ്വന്തമാക്കിയ സമാജ്‌വാദി പാര്‍ട്ടിയുടെ നിര്‍ണായക യോഗം ശനിയാഴ്ച നടക്കും. പുതിയ മുഖ്യമന്ത്രിയെ ഈ യോഗം തിരഞ്ഞെടുക്കും. 

മുലായം സിങ് യാദവോ അതോ മകന്‍ അഖിലേഷ് യാദവോ, ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ വെള്ളിയാഴ്ചയും അനിശ്ചിതത്വം തുടര്‍ന്നു. മാധ്യമപ്രവര്‍ത്തകര്‍ മുലായത്തോട് ഇക്കാര്യം ചോദിച്ചപ്പോള്‍ ശനിയാഴ്ചത്തെ നിയമസഭാകക്ഷി യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നായിരുന്നു മറുപടി. എല്ലാ എം.എല്‍.എ.മാരും എം.പി.മാരും ഈ യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം സത്യപ്രതിജ്ഞ എന്നു വേണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയെപ്പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത് ആകാംക്ഷ വര്‍ധിപ്പിച്ചു. മുലായം തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് കഴിഞ്ഞ ദിവസം വരെ അദ്ദേഹം പറഞ്ഞിരുന്നത്. 

പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച സംസ്ഥാന അധ്യക്ഷന്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകണമെന്നാണ് ഭൂരിഭാഗം എം.എല്‍.എ.മാരും പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബുധനാഴ്ച നടക്കേണ്ടിയിരുന്ന നിയമസഭാകക്ഷി യോഗം മാറ്റി. അതിനിടെ അഖിലേഷ് മുഖ്യമന്ത്രിയാകുന്നതിനോട് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന അംഗങ്ങള്‍ വിയോജിപ്പു പ്രകടിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഇതാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം വൈകാന്‍ കാരണമെന്നും അവര്‍ സൂചിപ്പിച്ചു.

അതിനിടെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. വന്‍വിജയം നേടിയ സമാജ്‌വാദി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. മായാവതി സര്‍ക്കാറിന്റെ കാലത്തെ ഓഫീസര്‍മാരാണ് ഗൂഢാലോചനയ്ക്കു പിന്നില്‍. പാര്‍ട്ടി അധികാരമേറ്റാലുടന്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുംഅദ്ദേഹം പറഞ്ഞു. 

ഡി.ജി.പി.യെയും ചീഫ്‌സെക്രട്ടറിയെയും വെള്ളിയാഴ്ച മുലായം പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ച് അക്രമികള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക