Image

പുതിയ നികുതി നിയമം: സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 12,000 ഡോളറും 24,000 ഡോളറും ആയേക്കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 October, 2017
പുതിയ നികുതി നിയമം: സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 12,000 ഡോളറും 24,000 ഡോളറും ആയേക്കും (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: നികുതി നിയമങ്ങളുടെ അഴിച്ചു പണി ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്രസിഡന്റ് ട്രമ്പിന്റെ മേശപ്പുറത്ത് പുതിയ നിയമം താങ്ക്‌സ് ഗിവിംഗോടെ എത്തും എന്ന വാഗ്ദാനം ക്രിസ്മസിന് എത്തും എന്ന് മാറ്റിയിരിക്കുകയാണ്. ഇതിനിടയില്‍ ഇരുസഭകളും ബില്ലുകള്‍ പാസാക്കേണ്ടതുണ്ട്. പ്രതിനിധി സഭയില്‍ നവംബര്‍ ആദ്യം ബില്‍ വന്നേക്കും. സെനറ്റിലെ ബില്ലിന് വ്യത്യസ്ത രൂപമായിരിക്കും ഉണ്ടാവുക. പിന്നീട് ഇവ രണ്ടും ഏകോപിപ്പിക്കേണ്ടതുണ്ട്. ഒരു സംയുക്ത സമ്മേളനം ഇതിനായി വേണ്ടി വന്നേക്കും.
ഹൗസ്, സെനറ്റ് കമ്മിറ്റികള്‍ പ്രത്യേകം പ്രത്യേകം ഹിയറിംഗുകള്‍ നടത്താനാണ് സാധ്യത. ഇത് പ്രത്യേക താല്‍പര്യങ്ങള്‍ ഉള്ള ലോബിയിസ്റ്റുകള്‍ക്ക് സുവര്‍ണ്ണകാലം ഒരുക്കും. അവര്‍ കൂട്ടത്തോടെ സെനറ്റര്‍മാരെയും ജനപ്രതിനിധികളെയും തമ്പടിച്ച് ശ്രമിക്കും. ഇതിന് മുന്‍പ് 1986 ല്‍ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഉണ്ടായ 'തേനീച്ചക്കൂട്ട ആക്രമണം' ഇത്തവണയും ഉണ്ടാകുമെന്ന് നിരീക്ഷകര്‍ പ്രവചിക്കുന്നു. ലോബിയിംഗ് വിവരിച്ച് അന്ന് ഷോഡൗണ്‍ അറ്റ് ഗുച്ചി ഗുല്‍ഷ് എന്നൊരു പുസ്തകവും പുറത്തുവന്നു. ഈ പുസ്തകത്തിന് ഒരു രണ്ടാം ഭാഗം ഉടനെ ഉണ്ടായെന്ന് വരാം.

പുതിയ നിയമം എല്ലാവരുടെയും നികുതി കുറയ്ക്കുവാന്‍ ശ്രമിക്കും, വാര്‍ഷിക വരുമാനത്തില്‍ നിന്ന് ഇപ്പോള്‍ കുറയ്ക്കുവാന്‍ അനുവദിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഏതാണ്ട് ഇരട്ടിയാക്കി വ്യക്തികള്‍ക്ക് 12,000 ഡോളറും കുടുംബങ്ങള്‍ക്ക് 24,000 ഡോളറും അനുവദിക്കും. ഇപ്പോഴുള്ള ഏഴ് ടാക്‌സ് ബ്രാക്കറ്റുകള്‍ക്ക് പകരം നാലെണ്ണം നിലവില്‍ വരും. നികുതി നിരക്കുകള്‍ 12% 25%, 35%, പിന്നെ ഒരു ഉയര്‍ന്ന നിരക്ക്(ഇതുവരെ തീരുമാനിച്ചിട്ടില്ല) എന്നിങ്ങനെ ആകും, അനന്തരാവകാശമായി ലഭിക്കുന്ന സ്വത്തുക്കളുടെ നികുതി നിയമങ്ങള്‍ റദ്ദാക്കിയേക്കും.

വന്‍കിട, ചെറുകിട വ്യവസായങ്ങള്‍ക്കും പുതിയ നികുതി നിര്‍ദ്ദേശങ്ങളുണ്ട്. അമേരിക്കന്‍ അതിര്‍ത്തിക്ക് പുറത്ത് നടത്തുന്ന വ്യവസായങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ഇടത്തരം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് ഇളവില്‍ വര്‍ധന ഉണ്ടാകും.

ഒന്‍പതു പേജുള്ള നികുതി നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ മുമ്പോട്ട് വച്ചിരിക്കുന്നത്. ഇതില്‍ പരിമിതികള്‍ ഉണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ടാക്‌സ് ബ്രാക്കറ്റികളെ ചൊല്ലിയാണ് ഒരു പ്രതിഷേധം. ഇടത്തരക്കാര്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന മറ്റ് ഇളവുകള്‍ ില്ലാതാകുമോ എന്നും സംശയം ഉയരുന്നു. ഈ ഇളവുകള്‍ക്ക് പണം എങ്ങനെ കണ്ടെത്തും, ഇപ്പോള്‍ 20, ട്രില്യന്‍ ഡോളര്‍ ആയിരിക്കുന്ന ബജറ്റിലെ കമ്മി എത്രമാത്രം ഉയരും എന്നും ചോദ്യങ്ങള്‍ ഉണ്ട്.

ട്രമ്പ് വാഗ്ദാനം ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവായിരിക്കും ഇത്, ഇത് മൂലം ഒരു സാധാരണ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 4,000 ഡോളര്‍ കൂടും എന്നാണ്. ഈ അവകാശവാദത്തെ ചിലര്‍ 1920 കളില്‍ പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹുവര്‍ നല്‍കിയതിനോട് സാമ്യപ്പെടുത്തുന്നു. ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് ട്രമ്പിന്റെ അവകാശവാദം തള്ളിക്കളയുന്നു. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇടത്തരക്കാര്‍ക്ക് പ്രയോജനം ചെയ്യില്ല. ട്രമ്പിനെപ്പോലെയുള്ള ധനികരെ മാത്രമേ സഹായിക്കൂ എന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് കോര്‍പ്പറേറ്റ് നികുതി നിരക്ക് 36% ല്‍ നിന്ന് 20% ആയി കുറയ്ക്കുവാനുള്ള നിര്‍ദേശമാണ്. ഇതിനെല്ലാം ഉപരിയായി നികുതി നിര്‍ദേശങ്ങള്‍ പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച വിള്ളലും ഉണ്ട്. സംസ്ഥാന തദ്ദേശ നികുതികള്‍ അടച്ചത് വാര്‍ഷിക വരുമാനത്തില്‍ നിന്ന് കുറച്ചു കാണിക്കുവാന്‍ ഇപ്പോള്‍ നികുതി ദായകര്‍ക്ക് അനുവാദമുണ്ട്. ഈ ആനുകൂല്യത്തിന്റെ പ്രയോജനം 4 കോടി 40 ലക്ഷം നികുതി ദായകര്‍ക്ക് ലഭിക്കുന്നു. പുതിയ നികുതിയില്‍ ഈ ഇളവ് എടുത്തു കളയാനാണ് നിര്‍ദേശം. ഡെമോക്രാറ്റിക് ചായ് വുള്ള ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കാലിഫോര്‍ണിയ സംസ്ഥാനങ്ങളില്‍ സംസ്ഥാന, തദ്ദേശ നികുതികള്‍ കൂടുതലാണ്. ഈ നികുതികള്‍ കുറയ്ക്കുവാന്‍ അനുവാദം ഇല്ലെങ്കില്‍ നികുതി നല്‍കേണ്ട വാര്‍ഷിക വരുമാനം അത്രയും ഉയരും. ഇത് ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകും. അടുത്ത നവംബറില്‍ നടക്കുന്ന ഇടക്കാല പൊതുതിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായെന്ന് വരാം. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ വികാരം മാനിച്ച് നേതാക്കള്‍ സമവായശ്രമം ആരംഭിച്ചിട്ടുണ്ട്.

യാഥാസ്ഥിതികരായി അറിയപ്പെടുന്ന ഡെമോക്രാറ്റ് ജനപ്രതിനിധികളുമായും 2016 ല്‍ ട്രമ്പ് വിജയിച്ച സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റ് സെനറ്റര്‍മാരുമായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സന്ധി സംഭാഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ നികുതി നിര്‍ദേശങ്ങള്‍ക്ക് പിന്തുണ തേടിയാണ് ഈ നീക്കം.

പുതിയ നികുതി നിയമം: സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 12,000 ഡോളറും 24,000 ഡോളറും ആയേക്കും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക