Image

മലയാളി യുവാവിനെ കവര്‍ച്ചക്കാര്‍ മര്‍ദ്ദിച്ച്‌ അവശനാക്കി കവര്‍ച്ച നടത്തി

Published on 09 March, 2012
മലയാളി യുവാവിനെ കവര്‍ച്ചക്കാര്‍ മര്‍ദ്ദിച്ച്‌ അവശനാക്കി കവര്‍ച്ച നടത്തി
മനാമ: ബുദയ്യ ദുറാസ്‌ ബോയ്‌സ്‌ സ്‌കൂളിനടുത്ത്‌ കവര്‍ച്ചക്കെത്തിയ സ്വദേശി യുവാക്കളുടെ മര്‍ദനത്തില്‍ മലയാളിക്ക്‌ പരിക്ക്‌. സീഫിലെ അഹമ്മദ്‌ അബ്ദുല്‍ അസീസ്‌ അല്‍ സാമില്‍ എന്ന കമ്പനിയില്‍ സ്‌പ്രേ പെയിന്‍ററായി ജോലി ചെയ്യുന്ന കോഴിക്കോട്‌ മായനാട്‌ സ്വദേശി നന്താനത്തുകണ്ടി ഉണ്ണികൃഷ്‌ണനാണ്‌ (36) മര്‍ദനമേറ്റത്‌.

ബുധനാഴ്‌ച വൈകീട്ട്‌ നാല്‌ മണിയോടെയാണ്‌ സംഭവം. ജോലി കഴിഞ്ഞ്‌ താമസ സ്ഥലത്ത്‌ എത്തിയ ഉണ്ണികൃഷ്‌ണന്‍ ബാത്ത്‌റൂമില്‍നിന്ന്‌ കുളി കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ മുറിയില്‍ വസ്‌ത്രങ്ങളും സാധനങ്ങളും വാരിവലിച്ചിട്ട അവസ്ഥയിലായിരുന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ രണ്ട്‌ യുവാക്കള്‍ തന്‍െറ 200 ദിനാര്‍ ഉള്‍ക്കൊള്ളുന്ന പേഴ്‌സും മൊബൈല്‍ ഫോണും കൈവശപ്പെടുത്തി നില്‍ക്കുന്നതാണ്‌ കണ്ടത്‌. ഒരു യുവാവിന്‍െറ കൈയ്യില്‍ കത്തിയുണ്ടായിരുന്നു. യുവാവിന്‍െറ കൈയ്യില്‍നിന്ന്‌ പേഴ്‌സ്‌ ബലമായി പിടിച്ചു വാങ്ങുന്നതിനിടയില്‍ മറ്റൊരു യുവാവ്‌ കത്തിയുമായി വരുന്നത്‌ കണ്ട്‌ ഉണ്ണികൃഷ്‌ണന്‍ പുറത്തേക്ക്‌ ഓടി ബഹളം വെച്ചപ്പോള്‍ രണ്ട്‌ യുവാക്കളും മൊബൈലുമായി കാറില്‍ രക്ഷപ്പെട്ടു. പിടിവലിക്കിടയില്‍ പേഴ്‌സ്‌ കട്ടിലിനടയില്‍ വീണതിനാല്‍ തിരിച്ചുകിട്ടി. ഇരുവരുടെയും മര്‍ദനത്തില്‍ ഉണ്ണികൃഷ്‌ണന്‍െറ വലതുകൈ ഒടിഞ്ഞു. ബുദയ്യ പൊലീസില്‍ പരാതി നല്‍കിയ ശേഷം ഹെല്‍ത്ത്‌ സെന്‍ററില്‍ പ്രാഥമിക ചികില്‍സ തേടി. പിന്നീട്‌ സാമൂഹിക പ്രവര്‍ത്തകനായ മനോജ്‌ മയ്യന്നൂരിന്‍െറ സഹായത്തോടെ സല്‍മാനിയ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.
അഞ്ച്‌ വര്‍ഷമായി ബഹ്‌റൈനിലുള്ള ഇയാള്‍ ഒരു വര്‍ഷമായി ഇവിടെയാണ്‌ താമസം. ഉണ്ണികൃഷ്‌ണനൊപ്പം മുറിയില്‍ താമസിക്കുന്നയാള്‍ ലീവിന്‌ നാട്ടില്‍ പോയതായിരുന്നു. കുറച്ച്‌ അകലെയുള്ള മൂന്ന്‌ മുറികളിലും ഈസമയത്ത്‌ ആളുണ്ടായിരുന്നു. ഉണ്ണികൃഷ്‌ന്‍െറ മുറിയുടെ വാതിലിന്‍െറ പൂട്ട്‌ പൊളിച്ചാണ്‌ കവര്‍ച്ചക്കാര്‍ അകത്തു കടന്നത്‌. പൊലീസ്‌ താമസ സ്ഥലത്ത്‌ എത്തി തെളിവെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
പട്ടാപകല്‍ നടന്ന കവര്‍ച്ചയും ആക്രമണവും പ്രദേശത്ത്‌ താമസിക്കുന്ന പ്രവാസികളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്‌. നിരവധി ഇന്ത്യക്കാരാണ്‌ അടുത്തിടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ചക്കും ആക്രമണത്തിനും വിധേയരായത്‌.
മലയാളി യുവാവിനെ കവര്‍ച്ചക്കാര്‍ മര്‍ദ്ദിച്ച്‌ അവശനാക്കി കവര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക