Image

സ്‌പോണ്‍സറുടെ പീഡനങ്ങളില്‍ നിന്നും മലയാളി യുവാവിനെ പ്രവാസി സംഘടന രക്ഷപെടുത്തി

Published on 09 March, 2012
സ്‌പോണ്‍സറുടെ പീഡനങ്ങളില്‍ നിന്നും മലയാളി യുവാവിനെ പ്രവാസി സംഘടന രക്ഷപെടുത്തി
റിയാദ്‌: കോടതിവിധി എതിരായതോടെ മലയാളി യുവാവിനെ ഹുറൂബില്‍ കുരുക്കി ജയിലിലടക്കാന്‍ ശ്രമിച്ച സൂത്രശാലിയായ സ്‌പോണ്‍സറില്‍ നിന്ന്‌ നവോദയ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ യുവാവിനെ രക്ഷപെടുത്തി. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഗിരീഷ്‌ ഹരീന്ദ്രനാണ്‌ സ്‌പോണ്‍സറുടെ സ്‌നേഹ പ്രകടനത്തില്‍ വിശ്വസിച്ച്‌ വഞ്ചിതനായത്‌.

ഒന്‍പത്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ റിയാദ്‌ അഖീക്കിലുള്ള ഒരു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയുടെ വര്‍ക്‌ഷോപ്പില്‍ ഡ്രൈവര്‍ ജോലിക്കായെത്തിയ ഗിരീഷിന്‌ വീസ ഏജന്റ്‌ വാഗ്‌ദാനം ചെയ്‌തിരുന്ന ശമ്പളം 1300 റിയാലാണ്‌. 85000 രൂപ വീസക്ക്‌ നല്‍കി ഇവിടെയെത്തിയ ഗിരീഷിന്‌ ലഭിച്ച ശമ്പളം 100ഉം 200ഉം റിയാല്‍ മാത്രമാണ്‌. ചില മാസങ്ങളില്‍ അതും ലഭിച്ചിരുന്നില്ല. എന്നാല്‍ വെള്ള പേപ്പറില്‍ ഒന്നില്‍ വിരലടയാളവും സ്‌പോണ്‍സര്‍ വാങ്ങി വച്ചിരുന്നു. എല്ലാ പ്രതീക്ഷയും നഷ്‌ടപ്പോഴാണ്‌ പ്രദേശത്തെ മലയാളികളുടെ സഹായത്തോടെ നാട്ടുകാരനും നവോദയ കേന്ദ്ര കമ്മറ്റി അംഗമായ ഇബ്രാഹിമിനെയും നവോദയ പ്രസിഡന്റ്‌ നസീര്‍ വെഞ്ഞാറമൂടിനേയും ഗിരീഷ്‌ ബന്‌ധപ്പെടുന്നത്‌.തുടര്‍ന്ന്‌ നവോദയ പ്രവര്‍ത്തകര്‍ ലേബര്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുകയും ഗിരീഷിന്‌ അനുകൂലമായി വിധി നേടിയെടുക്കുകയും ചെയ്‌തു. രേഖകള്‍ പ്രകാരം ശബള കുടിശിക ഇല്ലാത്തതിനാല്‍ അധികൃതര്‍ 2111 റിയാല്‍ നല്‍കി ഗിരീഷിനെ നാട്ടിലേക്ക്‌ മടക്കി അയയ്‌ക്കണമെന്നായിരുന്നു കോടതി വിധി.

വീസ മാറുന്നതിന്‌ ആദ്യം 6000 റിയാല്‍ ആവശ്യപ്പെട്ട സ്‌പോണ്‍സറോട്‌ സ്വന്തം നിലയില്‍ ഗീരീഷ്‌ ഫോണിലൂടെ ചര്‍ച്ച നടത്തി 3000 റിയാല്‍ നല്‍കാന്‍ ധാരണയിലെത്തി.

3000 റിയാല്‍ നല്‍കിയാല്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ മാറ്റുവാന്‍ അനുമതി പത്രം തരാം എന്ന സ്‌പോണ്‍സറുടെ വാക്ക്‌ വിശ്വസിച്ചാണ്‌ ഗിരിഷ്‌ റിയാദിലെ ഒരു കമ്പനിയില്‍ നിന്ന്‌ ഡിമാന്‍ഡ്‌ ലറ്ററും അതേ കമ്പനി നല്‍കിയ 3000 റിയാലുമായി നവോദയ പ്രവര്‍ത്തകരായ ബാബുജി, നസീര്‍ വെഞ്ഞാറമൂട്‌ എന്നിവരോടൊപ്പം സ്‌പോണ്‍സറടെ ഓഫീസിലെത്തുന്നത്‌.

വളരെ സൗഹാര്‍ദപൂര്‍വം മൂവരേയും സ്വീകരിച്ചിരുത്തിയ സ്‌പോണ്‍സറും അദേഹത്തിന്റെ സുഹൃത്തുക്കളും കുശാലാന്വേഷണങ്ങള്‍ക്കുശേഷം തന്ത്രപൂര്‍വം 3000 റിയാല്‍ കൈക്കലാക്കിയതോടെ സാമൂഹ്യപ്രവര്‍ത്തകരോട്‌ സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ഗീരിഷിനെ ആജാനുബാഹുക്കളായ രണ്‌ടുപേര്‍ ചേര്‍ന്ന്‌ ബലം പ്രയോഗിച്ച്‌ സ്‌ഥലത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന

വാഹനത്തില്‍ കയറ്റിയതും സിനിമയിലെന്നപോലെ പെട്ടെന്നായിരുന്നു. 3000 റിയാല്‍ തിരിച്ചുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആര്‌ വാങ്ങി? ആരു കൊടുത്തു? എപ്പോള്‍? എങ്ങനെ? എന്നിങ്ങനെ മറുചോദ്യങ്ങള്‍ ചോദിച്ചുള്ള പരിഹാസമായിരുന്നു മറുപടി. ഗിരീഷ്‌ ഹുറൂബിലാണന്നും പോലീസില്‍ ഏല്‍പ്പിക്കുമെന്നും പറഞ്ഞ്‌ വാഹനത്തില്‍ യുവാവിനേയും കൊണ്‌ട്‌ സംഘം സ്‌ഥലം വിട്ടതോടെ മറ്റൊരു വാഹനത്തില്‍ നവോദയ പ്രവര്‍ത്തകര്‍ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും കണെ്‌ടത്താനായില്ല.

യുവാവിന്‌ എന്തു സംഭവിച്ചു എന്നറിയാതെ പരിഭ്രാന്തിയിലായ സംഘടനാ പ്രവര്‍ത്തകര്‍ റിയാദിലെ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചുവെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

ഇതിനിടയില്‍ ഗിരീഷിനെ മൊബൈല്‍ ഫോണില്‍ ബന്‌ധപ്പെട്ടുവെങ്കിലും കൂടെയുണ്‌ടായിരുന്നവര്‍ തട്ടിപറിച്ച്‌ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു.

എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച നവോദയ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്ന സൗദി പൗരന്‍ അയ്‌ദ്‌ സെയ്‌ദ്‌ അല്‍ റഷീദിയെ വിവരം അറിയിച്ചു. തുടര്‍ന്ന്‌ ഒന്നിലധികം ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ നേരിട്ട്‌ സ്‌പോണ്‍സറെ

ഫോണില്‍ ബന്ധപ്പെട്ടതോടെ തികച്ചും നാടകീയമായി സ്‌പോണ്‍സര്‍ തന്നെ സാമൂഹ്യപ്രവര്‍ത്തകരെ തിരികെ വിളിച്ച്‌ മലയാളി യുവാവിനെ ഏല്‍പ്പിക്കുകയും വാങ്ങിയ 3000 റിയാലും ക്ഷമാപണത്തോടെ മടക്കി നല്‍കുകയും ചെയ്‌തു.

കോടതിവിധി എതിരാവുമ്പോള്‍ സ്‌പോണ്‍സര്‍മാര്‍ സന്‌ധിയാവാന്‍ തയാറാവുന്നതിനെ സംശയത്തോടെ കാണണമെന്നാണ്‌ സംഭവം ഓര്‍മിപ്പിക്കുന്നത്‌. വീണ്‌ടും കോടതിയെ സമീപിച്ച്‌ ഗിരീഷിനെ നാട്ടിലയയ്‌ക്കാനുള്ള കോടതി വിധി നടപ്പാക്കുന്നതിനുള്ള ശ്രമം നവോദയ പ്രവര്‍ത്തകര്‍ ആരംഭിച്ചു.
സ്‌പോണ്‍സറുടെ പീഡനങ്ങളില്‍ നിന്നും മലയാളി യുവാവിനെ പ്രവാസി സംഘടന രക്ഷപെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക