Image

ഉബൈദ്‌ അവാര്‍ഡ്‌ ഇബ്രാഹിം ബേവിഞ്ചയ്‌ക്ക്‌

എം.കെ. ആരിഫ്‌ Published on 09 March, 2012
ഉബൈദ്‌ അവാര്‍ഡ്‌ ഇബ്രാഹിം ബേവിഞ്ചയ്‌ക്ക്‌
ദോഹ: കാസര്‍ഗോഡ്‌ ജില്ലാ കെഎംസിസിയുടെ 2011 ലെ `ടി ഉബൈദ'്‌ അവാര്‍ഡിന്‌ പ്രമുഖ കോളമിസ്റ്റും സാഹിത്യകാരനുമായ ഇബ്രാഹിം ബെവിഞ്ചയെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ വിവിധ സാഹിത്യ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ്‌ അവാര്‍ഡ്‌. റഹ്‌മാന്‍ തായലങ്ങാടി ചെയര്‍മാനും, വി.ടി. മുരളി, ഫൈസല്‍ എളേറ്റില്‍, എസ്‌എഎം ബഷീര്‍ എന്നിവര്‍ അംഗങ്ങളും ആയ ജൂറി കമ്മറ്റിയാണ്‌ അവാര്‍ഡ്‌ ജേതാവിനെ തെരെഞ്ഞെടുത്തത്‌.

കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും ചിന്തകനും അധ്യാപകനും ആയിരുന്ന മര്‍ഹൂം ടി ഉബൈദ്‌ സാഹിബിന്റെ സ്‌മരണക്കായി ഖത്തറിലെ കെഎംസിസി കാസര്‍ഗോഡ്‌ ജില്ലാ കമ്മറ്റി രണ്‌ടു വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കി വരുന്നതാണ്‌ ഈ അവാര്‍ഡ്‌. സമാന്തരമായി സഞ്ചരിച്ചു കൊണ്‌ടിരുന്ന മലയാള സാഹിത്യത്തെയും മാപ്പിള സാഹിത്യത്തെയും ബന്ധിപ്പിച്ചു എന്നതാണ്‌ ഉബൈദ്‌ സാഹിബ്‌ ചെയ്‌ത ഏറ്റവും വലിയ സാഹിത്യ സേവനം. പതിറ്റാണ്‌ടുകള്‍ക്ക്‌ മുന്‍പ്‌ അദ്ദേഹം നിര്‍വഹിച്ച ആ സേവനം തന്നെയാണ്‌ വര്‍ത്തമാനകാലത്ത്‌ ഇബ്രാഹിം ബേവിഞ്ച നിര്‍വഹിച്ചു കൊണ്‌ടിരിക്കുന്നത്‌. വിഷയങ്ങള്‍ ആഴത്തില്‍ നിരീക്ഷിക്കുകയും പഠിക്കുകയും അത്‌ പിന്നെ അവതരിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി അനിതര സാധാരണവും അഭിനന്ദനാര്‍ഹവും ആണെന്ന്‌ ജൂറി വിലയിരുത്തി.

ഉബൈദ്‌ സാഹിബിനെകുറിച്ച്‌ ലേഖനങ്ങള്‍ എഴുതുകയും, ഗ്രന്ഥങ്ങള്‍ രചിക്കുകയും, ആനുകാലികങ്ങളില്‍ എഴുതുകയും ചെയ്യുന്ന ഇബ്രാഹിം `ഉബൈദിന്റെ കവിതാലോകം`അടക്കം ഒന്‍പതോള ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌. ഇസ്‌ലാമിക സംസ്‌കൃതിയെയും മുസ്‌ലിം സാഹിത്യ പ്രവര്‍ത്തനങ്ങളെയും കൈരളിക്ക്‌ പരിചയപ്പെടുത്തുന്ന കൃതികള്‍ അദ്ദേഹത്തിന്റെതായിട്ടുണ്‌ട്‌.

മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഇബ്രാഹിം എം.ടി. വാസുദേവന്‍നായരുടെ കൃതികളെ ആസ്‌പദമാക്കി നടത്തിയ പഠനത്തിനു എം ഫില്‍ ബിരുദം നേടി. കാസര്‍ഗോഡ്‌ ഗവണ്‍മെന്റ്‌ കോളജില്‍ മലയാളം വിഭാഗം തലവന്‍ ആയിരിക്കെ അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചു.

മാര്‍ച്ച്‌ ഒന്‍പതിന്‌ (വെള്ളി) വൈകുന്നേരം ആറിന്‌ ഖത്തര്‍ കെഎംസിസി ഹാളില്‍ നടക്കുന്ന ജില്ല കമ്മറ്റിയുടെ `ആദരപ്പെരുമ` എന്ന ചടങ്ങില്‍ പാണക്കാട്‌ സയിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അവാര്‍ഡ്‌ സമ്മാനിക്കും.
ഉബൈദ്‌ അവാര്‍ഡ്‌ ഇബ്രാഹിം ബേവിഞ്ചയ്‌ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക