Image

മലയാളി യുവതി ജര്‍മനിയില്‍ മോഡല്‍ വധു; ബ്രൈഡ്‌ ഓഫ്‌ ദ വേള്‍ഡ്‌ മല്‍സരത്തില്‍ ചൈനയില്‍ പങ്കെടുക്കും

ജോസ്‌ കുമ്പിളുവേലില്‍ Published on 09 March, 2012
മലയാളി യുവതി ജര്‍മനിയില്‍ മോഡല്‍ വധു; ബ്രൈഡ്‌ ഓഫ്‌ ദ വേള്‍ഡ്‌ മല്‍സരത്തില്‍ ചൈനയില്‍ പങ്കെടുക്കും
ബര്‍ലിന്‍: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ പ്രകൃതി മാത്രമല്ല മലയാളിയുടെ സൗന്ദര്യം കൂടിയാണ്‌ ലോകത്തിന്‌ മുതല്‍ക്കൂട്ടും ആകര്‍ഷണീയതയും ഉളവാക്കുന്നത്‌. വിദേശങ്ങളിയേ്‌ക്ക്‌ ജോലി തേടിയുള്ള മലയാളികളുടെ കുടിയേറ്റം കേരളത്തെ പരിപോഷിപ്പിക്കുമ്പോള്‍ കുടിയേറ്റത്തോടൊപ്പം നമ്മുടെ പാരമ്പര്യവും വേറിട്ട തനിമയും കൈവിടാതെ കാത്തുസൂക്ഷിക്കുന്നത്‌ ആദ്യതലമുറ മാത്രമല്ല രണ്‌ടാം തലമുറയുമാണെന്ന്‌ ജര്‍മനിയിലെ ബെസ്റ്റ്‌ മോഡല്‍ വധുവായി തെരഞ്ഞെടുക്കപ്പെട്ട ജാക്വിലിന്‍ കൂലിപ്പുരയ്‌ക്കല്‍ എന്ന മുപ്പത്തിയൊന്നുകാരി സാക്ഷ്യപ്പെടുത്തുന്നു.

ജര്‍മനിയിലെ ഏറ്റവും സുന്ദരിയായ വധു എന്ന ശീര്‍ഷകത്തില്‍ (ബ്രൈഡ്‌ ഓഫ്‌ ദ വേള്‍ഡ്‌) കീരീടം നേടി തെരഞ്ഞെടുക്കപ്പെട്ട ജാക്വിലിന്‍ ഇനി വേള്‍ഡ്‌ ബ്രൈഡ്‌ കോമ്പറ്റീഷനില്‍ (ലോക മണവാട്ടി മല്‍സരം) ജര്‍മനിയെ പ്രതിനിധീകരിക്കും.

ബീലെഫെല്‍ഡില്‍ നടന്ന മല്‍സരത്തില്‍ ഒരു ഡസനിലധികം വരുന്ന സുന്ദരിമാരെ പിന്‍തള്ളിയാണ്‌ ജാക്വിലിന്‍ എന്ന സൗന്ദര്യധാമം ജര്‍മനിയുടെ മനം കവര്‍ന്നത്‌. കേരളത്തിന്റെ പാരമ്പര്യ വിവാഹവസ്‌ത്രമണിഞ്ഞ്‌ സര്‍വാംഗവിഭൂഷിതയായി മല്‍സരവേദിയില്‍ പ്രത്യക്ഷപ്പെട്ട ജാക്വിലിന്‍ തുടക്കം മുതല്‍തന്നെ എല്ലാതരത്തിലും പ്‌ളസ്‌ പോയിന്റുകള്‍ നേടിയിരുന്നു. ഏഴുപേരടങ്ങിയ ജൂറിയാണ്‌ വിജയിയെ കണ്‌ടെത്തിയത്‌. രണ്‌ടാംസ്ഥാനം ബോഹുമില്‍ നിന്നുള്ള സാറാ ചൗദാരും മൂന്നാംസ്ഥാനം സിമോനെ മയറും കരസ്ഥമാക്കി.

ജര്‍മനിയിലെ മൊന്‍ഷന്‍ഗ്‌ളാഡ്‌ബാഹില്‍ താമസിക്കുന്ന ചമ്പക്കുളം സ്വദേശി കൂലിപ്പുരയ്‌ക്കല്‍ ജോസഫിന്റെയും (കുഞ്ഞുമോന്‍) ചുങ്കപ്പാറ സ്വദേശിനി ശാന്തമ്മയുടെയും മൂന്നുമക്കളില്‍ മൂത്തവളായ ജാക്വിലിന്‍ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം പ്രമോട്ടറായി ജോലിചെയ്യുന്നു. തിരുവനന്തപുരം വിമന്‍സ്‌ കോളജില്‍ നിന്ന്‌ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ജര്‍മനിയില്‍ ട്രാവല്‍ മാനേജ്‌മെന്റില്‍ ഡിപ്‌ളോമയും കരസ്ഥാക്കിയ ജാക്വിലിന്‍ സംഗീതം അഭ്യസിച്ചത്‌ പ്രശസ്‌ത സംഗീതജ്ഞയായ ഡോ. കെ .ഓമനക്കുട്ടിയില്‍ നിന്നാണ്‌. വയലിനിലും കഴിവ്‌ തെളിയിച്ചിട്ടുണ്‌ട്‌.

മോഡലിംഗിലും, സംഗീതത്തിലും, നൃത്തത്തിലും അതീവതല്‍പ്പരയായ ജാക്വിലിന്‍ സഹോദരികളായ ജൂലിയ, ജാസ്‌മിന്‍ എന്നിവര്‍ക്കൊപ്പം ക്‌ളാസിക്കല്‍, സെമിക്‌ളാസിക്കല്‍, സിനിമാറ്റിക്‌ ഡാന്‍സ്‌, ഫ്യൂഷന്‍ ഡാന്‍സുകള്‍ എന്നിവയില്‍ സ്വയം കോറിയോഗ്രാഫി നടത്തി അരങ്ങില്‍ മികവുപുലര്‍ത്തുന്ന ജാക്വിലിന്റെ ബഹുമുഖപ്രതിഭ ഏറെ പ്രശംസനീയമാണ്‌.

ആഗോളതലത്തില്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാര്‍ പങ്കെടുക്കുന്ന ബ്രൈഡ്‌ ഓഫ്‌ ദ വേള്‍ഡ്‌ മല്‍സരം ഈ വര്‍ഷം സെപ്‌റ്റംബറില്‍ ചൈനയിലാണ്‌ നടക്കുന്നത്‌.
മലയാളി യുവതി ജര്‍മനിയില്‍ മോഡല്‍ വധു; ബ്രൈഡ്‌ ഓഫ്‌ ദ വേള്‍ഡ്‌ മല്‍സരത്തില്‍ ചൈനയില്‍ പങ്കെടുക്കുംമലയാളി യുവതി ജര്‍മനിയില്‍ മോഡല്‍ വധു; ബ്രൈഡ്‌ ഓഫ്‌ ദ വേള്‍ഡ്‌ മല്‍സരത്തില്‍ ചൈനയില്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക