Image

... നീ എവിടെ ??? (ജോയ്‌സ് തോന്നിയാമല)

Published on 21 October, 2017
... നീ എവിടെ ??? (ജോയ്‌സ് തോന്നിയാമല)
രതിസുഖമൂര്‍ച്ചയില്‍ പിറന്ന നിന്നെ
വഴിയരിക്കെങ്ങോ വലിച്ചെറിഞ്ഞു
ഒടുങ്ങാത്ത ജീവന്റെ നാള്‍ ബലത്തില്‍
ഏതോ കരങ്ങള്‍ പുതച്ചു നിന്നെ

ഒരു ദുഃഖ പുഷ്പമായി നീ വളര്‍ന്നു
പിന്നെ, മൃദു ദള മേനി തളര്‍ന്നുറങ്ങി
വിടര്‍ന്ന നിന്‍ കണ്ണുകള്‍ തോര്‍ന്നതില്ല
ആരും നിന്‍ പുഞ്ചിരി കണ്ടതില്ല

അനാഥയായി, വാത്സല്യമേശിടാതെ
പിഞ്ചിളം പ്രായം നീ തള്ളിടവേ
പിതൃസ്‌നേഹവായ്‌പോടെ വന്നൊരുന്നാള്‍
ഇരുകരം നീട്ടി പുണര്‍ന്നിടുവാന്‍

പോയ കാലത്തിലെ കര്‍മ്മങ്ങളോ
വന്നുചേര്‍ന്നോമന ഭാഗ്യങ്ങളോ
തൊട്ടു തലോടുവാന്‍ ഓമനിക്കാന്‍
കാണുന്ന ദൈവമവതരിച്ചു

നീര്‍ക്കുമിള പോലെ ആയിരുന്നോ
നിന്നില്‍ ചൊരിഞ്ഞ കരുണ പൊന്നേ
നിന്‍ മൃദു മേനി തഴുകിടാതേ
നിര്‍ദയം താഡനം ഏറ്റുവോ നീ

പിച്ചവെച്ചോടുവാന്‍ ആവതില്ലാ
ത്തികുരുന്നെന്തു പിഴച്ചു കഷ്ടം !
ഇത്രമേല്‍ ക്രൂരത ചെയതിടുവാന്‍
അറക്കും നരാധമന്‍മാരുപോലും

ഈ ക്രൂരകൃത്യം ഹ ചെയ്തുടുവാന്‍
നിന്‍ കണ്ണു ഹ കുരുടായിരുന്നോ
തേന്‍ചിരി ഊറുമിളം മുഖത്തെ
വേണ്ടെങ്കില്‍ എന്തിനരിഞ്ഞെറിഞ്ഞു ?

അശ്രുപൂജ നിനക്കേകിടുന്നു
ഞെട്ടറ്റു വീണ ഇളം കുരുന്നേ
മായാത്ത നിന്‍ ചിരി എന്‍ മനസ്സില്‍
ഒരു തേങ്ങലായി ഉയര്‍ന്നിടുന്നു .....
Join WhatsApp News
Critique 2017-10-21 22:07:50
ചുവരുകൾക്കുള്ളിൽ ഇരുന്ന് ടെലികോൺഫ്രൻസ് നടത്തുന്നതും മുറിക്കുള്ളിൽ ഇരുന്ന് കവിത എഴുതുന്നതും ഒന്നു  തന്നെയല്ലേ തോന്നിയാമലേ ? ലേഖനം എഴുതി നാറുന്നതിനു മുൻപ് ഈ കവിത എഴുതിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ?
വിദ്യാധരൻ 2017-10-23 10:51:41

ആവതില്ലാർക്കും ഇരുട്ടിനെ തുരത്താൻ
അവതോ? ജ്വലിപ്പിക്കുക നിൻ ദീപ്തിയെ
ഇരുട്ടൊഴിഞ്ഞുപോം പ്രകാശം പരന്നിടും
തിരുടർ ഓടി ഒളിച്ചിടും പമ്പ താണ്ടിടും

ചാരുതയാർന്നൊരു പുഷ്പമായിരുന്നവൾ 
ആര് അടർത്തി മണ്ണിലെറിഞ്ഞു?  കഷ്ടമേ!
എവിടെപ്പോയി മറഞ്ഞു പ്രാണദാതാവ്?
എവിടെയോ ചേതനയറ്റു വീണതാവാം

അവതില്ലെനിക്ക് കുറിക്കുവാനൊന്നും
നോവുന്നു  നെഞ്ചകം നൊമ്പരത്താൽ
പോവുക പൈതലേ നാകലോകത്ത് നീ
താവുക അവിടെ നീ പീഡയില്ലാതെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക