Image

കൊലപാതകക്കേസില്‍ അഡ്വ: ഉദയഭാനുവിനെതിരെ കുരുക്ക് മുറുക്കുന്നു (എ.എസ് ശ്രീകുമാര്‍)

Published on 18 October, 2017
കൊലപാതകക്കേസില്‍ അഡ്വ: ഉദയഭാനുവിനെതിരെ കുരുക്ക് മുറുക്കുന്നു (എ.എസ് ശ്രീകുമാര്‍)
ക്വട്ടേഷന്റെ കാര്യത്തില്‍ ജനപ്രിയ നായകനും പ്രമുഖ അഭിഭാഷകനും ഒരുനാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന് റേപ്പ് ക്വട്ടേഷനാണെങ്കില്‍ മറ്റേത് റിയല്‍ എസ്റ്റേറ്റ് ക്വട്ടേഷനും. ആദ്യത്തെ കേസില്‍ നടന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പക്ഷേ, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവ് കൊല ചെയ്യപ്പെട്ട കേസില്‍ അഭിഭാഷകനായ സി.പി ഉദയഭാനുവിനെതിരേ പോലീസ് കുരുക്ക് മുറുക്കുന്നു. കേസിലെ ഏഴാം പ്രതിയാണ് ഉദയഭാനുവെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. വക്കീല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അന്വേഷണസംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി 16ന് പരിഗണിക്കവെയാണ് അന്വേഷണ സംഘം തങ്ങളുടെ ഭാഗം വിശദീകരിച്ചത്. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി.

അന്വേഷണവുമായി പോലീസിന് മുന്നോട്ട് പോവാമെന്ന് കോടതി അറിയിച്ചു. ഇതിനിടെയാണ് ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കേസിലെ ഏഴാം പ്രതിയാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ആവശ്യമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. ഇതേതുടര്‍ന്ന് അന്വേഷണ സംഘം, ഇന്നലെ (ഒക്‌ടോബര്‍ 17) ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി. ഭൂമിയിടപാടിന്റെ നിരവധി രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. കൊലക്കുറ്റമാണ് ഉദയഭാനുവിനെതിരേ ചുമത്തിയിരിക്കുന്നത്. വസ്തു ഇടപാടുകാരനായ അങ്കമാലി സ്വദേശി രാജീവിനെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ചാലക്കുടി പരിയാരത്തു വച്ചു നടന്ന കൊലപാതകത്തില്‍ ഉദയഭാനുവിനു പങ്കുണ്ടെന്ന റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതിനിടെ മരിച്ച രാജീവിന്റെ മകന്‍ അഖിലിനെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ഉദയഭാനുവിന് തന്റെ അച്ഛനുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടിയാണ് അഖില്‍ കേസില്‍ കക്ഷി ചേര്‍ന്നത്. രാജീവിനെ പിടികൂടി ചില രേഖകള്‍ ഒപ്പിക്കാന്‍ സി.പി ഉദയഭാനു നിര്‍ദേശം നല്‍കിയെന്ന് നേരത്തെ പിടിയിലായ റിയല്‍ എസ്റ്റേറ്റ് ഏജന്റ് ചക്കര ജോണിയും കൂട്ടാളി രഞ്ജിത്തും മൊഴി നല്കിയിരുന്നു. നേരത്തെ ജോണിയില്‍ നിന്നും അഭിഭാഷകനില്‍ നിന്നും ഭീഷണി ഉണ്ട് എന്നു കാണിച്ചു രാജീവ് ചാലക്കുടി കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സരക്ഷണം നല്‍കണം എന്ന ഉത്തരവും ഉണ്ടായിരുന്നു. ഇതാണ് അഭിഭാഷകനിലേക്ക് സംശയത്തിന്റെ മുന നീളാനുള്ള പ്രധാന കാരണം.

ഇതോടെ പ്രമാദമായ ക്വട്ടേഷന്‍ കേസുകളുടെ ഗണത്തിലേക്കാണ് ചാലക്കുടി കേസും നീങ്ങുന്നത്. 2009 ആഗസ്റ്റ് 21ന് രാത്രി 12.15ന് ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ നെടുമുടി പൊങ്ങ ജംഗ്ഷനു സമീപം മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ മുത്തൂറ്റ് ജോര്‍ജ്, ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ സംഘത്തിന്റെ കുത്തേറ്റ് മരിച്ചതായിരുന്നു അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച കേസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസും ക്വട്ടേഷന്‍ സംഘങ്ങളും ഒക്കെ ഉള്‍പ്പെട്ട കേസ് കേരള പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകന്‍ വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദ് ആണ് ക്വട്ടേഷന്‍ നല്കിയത് എന്നു തെളിയുകയുണ്ടായി. സി.ബി.ഐ ഈ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.

ഏറ്റവും ഒടുവില്‍ നടിയെ ആക്രമിച്ചു ലൈംഗികമായി പീഡിപ്പിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്കിയ കേസില്‍ നടന്‍ ദിലീപ് പിടിയിലായതും കേരളത്തെ ഞെട്ടിച്ചു. ദിലീപിനെ ഒന്നാം പതിയാക്കുമെന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന സൂചന. നിലവില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്. ആക്രമിച്ച ആളും ആക്രമണത്തിന് നിര്‍ദേശം നല്‍കിയ ആളും തമ്മില്‍ വ്യത്യാസമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.

കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. നടി ഉപദ്രവിക്കപ്പെട്ട് എട്ടു മാസം തികഞ്ഞ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചതെങ്കിലും മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ മാറ്റുകയായിരുന്നു. നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയ്യാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് കൊലപാതകത്തില്‍ അഡ്വ. സി.പി ഉദയഭാനു സംശയത്തിന്റെ നിഴലിലാകുമ്പോള്‍ തകര്‍ന്നു വീഴുന്നത് മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന പൊതു സമ്മതിയുടെ മുഖംമൂടിയാണ്. സാമൂഹ്യ-നിയമ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെടുന്ന അഭിഭാഷകനാണ് സി.പി ഉദയഭാനു. ചര്‍ച്ചകളില്‍ ന്യായത്തിന്റെയും നിയമത്തിന്റെയും പക്ഷത്തു നിന്ന് ഘോരഘോരം സംസാരിക്കുന്ന ഉദയഭാനുവിനെയാണ് ചാനല്‍ പ്രേക്ഷകരായ മലയാളികള്‍ നിത്യവും കണ്ടിട്ടുള്ളത്. തൃശൂര്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റിയായ ചന്ദ്രബോസിനെ അതിക്രൂരമായി ചവിട്ടിയും വണ്ടി ഇടിച്ചും കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിന് ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. സി. പി ഉദയഭാനുവിന്റെ പങ്ക് ഏവരും പ്രശംസിച്ചിട്ടുള്ളതാണ്. ഏറ്റവും ഒടുവില്‍ ജിഷ്ണു പ്രണോയ് കേസില്‍ ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടത് സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂറ്റര്‍ ആയി നിയമിക്കണമെന്നാണ്. ഡി.ജി.പി ഓഫീസിന് മുമ്പില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട ജിഷ്ണുവിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സമരം ഒത്തു തീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ മധ്യസ്ഥനായി പോയതും സി.പി ഉദയഭാനുവാണ്.

ആ അഭിഭാഷക ബിംബം ഇന്ന് മലയാളിയുടെ മുമ്പില്‍ തകര്‍ന്നു വീഴുകയാണ്. നിയമത്തിന്റെ കാവലാളുകള്‍ ആകേണ്ട അഭിഭാഷകര്‍ കുറ്റവാളികള്‍ ആകുന്ന പ്രവണത കേരളത്തില്‍ വര്‍ധിക്കുന്നു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ കടുത്ത പോരിലാണിപ്പോള്‍. ആ യുദ്ധം ആരംഭിക്കുന്നത് കൊച്ചിയില്‍ ഗവണ്‍മെന്‍റ് പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ്. ഏതാനും ആഴ്ച മുമ്പ് തൃശൂരില്‍ ജ്യോതിഷ് എന്ന അഭിഭാഷകന്‍ ഒരു യുവ എഞ്ചിനീയര്‍ക്ക് ക്വട്ടേഷന്‍ നല്കിയത് റോഡില്‍ ഹോണ്‍ അടിച്ചതിന്റെ പേരിലായിരുന്നു. തളിപ്പറമ്പിലെ ഒരു വൃദ്ധന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ചതും ശൈലജ എന്ന അഭിഭാഷകയായിരുന്നു. ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുവാനായുണ്ട്. ഇനിയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പടാം. ഉദയഭാനുവിനെ പോലുള്ള പൊതുസമ്മതിയുള്ള ആളുകള്‍ ഇത്തരം കടുത്ത ക്രിമിനല്‍ കേസുകളില്‍ പങ്കാളികളാണ് എന്ന ആരോപണം കേരളം എത്രത്തോളം മാഫിയ വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു എന്നതിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക