Image

രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Published on 09 March, 2012
രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ബാംഗളൂര്‍ : കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലം ഇന്ത്യന്‍ ക്രിക്കറ്റിലെ സ്ഥിരതയുടെയും വിശ്വസ്തതയുടെയും പര്യായമായിരുന്ന രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബാംഗളൂരില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ദ്രാവിഡ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായിരുന്ന അനില്‍ കുംബ്‌ളെയും ദ്രാവിഡിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ ദ്രാവിഡ് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് വിരമിക്കുന്നതെന്നും വ്യക്തമാക്കി. ഏകദിന ക്രിക്കറ്റില്‍ നിന്നു കഴിഞ്ഞ വര്‍ഷം ദ്രാവിഡ് വിടവാങ്ങിയിരുന്നു. അതേസമയം, ട്വന്റി 20 യില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് ദ്രാവിഡ് പറഞ്ഞു. ക്രിക്കറ്റ് ഭരണ -പരിശീലന രംഗത്തേക്ക് മാറുമോയെന്ന ചോദ്യത്തോട് കാത്തിരുന്നു കാണാമെന്നാണ് രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചത്.

വിദേശ മണ്ണിലും ഇന്ത്യന്‍ മണ്ണിലും ഒരുപോലെ തിളങ്ങുകയും ഏതു പ്രതിസന്ധി ഘട്ടത്തിലും ടീമിനെ ഉലയാതെ കാക്കുകയും ചെയ്ത ദ്രാവിഡ് ഇന്ത്യയുടെ വന്‍മതില്‍ എന്നാണ് ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്. ഇന്ത്യന്‍ വിജയങ്ങളില്‍ ദ്രാവിഡിന്റെ സംഭാവന സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടേതിനേക്കാള്‍ മികച്ചതാണന്ന കണക്കുകള്‍ മാത്രം മതി ഇന്ത്യന്‍ ക്രിക്കറ്റിനുള്ള ദ്രാവിഡിന്റെ സംഭാവനകളുടെ മഹത്വമറിയാന്‍.

164 ടെസ്റ്റില്‍ നിന്നു 36 സെഞ്ചുറികളും 63 അര്‍ധ സെഞ്ചുറിയും അടക്കം 52.31. ശരാശരിയില്‍ 13288 റണ്‍സ് നേടിയിട്ടുള്ള ദ്രാവിഡ് ടെസ്റ്റിലെ റണ്‍വേട്ടയില്‍ സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 1996 ജൂണ്‍ 20 ന് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റിലെ ദ്രാവിഡിന്റെ അരങ്ങേറ്റം. അഞ്ചു റണ്‍സിനാണ് അരങ്ങേറ്റ ടെസ്റ്റില്‍ ദ്രാവിഡിന് സെഞ്ചുറി നഷ്ടമായത്. അന്ന് ദ്രാവിഡിനൊപ്പം അരങ്ങേറിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി സെഞ്ചുറി തികച്ചിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ ആറാമനായി ബാറ്റിംഗിനിറങ്ങിയ ദ്രാവിഡ് പിന്നീട് മൂന്നാം നമ്പറില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി വളരുന്നതിനും കാലം സാക്ഷ്യം വഹിച്ചു.

25 ടെസ്റ്റുകളില്‍ ഇന്ത്യയുടെ നായകനായിരുന്നു ദ്രാവിഡ്. ഇതില്‍ എട്ടെണ്ണം ജയിച്ചു, ആറെണ്ണം തോറ്റു. ഇന്ത്യ വിജയം കണ്ട 2003-04ലെ പാക് പര്യടനത്തിലും, 2006 ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും, 2007 ലെ ഇംഗ്ലണ്ട് പര്യടനത്തിലും ദ്രാവിഡായിരുന്നു ഇന്ത്യയെ നയിച്ചത്. ഇന്ത്യ സമ്പൂര്‍ണമായി കീഴടങ്ങിയ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടിയ ദ്രാവിഡ് വിമര്‍ശകരെപ്പോലും അമ്പരിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ നല്ല കാര്യത്തിനും ഒരു അവസാനമുണ്‌ടെന്നതുപോലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം ദുരന്തമായി മാറിയ ഓസ്‌ട്രേലിയന്‍ പര്യടനം വിരമിക്കല്‍ തീരുമാനിക്കാന്‍ ദ്രാവിഡിനെ പ്രേരിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക