Image

രാജി സ്വന്തം ഇഷ്ടപ്രകാരം; യുഡിഎഫിലേക്കില്ല: ആര്‍.ശെല്‍വരാജ്

Published on 09 March, 2012
രാജി സ്വന്തം ഇഷ്ടപ്രകാരം; യുഡിഎഫിലേക്കില്ല: ആര്‍.ശെല്‍വരാജ്
നെയ്യാറ്റിന്‍കര: ആരുടെയും പ്രേരണയിലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് എംഎല്‍എ സ്ഥാനവും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വവും രാജിവെക്കുന്നതെന്ന് സിപിഎം നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജ്. യുഡിഎഫിലേക്ക് പോകില്ലെന്നും അതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും ശെല്‍വരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നു രാവിലെ സ്പീക്കറെ നേരില്‍ക്കണ്ടാണ് രാജിക്കത്ത് നല്‍കിയത്. ഭാവി നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരണമെന്നാണ് ആഗ്രഹം. പാര്‍ട്ടി സമ്മേളനങ്ങളിലെ വ്യക്തികേന്ദ്രീകൃതമായ ആക്രമണങ്ങളില്‍ മനംമടുത്താണ് രാജിവെയ്ക്കുന്നത്. പിബി മാര്‍ഗരേഖ ലംഘിച്ച് ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനം വരെ ഇത്തവണ വ്യക്തികേന്ദ്രീകൃത ആക്രമണമാണ് സമ്മേളനങ്ങളില്‍ ഉണ്ടായത്. സംസ്ഥാന സമ്മേളനത്തില്‍ പോലും ഇത്തരത്തില്‍ വ്യക്തികേന്ദ്രീകൃത ആക്രമണമായിരുന്നു നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ എന്ന നിലയ്ക്ക് തനിക്ക് പാറശാല മണ്ഡലം തരേണ്ടതായിരുന്നു. എന്നാല്‍ പോവുന്നെങ്കില്‍ പോട്ടെ എന്ന നിലാപാടോടെ പാര്‍ട്ടി തനിക്ക് നെയ്യാറ്റിന്‍കര മണ്ഡലം തന്നു. അവിടുത്തെ ജനങ്ങള്‍ തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ഞാന്‍ ജയിക്കുകയും ചെയ്തു. എന്നാല്‍ തനിക്കു പകരം പാറശാലയില്‍ മത്സരിച്ച സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ പരാജയപ്പെട്ടതോടെ അതിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ ചുമത്തപ്പെട്ടു.

സാധാരണഗതിയില്‍ സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ഇത് അവസാനിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നെയ്യാറ്റിന്‍കരയിലെ വലിയ വിജയമല്ല പാറശാലയിലെ പരാജയമാണ് പാര്‍ട്ടി ചര്‍ച്ച ചെയ്തത്. സംസ്ഥാന സമ്മേളനത്തിലും തന്നെ പ്രതിനിധിയാക്കിയില്ല. ജില്ലാ കമ്മിറ്റിയിലും തന്റെ വാദങ്ങള്‍ പറയാനുള്ള അവസരം ലഭിക്കാറില്ല. രാജിക്കാര്യം ജില്ലാ നേതൃത്വത്തെയും സംസ്ഥാന നേതൃത്വയുമെല്ലാം അറിയിച്ചിട്ടുണ്ട്.

യുഡിഎഫിനെതിരെ സന്ധിയില്ലാത്ത സമരം തുടരും. പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പു തന്നെ രാജിക്കാര്യം പ്രഖ്യാപിച്ചതില്‍ പ്രത്യേക ഉദ്ദേശങ്ങളില്ല. പിറവത്ത് താനോ തന്റെ ബന്ധുക്കളോ മത്സരിക്കുന്നില്ല. തങ്ങള്‍ക്കാര്‍ക്കും വോട്ടുമില്ല. എംഎല്‍എ സ്ഥാനവും പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചുവെങ്കിലും പൊതുരംഗത്ത് സജീവമായി തുടരുമെന്നും ശെല്‍വരാജ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക