Image

കരടിവധ വാരാചരണം ! (പകല്‍ക്കിനാവ്- 73: ജോര്‍ജ് തുമ്പയില്‍)

Published on 16 October, 2017
കരടിവധ വാരാചരണം ! (പകല്‍ക്കിനാവ്- 73: ജോര്‍ജ് തുമ്പയില്‍)
പലവിധത്തിലുള്ള വാരാചരണത്തിനു പ്രശസ്തമാണ് ഞങ്ങളുടെ ന്യൂജേഴ്‌സിയെങ്കിലും ഈ വാരാചരണം മൂലമാണ് ലോകമെങ്ങും ഞങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇത് മറ്റൊന്നുമല്ല. കരടിവേട്ടയുടെ കാര്യമാണ്. വര്‍ഷത്തില്‍ രണ്ടു തവണ കരടികളെ കൊല്ലാന്‍ നിയമം അനുവദിക്കുന്ന സംസ്ഥാനമാണ് ന്യൂജേഴ്‌സി. കരടി ഇവിടെ അത്രയ്ക്ക് വില്ലനാണ്. പ്രാന്തപ്രദേശങ്ങള്‍ വിട്ട് പലപ്പോഴും രാത്രിയുടെ മറവില്‍ കരടികള്‍ ഹൈവേകള്‍ മുറിച്ചു കടക്കാന്‍ എത്താറുമുണ്ട്. നഗരത്തിലുള്ളവര്‍ക്ക് ഇതു പുതുമയാണെങ്കിലും മറ്റു കൗണ്ടിപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഇത് അത്ര നല്ല സുഖമുള്ള കാര്യമല്ല. ഇവിടങ്ങള്‍ പലപ്പോഴും കരടികളുടെ വിഹാരകേന്ദ്രങ്ങളാണ്. സ്വത്തിനും ജീവനും പോലും പലപ്പോഴും കരടികള്‍ ഭീഷണി ഉയര്‍ത്തും. അതു കൊണ്ട് തന്നെ വര്‍ഷത്തില്‍ രണ്ടു തവണ കരടിവേട്ടക്കാര്‍ ഇവിടെയെത്താറുണ്ട്. പരമാവധി കരടികളെ അവര്‍ നിയമത്തിന്റെ മറവില്‍ കൊന്നൊടുക്കും. എന്നാല്‍, തൊട്ടടുത്ത വര്‍ഷം വീണ്ടും ഇതിനേക്കാള്‍ ഉശിരോടെ കരടികള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തവണ നോര്‍ത്തേണ്‍ ന്യൂജേഴ്‌സിയിലാണ് കരടിവേട്ടക്കാര്‍ കൂട്ടമായെത്തി വേട്ടയ്ക്കു വെടിപൊടിച്ചത്. ന്യൂജേഴ്‌സിയിലെ എട്ടു കൗണ്ടിയിലുള്ള കരടികളെ കൊല്ലാനാണ് വേട്ടക്കാര്‍ക്ക് അനുവാദം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള നിയമത്തില്‍ നിയന്ത്രിതമായ അളവില്‍ മനുഷ്യനു ഭീഷണിയുള്ള കരടികളെ കൊല്ലാന്‍ അനുവദിക്കുന്നുണ്ടെങ്കിലും കണ്ണില്‍ കാണുന്നതിനെയെല്ലാം വെടിവച്ചിടുന്ന രീതിയാണ് നിലവിലുള്ളതെന്നു കരടിപ്രേമികള്‍ പറയുന്നു. വേട്ടക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഒരാള്‍ക്ക് ഒരു കരടിയെ മാത്രമേ കൊല്ലാന്‍ അനുവാദമുള്ളു. അതു കൊണ്ട് തന്നെ ഉപയോഗിക്കുന്ന തോക്ക്, ബുള്ളറ്റ് എന്നിവയെല്ലാം തന്നെ കൃത്യമായി രേഖപ്പെടുത്തിയതിനു ശേഷമാണ് വേട്ടക്കാരെ കരടിക്കൂട്ടത്തിന് നേര്‍ക്ക് കടക്കാന്‍ അനുവദിക്കുക. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇതിനുള്ള അവസരം. ഒക്ടോബര്‍ ആദ്യവാരവും ഡിസംബര്‍ ആദ്യവാരവും. ഇത്തവണ ആദ്യ ദിവസം തന്നെ 206 കരടികളെ കൊന്നു. കഴിഞ്ഞ വര്‍ഷം ആകെ കൊന്നത് 636 കരടികളെയാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2800 കരടികള്‍ നോര്‍ത്തേണ്‍ ന്യൂജേഴ്‌സി ഭാഗത്തു മാത്രമുണ്ടത്രേ. നോര്‍ത്ത് റൂട്ട് 78 , റൂട്ട് 287 വെസ്റ്റ് ഭാഗങ്ങളിലാണ് കൂടുതല്‍ കരടികളുള്ളത്. ന്യൂജേഴ്‌സിയുടെ മിക്ക ഭാഗങ്ങളിലും കരടിയുടെ പ്രകടമായ സാന്നിധ്യമുണ്ടെങ്കിലും ഏറ്റവും കൂടുതലുള്ളത് ഈ ഭാഗത്താണെന്നാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ ഏജന്‍സികളുടെ കണക്കു പ്രകാരം മനുഷ്യര്‍ക്ക് മേലുള്ള കരടികളുടെ ആക്രമണം പോയവര്‍ഷത്തെ അപേക്ഷിച്ച് 68 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. വീടിന്റെ പൂട്ടുകള്‍ തകര്‍ത്ത് അകത്തു കയറി സാധനസാമഗ്രികള്‍ നശിപ്പിക്കുക, അപൂര്‍വ്വമായി മനുഷ്യനെ ആക്രമിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഈ ഭാഗത്തെ താമസക്കാര്‍ അഭിമുഖീകരിക്കുന്നത്. കരടി വേട്ടയ്ക്ക് വേണ്ടി അഞ്ചു സോണുകളിലായി തിരിഞ്ഞാണ് വേട്ടക്കാരുടെ ജോലി. വാറന്‍- സസെക്‌സ്, ഹണ്ടര്‍ഡണ്‍, മോറിസ്, പസെയ്ക്ക്, സോമര്‍സെറ്റ് എന്നീ കൗണ്ടികളിലാണ് ഇപ്പോള്‍ കരടി വേട്ട നടക്കുന്നത്. വെടിവെച്ചു കൊല്ലുന്ന കരടികളെ വേട്ടക്കാര്‍ തന്നെ എത്തിക്കുന്നുണ്ടത്രേ. ഇങ്ങനെ കൊണ്ടു വരുന്ന കരടികളെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെയാണ് മറവു ചെയ്യുക. ഇതിനെതിരേ പ്രതിഷേധക്കാരും ശക്തമായ എത്തിയിട്ടുണ്ട്. ഫ്രെഡന്‍ സ്പ്രിങ്‌ഡെയ്ല്‍ റോഡിലാണ് പരിസ്ഥിതി-മൃഗ സ്‌നേഹികള്‍ കൂട്ടത്തോടെ എത്തിയിരിക്കുന്നത്. വേട്ടക്കാര്‍ കൊല്ലാന്‍ ശ്രമിക്കുന്ന കരടികളില്‍ ഭൂരിഭാഗവും അംഗഭംഗം വരുകയോ മാരകമായി മുറിവേറ്റ് പിന്നീട് അക്രമാസക്തരായി തീരുകയോ ചെയ്യുമെന്നാണ് ഇവരുടെ വാദം. ഇത്തരത്തില്‍ പെഡല്‍ എന്ന കരടി കഴിഞ്ഞവര്‍ഷം ന്യൂജേഴ്‌സിയിലെങ്ങും താരമായിരുന്നു. മുന്‍ കാലുകള്‍ വെടിയേറ്റ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടു കാലില്‍ നടക്കുന്ന കരടിയായിരുന്നു ഇത്. ഈ കരടിയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയകളില്‍ കൂട്ടായ്മ വരെ രൂപപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഒരു ദിവസം ഇതിനെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇപ്പോഴുള്ള കരടിവേട്ട ഔദ്യോഗികമാണെങ്കിലും പലേടത്തും അനധികൃതമായി തന്നെ വേട്ടകള്‍ നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഇത്തരക്കാര്‍ക്കെതിരേയുള്ള നിയമം കര്‍ക്കശമാക്കാനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ തയ്യാറെടുക്കുന്നു. വന്യജീവി സംരക്ഷണ സംഘടനകളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥനക്ക് യാതൊരു വിലയും നല്‍കാതെയാണ് ന്യൂജേഴ്‌സിയില്‍ കരടിവേട്ട നടക്കുന്നതെന്നു കാട്ടി ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികള്‍ രംഗത്തുവന്നിട്ടുണ്ട്. അമേരിക്കയില്‍ പലേടത്തും ഇങ്ങനെ കരടികളെ കൊല്ലാനുള്ള നിയമം നിലവില്‍ വരാനിരിക്കുകയാണ്. ഇതിന്റെ ഭാഗമെന്നോണം രണ്ട് മാസം മുന്‍പ് യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ തവിട്ട് നിറമുള്ള കരടികളെ സംരക്ഷിത പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പുറകെയാണ് കരടിയെ വേട്ടയാടാന്‍ ലൈസന്‍സും നല്‍കാന്‍ തീരുമാനിച്ചത്. സാധാരണ വേട്ടക്കാര്‍ക്കോ, തോക്ക് ലൈന്‍സ് ഉള്ളവര്‍ക്കോ കരടികളെ കൊല്ലാന്‍ അനുമതിയില്ല. ഇതിനു വേണ്ടി പ്രത്യേകമായ ലൈസന്‍സ് നേടണം. ഒരു ലൈസന്‍സ് കൊണ്ട് ഒരു കരടിയെ വേട്ടയാടാം. ഒരു ലൈസന്‍സിന് അന്‍പത് ഡോളറാണ് വില. സംസ്ഥാനത്തിനു പുറത്ത് നിന്നുള്ളവര്‍ക്ക് കരടിവേട്ടയുടെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ ആയിരം ഡോളര്‍ മുടക്കേണ്ടി വരും. ഇനി രാജ്യത്തിന് പുറത്ത് നിന്നുള്ളവരാണെങ്കില്‍ 2500 ഡോളറാണ് ലൈസന്‍സ് തുക.

ഗിസ്ലി കരടികള്‍ എന്നറിയപ്പെടുന്ന ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വേട്ടക്കുള്ള ലൈസന്‍സ് ഇത്തവണ കൂടുതല്‍ തന്നെ ന്യൂജേഴ്‌സിയില്‍ നല്‍കിയത്. അമേരിക്കയില്‍ മാത്രമല്ല കാനഡയിലും കരടിവേട്ട ശക്തമാണ്. ഇവിടെ പക്ഷേ, ലൈസന്‍സ് ഒന്നും വേണ്ടത്രേ. അലാസ്ക്ക ഭാഗത്ത് കരടികളെ കൊല്ലുന്നത് വിനോദത്തിന്റെ ഭാഗമായാണ്. ടൂറിസ്റ്റുകളായി എത്തുന്നവരിലേറെയും കരടിവേട്ടയ്ക്ക് വേണ്ടി മാത്രം എത്തുന്നവരാണത്രേ. ലോകത്തെ ഏറ്റവും അപകടകാരികളായ മൃഗങ്ങളില്‍ ഒന്നാണ് അലാസ്കയിലെ കരടികള്‍. അതേസമയം, തന്നെ അപകടകരമാം വിധം വംശനാശ ഭീഷണി നേരിടുന്ന മൃഗവും. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ ഇവയെ സംരക്ഷിക്കാനുമൊരുങ്ങുന്നു. സ്വയരക്ഷക്കല്ലാതെ അലാസ്കയിലെ കരടികളെ കൊല്ലുന്നത് പൂര്‍ണ്ണമായും നിരോധിക്കാനൊരുങ്ങുകയാണ് അമേരിക്കയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റ്. മൃഗങ്ങളുടെ എണ്ണവും അവയുടെ വംശസംക്ഷണവും ഉറപ്പാക്കിയ ശേഷമാണ് വേട്ട ഇപ്പോഴും തുടരുന്നതെന്ന അലാസ്ക സ്റ്റേറ്റിന്റെ അവകാശവാദം ഏറെക്കുറെ അസ്ഥാനത്താണ്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഞ്ഞ് മൂടിക്കിടക്കുന്ന അലാസ്കയില്‍ ഏതാണ്ട് 7.5 കോടി ഏക്കര്‍ പ്രദേശമാണ് വനമേഖലയായി കണക്കാക്കുന്നത്. 2002 വരെ മൃഗങ്ങളുടെ സംരക്ഷണാര്‍ഥം കടുത്തനിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന പ്രദേശമാണ് അലാസ്ക. എന്നാല്‍ 2002 മുതല്‍ അഫ്രിക്കന്‍ രീതിയില്‍ ലൈസന്‍സ് നല്‍കി മൃഗവേട്ട ആരംഭിച്ചതോടെയാണ് കരടികളുള്‍പ്പടെയുള്ള മൃഗങ്ങള്‍ വീണ്ടും വംശനാശഭീഷണിയിലായി. യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്കിലെ കരടികളെ അവയുടെ എണ്ണം വര്‍ധിച്ചശേഷം സംരക്ഷിത പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും ന്യൂജേഴ്‌സിയിലെ കരടിവേട്ട പുരോഗമിക്കുന്നതും ചൂണ്ടിക്കാട്ടി മൃഗസ്‌നേഹികള്‍ മുന്നോട്ടു വരുമ്പോള്‍ വേട്ടക്കാര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. കൊന്നാല്‍ പാപം, തിന്നാല്‍ തീരുമെന്നാണല്ലോ. ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷം കൊന്നയാള്‍ക്ക് തന്നെ വിട്ടു കൊടുക്കും. പിന്നെ കുശാല്‍. ബാര്‍ബിക്യൂ ചെയ്യാന്‍ ഉത്തമം എന്നാണ് കഴിച്ചിട്ടുള്ളവര്‍ പറഞ്ഞിരിക്കുന്നത്. മനുഷ്യനു ഭീഷണിയായി കരടികള്‍ മാറുമ്പോള്‍ കൊല്ലുന്നതു കൊണ്ട് പാപമുണ്ടോയെന്ന ചോദ്യത്തിന് ഒരു പക്ഷേ ഉടനെയെങ്ങും ഉത്തരം കിട്ടിയെന്നു വരില്ല, പ്രത്യേകിച്ച് ന്യൂജേഴ്‌സിയില്‍ നിന്ന്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക