Image

വൈകിയറിഞ്ഞ സൗഹൃദം: ബാല

മീട്ടു റഹ്മത്ത് കലാം Published on 16 October, 2017
വൈകിയറിഞ്ഞ സൗഹൃദം: ബാല
സ്‌നേഹത്തിന്റെ ഏറ്റവും പവിത്രമായ രൂപമാണെനിക്ക് സൗഹൃദം.തേടിയലഞ്ഞ് നേടേണ്ട ഒന്നല്ലത്. ഒരു നിയോഗം പോലെ ശരിയായ നേരത്ത് എത്തിച്ചേരും.

ജീവിതത്തില്‍ സന്തോഷം മാത്രം അനുഭവിച്ച ഒരു വ്യക്തിപോലുമില്ല. ദൈവങ്ങളും പ്രതിസന്ധികളിലൂടെ കടന്നുപോയവരാണ്.നമ്മളെ എതിര്‍ത്ത് ആയിരം ആളുകള്‍ നില്‍ക്കുന്ന സാഹചര്യത്തിലും ആത്മാര്‍ത്ഥതയോടെ ഒപ്പം നില്‍ക്കുന്ന ആ ഒരാളാണ് യഥാര്‍ത്ഥ സുഹൃത്ത്. പണവും സ്വത്തും ഒന്നുമല്ലാതായി തീരുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ന്യായം മനസ്സിലാക്കി കൂടെ കാണുന്ന സുഹൃത്തിന്റെ സാന്നിധ്യമാണ് മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജം പകരുന്നത്.

ജീവിതയാത്രയില്‍ വീക്ഷണങ്ങള്‍ മാറിക്കൊണ്ടേ ഇരിക്കും.ഒരുവര്‍ഷം മുന്‍പ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ വേറൊരു പേര് പറയുമായിരുന്നു. ചിന്തയും കാഴ്ചപ്പാടുമെല്ലാം മാറിമറിഞ്ഞു. വിജയങ്ങളില്‍ കൂടെ നില്‍ക്കുന്നതില്‍ കാര്യമില്ല. ഒരു താങ്ങ് വേണമെന്ന് കൊതിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒപ്പം നില്‍ക്കുകയും നന്മ വരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന മനസ്സിന്റെ ഉടമയാണ് എന്നെ സംബന്ധിച്ച് ആത്മസുഹൃത്ത്. എന്റെ 'അമ്മ 'ചെന്താമര'യാണ് ഇപ്പോള്‍ എന്റെ ബെസ്റ്റ് ഫ്രണ്ട്.

അമ്മയിലെ സുഹൃത്തിനെ തിരിച്ചറിയാന്‍ ഞാന്‍ വൈകി.സ്വന്തം ശരീരത്തിലിരിക്കുന്ന കസ്തൂരിതേടി അലഞ്ഞ കസ്തൂരിമാനിനെപ്പോലെ ആത്മമിത്രത്തെത്തേടി ഞാന്‍ നടന്നപ്പോഴൊക്കെ കയ്യെത്തും ദൂരത്തുനിന്ന അമ്മയെ ഞാന്‍ കാണാതെപോയി. എന്റെ മനസ്സിനെ അലട്ടിയിരുന്ന എല്ലാക്കാര്യങ്ങളും തുറന്നുപറയാനും നെഞ്ചിലെ ഭാരം ഇറക്കിവെയ്ക്കാനും കഴിഞ്ഞത് അമ്മയ്ക്ക് സുഹൃത്ത് എന്ന പദവികൂടി ടാഗ് ചെയ്തശേഷമാണ്. അമ്മയെ അമ്മയായി മാത്രം കാണുമ്പോള്‍ പറയാവുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ട്. സുഹൃത്തിനോട് സംസാരിക്കുമ്പോള്‍ ആ അതിര്‍വരമ്പില്ല.

തമിഴല്ലാതെ ഒരുഭാഷയും അറിയാത്ത, കാര്യമായ വിദ്യാഭ്യാസമില്ലാത്ത പാവമാണെന്റെ 'അമ്മ. എങ്കിലും ഏതുഭാഷയിലെ സിനിമയെക്കുറിച്ചും അമ്മയ്ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ ഓര്‍ത്തുവെച്ച് തമിഴില്‍ അത് റീമേക്ക് ചെയ്ത് ഞാന്‍ അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നൊക്കെ പറയാറുണ്ട്. എന്റെ ഏറ്റവും വലിയ ഫാന്‍ ആയതുകൊണ്ട് തന്നെ ഏതു ഭാഷയില്‍ ഏതു ചാനലില്‍ എന്റെ പടം വന്നാലും എത്ര തവണ കണ്ടതാണെങ്കിലും ഒരുമടുപ്പുമില്ലാതെ 'അമ്മ കാണും.
നവരസങ്ങളായി പറയപ്പെടുന്ന ഒന്‍പതു ഭാവങ്ങള്‍ ഉണ്ടെങ്കിലും അമ്മയുടെ മുഖത്ത് കഴിഞ്ഞ 33 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും ദേഷ്യമോ വെറുപ്പോ അറപ്പോ ഞാന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന തമിഴ് ചിത്രത്തില്‍ എനിക്ക് തികച്ചും വ്യത്യസ്ത ഗെറ്റപ്പാണ്. സ്ട്രിക്റ്റായ  വര്‍ക്ക്ഔട്ടിലൂടെ പത്ത് കിലോ ഭാരമാണ് കുറച്ചത്. അതിരാവിലെ എന്നോടൊപ്പം എഴുന്നേറ്റ് ഡയറ്റിലെ കാര്യങ്ങളെല്ലാം സമയാസമയങ്ങളില്‍ ഈ പ്രായത്തിലും ഒരു കുഞ്ഞിനോടുള്ള കരുതലോടെ 'അമ്മ ചെയ്തുതരും. എത്ര ജോലിക്കാരുണ്ടെങ്കിലും ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ പ്ലേറ്റ് എടുത്തുവെയ്ക്കുന്നതു മുതല്‍ എല്ലാകാര്യങ്ങളും അമ്മയ്ക്ക് തനിയെ ചെയ്യണം. മുട്ടുവേദനയുടെ ചികിത്സയിലാണെന്നതുപോലും മറന്ന് അമ്മ, എനിക്ക് പുറംവേദന വന്ന സമയത്ത് ശുശ്രൂഷിച്ചു. അപാരമായ ഹ്യൂമര്‍ സെന്‍സ് കൊണ്ട് വിഷമങ്ങളെ ചിരിച്ച മുഖത്തോടെ നേരിടാന്‍ പഠിപ്പിച്ചതും അമ്മയാണ്. മാഞ്ഞുതുടങ്ങിയ ചിരി വീണ്ടും ചുണ്ടില്‍ വിരിയിക്കാന്‍ വേണ്ടി പറയുന്നതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ തമാശകളിലെ രസം ഞാന്‍ ഉള്‍ക്കൊണ്ടു.ഉള്ളിലെ ദുഃഖം മറച്ചുകൊണ്ട്, സ്‌നേഹിക്കുന്നവരുടെ സന്തോഷം കാണാന്‍ ആഗ്രഹിക്കുന്നിടത്താണ് സൗഹൃദം പാവനമാകുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് യാദൃച്ഛികമായി ഞാനെന്റെയൊരു ക്ലാസ്സ്‌മേറ്റിനെ കണ്ടുമുത്തുസെല്‍വി. നാലാം കഌസില്‍ പഠിക്കുമ്പോള്‍ നടന്ന സംഭവങ്ങള്‍ ഇന്നലെ കഴിഞ്ഞതുപോലെ അവര്‍ വിവരിച്ചു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സെല്‍വി എന്നെ സ്‌നേഹത്തോടെ ഓര്‍ക്കുന്നതിലും അമ്മയൊരു കാരണമാണ്.

അവള്‍ പറഞ്ഞ ഒരു കാര്യം പറയാന്‍. കയ്യക്ഷരം നന്നാക്കാന്‍ വേണ്ടി കുഞ്ഞുനാളില്‍ ടീച്ചര്‍ ഞങ്ങളോട് മഷിപ്പേനകൊണ്ട് എഴുതാന്‍ പറയും. സ്‌ട്രെയിന്‍ ചെയ്താല്‍ എന്റെ ഉള്ളംകൈ പണ്ടുമുതലേ വിയര്‍ക്കും. പേന പിടിച്ചുതുടങ്ങിയ പ്രായത്തില്‍ ഞാനെഴുതിയ അക്ഷരങ്ങള്‍ വിയര്‍പ്പുകൊണ്ട് പടരുമായിരുന്നു. ഇത് കണ്ട് ഞാനവിഷമിക്കുമ്പോള്‍ സെല്‍വി ചിരിച്ചുകൊണ്ടിരിക്കും, എന്റെ സങ്കടം മാറുകയും ചെയ്യും.

അന്നെനിക്ക് ലഞ്ച് ബോക്‌സില്‍ ആറും ഏഴും മുട്ടപുഴുങ്ങിയതൊക്കെയാണ് 'അമ്മ തന്നിരുന്നത്. രണ്ടെണ്ണം കഴിച്ചിട്ട് ബാക്കി ഞാന്‍ കൂട്ടുകാര്‍ക്ക് കൊടുക്കും. സെല്‍വി എന്റെ സുഹൃത്തായതുകൊണ്ട് അവള്‍ക്കും കൊടുത്തിരുന്നു. ഒരിക്കല്‍ പേരെന്റ്‌സ് മീറ്റിങ്ങിനു വന്ന എന്റെ അമ്മയെക്കണ്ട് സെല്‍വി ഓടിവന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:'അമ്മയുടെ മകന്‍ നല്ലവനാണ്. ഭക്ഷണത്തിന്റെ ഒരുപങ്ക് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൂടി എപ്പോഴും തരും.'അതുകേട്ടതും സന്തോഷവും അഭിമാനവുംകൊണ്ട് അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.സെല്‍വി പാവപ്പെട്ട വീട്ടില്‍ നിന്നാണ് വന്നിരുന്നതെന്നോ ഞാന്‍ കൊടുത്ത ഭക്ഷണത്തിന് അവള്‍ അത്രമാത്രം വിലകല്പിച്ചിരുന്നെന്നോ എനിക്ക് അറിയുമായിരുന്നില്ല. പിന്നീട് സെല്‍വിയ്ക്കായി ഒരു എക്‌സ്ട്രാ ടിഫിന്‍ ബോക്‌സ് കൂടി 'അമ്മ തന്നുവിടുമായിരുന്നു.

ഇന്നും സെല്‍വി ആ കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് അറിഞ്ഞപ്പോഴാണ് അമ്മയുടെ നന്മയുടെ ആഴം ഞാന്‍ ചിന്തിച്ചത്. അവരുടെ മകനായി പിറക്കാന്‍ കഴിഞ്ഞ പുണ്യം മാത്രം മതി കഴിഞ്ഞതൊക്കെ മറന്ന് പുതിയൊരു ബാലയായി എനിക്ക് മുന്നേറാന്‍.

കടപ്പാട്: മംഗളം വാരിക

വൈകിയറിഞ്ഞ സൗഹൃദം: ബാലവൈകിയറിഞ്ഞ സൗഹൃദം: ബാലവൈകിയറിഞ്ഞ സൗഹൃദം: ബാലവൈകിയറിഞ്ഞ സൗഹൃദം: ബാല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക