Image

നേതൃത്വം നേര്‍വഴിയെയാകട്ടേ: മണ്ണിക്കരോട്ട്‌

മണ്ണിക്കരോട്ട്‌ Published on 27 June, 2011
നേതൃത്വം നേര്‍വഴിയെയാകട്ടേ: മണ്ണിക്കരോട്ട്‌

നേതൃത്വം നേര്‍വഴിയെയല്ലെങ്കില്‍ നയിക്കപ്പെടുന്നവര്‍ വഴിതെറ്റും. പിന്നെ പല മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കും ചലനം. പല മാര്‍ഗ്ഗങ്ങളില്‍ ചലിക്കുമ്പോള്‍ അനശ്ചിതത്വവും അസ്ഥിരതയും അനുഭവപ്പെടും. അസ്ഥിരതയില്‍ അസ്വാസ്ഥ്യതകള്‍ ഉടലെടുക്കും. അസ്വാസ്ഥതകള്‍ ആശയക്കുഴപ്പത്തിനും ചിന്താക്കുഴപ്പത്തിനും കാരണമാകും. ആശയക്കുഴപ്പവും ചിന്താക്കുഴപ്പവും കലഹത്തിലും കയ്യൂക്കിലും കലാശിക്കും. പിന്നെ ശിഥിലീകരണമായിരിക്കും ഫലം. അതായത്‌ ഒന്നില്‍ തുടങ്ങുന്നത്‌ പലതായി പലതില്‍ `പലതു'മായി പലവിധമായി പരിണമിക്കുന്ന പ്രവണത.

നേതൃത്വത്തിലുള്ളവര്‍ അപരാധം അണികളില്‍ അടിച്ചേല്‍പ്പിക്കുക അസാധരണമല്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണം അണികളാണെന്ന്‌ ആണയിട്ടാവര്‍ത്തിക്കും. അപ്പോഴും എല്ലാ ദുഷ്‌ഫലങ്ങള്‍ക്കും കാരണക്കാരായ നേതാക്കള്‍ തലപൊക്കി, മുഖം വിടര്‍ത്തി നടക്കും. എന്നാല്‍ പ്രശ്‌നങ്ങളുടെ ഉറവിടം എവിടെയാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നതുമില്ല. അത്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംഘടനാ പരമായ, പ്രസ്ഥാനപരമായ മിക്കവാറും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടായേനെ. അതുണ്ടാകണമെങ്കില്‍ മറ്റുള്ളവര്‍ക്കുനേരെ ഒരു വിരല്‍ ചൂണ്ടുന്നവര്‍ മറ്റ്‌ നാലു വിരലും തന്നിലേക്കുതന്നെയെന്നു സ്വയം മനസ്സിലാക്കണം. ആദ്യം അവിടെയാണ്‌ ശരിയാകാനുള്ളതെന്നു സത്യം മനസ്സിലാക്കണം.

കുരുടന്‍ കാഴ്‌ചയുള്ളവനോട്‌ കണ്ണാടി ധരിക്കാന്‍ ആവശ്യപ്പെടുന്നതുപോലെയാണ്‌ സംഭവിച്ചുകൊണ്ടി രിക്കുന്നത്‌. അതായത്‌ സ്വയം മനസ്സിലാക്കാന്‍പോലും കഴിയാത്ത വിവരംകെട്ടവര്‍ തലപ്പത്തിരുന്നുകൊണ്ട്‌ സംഘടനകളെ നയിച്ചാലുണ്ടാകുന്ന അനുഭവം. അതിന്റെ പ്രയാണവും പരിണാമവുമാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നതും മുകളില്‍ പറഞ്ഞിരിക്കുന്നതും.

അമേരിക്കയിലെ മലയാളികളില്‍ ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല. മിക്ക സംഘടനകളിലും ഈ പ്രതിഭാസത്തിന്റെ പാര്‍ശ്വഫലങ്ങളും പ്രതിധ്വനിയുമാണ്‌ കാണുന്നതും കേള്‍ക്കുന്നതും. കഴിവും പ്രാപ്‌തിയുമുള്ളവരെ തള്ളിമാറ്റിക്കൊണ്ട്‌ ഒരു കൂട്ടര്‍ നേതാക്കളെന്ന പേരില്‍ തള്ളിക്കയറുന്നു. ഇടിച്ചും ഇഴഞ്ഞും ഇരന്നും കയറുന്ന ഇക്കൂട്ടരില്‍ നേതൃപാടവം എങ്ങനെ ഉണ്ടാകാന്‍? അവിടെയാണ്‌ സംസ്‌ക്കാരം വികൃതമാകുന്നതും സമൂഹം ശിഥിലമാകുന്നതും. അമേരിക്കയിലെ പത്രപ്രവര്‍ത്തന രംഗത്തും ഇത്തരം പ്രവണതകള്‍ വിരളമല്ല. ഒരു പത്രംപോലും വായിക്കാത്തവര്‍ പത്രാധിപരാകുന്നു. അവിടെയും സമൂഹത്തിന്റെ മുഖമാണ്‌ വികൃതമാകുന്നത്‌. ഇത്‌ അപഥസഞ്ചാരമാണ്‌. ഇത്തരം അപഥസഞ്ചാരികള്‍ക്കു പിന്നിലെ ചേതോവികാരം എന്താണ്‌?

സമ്പത്തും അല്ലറചില്ലറ കൂട്ടുകെട്ടും കണ്ണുകെട്ടും കൂട്ടിക്കലര്‍ത്തി നേതൃത്വത്തെ തുലനം ചെയ്യുമ്പോള്‍ നേതൃത്വം കാറ്റിലാടും. കരിയിലപോലെ പറക്കും. അവിടെ സ്വാര്‍ത്ഥമോഹങ്ങളും സ്ഥാപിതതാല്‍പര്യങ്ങളും വിജയിക്കും. പിന്നെ എന്തും ചെയ്യാമെന്ന വ്യാമോഹം. പത്തുനാല്‍പത്‌ വര്‍ഷം മുമ്പ്‌ കഴിയാതിരുന്നത്‌ ഇപ്പോഴെങ്കിലും ഒപ്പിയ്‌ക്കാമെന്ന അതിമോഹം. അപ്പോള്‍ സ്വന്തം വാര്‍ത്തയും ചിത്രവും പത്രത്താളുകളില്‍ പ്രത്യക്ഷപ്പെടും. അത്‌ മറ്റുള്ളവര്‍ കാണുമ്പോള്‍ താനൊരു തലയെടുത്ത ആളായി മാറിയെന്ന ചിന്ത. അതാണെല്ലോ എല്ലാം. അതുകൊണ്ട്‌ നയിക്കുകതന്നെ.

ഇത്തരം അപഥസഞ്ചാരത്തിലൂടെ ആര്‍ക്കും നയിക്കാനുള്ള ആര്‍ജ്ജവം സാധ്യമാകുകയില്ല എന്ന സത്യം ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. നേതാക്കള്‍ നേര്‍വഴികണ്ടെത്താന്‍ ആദ്യം നേതൃത്വം എന്താണെന്നു മനസ്സിലാക്കണം. അമേരിക്കന്‍ ഹെരിറ്റേജ്‌ നിഘണ്ടു അനുസരിച്ച്‌ നേതാക്കള്‍ `മാര്‍ഗ്ഗനിര്‍ദ്ദേശവും ദിശാബോധവും നല്‍കി നയിക്കുക' എന്നതാണ്‌. സ്വയം മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക്‌ ഇത്‌ മനസ്സിലാകുകയില്ല. സ്വയം മനസ്സിലാക്കുക എന്നതാണ്‌ ഒരു നേതാവിനുവേണ്ട പ്രഥമവും പ്രഥാനവുമായ ഗുണം. അവര്‍ക്ക്‌ ദീര്‍ഘവീക്ഷണം വേണം. സാധാരണക്കാര്‍ ചിന്തക്കുന്നതിലും വ്യത്യസ്ഥമായി ചിന്തിക്കാന്‍ കഴിയണം. തുറന്ന ആശയവിനിമയത്തിലൂടെ അണികളെ ആവേശഭരിതരാക്കാനും ഉത്സാഹഭരിതരക്കാനും കഴിയണം. അറിവും അനുഭവസമ്പത്തും അനിവാര്യമാണ്‌. ഉപരിപ്ലവമായ സ്ഥാനമാനങ്ങളില്‍നിന്ന്‌ വിട്ടു നില്‍ക്കുക.

നേതൃനിരയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നൈസര്‍ഗ്ഗിക വാസനയും പക്വതയും പരിശീലനവും വേണം. അറിവു പകരുന്ന, പ്രത്യേകിച്ച നേതൃത്വത്തെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍ വായിക്കണം. അങ്ങനെയുള്ള നേതൃത്വത്തിന്‌ നേര്‍വഴികണ്ടെത്താന്‍ കഴിയും. അപ്പോള്‍ സമൂഹത്തിന്റെ യെശസ്‌ ഉയരും. ഈ മാറ്റം നമുക്ക്‌ പ്രതീക്ഷിയ്‌ക്കാം.


Join WhatsApp News
Aniyankunju 2015-12-12 16:30:14
Heart-felt condolences to T M Samuel [Aniyan] family of Teaneck, NJ (Father-in-law of the deceased).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക