Image

ഗാന്ധിയനായ സാഹിത്യകാരന്‍, അധ്യാപകനായ പ്രാസംഗികന്‍ (അധ്യായം: 26) ഫ്രാന്‍സിസ് തടത്തില്‍

Published on 14 October, 2017
ഗാന്ധിയനായ സാഹിത്യകാരന്‍, അധ്യാപകനായ പ്രാസംഗികന്‍ (അധ്യായം: 26) ഫ്രാന്‍സിസ് തടത്തില്‍
ഒരിക്കല്‍ കോഴിക്കോട് രാഷ്ട്രദീപികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് മാണി പയസ് വിളിച്ച് ഒരു ഐറ്റം തരണമെന്ന് ആവശ്യപ്പെട്ടു. കോഴിക്കോട് സാംസ്‌കാരിക കേന്ദ്രം ഡോ. സുകുമാര്‍ അഴീക്കോടിന്റെ സപ്തതിയോടനുബന്ധിച്ച് ഒരു സ്മരണിക പോലത്തെ ഒരു പുസ്തകം ഇറക്കുന്നു. പുസ്തകം അഴീക്കോട് മാഷിനെക്കുറിച്ചുള്ളതാണെങ്കിലും അത് വെറും ഒരു സ്മരണികയല്ല അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുള്ള ഒരു സമ്പൂര്‍ണ്ണ പുസ്തകമായിരുന്നു അത്. 

ഞാനാണെങ്കില്‍ അതു വരെ ജീവിതത്തില്‍ ഒരു സാഹിത്യകാരനുമായും അഭിമുഖം നടത്തിയിട്ടില്ല. പത്രപ്രവര്‍ത്തക ട്രെയിനി, പണി തുടങ്ങിയിട്ട് ഒരു വര്‍ഷം പോലും ആയിട്ടില്ല. ഇന്റര്‍വ്യൂ ചെയ്യേണ്ടത് ചില്ലറ ആളെ ഒന്നുമല്ല. സാഹിത്യലോകത്തെ കുലപതി, പ്രസംഗകലയിലെ അഗ്രഗണ്യന്‍, കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ക്കു പോലുമില്ലാത്ത ഗാന്ധിയന്‍ പാരമ്പര്യമുള്ള,  ഗാന്ധിജിയെ നേരിട്ടുകാണുകയും അദ്ദേഹത്തോടൊപ്പം താമസിക്കുകയും ചെയ്തിട്ടുള്ള കര്‍ക്കശക്കാരനായ 'ഒറ്റയാന്‍.'
മാണി പയസ് ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ ഞാന്‍ ഒഴിഞ്ഞുമാറാന്‍ ഒരു തീവ്രശ്രമം നടത്തി. പക്ഷേ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കാന്‍ പോലും മിനക്കെടാതെ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ചോദിക്കേണ്ട ചോദ്യങ്ങളെക്കുറിച്ചും അദ്ദേഹം എന്നോടു പറയാന്‍ തുടങ്ങി. എല്ലാം കഴിഞ്ഞ് അവസാനം രണ്ടുവാക്കുകള്‍ കൂടി, ഐറ്റം എഴുതുമ്പോള്‍ ചോദ്യോത്തര ശൈലി വേണ്ട. ലേഖനത്തെ മൂന്നു ഭാഗങ്ങളായി തിരിക്കണം. ഒന്ന്- അദ്ദേഹത്തിന്റെ സാഹിത്യ-അധ്യാപന ജീവിതം, രണ്ട്- ഗാന്ധിയന്‍ ജീവിതം, മൂന്ന്- പ്രസംഗ ജീവിതം. ഇത്രയും കേട്ടതോടെ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു

അഭിമുഖം എന്നു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ചില ചെറിയ ചെറിയ ചോദ്യങ്ങള്‍ നേരത്തേ തയ്യാറാക്കി അതിനുള്ള ഉത്തരങ്ങള്‍ കുറിച്ചെടുത്ത് എങ്ങനെയെങ്കിലും ഒപ്പിക്കാമെന്ന്. അപ്പോഴതാ പറയുന്നു ചോദ്യോത്തരം വേണ്ട, അദ്ദേഹവുമായി അഭിമുഖം നടത്തിയതിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് മേഖലകളിലായി ഒരു സമഗ്രമായ ലേഖനം വേണമെന്ന്. രണ്ടാമത്തെ വാക്ക് ഇതായിരുന്നു സുദീര്‍ഘമായ അഭിമുഖം നടത്തിയാലെ കുറഞ്ഞത്  എ-4 സൈസില്‍ 12 പേജ്   ഐറ്റമെങ്കിലും വരും. പിന്നൊരു വാക്കു കൂടി കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ചയ്ക്കകം ഐറ്റം കോഴിക്കോട് എത്തിയിരിക്കണം. അതുകേട്ടതോടെ എന്റെ സകല നിയന്ത്രണവും വിട്ടു. 12  പേജ് എഴുതി ഉണ്ടാക്കണമെങ്കില്‍ ഓരോ മേഖലകളിലുമായി 20 പേജ് വീതമെങ്കിലും എഴുതിക്കൂട്ടണം. 

ഞാന്‍ അദ്ദേഹത്തിന്റെ കാലു പിടിച്ചു പറഞ്ഞു എന്നെക്കൊണ്ട് അത്രയൊന്നും എഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മാത്രമല്ല രണ്ടാഴ്ച കൊണ്ട് ഇത്രയും വലിയ ഐറ്റം എഴുതി തീരുമെന്നും തോന്നുന്നില്ല. അതെന്താ എഴുതി തീരാന്‍ പറ്റാത്തത്? ഞാന്‍ പറഞ്ഞു സമയക്കുറവാണ് സാര്‍, ഞായറാഴ്ച ഉള്‍പ്പെടെ. എല്ലാ ദിവസവും ജോലി ഉണ്ട്. എന്നെ ഒന്ന് ഒഴിവാക്കിത്തരണം. പ്ലീസ് ഇതു പറഞ്ഞതും മറുവശത്തുനിന്ന് ശകാരവര്‍ഷച്ചൊരിച്ചില്‍ തന്നെ തുടങ്ങി. താനൊക്കെ പിന്നെന്തിനാടോ പത്രപ്രവര്‍ത്തനം നടത്തുന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് സമയം ഒരു പ്രതിബന്ധം ആകരുത്, തനിക്കെന്താ രാത്രികാലങ്ങളില്‍ പണി. ഭാര്യയും കുടുംബവുമൊന്നുമില്ലല്ലോ? പറയുന്നതു കേട്ടാല്‍ മതി.' ഇനി കെഞ്ചിയിട്ടു കാര്യമൊന്നുമില്ലെന്നു മനസിലാക്കിയ ഞാന്‍ സമ്മതം മൂളി. അതുകേട്ടപ്പോള്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. അങ്ങനെ നല്ലകുട്ടിയായി സംസാരിക്ക്. എന്നിട്ടൊരു ആശ്വാസ വാക്കും: അഭിമുഖം കഴിഞ്ഞ് തന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ എഴുതിതരൂ.  നേരത്തെ തരുകയാണെങ്കില്‍ ഞാന്‍ അതുനോക്കി വേണ്ടതുപോലെ ചെയ്തുകൊള്ളാം. പിന്നെ കൂടുതലൊന്നും പറഞ്ഞില്ല.

തൃശൂരിലായിരുന്നതിനാല്‍ അഴീക്കോട് മാഷിന്റെ പ്രസംഗം പലവേദികളിലും വച്ച് ഞാന്‍ കേട്ടിട്ടുണ്ട്. സാഹിത്യ അക്കാദമി ഹാള്‍,  ടൗണ്‍ഹാള്‍ തുടങ്ങി നിരവധി വേദികളില്‍ അദ്ദേഹം പ്രസംഗിക്കുമായിരുന്നു. ഇവ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിരുന്നതു കൊണ്ട് അദ്ദേഹത്തിന്റെ ശൈലിയെക്കുറിച്ച് ഏതാണ്ട് ധാരണ ഉണ്ടായിരുന്നു. എല്ലായിടങ്ങളിലും അദ്ദേഹത്തിന്റെ പ്രസംഗ ശൈലികള്‍ വ്യത്യസ്തമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും ഞാന്‍ വായിച്ചിട്ടില്ല. ഒരാളെ ഇന്റര്‍വ്യൂ ചെയ്യുന്നതിനു മുമ്പ് ആ വ്യക്തിയെക്കുറിച്ച് ഏകദേശ ധാരണയെങ്കിലും ഇല്ലാതെ പോകരുതെന്ന് ഞങ്ങളുടെ ജേര്‍ണലിസം സ്‌ക്കൂള്‍ ഡയറക്ടര്‍ ടി. ദേവപ്രസാദ് സാര്‍ റിപ്പോര്‍ട്ടിംഗ് വിഷയത്തെക്കുറിച്ച് പഠിപ്പിച്ചതോര്‍ത്തു. A journalist should know something about everything. (ഒരു പത്രപ്രവര്‍ത്തകന്‍ എല്ലാ കാര്യങ്ങളെക്കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവനായിരിക്കണം)'. 

അദ്ദേഹത്തിന്റെ ഈ ആപ്തവാക്യം ഞാനിപ്പോഴും മനസില്‍ സൂക്ഷിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെയാണ് ജീവിതത്തിലെ സമസ്ത മേഖലകളിലുംപ്പെട്ടവരെ ഇന്റര്‍വ്യൂ ചെയ്യാന്‍ എനിക്ക് പില്‍ക്കാലത്ത് സാധിച്ചത്. അഭിമുഖത്തിനു മുമ്പ് ആ വ്യക്തിയെക്കുറിച്ചുള്ള അനുബന്ധ വായനകളും ഡാറ്റാ ശേഖരണവും ഏതൊരു പത്രപ്രവര്‍ത്തകനും അവതാരകനും അവലംബിക്കുന്നത് ഏറെ പ്രയോജനം ചെയ്യും.

അഴീക്കോട് മാഷിനെ അഭിമുഖം ചെയ്യാനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി തൃശൂര്‍ പബ്ലിക്ക് ലൈബ്രറിയില്‍  പോയി പുസ്തകങ്ങള്‍ തപ്പിയെടുത്തു. ആദ്യം കൈയ്യില്‍ കിട്ടിയ പുസ്തകവുമായി മുറിയില്‍ എത്തി. പുസ്തകത്തിന്റെ പേര് ഏറെ കേട്ടുപരിച്‌യമുള്ളതുകൊണ്ടാണ് ആ പുസ്തകം തന്നെ എടുത്തത്. പേര് : 'തത്വമസി', അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളിലും തത്വമസിയെ ഉദ്ധരിച്ചുകൊണ്ട് സംസാരിക്കുന്നത് പലപ്പോഴും കേട്ടിരുന്നു. രാത്രിയില്‍ വായനക്കു നല്ല മൂഡ് ഒക്കെ വന്നപ്പോള്‍ പുസ്തകം തുറന്ന് വായന ആരംഭിച്ചു. ആദ്യ അധ്യായം വായന തുടങ്ങിയതും ഞെട്ടിപ്പോയി. ഇതെന്തൊരു ഭാഷ! ഇത്തരമൊരു പുസ്തകം ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ആനന്ദിന്റെ കൃതികള്‍ വായിച്ചപ്പോള്‍ മലയാളത്തില്‍ ഏറ്റവും കടുകട്ടിയായ ഭാഷാശൈലി ആനന്ദിനാണെന്നാണ് ഞാന്‍ മനസിലാക്കിയത്. ഈ പുസ്തകമാകട്ടെ കടുകട്ടിയായ മലയാളഭാഷയും സംസ്‌കൃതവും ഇടകലര്‍ന്ന രചനാ ശൈലി. സാഹിത്യ വേദികളില്‍ അഴീക്കോട് മാഷ് സാമാന്യം മനുഷ്യര്‍ക്ക് കേട്ടാല്‍ മനസിലാകാത്ത ഭാഷയില്‍ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്. പക്ഷേ, തത്വമസി... 

അധ്യായം ഒന്ന് വായിച്ചുതീര്‍ക്കാന്‍ ഞാന്‍ ആ രാത്രി കഠിന ശ്രമം നടത്തി. മലയാള ഭാഷാ സാഹിത്യം പഠിച്ചിട്ടില്ലാത്ത ഞാന്‍ എന്റെ ജേര്‍ണലിസ സ്‌ക്കൂളിലെ സഹപാഠികളായിരുന്ന സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടിയിട്ടുള്ള സജി മുളന്തുരുത്തി, റീന കണ്ണിമല, ജിജോ കദളിക്കാട്ടില്‍, സുനി മാത്യു തുടങ്ങിയവരെ ഒക്കെ ഓര്‍ത്ത് അഭിമാനം കൊണ്ടു. വെറുതെയല്ല ഇവരൊക്കെ വലിയ കഥകളും സാഹിത്യരചനകളുമൊക്കെ നടത്തുന്നത്. ഇതാണ് സാഹിത്യമെങ്കില്‍ ഞാന്‍ പത്രപ്രവര്‍ത്തന ഫീല്‍ഡില്‍ നിന്നുതന്നെ പുറത്ത്.

അന്നത്തെ രാത്രി ഒരു അധ്യായം പോയിട്ട് നാലുപേജുകള്‍ വരെ വായിച്ചു തീര്‍ക്കാന്‍ കഴിയാതെ ഉറക്കം എന്റെ കണ്ണുകളെ തഴുകി അടച്ചു. തുടര്‍ന്ന് രണ്ടുമൂന്നു ദിവസങ്ങള്‍ എന്റെ ഭഗീരഥപ്രയത്‌നം തുടര്‍ന്നു. ഒരു അധ്യായം പോലും മുഴുമിപ്പിക്കാന്‍ കഴിയാതെ ഞാന്‍ ആയുധം വച്ച് കീഴടങ്ങി. നല്ല കട്ടിയുള്ള പുസ്തങ്ങള്‍ വായിച്ചാല്‍ പെട്ടെന്ന് ഉറക്കം വരുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എനിക്ക് മറിച്ചായിരുന്നു സംഭവിച്ചത്. ഉറക്കം വരാതെ രാത്രികള്‍ ആശങ്കയോടെ വായിച്ച കാര്യങ്ങള്‍ വീണ്ടും വീണ്ടും വായിച്ച് യുദ്ധത്തില്‍ തോറ്റ യോദ്ധാവിന്റെ മനസോടെ ഉറക്കം നിരാശയില്‍ എന്നെ തഴുകി തലോടുക മാത്രമാണ്   ചെയ്തത്. ഓരോ പ്രഭാതത്തിലും ഞാന്‍ ഉണര്‍ന്നുകൊണ്ടിരുന്നത് ഈ അഭിമുഖത്തെ ഭയന്നായിരുന്നു.

അങ്ങനെ ഇരിക്കെ ദേവപ്രസാദ് സാറിന്റെ മുഖം എന്റെ ഓര്‍മ്മയില്‍ വന്നു. പത്രപ്രവര്‍ത്തനത്തില്‍ ഇങ്ങനെ ഒരു കെണി കിടപ്പുണ്ടെന്ന് അനന്തപുരിയിലെ മികച്ച റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്ന പ്രസാദ് സാര്‍ എന്തുകൊണ്ട് പഠിപ്പിച്ചില്ല. അപ്പോഴാണ് പത്മവ്യൂഹത്തില്‍ നിന്നു പുറത്തു കടക്കാന്‍ അര്‍ജ്ജുനനു കൃഷ്ണന്‍ നല്‍കിയ ഉപദേശം ഞാന്‍ ഓര്‍ത്തത്. അതുതന്നെയല്ലെ പ്രസാദ് സാര്‍ ഞങ്ങളെയും പഠിപ്പിച്ചത്. അഴീക്കോട് മാഷിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഞാനെന്തിനു തത്വമസി പഠിക്കണം? അഴീക്കോടിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അദ്ദേഹത്തെക്കുറിച്ചു പഠിച്ചാല്‍ പോരെ. അങ്ങനെ അദ്ദേഹത്തെക്കുറിച്ചു വന്ന ഫീച്ചറുകളും ലേഖനങ്ങളും ദീപികയുടെ ലൈബ്രറിയും തൃശൂര്‍ പബ്ലിക്ക് ലൈബ്രറിയും പരതി നോക്കി. അദ്ദേഹത്തിനെക്കുറിച്ച് വന്നിട്ടുള്ള ഒട്ടു മിക്ക ലേഖനങ്ങളും വായിച്ച് കുറിപ്പുണ്ടാക്കി. മലയാള മനോരമയുടെ തൃശൂര്‍ ലേഖകനും ഇപ്പോള്‍ മനോരമ വിഷന്‍ ന്യൂസിന്റെ ചുമതലക്കാരനുമായി ജോണി ലൂക്കോസ് എഴുതിയ നിരവധി ലേഖനങ്ങളാണ് എന്റെ ഗവേഷണത്തില്‍ എനിക്കു ലഭിച്ചത്. അങ്ങനെ പ്രസാദ് സാറിന്റെ  ആപ്തവാക്യം ഞാന്‍ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ആദ്യമായി പ്രാവര്‍ത്തികമാക്കി.

ഇനിയാണ് അടുത്ത കടമ്പ. അദ്ദേഹത്തിന്റെ അനുമതി ലഭിക്കണം. തൃശൂര്‍ നഗരത്തിനടുത്ത് വിയ്യൂരിലാണ് വീട് എന്നറിയാം. ഇതുവരെ പോയിട്ടില്ല. ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് ഭീതിയോടെയും ആകാംക്ഷയോടെയും മടിച്ച്, മടിച്ച് വിളിച്ചു. ഫോണ്‍ എടുത്തപ്പോള്‍ തപ്പിത്തടഞ്ഞു പറഞ്ഞു: 'ഞാന്‍ ഫ്രാന്‍സിസ് തടത്തില്‍. സാറിന്റെ ഒരു ഇന്റര്‍വ്യൂ വേണമായിരുന്നു.' എനിക്കിപ്പോള്‍ നേരമില്ല എന്നു പറയുകയും ഉടന്‍ ഫോണ്‍ വയ്ക്കുകയും ചെയ്തു. ഞാന്‍ 'ഹലോ, ഹലോ, സര്‍ സാറിന്റെ' എന്നു പറഞ്ഞപ്പോഴാണ് മറുതലക്കല്‍ നിന്നു ശബ്ദമില്ലെന്നു മനസിലായത്. ഓഫീസില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയപ്പോഴാണ് വിളിച്ചത്. പ്രസ് ക്ലബില്‍ പോയിരുന്ന റിപ്പോര്‍ട്ടര്‍ പോള്‍ മാത്യു മടങ്ങി വന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. എന്റെ പരുങ്ങലും ചമ്മലും കേട്ടപ്പോള്‍ കാര്യം തിരക്കി. അപ്പോഴാണ് മാണി പയസിന്റെ ആവശ്യത്തെക്കുറിച്ച് ഞാന്‍ പോളിനോട് പറയുന്നത്: പോള്‍ പറഞ്ഞു ജോണി ലൂക്കോസിനെപ്പോലെ തഴക്കം വന്ന പത്രക്കാരെ മാത്രമെ അദ്ദേഹം അടുപ്പിക്കാറുള്ളു. നീയങ്ങോട്ട് ചെല്ല്. ആ തൊടിയില്‍ പോലും കയറ്റില്ല. മാണി പയസ് സാറിന് അറിയാത്ത കാര്യമൊന്നും അല്ലല്ലോ ഇത്. ഇനി എന്താ ചെയ്യുക. ഞാന്‍ ആശയക്കുഴപ്പത്തിലായി. പിറ്റെദിവസവും ഞാന്‍ അദ്ദേഹത്തെ വിളിച്ചു ഫോണ്‍ എടുക്കുന്നില്ല. മനോരമയിലെ ഹരികൃഷ്ണനെ വിളിച്ചു ചോദിച്ചു. ഹരിയേട്ടാ ഒന്നു ശിപാര്‍ശ ചെയ്യുമോ? ഹരികൃഷ്ണന്റെ വക കളിയാക്കാന്‍ വേറെയും കിട്ടി. ഹ.ഹ.ഹ. കൊല്ലക്കുടിയിലാണോ സൂചി വില്‍ക്കുന്നത്.' അതോടെ ആകെ നിരാശനായി. മൂന്നാം ദിവസവും ഫോണ്‍ വിളിച്ചു. പതിവുപോലെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ 'തന്നോടല്ലെ പറഞ്ഞത് പറ്റില്ലെന്ന്. എനിക്ക് അഭിമുഖത്തിനൊന്നും നേരിമില്ല.'- സാര്‍, അങ്ങനെ പറയരുത്. സാറിന്റെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് സാഹിത്യവേദി പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകത്തില്‍ അങ്ങയുടെ ജീവിതത്തിന്റെ ഒരു സമഗ്രചരിത്രം എഴുതാനാണെന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞപ്പോള്‍ അല്‍പ്പമൊന്ന് അയഞ്ഞു.

ആട്ടെ, തന്റെ പേരെന്താണെന്നാ പറഞ്ഞത്. ഞാന്‍ പേരു പറഞ്ഞു. എത്ര കാലമായി പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് ? ഞാനറിയാതെ സത്യം പറഞ്ഞു ഒരു വര്‍ഷമാകുന്നുവെന്ന്. 'അപ്പോള്‍ താന്‍ ട്രെയിനി ആണല്ലെ. തന്നെക്കൊണ്ട് എന്നെ ഇന്റര്‍വ്യൂ ഒക്കെ ചെയ്യാന്‍ പറ്റുമോ? സാഹിത്യ രംഗത്തെ ആരെയെങ്കിലും താന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടോ?' സ്വരത്തില്‍ ആത്മവിശ്വാസം വരുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു. 'ഇല്ല. പക്ഷേ എനിക്കതിനു കഴിയും സാര്‍.' വീണ്ടും പരാജിതനായി. തന്നെക്കൊണ്ടു പറ്റില്ല. വേണമെങ്കില്‍ ജോണി ലൂക്കോസിനെപ്പോലെ ഒക്കെയുള്ള അല്‍പ്പം പരിചയവും അറിവുമൊക്കെ ഉള്ളവരെ കൊണ്ടു വരൂ. എന്നിട്ട് താന്‍ കൂടെ ഇരുന്ന് പഠിക്ക്.-ഫോണ്‍ കട്ടായി.

എന്തൊരു അഹങ്കാരം! എന്റെ കണ്ണുകളില്‍ ഇരുട്ടു കയറി പണ്ടു മുതലേ ഒരു കാര്യത്തിനു ഇറങ്ങി തുനിഞ്ഞാല്‍ പിന്നോട്ടു നടക്കുന്ന സ്വഭാവമെനിക്കില്ല. ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഞാന്‍ ഇയാളെ ഇന്റര്‍വ്യൂ ചെയ്തിരിക്കും. അതുറപ്പ്. പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നു. ഉച്ചകഴിഞ്ഞ് ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യാ-ഓസ്‌ട്രേലിയായുടെ ഏകദിന ക്രിക്കറ്റ് മത്സരമുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഒരു വലിയ ആരാധകനായിരുന്നു ഞാന്‍. ക്രിക്കറ്റ് മത്സരം പോലും കാണേണ്ടെന്ന് തീരുമാനിച്ച് വിയ്യൂരിലുള്ള അഴീക്കോട് മാഷിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഡ്രൈവര്‍ വീടിന്റെ മുറ്റത്ത് നില്‍പ്പുണ്ടായിരുന്നു. ഡ്രൈവര്‍ വെറും ഒരു സാരഥി മാത്രമായിരുന്നില്ല ഒരു മകനെ പോലെ കരുതുന്നവരാണെന്നും കേട്ടിട്ടുണ്ട്. എന്റെ ബു്ദ്ധി  പറഞ്ഞു ഡ്രൈവറില്‍ കൂടി അഴീക്കോട് മാഷിലെത്തി എത്തിച്ചേരാമെന്ന്. ഞാന്‍ എന്റെ ആഗമനോദ്ദേശം ഡ്രൈവറോട് പറഞ്ഞു. നടുക്കുമെന്നു തോന്നുന്നില്ല. ഡ്രൈവര്‍ എടുത്തടിച്ചപോലെ പറഞ്ഞു. ഞാന്‍ പറഞ്ഞു നടന്നേ പറ്റൂ. ചേട്ടന്‍ സഹായിച്ചാല്‍ നടക്കും. അപ്പോള്‍ അയാള്‍ പറഞ്ഞു സാറു ബാലചന്ദ്രന്‍ വടക്കേത്ത് (പ്രമുഖ സാഹിത്യ നിരൂപകന്‍) മായി സംസാരിച്ചിരിക്കുകയാണ്. അദ്ദേഹം പോയിക്കഴിഞ്ഞാല്‍ ഊണ് കഴിഞ്ഞ് കുറച്ചുനേരം ഉറങ്ങും. കുറച്ചുകഴിഞ്ഞപ്പോള്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പുറത്തിറങ്ങി. ഞാന്‍ ചിരിച്ചുകാട്ടിയപ്പോള്‍ മാഷ് ഊണു കഴിക്കാനൊരുങ്ങുകയാണെന്ന് എന്നെയും ഡ്രൈവറെയും നോക്കി പറഞ്ഞു. ഞാന്‍ ഡ്രൈവറോടായി പറഞ്ഞു. തിരക്കില്ല, ഞാന്‍ കാത്തിരുന്നോളാം. ഊണുകഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ എന്റെ അടുത്ത് വന്നു പറഞ്ഞു. ഡ്രൈവറോട് അദ്ദേഹം ചോദിച്ചു. അയാള്‍ ഒറ്റയ്ക്കാണോ വന്നരിക്കുന്നതെന്ന്. അതായത് മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആരെയെങ്കിലും കുടെകൊണ്ടുവന്നിട്ടുണ്ടോ എന്നറിയാനായിരുന്നു. ഡ്രൈവര്‍ ഞാന്‍ ഒറ്റയ്ക്കാണ് വന്നതെന്നു പറഞ്ഞപ്പോള്‍ അയാളോടു വരണ്ട എന്നു പറഞ്ഞതാണല്ലോ. കാണാന്‍ പറ്റില്ല തിരിച്ചു പൊയ്‌ക്കോള്ളാന്‍ പറഞ്ഞു. ഞാന്‍ നിരാശ മറച്ചു പിടിച്ചു കൊണ്ടു പറഞ്ഞു. സാരമില്ല. സാറിന്റെ മനസുമാറും. ഞാന്‍ കാത്തിരിക്കാം. ഞാന്‍ വീടിന്റെ ഉമ്മറപ്പടിയിലെ അരപ്ലേസില്‍ ഇരുന്നു.

കുറച്ചുനേരം കഴിഞ്ഞ് ഒരു കൈലിമുണ്ടും ജുബയുമണിഞ്ഞ് അഴിക്കോട് മാഷ് പുറത്തു വന്നു. താനിതുവരെ പോയില്ലെ. 'തന്നോടല്ലെ കാണാന്‍ പറ്റില്ലെന്നു പറഞ്ഞത്. എനിക്കു വേറെ പണിയുണ്ട്. താന്‍ പോ. നിന്നിട്ടുകാര്യമില്ല.' തിരിഞ്ഞു നടക്കാനിരുന്ന അദ്ദേഹത്തോടു ഞാന്‍ പറഞ്ഞു സാര്‍ ഞാന്‍ എത്രനേരം വേണമെങ്കിലും കാത്തുനിന്നുകൊള്ളാം. സാറിന്റെ തിരക്കുതീരും വരെ കാത്തിരിക്കാം. അപ്പോള്‍ അഴീക്കോട് മാഷ് പറഞ്ഞ വാക്ക് എന്നെ അമ്പരപ്പെടുത്തിയെന്നു മാത്രമല്ല അദ്ദേഹത്തിന്റെ ഹൃദയത്തില്‍ കയറാനുള്ള ഒരു കച്ചിത്തുരുമ്പായും ഞാന്‍ കരുതി. 'എടോ-ഇന്ത്യാ ഓസ്‌ട്രേലിയായുടെ ക്രിക്കറ്റ് മാച്ചുണ്ട്. എനിക്ക് സച്ചിന്റെ ബാറ്റിംഗ് കാണണം. താനല്ലാതെ ആരെങ്കിലും ഈ സമയത്ത് ഇന്റര്‍വ്യൂവിനാണെന്നും പറഞ്ഞ് വരുമോ?'

അഴീക്കോട് മാഷ് ഒരു തികഞ്ഞ ക്രിക്കറ്റ് ആരാധകനായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. അക്കാലത്ത് ക്രിക്കറ്റ് യുവാക്കളുടെയും മധ്യവയസ്‌ക്കരുടെയുമൊക്കെ ഹരമായിരുന്നുവെങ്കിലും മാഷിനെപ്പോലെ ഇത്ര പ്രായമുള്ളയാള്‍ ക്രിക്കറ്റ് ആരാധകനോ? ഞാന്‍ അവസരം പാഴാക്കിയില്ല. ഞാന്‍ സച്ചിന്റെ ഒരു ആരാധകനാണു സാര്‍. അദ്ദേഹത്തിന്റെ ഷോട്ടുകള്‍ അപാരം തന്നെ. ഇത്രയ്ക്കു വലിയൊരു പ്രതിഭ ലോകത്തിലൊരു ടീമിലും ഉണ്ടെന്നു തോന്നുന്നില്ല സാര്‍.' -എന്റെ നമ്പര്‍ ഏശി. 'പിന്നെന്തിനാ താന്‍ കളി കാണാതെ ഇങ്ങോട്ടു പോന്നത്?' ഞാന്‍ പറഞ്ഞു അതിലും വലുത് അഭിമുഖമാണ് സാര്‍. ഓക്കെ എന്നാല്‍ താന്‍ അകത്തോട്ടു വാ. കളി തുടങ്ങാറായി. കളി കാണാം.- കിട്ടിയ അവസരം മുതലാക്കി ആഹ്ലാദത്തോടെ അകത്തുകയറി. ഒരു വെടിക്കു രണ്ടു പക്ഷി. കളിയും കാണാം ഒത്താല്‍ അഭിമുഖവും ഒപ്പിക്കാം.

കളി തുടങ്ങിയപ്പോഴാണ് അഴിക്കോട് എന്ന കര്‍ക്കശക്കാരന്റെ യഥാര്‍ത്ഥ മുഖം കാണുന്നത്. ഒരു കൊച്ചുകുട്ടിയെപ്പോലെ കളിയുടെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ടുകൊണ്ട് കളി വീക്ഷിക്കുന്ന ഒരു വലിയ സാഹിത്യ കാരനെ. സച്ചിന്റെ ഓരോ ഷോട്ടുകളും അതിര്‍ത്തി പായുമ്പോള്‍ സെറ്റിയില്‍ നിന്നെഴുന്നേറ്റ് കയ്യടിക്കുന്ന മാഷിനെക്കണ്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ചിരി വന്നു.
കളിക്കൊപ്പം ഓരോ പഴയ കളിയിലും സച്ചിന്‍ അടിച്ച സിക്‌സറുകളും ഫോറുകളും അതിര്‍ത്തി കടന്ന രീതികളെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ലൈവ് കമന്ററിയും നടത്തി പരിസരബോധം മറന്ന് കളിയില്‍ ലയിച്ചാണിരിപ്പ്. അതിനിടെ സച്ചിന്റെ ബാറ്റില്‍ നിന്ന് ഒരു ലോഫ്റ്റര്‍ ഷോര്‍ട്ട് ഉയര്‍ന്നു. ഗാലറിയെ ലക്ഷ്യമായി പന്ത് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം എഴുന്നേറ്റു നിന്നുകൊണ്ട് കയ്യടിച്ചുകൊണ്ട് ഉച്ചത്തില്‍ പറഞ്ഞു. 'സര്‍, ലോഫ്റ്റര്‍ ഷോട്ട്.' ക്രിക്കറ്റ് ആരാധകനാണെങ്കിലും അതിന്റെ എല്ലാ സാങ്കേതിക വശങ്ങളെക്കുറിച്ച് അത്രയ്‌ക്കൊന്നും ധാരണയില്ലാത്ത എന്റെ വായില്‍ നിന്ന് 'ലോഫ്റ്റര്‍ ഷോട്ട്' എന്ന് കേട്ടപ്പോള്‍ ക്രിക്കറ്റിലുള്ള എന്റെ 'അറിവ്' കണ്ട് അദ്ദേഹത്തിന്റെ നെറ്റിയില്‍ ആശ്ചര്യചിഹ്നം തെളിഞ്ഞുനിന്നത് ഞാന്‍ കണ്ടു.

കളി അധികം പുരോഗമിക്കും മുമ്പു തന്നെ സച്ചിന്‍ ഔട്ടായി. അതോടെ അഴീക്കോട് മാഷിന്റെ ആവേശവും തീര്‍ന്നു. ശബ്ദം കുറച്ചു വയ്ക്കാന്‍ ഡ്രൈവറോടു പറഞ്ഞശേഷം എന്നോടു സംഭാഷണം തുടങ്ങി. എന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്കായി സംഭാഷണം. വീട് കോഴിക്കോടാണെന്ന് പറഞ്ഞപ്പോള്‍ കോഴിക്കോട് എവിടെയാണെന്നായി ചോദ്യം. കോടഞ്ചേരി എന്നു പറഞ്ഞപ്പോള്‍ പണ്ടെങ്ങോ അവിടെ പ്രസംഗിക്കാന്‍ പോയിട്ടുള്ളതായി പറഞ്ഞു. കോഴിക്കോട്ടുകാര്‍ നല്ലവരാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. സാര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരുന്നില്ലേ. അപ്പോള്‍ അദ്ദേഹം വാചാലനായി എടോ ഞാന്‍ തൊഴില്‍ തുടങ്ങിയതുതന്നെ കോഴിക്കോട്ടുനിന്നാണ്. അഭിമുഖം ഏതാണ്ട് ഔപചാരികമായി ആരംഭിച്ചു. അദ്ദേഹം തുടര്‍ന്നു. മലയാള സാഹിത്യത്തിലും ഇംഗീഷ് സാഹിത്യത്തിലും ബിരുദം നേടിയശേഷം മലയാളത്തില്‍ ബിരുദാനന്തരബിരുദം നടത്തി. അപ്പോഴാണ് സംസ്‌കൃതത്തില്‍ കൂടുതല്‍ ആകൃഷ്ടനായത്. തുടര്‍ന്ന് ഭാഷയോടുള്ള അഭിനിവേശം മൂലം ഗവേഷണ വിദ്യാര്‍ത്ഥിയായി. സംസ്‌കൃതമായിരുന്നു ഐശ്ചിക വിഷയം. ഇക്കാലയളവിലാണ് സാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്നത്. ഗാന്ധിജിയുടെ ജീവിതം മാര്‍ഗദര്‍ശിയായി. അദ്ദേഹത്തെ നേരില്‍കാണാന്‍ അതിയായ മോഹമുണ്ടായി. അതിനിടെ മുബൈയിലുള്ള ഒരു അമ്മാവന്‍ അവിടെ ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഡിറ്ററായി ജോലി സംഘടിപ്പിച്ചു നല്‍കി.

ഗാന്ധിജിയെ നേരില്‍ കാണുക എന്നതായിരുന്നു തന്റെ ജീവിതലക്ഷ്യമെങ്കിലും അതിനുള്ള മാര്‍ഗമൊന്നും മുമ്പില്‍ കണ്ടില്ല. ഏതായാലും അമ്മാവന്റെ ക്ഷണം സ്വീകരിച്ച് ബോംബെയ്ക്ക് തീവണ്ടികയറി. ഭാഗ്യം കൊണ്ട് സ്വാതന്ത്ര്യ സമരത്തെ അനുകൂലിച്ചുകൊണ്ടും ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു പത്രമായിരുന്നു അത്. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ ഒരുപാട് വായിക്കാനിടയായി. ഇതിനിടെ ഗാന്ധിജിയെ നേരില്‍കാണുക എന്ന അടക്കാനാവാത്ത അഭിലാഷത്തെ തുടര്‍ന്ന് ആ പണി വേണ്ടെന്നു വെച്ച് ഗുജറാത്തിലേക്ക് തീവണ്ടികയറി. അങ്ങനെ ഗാന്ധിജിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. ഒരു സ്ഥിരം സ്വയം സേവകനായി സേവനം ചെയ്യാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് ആശ്രമത്തില്‍ താമസം തുടങ്ങി. ഗാന്ധിയുടെ ആശയങ്ങള്‍ ഗ്രാമങ്ങളിലേക്കും മറ്റും എത്തിക്കുന്ന ലഘുരേഖകള്‍ അച്ചടിക്കുന്ന ചുമതലയായിരുന്നു നല്‍കിയത്. ടൈപ്പ് സെറ്റ് ചെയ്യുകയും പ്രൂഫു വായിക്കുകയുമൊക്കെയായിരുന്നു പണി. സ്വന്തം വസ്ത്രം ചര്‍ക്കയില്‍ നൂല്‍ക്കുവാനും അവിടെവച്ചു പഠിച്ചു. ഒഴിവു സമയങ്ങളില്‍ മറ്റു സ്വയം സേവകര്‍ക്കൊപ്പം ആശ്രമത്തിലിരുന്നു ധ്യാനിക്കുക. ആശ്രമത്തിലെത്തി മൂന്നുമാസമായിട്ടും ഗാന്ധിജിയെ കാണാന്‍ പറ്റിയില്ല. അദ്ദേഹം ഭാരതം മുഴുവന്‍ ചുററിയടിച്ച് ഗ്രാമങ്ങളിലേക്കു വരെകയറിച്ചെന്ന് അഹിംസയുടെ സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.

അങ്ങനെ ഒരു ദിവസം കാത്തിരുന്ന നിമിഷം യാഥാര്‍ത്ഥ്യമായി. കറുത്തുമെലിഞ്ഞ ശരീരം താറുപാച്ചിയ മുണ്ടും ഷര്‍ട്ടിനുപകരം ഒരു മേല്‍മുണ്ടും ധരിച്ചിരുന്നു. വട്ടക്കണ്ണടയും ധരിച്ച് ആശ്രമത്തിലേക്ക് കയറിവന്നപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം ഞാനും സ്രാഷ്ടാംഗം പ്രണമിച്ചു. എന്തൊരു തേജസായിരുന്നു ആ മുഖത്ത്. ഇപ്പോഴും ആ കണ്ണുകളിലെ തിളക്കം  ഇന്നലകളിലെ എന്നപോലെ എന്റെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നു. ഏതാണ്ട് ഒരാഴ്ച അദ്ദേഹം ആശ്രമത്തിലുണ്ടായിരുന്നു. എല്ലാ വൈകുന്നേരങ്ങളും സ്വയംസേവകരുമായി അദ്ദേഹം സംവദിക്കും. മിതമായ ഭാഷയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ തൊട്ടു. എത്ര എളിമ, രാജ്യം മുഴുവന്‍ കാതോര്‍ക്കുന്ന ആ മനുഷ്യന് അതിന്റേതായ യാതൊരു ഗര്‍വോ താന്‍ഭാവമോ ഇല്ല. യാതൊരു ഗര്‍വ്വുമില്ലാതെ സാധാരണക്കാരനില്‍ ഒരാളായി അവരുടെ ഹൃദയത്തോടു ചേര്‍ന്നു നിന്നുകൊണ്ട് പറയുന്ന ഒരോ വാചകങ്ങളും ആപ്തവാക്യങ്ങളായിരുന്നു. ഓരോ വാക്കുകളും ഉരുവിടുമ്പോഴും ജനം ആര്‍പ്പുവിളികളോടെയും കരഘോഷങ്ങളോടെയുമാണ് അദ്ദേഹത്തെ ശ്രവിച്ചിരുന്നത്. അദ്ദേഹം കൂടുതലും ഗ്രാമങ്ങളില്‍ പോയി ആണ് പ്രസംഗിച്ചിരുന്നത്. അദ്ദേഹത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനമാണ് എന്നെ പ്രസംഗത്തിലൂടെ ജനങ്ങളുമായി സംവദിക്കാന്‍ പ്രേരിപ്പിച്ചത്. ആ ഗാന്ധിയന്‍ മാര്‍ഗമാണ് ഏതു കുഗ്രാമങ്ങളിലും ക്ഷണിച്ചാലും പ്രസംഗിക്കാനായി ഈ പ്രായത്തിലും പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിയന്‍ മാര്‍ഗങ്ങളിലേക്ക് സംസാരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം ഏറെ വാചാലനായപ്പോള്‍ ഞാന്‍ വിചാരിച്ചു അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും പുളകം കൊണ്ടിട്ടുള്ള മേഖല ഗാന്ധിയന്‍ ജീവിതമായിരിക്കുമെന്ന്. എന്നാല്‍ മൂന്നു മേഖലകളെക്കുറിച്ചും സംസാരിച്ചപ്പോഴും തുലനം ചെയ്യാന്‍ പറ്റാത്തവിധം രൂഢരൂലമായിരുന്നു അദ്ദേഹത്തിന്റെ ഗാന്ധിയന്‍-സാഹിത്യ-പ്രാസംഗിക ജീവിതമേഖലകള്‍.

ഏതാണ്ട് ഒന്നര വര്‍ഷത്തോളം ആശ്രമത്തില്‍ ചെലവഴിച്ച ശേഷം സ്വദേശമായ കണ്ണൂര്‍ക്ക് മടങ്ങി. ജോലി ചെയ്യാതെ ജീവിക്കാന്‍ പറ്റില്ലല്ലോ? കൈവശമുള്ള ബിരുദങ്ങളുടെ യോഗ്യതകള്‍ വച്ച് അധ്യാപകവൃത്തി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് ദേവഗിരിയില്‍ സി.എം.ഐ. അച്ചന്മാര്‍ ഒരു കോളേജ് ആരംഭിക്കാന്‍ പോകുന്നതറിഞ്ഞത്. എന്റെ യോഗ്യതകള്‍ പരിശോധിച്ച തിയഡോഷ്യസ് അച്ചന്‍ മറ്റൊന്നും നോക്കാതെ നിയമനം തന്നു മലയാളം വകുപ്പ് മേധാവിയായി. ചങ്ങനാശ്ശേരി എസ്.ബി.കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന അദ്ദേഹം അവിടെ നിന്ന് ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിലെ അതിപ്രഗല്‍ഭനായ പ്രഫ. ഷെപ്പേര്‍ഡ്, തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ഫിസിക്സ്  വിഭാഗത്തിലുണ്ടായിരുന്ന പി.സി.തോമസ്. (അദ്ദേഹം പില്‍ക്കാലത്ത് എന്‍ട്രന്‍സ് പരിശീലന രംഗത്തേക്കു മാറി. അദ്ദേഹം പഠിപ്പിച്ച കുട്ടികള്‍ റാങ്കുകള്‍ തൂത്തുവാരി ചരിത്രം സൃഷ്ടിച്ചിരുന്നു.), തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നിന്ന് പ്രഫ.ടി.കെ.മാണി., പ്രഫ.വിജയമാധവന്‍ തുടങ്ങി പത്തോളം അധ്യാപകരായിരുന്നു ഈ കോളജിന്റെ പ്രാരംഭ അധ്യാപകര്‍. 

എനിക്ക് അദ്ദേഹം ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിലെ പൂര്‍വ അധ്യാപകനായിരുന്നുവെന്നത് പുതിയ അറിവും ആശ്ചര്യവുമായി. ഞാന്‍ പറഞ്ഞു. സാര്‍ ടി.കെ.മാണിയുടെ ഇളയ മകനാണ് ഞാന്‍. ഇതു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ആശ്ചര്യം  കൊണ്ടുവിടര്‍ന്നു. 'നീ...മാണി സാറിന്റെ മകനാണോ.... നിന്നെ കണ്ടപ്പോഴെ എവിടെയോ മറന്നു വച്ച മുഖം പോലെ തോന്നിയിരുന്നു.... നിന്റെ അപ്പന്‍ ജീവിച്ചിരിപ്പുണ്ടോ മോനെ... അദ്ദേഹം നല്ലൊരു മനുഷ്യസ്‌നേഹി ആയിരുന്നു....' പറയുമ്പോള്‍ വാത്സല്യം കൊണ്ട് അദ്ദേഹത്തിന്റെ മുഖം തുടുത്തിരുന്നു.

 അന്ന് എന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നു. ആദ്യമായി എന്റെ അപ്പന്റെ മകനാണ്  ഞാനെന്ന ഗര്‍വോടെ ഒന്നു നിവര്‍ന്നു നിന്നു. കാരണം ഞാന്‍ ഇളയ സന്താനമായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രമൊന്നും അറിയില്ലായിരുന്നു. എന്റെ പിതാവ് മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ മഹാത്മ്യം ഞാന്‍ മനസിലാക്കായത്. അതേക്കുറിച്ച് പിന്നീട് വിശദീകരിക്കാം.
ഏതായാലും മാണിസാറിന്റെ മകനാണെന്നറിഞ്ഞപ്പോള്‍ അഴീക്കോട് മാഷിന്റെ നേരത്തെ ഉണ്ടായിരുന്ന ആ ഗര്‍വ്വൊക്കെ പോയി. ജോണി ലൂക്കോസിനെ പോലുള്ളവര്‍ മാത്രം അഭിമുഖം നടത്തിയിരുന്ന അഴീക്കോടെ മാഷിനെ കേവലം ട്രെയ്‌നി ആയിരുന്ന ഞാനും അഭിമുഖം നടത്താമെന്നായി.

അവസരം മുതലാക്കി ഞാന്‍ പറഞ്ഞു. സാര്‍ എനിക്ക് നാലുകാര്യങ്ങളാണ് വിശദമായി അങ്ങില്‍ നിന്നറിയാനുള്ളത്. ഒന്ന്: അങ്ങയുടെ ഗാന്ധിയന്‍ ജീവിതം, രണ്ട്: അദ്ധ്യാപന ജീവിതം. മൂന്ന് സാഹിത്യ ജീവിതം. നാല്: പ്രാസംഗ ജീവിതം. അദ്ദേഹത്തിന്റെ ബലഹീനതകളാണ് മേല്‍പ്പറഞ്ഞ വിഷയങ്ങളെന്ന് എനിക്കറിയാമായിരുന്നു. പിന്നീട് കാര്യങ്ങള്‍ എളുപ്പമായി. ഒരു മൈക്ക് മുമ്പില്‍ കിട്ടിയാല്‍ സ്വയം മറന്ന് പ്രസംഗിക്കുന്നവനെപ്പോലെ ആ വലിയ സാഹിത്യകാരന്‍ എനിക്കു മുമ്പില്‍ മനസു തുറന്നു. വിവാഹം പോലും വേണ്ടെന്ന് വച്ച് തന്റെ ജീവിതം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച അഴീക്കോട് മാഷ് ഏറ്റവും വികാരധീനനായി കണ്ടത് പ്രസംഗജീവിതത്തെക്കുറിച്ച് പറഞ്ഞ് വാചാലനായപ്പോഴാണ്. ഒരു പക്ഷേ പ്രസംഗത്തിനായി സാഹിത്യ ജീവിതം മാറ്റിവച്ചേക്കുമെന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് സാഹിത്യം സാധാരണക്കാരുടെ ഇടയിലേക്ക് കടന്നു ചെല്ലുകയില്ല; അത് എത്തിപ്പെടുന്നത് ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കു ഇടയില്‍ മാത്രമാണ്. ഒരു പാട് പേര്‍ സാഹിത്യരംഗത്തുണ്ട്. എന്നാല്‍ പാവപ്പെട്ട സാധാരണക്കാരുടെ ഇടയില്‍ കടന്നു ചെന്ന് അവരെ അറിവുകള്‍കൊണ്ട് പരിപോഷിപ്പിക്കാന്‍ പ്രസംഗത്തിനു മാത്രമെ കഴിയൂ. അതിനുവേണ്ടി അധികമാരും കടന്നു വരുന്നില്ല. അതാണ് എന്നെ പ്രസംഗ കലയിലേക്ക് ആകര്‍ഷിച്ചത്. ഗാന്ധിജിയുടെ സ്വപ്‌നമായ ഗ്രാമങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള ആഹ്വാനമാണ് ഇനി എന്റെ ജീവിതസപര്യ. എന്നായിരുന്നു അദ്ദേഹം ആവേശത്തോടെ പറഞ്ഞു നിര്‍ത്തിയത്.

സാഹിത്യജീവിതത്തിലേക്കു കടന്നു വന്നപ്പോള്‍ 'തത്വമസി' എഴുതുവാനുണ്ടായ സാഹചര്യം അദ്ദേഹം പറഞ്ഞു. 'തത്വമസി' ക്കുശേഷം അതിനുതുല്യമായി മറ്റൊരു കൃതി താന്‍ രചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന കൃതിയിലൂടെ തനിക്ക് ഏറെ വിമര്‍ശനങ്ങള്‍ സാഹിത്യലോകത്തു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്റെ ഗുരുനാഥനായ ശങ്കരക്കുറുപ്പിനെ  വിമര്‍ശിച്ച് എഴുതിയ കൃതിക്ക് ഏറ്റവും കൂടുതല്‍ പിന്തുണയും അതില്‍ തെറ്റൊന്നുമില്ലെന്നും ആദ്യം പറഞ്ഞത് ശങ്കരകുറുപ്പ് തന്നെയാണ്. താന്‍ ഇഷ്ടപ്പെടുന്ന തന്റെ മറ്റൊരു കൃതി 'ആശാന്റെ സീതാ കാവ്യം.' മാണെന്നും അദ്ദേഹം പറഞ്ഞു.

ഈയൊരു അഭിമുഖത്തിനുശേഷം അഴീക്കോട് മാഷിന്റെ പ്രസംഗം കേള്‍ക്കുവാനും റിപ്പോര്‍ട്ടുചെയ്യുവാനുമൊക്കെ പോകുമ്പോള്‍ എന്നെ കാണുന്ന മാത്രയില്‍ പേരെടുത്തു വിളിച്ച് കുശലാന്വേഷണം നടത്തുമ്പോള്‍ ഞാന്‍ മറ്റുള്ളവരെ മുമ്പില്‍ അല്‍പ്പം ഞെളിഞ്ഞു നില്‍ക്കാറുണ്ട്. ഒരിക്കല്‍ എറണാകുളത്ത് കൊച്ചിന്‍ സര്‍വകലാശാലയില്‍ ഒരു പ്രഭാഷണത്തിനു എത്തിയപ്പോള്‍ അഴീക്കോട് മാഷ് കാറില്‍ നിന്നിറങ്ങിയപ്പോള്‍ എന്നെ കണ്ടയുടന്‍ അടുത്തുവന്ന് തോളത്ത് കൈവച്ച് ചോദിച്ചു. 'താനെന്താ ഇവിടെ.' ഞാന്‍ എറണാകുളത്തേക്ക് സ്ഥലം മാറിപോയ വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. പിന്നെ തിരുവനന്തപുരത്തും പാലക്കാട്ടും കോഴിക്കോട്ടുമൊക്കെ ജോലി ചെയ്തിരുന്നപ്പോള്‍ അഴീക്കോട് മാഷിന്റെ പ്രസംഗം എവിടെയുണ്ടെങ്കിലും കേള്‍ക്കാന്‍ പോകുമായിരുന്നു. അദ്ദേഹത്തെ കാണുക എന്നതിലുപരി അദ്ദേഹത്തിന്റെ ചിന്തോദീപ്തമായ വാക്തോരണികള്‍ ശ്രവിക്കുകയെന്നതാണ് ഓരോ സ്ഥലങ്ങളിലും വ്യത്യസ്തതയോടെ ഏറെ തന്മയത്വമായി നടത്തുന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ശൈലി പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വാക്കുകളുടെ അനര്‍ഗളമായ പ്രവാഹമാണ് അദ്ദേഹം പ്രസംഗ പീഢത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഉച്ചഭാഷിണികളിലൂടെ ഒഴുകിയെത്തുന്നത്. കാണികളെ മാത്രം നോക്കിക്കൊണ്ട് അദ്ദേഹത്തിന്റെ വായില്‍ വാഗ്‌ദോരണികള്‍ ഒഴുകുമ്പോള്‍ അത് കേള്‍ക്കാനും ഒരു താളവും ലയവുമൊക്കെയുണ്ട്. അംഗചലനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഒരു തരം താളത്തിനൊപ്പം നീങ്ങുമ്പോള്‍ ശാസ്ത്രീയ സംഗീതം ആലപിക്കുകയാണെന്നേ തോന്നൂ. രാഷ്ട്രീയക്കാരേപ്പോലെ അമിതാവേശമൊന്നുമില്ല, ശബ്ദകോലാഹലങ്ങള്‍ കൊണ്ട് അലോസരപ്പെടുത്തുകയില്ല, സൗമ്യമായ ഭാഷയില്‍ എത്ര വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞാലും ഒരേമുഖഭാവം.

ചില വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇത്ര സൗമ്യനായി രോഷാകുലനാകാന്‍ കഴിയുന്ന ഒരു പ്രാസംഗികനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. വെള്ള ഖദര്‍ വസ്ത്രമണിഞ്ഞ് മൈക്കുകളോടു സംവദിക്കുമ്പോള്‍ ഒരു ഉറ്റ ചങ്ങാതിയോടു കുശലപ്രശ്‌നങ്ങള്‍ നടത്തുന്നതായെ തോന്നൂ.കാരണം കറുത്തു മെലിഞ്ഞ ശരീരം മൈക്കിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ മൈക്കാണോ അദ്ദേഹമാണോ വലുതെന്ന സന്ദേഹം മാത്രമാകും ബാക്കി.

അദ്ദേഹം പലതരത്തിലുള്ള സദസ്യരോട് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. കോളജ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയാണെങ്കില്‍ അല്‍പ്പം കൂടി ഗൗരവമേറിയ കാര്യങ്ങളാവും സംസാരിക്കുക. സാഹിത്യ വിദ്യാര്‍ത്ഥികളാണെങ്കില്‍ സാഹിത്യത്തിന്റെ ഒരു പെരുമഴ പെയ്തിറങ്ങുന്ന അനുഭവമായിരിക്കും. സദസിന്റെ സ്വഭാവത്തിനനുസരിച്ച് ശൈലികളിലും വ്യതിയാനം വരുത്തും. ശാസ്ത്രവിദ്യാര്‍ത്ഥികളോടാണെങ്കില്‍ ഒരു ശാസ്ത്രജ്ഞന്റെ അറിവോടെ, ഗവേഷക വിദ്യാര്‍ത്ഥികളോടാണെങ്കില്‍ ഒരു താത്വകന്റെ ജ്ഞാനത്തോടെ സാഹിത്യലോകത്താണെങ്കില്‍ കേട്ടുപരിചയം പോലുമില്ലാതെ അറിവിന്റെ ലോകത്തേക്ക്, സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളോടാണെങ്കില്‍ ഒരു നല്ല മിടുക്കനായ സ്‌ക്കൂള്‍ അദ്ധ്യാപകന്റെ ചുറുചുറുക്കോടെ, നഴ്‌സറി വിദ്യാര്‍്തഥികളോടാണെങ്കില്‍ കുഞ്ഞുണ്ണി മാഷിനെപ്പോലെ അവരെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു കൊച്ച് അധ്യാപകനായി.

അതെ, ഡോ.സുകുമാര്‍ അഴീക്കോട് എന്ന ഗാന്ധിയന്‍ ജീവിതമാര്‍ഗദര്‍ശിയായ അദ്ധ്യാപകനും സാഹിത്യകാരനുമൊക്കെയായ പ്രസംഗത്തെ സ്‌നേഹിക്കുന്ന വിവാഹം പോലും വേണ്ടെന്നു വച്ച് പ്രസംഗകലയെ പ്രണയിച്ച ആ പുണ്യാത്മാവ് പ്രസംഗത്തിലൂടെ ജനഹൃദയങ്ങളിലേക്ക് എന്ന ആപ്തവാക്യങ്ങളുമായി കാടും മലയും കടന്നുചെന്നു കൊച്ചുഗ്രാമങ്ങളില്‍പോലും പ്രസംഗം നടത്തുമായിരുന്നു.

തന്റെ ജീവിതത്തിന്റെ അവസാന ഘട്ടങ്ങളില്‍ പോലും നിവൃത്തിയുണ്ടെങ്കില്‍ പ്രസംഗ വേദികള്‍ ലഭിച്ചാല്‍ അദ്ദേഹം അതു നഷ്ടപ്പെടുത്തുമായിരുന്നില്ല. ഒറ്റയാനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ഒരു പ്രണയമുണ്ടായിരുന്നു. ഇരുക്കൂട്ടര്‍ക്കുമിടയില്‍ ഉണ്ടായ എന്തോ സൗന്ദര്യപിണക്കം ഇരുവരെയും തമ്മില്‍ അകറ്റിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തിനുതൊട്ടുമുമ്പുവരെ തീവ്രമായ ആ സ്‌നേഹം ഇരുവരും ഹൃദയത്തില്‍ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. സാറിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ പ്രണയിനിയും അവിവാഹിതയായി തുടരുകയായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ കണ്ണുകളടയും മുമ്പ് അദ്ദേഹത്തെ കാണാന്‍ അവര്‍ ആശുപത്രിയിലെത്തിയപ്പോള്‍ കൊച്ചുകുട്ടിയുടെ പരിഭവങ്ങളോടെ ആ കര്‍ക്കശകാരന്‍ തലതിരിച്ചുനിന്നു. 'സുഖമാണോ എന്ന ചോദ്യത്തിന് നീയെന്തിനാ വന്നത്? 

എന്നായിരുന്നു മറുപടി. ഉടന്‍ അദ്ദേഹത്തിന്റെ കര തലങ്ങള്‍ തലോടിയപ്പോള്‍ തിരിഞ്ഞു നോക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു. നിന്റെ പിണക്കമൊക്കെ മാറിയോ?' പൊട്ടിക്കരഞ്ഞുകൊണ്ട് സാഹിത്യകാരിയും അധ്യാപികയുമായ അവര്‍ പറഞ്ഞു. 'എന്റെ കൂടെ വന്നാല്‍ ഞാന്‍ പൊന്നുപോലെ നോക്കാം.' എന്നാല്‍ വരുന്നില്ല എന്ന നിഷേധഭാവത്തില്‍ ആ നിഷേധി തലയാട്ടുകയായിരുന്നു. മരണം എന്ന കോമാളി അവരുടെ ഒത്തുചേരലിനു വിഘാതമായി. ഒരാഴ്ചയ്ക്കകം അഴീക്കോട് മാഷ് എന്ന സാഹിത്യ ലോകത്തെ കുലപതി, ജനഹൃദയങ്ങളില്‍ പ്രസംഗകലയിലൂടെ ചിരപ്രതിഷ്ഠ നേടിയ യഥാര്‍ത്ഥ ഗാന്ധിയന്‍ ഈ ലോകത്തോടു തന്നെ വിടപറഞ്ഞു. ഒരു പിടിമറക്കാത്ത ഓര്‍മ്മകളുമായി.

സാഹിത്യരംഗത്തെ ചില പ്രതിഭകളുമായി ഉണ്ടായിരുന്ന രസകരമായ അനുഭവം അടുത്ത അധ്യായത്തില്‍.
Join WhatsApp News
വിദ്യാധരൻ 2017-10-15 23:13:26
നല്ലൊരു ലേഖനത്തിന് അഭിനന്ദനം .  നിങ്ങളോടൊപ്പം ഡോ. സുകുമാർ അഴിക്കോടുമായുള്ള കൂടിക്കാഴ്ച്ചയിലും അഭിമുഖസംഭാഷണത്തിലും എന്നെയും പങ്കുകൊള്ളിച്ചതിൽ നന്ദി.  കൂടുതൽ അനുഭവങ്ങളിൽ മുക്കിയെഴുതിയ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു 

benoy 2017-10-16 18:18:36
Mr. Francis Thadathil, your articles are informative, captivating and addictive. Your language is flawless. Continue to write more. Wish you all the best and hearty congratulations.
വിലാസിനി 2017-10-17 13:17:18
ചത്ത പശുവിനു മുക്കൊടം പാല്‍ 
അദേഹം ജീവിച്ചിരുന്ന കാലത്ത്  ഇത് എഴുതുവാന്‍ മേലായിരുന്നോ ?
നിങ്ങള്‍ പറയുന്നത്  ചോദ്യം ചെയ്യാന്‍ ആരും ഇല്ല  എന്ന കാലം വരെ കാത്തു ഇരിക്കണം ആയിരുന്നോ ?
Francis Thadathil 2017-10-17 23:25:18
പ്രിയപ്പെട്ട വിലാസിനി ,
 താങ്കൾ ആരാണ് എന്ന് എനിക്കറിയില്ല. ഞാൻ സാധാരണ വായനക്കാരുടെ പ്രതികരണങ്ങൾക്ക്  മറുപടി എഴുതാറില്ല, സ്വതവേ നല്ല പ്രതികാരങ്ങളാണ് ലഭിക്കാറുള്ളത് . അതുകൊണ്ടു  മാത്രമല്ല, അത് വായനക്കാരുടെ അഭിപ്രായമാണ് അതിൽ ഞാൻ ഇടപെടേണ്ട കാര്യമേയില്ല, ഇവിടെ താങ്കൾ ഒരു പ്രധാന ചോദ്യം ചോദിച്ചതിന് ഉത്തരം പറയാതെ വയ്യ. ഇവിടെ താങ്കളുടെ ഉപമ " ചത്ത പശുവിനു  മുക്കോടം പാൽ" എന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല , എന്റെ പത്ര പ്രവർത്തന ജീവിതത്തിലെ മറക്കാനാവാത്ത സ്മരണകളെ കുറിച്ചാണ് ഇവിടെ എഴുതിക്കൊണ്ടിരിക്കുന്നയത്‌. അതിൽ ജീവിച്ചിരിക്കുന്നവരെക്കുറിച്ചാണ് മരിച്ചവരെക്കാൾ ഏറെ എഴുതിയിട്ടുള്ളത്. അവരിൽ ചിലർ എന്നെയും ഇ മലയാളീ എഡിറ്ററേയും  വിളിച്ചു പുതിയ സംഭവങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. പ്രിയപ്പെട്ട വിലാസിനി , ഞാൻ എഴുതുന്ന കാര്യങ്ങൾ എന്റെ ഓർമകളിൽ നിന്നാണെങ്കിലും ഇതിനൊക്കെ വ്യക്തമായ ലിഖിതമായ രേഖകളുണ്ട്. അവ വേണെമെങ്കിൽ ത്രിശൂരിലോ കോട്ടയത്തോ ഉള്ള ദീപികയുടെ അക്കാലത്തെ പത്രങ്ങൾ ഓഫീസിൽ ലൈബ്രറികളിൽ സൂക്ഷിച്ചിട്ടുണ്ട്. വെറുതെ എന്റെ അനുഭവങ്ങളുടെ അടയാളമായ ഓര്മക്കുറിപ്പുകളെ അത്തരം താഴ്ത്തുകയോ വെല്ലുവിളിക്കുകയോ ചെയ്തതുകൊണ്ട് എന്ത് നേട്ടമാണ് താങ്കൾക്കുള്ളത്. ഞാൻ മുൻപ് എഴുതിയ  25 അദ്ധ്യായങ്ങളിലും ഇപ്പോൾ എഴുതിയ അധ്യായത്തിലും  22  വർഷങ്ങൾ തൊട്ടു താഴോട്ട് ഉള്ളവയാണ്.ഞാൻ സജീവ പത്രപ്രവർത്തനം ഉപേക്ഷിച്ചു അമേരിക്കയിൽ കുടിയേറുന്നത് വരെ, ഇപ്പോൾ താങ്കൾക്ക് സംശയങ്ങൾ ഇനിയുമുണ്ടെങ്കിൽ ഞാൻ ഈ ലേഖനത്തിലോ മുൻ ലേഖനങ്ങളിലോ സൂചിപ്പിച്ചിട്ടുള്ള ഏതെങ്കിലും പത്രപ്രവർത്തകരോട് ചോദിക്കു . അവർ പറയും ഞാൻ ആരെന്ന്. നേരത്തെ സൂചിപ്പിച്ചപോലെ ഞാൻ അമേരിക്കയിൽ വന്നതിനു ശേഷമാണു അദ്ദേഹം നിര്യാതനായത്.  അതുകൊണ്ടു അദ്ദേഹത്തിന്റെ പ്രണയിനി വിലാസിനി ടീച്ചർ അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ വന്ന വിശേഷങ്ങളും മനോരമ പത്രവും മറ്റു പത്രങ്ങളിലുമാണ് വാർത്ത വന്നത്. വിലാസിനി ടീച്ചർ ജീവിച്ചിരിപ്പുണ്ടല്ലോ ? അതുകൊണ്ടു പ്രിയപ്പെട്ട വിലാസിനി താങ്കൾ ആരായാലും ആ വിലാസിനി ടീച്ചറോട് തന്നെ ചോദിക്കുകയോ അന്നത്തെ പത്രം എടുത്തു നോക്കുകയോ ചെയുക. സത്യം അറിയണം, പറയണം, എഴുതണം.നന്ദി
ഫ്രാൻസിസ് തടത്തിൽ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക