Image

ചങ്ങാത്ത-മക്കള്‍-മരുമക്കള്‍ മുതലാളിത്ത ശൃംഖലയില്‍ ഒരു അവതാരം കൂടെ? (ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 13 October, 2017
 ചങ്ങാത്ത-മക്കള്‍-മരുമക്കള്‍ മുതലാളിത്ത ശൃംഖലയില്‍ ഒരു അവതാരം കൂടെ? (ദല്‍ഹികത്ത്:  പി.വി.തോമസ്)
ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ രാഷ്ട്രീയം കേട്ടിടത്തോളം ഒരു കുടുംബ വ്യവസായം ആണ്. അതുപോലെ തന്നെ അഴിമതിയാകട്ടെ അധികാരം ദുരുപയോഗിച്ചുള്ള ഒരു കുടുംബ കച്ചവടവും. കോണ്‍ഗ്രസിന്റെ ഒന്നാം കുടുംബം മുതല്‍ (കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വടര) മുതല്‍ ഒട്ടേറെ പേര്‍ ഇതില്‍ ഉള്‍പ്പെടും. തെക്ക് നിന്നും ഇങ്ങുപിടിച്ചാല്‍ ഒട്ടേറെ രാഷ്ട്രീയ കുടുംബങ്ങള്‍ ഉണ്ട് ഈ ചങ്ങലയില്‍. കേരളത്തില്‍ കരുണാകരന്റെ കുടുംബം മകനും മകളും ആയി രാഷ്ട്രീയത്തില്‍ രംഗപ്രവേശനം ചെയ്‌തെങ്കിലും അഴിമതിയുടെ കാര്യത്തില്‍ കാര്യമായ യാതൊരു പേരും കേള്‍പ്പിച്ചിട്ടില്ല. തമിഴ് നാട്ടില്‍ എം.ജി.ആര്‍.- ജാനകി-ജയലളിത-ശശികല കുടുംബരാഷ്ട്രീയം പ്രസിദ്ധം ആണ്. അതിലെ അവസാനത്തെ കണ്ണി- ജയലളിത-ശശികല-ചീഞ്ഞുനാറുകയാണ്. തമിഴ്‌നാട്ടില്‍ തന്നെ ഡി.എം.കെ.യുടെ കുടുംബരാഷ്ട്രീയം കുപ്രസിദ്ധം ആണ്. അധികം പറയേണ്ടതില്ല. ആന്ധ്രപ്രദേശില്‍ എന്‍.റ്റി.രാമറാവുവിന്റെ കുടുംബരാഷ്ട്രീയവും അതിന്റെ പരിണിതഫലവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. കര്‍ണ്ണാടകയില്‍ ദേവഗൗഡയുടെ കുടുംബരാഷ്ട്രീയവും പ്രസിദ്ധം ആണ്. തെലുങ്കാനയില്‍ ചന്ദ്രശേഖരറാവുവിന്റെയും മക്കളുടെയും രാഷ്ട്രീയവേഴ്ചകളും, പ്രസിദ്ധമാണ്. അഴിമതിയും. ഇനി മദ്ധ്യ ഇന്‍ഡ്യയിലെ മദ്ധ്യപ്രദേശിലും ഗുജറാത്തിലും രാഷ്ട്രീയകുടുംബവാഴ്ചയും അഴിമതിയും അത്രവ്യാപകം അല്ലെങ്കിലും രാജസ്ഥാനിലും(സിന്ധ്യമാര്‍) പഞ്ചാബിലും(ബാദല്‍മാര്‍), ജമ്മു-കാശ്മീരിലും(ഷേക്ക് അബ്ദുള്ള- മുഫദി മൊഹമ്മദ് കുമാര്‍) പ്രസിദ്ധം ആണ്. ഇനി ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ കുടുംബ വാഴ്ചയുടെയും അഴിമതിയുടെയും കൂത്തരങ്ങ് ആണ്. മുലയം സിംങ്ങ് യാദവും മക്കളും. മരുമക്കളും, മായാവതിയും(കുടുംബ വാഴ്ച ഇല്ല), ലാലു പ്രസാദ് യാദവും മക്കളും മരുമക്കളും എല്ലാം ഈ ജനാധിപത്യ അഴിമതി-കുടുംബവാഴ്ച എന്ന പ്രഹേളികയുടെ ഉദാഹരണങ്ങള്‍ ആണ്. ഈ വക ഉദാഹരണങ്ങളിലേക്ക് അധികം പോകുന്നില്ല. കാരണം ഇനിയും ഉണ്ട് വളരെ.

ഇവിടെ ഏറ്റവും ഒടുവിലായി പൊന്തി വന്ന ഒരു പേരാണ് ജെ ഷാ ഇദ്ദേഹം ഇന്ന് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ രണ്ടാമത്തെ ഏറ്റവും ശക്തിമാനായ, പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞാല്‍, വ്യക്തിയുടെ മകന്‍ ആണ്. അതായത് സാക്ഷാല്‍ അമിത് ഷാ എന്ന ബി.ജെ.പി. അദ്ധ്യക്ഷന്റെ മകന്‍. ജെ ഷാ എന്ന കച്ചവടക്കാരന്‍ റോബര്‍ട്ട് വടരയെപ്പോലെയും കാര്‍ത്തി ചിദംബരത്തെപ്പോലെയും മറ്റും മറ്റും പല രാഷ്ട്രീയ കുടുംബവാഴ്ചക്കാരെയും പോലെയും കോടികള്‍ അനധികൃതമായി സ്വരൂപിച്ചു കൂട്ടി എന്നാണ് 'വയര്‍' എന്ന ഒരു വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 'വയര്‍' ഒരു സംഘം പ്രൊഫഷ്ണല്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ഒരു വാര്‍ത്താ പോര്‍ട്ടല്‍ ആണ്.

ഇവരുടെ വാര്‍ത്തപ്രകാരം ജെ ഷാ എന്ന അമിത് ഷായുടെ മകന്‍ കോടിക്കണക്കിന് രൂപ ബി.ജെ.പി. അധികാരത്തില്‍ വന്നതിന് ശേഷം സമ്പാദിച്ചു. അതിന്റെ രതന ചുരുക്കം ഇങ്ങനെ ആണ്. മാധ്യമസ്ഥാപനം ഉദ്ധരിച്ചിരിക്കുന്നത് രജിസ്ട്രാര്‍ ഓഫ് കസനീസിനെ ആണ്. അത് പ്രകാരം ജെ ഷാ ഉള്‍പ്പെട്ട ടെമ്പിള്‍ എന്റര്‍പ്രൈസസ് സ്വകാര്യകമ്പനിയുടെ ആസ്ഥി ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, അതായത് നരേന്ദ്രമോഡി പ്രധാനമന്ത്രിയും അമിത് ഷാ ബി.ജെ.പി. അദ്ധ്യക്ഷനും ആയതിനു ശേഷം, വെറും ഒരു വര്‍ഷം കൊണ്ട് 16,000 മടങ്ങ് വര്‍ദ്ധിച്ചു. അതായത് 2014-15-ല്‍ വെറും അമ്പതിനായിരം രൂപ ആയിരുന്നത് 2015-16-ല്‍ 80.5 കോടി ആയി മാറി. ഈ കമ്പനി നഷ്ടത്തിന്റെ പേരില്‍ നാണയ നിര്‍വ്വീര്യകരണത്തിന് ഒരു മാസം മുമ്പ്- 2016 ഒക്ടോബറില്‍-അടച്ചു പൂട്ടി. നാണയ നിര്‍വ്വീര്യകരണം നിലവില്‍ വരുന്നത് നവംബര്‍ 8-ന് ആണ്. ജെ ഷായുടെ കച്ചവട ഇടപാടുകളില്‍ രാഷ്ട്രീയസ്വാധീനം ഉണ്ടായിരുന്നു എന്നാണ് ആരോപണം. ഉദാഹരണം ആയിട്ട് അദ്ദേഹത്തിന്റെ കമ്പനി കെ.ഐ.എഫ്. എസ്.ഫൈനാന്‍ഷ്യല്‍ സര്‍വ്വീസസ് എന്ന സ്ഥാപനത്തില്‍ നിന്നും എടുത്ത 15.78 കോടി രൂപയുടെ വാഴ്ച. ഈ കടം എടുത്ത വര്‍ഷം ഈ കമ്പനിയുടെ ആകെ വരുമാനം ഏഴ് കോടി രൂപ മാത്രം ആയിരുന്നു. അങ്ങനെ വേറെയും ആരോപണങ്ങള്‍. പക്ഷേ, ഇതിനെ ജെഷായും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ആര്‍.എസ്.എസും. നിരാകരിച്ചു. ഷാന്യൂസ് പോര്‍ട്ടലിനെതിരെ 100 കോടിരൂപയുടെ സിവില്‍ മാനനഷ്ടകേസ് ഫയല്‍  ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഒടുവില്‍ ഒരു ക്രിമിനല്‍ മാനനഷ്ടകേസ് ആണ് ഫയല്‍ ചെയ്തത്. അതിലും അധികാര ദുര്‍വിനിയോഗവും ക്രമക്കേടും ആരോപിക്കപ്പെട്ടു.

അതായത് ഷാക്ക് വേണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത് കേന്ദ്രഗവണ്‍മെന്റിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആണ്. പക്ഷേ, ഇതിനെതിരെ ആരോപണം ഉണ്ടായപ്പോള്‍ കേന്ദ്രമന്ത്രി ഗോയല്‍ പറഞ്ഞത് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇതിന് അനുമതി നല്‍കിയിരുന്നു എന്നാണ്. ഇതാണ് അധികാര ദുര്‍വിനയോഗം. അല്ലാതെന്താണ് ഇത്? എങ്ങനെ ഒരു കേന്ദ്രമന്ത്രിക്ക് ഒരു ആരോപണവിധേയനായ വ്യക്തിയെ വിചാരണക്കും ന്യായവിധിക്കും മുമ്പെ പ്രതിരോധിക്കാം? ഒരു ക്ലീന്‍ ചിറ്റ് നല്‍കാം? എങ്ങനെ സര്‍ക്കാരിന്റെ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറലിന് ഒരു കുറ്റാരോപിതന് വേണ്ടി ഹാജരാകാം? എന്തുകൊണ്ടാണ് ഷായുടെ ആസ്തി 16,000 മടങ്ങ് വര്‍ദ്ധിച്ചത്? എന്തുകൊണ്ടാണ് അദ്ദേഹം നാണയനിര്‍വ്വീര്യകരണത്തിന് ഒരു മാസം മുമ്പ് കച്ചവടം അടച്ച് പൂട്ടിയത്?  എന്തായിരുന്നു ഷായുടെ കയറ്റുമതി-ഇറക്കുമതി കച്ചവടം? ഇതെല്ലാം തീര്‍ച്ചയായും ജനസമക്ഷം വരേണ്ടതാണ്.

ജെ ഷാ തീര്‍ച്ചയായും മാനനഷ്ടകേസിലൂടെ അദ്ദേഹത്തെ പ്രതിരോധിച്ചിട്ടുണ്ട്. പക്ഷേ, മാനനഷ്ടകേസുകളുടെ ഭാവിയും ചരിത്രവും ഏല്ലാവര്‍ക്കും അറിയാവുന്നത് ആണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും നിശബ്ദത പാലിക്കുകയാണ് നല്ലത്. പക്ഷേ, പ്രതിപക്ഷം വാചാലം ആവുകയാണ്. ജനം അക്ഷമരും. യു.പി.എ. ഗവണ്‍മെന്റിനെ ജനം വലിച്ചെറിഞ്ഞത് പ്രധാനമായും അഴിമതിയുടെ പേരില്‍ ആണ്. പക്ഷേ, ഇപ്പോള്‍ മോഡി ഗവണ്‍മെന്റും അഴിമതിയിലേക്കും ചങ്ങാത്ത- മക്കള്‍ മുതലാളിത്വത്തിലേക്കു മൂക്കുകുത്തുകയാണ്. അതും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ വഴി. മറ്റും ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഈ സര്‍ക്കാരിനെതിരെ ഉണ്ട്. അതില്‍ ചിലത് ആണ് ബിര്‍ല- സഹാറ ഡയറി, ജി.എസ്.പി.സി.എല്‍., വ്യാപം, ലളിത് മോഡി, വിജയ മാല്ല്യ, റൈസ്-മെനിങ്ങ് അഴിമതികള്‍. എന്തു മറുപടി ഉണ്ട് മോഡിക്ക്? ഇതിനൊപ്പം ആണ് സാമ്പത്തീക മാന്ദ്യതയും, തൊഴില്‍ സൃഷ്ടിക്കലിലുള്ള പരാജയവും. എന്ത് മറുപടി ആണ് മോഡിക്കും ഷാക്കും നല്‍കുവാന്‍ ഉളളത്?

ഇതുപോലെയുള്ള മാധ്യമ വെളിപ്പെടുത്തലുകളെ സുപ്പാരി ജേര്‍ണലിസം-കൂലിതല്ല്- എന്നു പറഞ്ഞാണ് സംഘപരിവാറും ഗവണ്‍മെന്റും ആക്ഷേപിക്കുന്നത്. പക്ഷേ, ഇതേ 'കൂലി എഴുത്തുകാര്‍' തന്നെ ആണ് 2-ജി സ്‌പെക്ട്രവും കല്‍ക്കരി കുംഭകോണവും എഴുതി പ്രസിദ്ധീകരിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജെ ഷായുടെ വിഷയത്തില്‍ ഉയര്‍ത്തിയിരിക്കുന്ന മറു ചോദ്യം ശ്രദ്ധേയം ആണ്. 80 അഴിമതി കേസുകള്‍ക്കും 180, 000 കോടിരൂപക്കും ചങ്ങാത്ത മുതലാളിത്തത്തിനും കോണ്‍ഗ്രസ് മറുപടി പറയണം എന്നാണ് ഇറാനിയുടെ വാദം. ഇത് ഒരു തരം മുടന്തന്‍ ന്യായം ആണ്. ഗുജറാത്ത് വംശഹത്യയെ കുറിച്ച് പറയുമ്പോള്‍ 1984-ലെ സിക്ക് വിരുദ്ധ കലാപം ഉന്നയിക്കുന്നതുപോലെ അബദ്ധ ജഡിലം ആണ്. രണ്ടും മനുഷ്യ വിരുദ്ധം ആണ്. ഒന്നില്‍ ബി.ജെ.പി. ഗവണ്‍മെന്റ്(മോഡി) മറ്റൊന്നില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റും(രാജീവ് ഗാന്ധി) ആണ് പ്രതികള്‍ എന്ന വ്യത്യാസം മാത്രം. അതുകൊണ്ട് തെറ്റ് തെറ്റല്ലാതെ ആകുമോ?

ഇവിടെ ആര്‍ക്കാണ് റോബര്‍ട്ട് വടരയെ പ്രതിരോധിക്കേണ്ടത്? അദ്ദേഹത്തിന്റെ ഭൂമി ഇടപാടുകള്‍(പ്രധാനമായും ഹരിയാന) കുപ്രസിദ്ധം ആണ്. ഇവിടെ ആര്‍ക്കാണ് കാര്‍ത്തിചിദംബരത്തെ പ്രതിരോധിക്കേണ്ടത്? ആര്‍ക്കും അത് വേണ്ട. അതുപോലെ തന്നെ ജെഷായേയും ആര്‍ക്കും പ്രതിരോധിക്കേണ്ടതായിട്ടില്ല. അദ്ദേഹത്തിന്റെ അനധികൃത സാമ്പത്തീക ഇടപാടുകള്‍ കൂടെ സി.ബി.ഐ.യോ ജുഡീഷ്യല്‍ കമ്മീഷനോ അന്വേഷിച്ച് വെളിച്ചത്ത് കൊണ്ടുവരട്ടെ. മോഡിയോ അമിത്ഷായോ നിയമത്തിനും രാഷ്ട്രത്തിനും അതീതര്‍ അല്ലല്ലോ.

 ചങ്ങാത്ത-മക്കള്‍-മരുമക്കള്‍ മുതലാളിത്ത ശൃംഖലയില്‍ ഒരു അവതാരം കൂടെ? (ദല്‍ഹികത്ത്:  പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക