Image

വീര സവര്‍ക്കര്‍: നായകനോ പ്രതിനായകനോ? (ജോസഫ് പടന്നമാക്കല്‍)

Published on 12 October, 2017
വീര സവര്‍ക്കര്‍: നായകനോ  പ്രതിനായകനോ? (ജോസഫ് പടന്നമാക്കല്‍)
സ്വാതന്ത്ര്യ സമരപോരാളിയും പിന്നീട് സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് പ്രതിനായകനുമായിരുന്ന വിനായക ദാമോദര സവര്‍ക്കര്‍ അഥവാ വീര സവര്‍ക്കര്‍ ഹിന്ദുത്വ ആശയ സംഹിതകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിപ്ലവ പാതകളില്‍ക്കൂടിയുള്ള സംഭവ ബഹുലങ്ങളായ ജീവിതം പുരാണങ്ങളിലുള്ള ഐതിഹാസിക വീരന്മാരെപ്പോലെ വിസ്മയകരവും നിഗൂഢാത്മകവുമായിരുന്നു. യുവാവായിരുന്ന കാലങ്ങളില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നെങ്കിലും പിന്നീട് ബ്രിട്ടീഷുകാര്‍ക്കൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് എതിരായി പ്രവര്‍ത്തിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ജയിലില്‍ കിടന്നപ്പോള്‍ ജയില്‍ മോചനത്തിനായി കരുണ കിട്ടാന്‍ സ്വാതന്ത്ര്യ സമരത്തിന് എതിരായി പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞ ചെയ്യണമായിരുന്നു. അവരോട് കൂറും പുലര്‍ത്തണമായിരുന്നു. ആ പ്രതിജ്ഞ അദ്ദേഹം മരണം വരെ പാലിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ ചിപ്വാന്‍ ബ്രാഹ്മണ കുടുംബത്തില്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ 1883 മെയ് ഇരുപത്തിയെട്ടാം തിയതി ജനിച്ചു. അച്ഛന്‍ ദാമോദരനും അമ്മ രാധാഭായി സവര്‍ക്കറുമായിരുന്നു. ഗണേഷ്, നാരായണ്‍ എന്ന രണ്ടു സഹോദരരും 'മൈന' എന്ന സഹോദരിയുമുണ്ടായിരുന്നു. 'ഭയപ്പെടരുത്, ദൈവമാണ് ശക്തി, അതുകൊണ്ട് നിന്നെക്കാളും ശത്രു ശക്തനെങ്കിലും വിജയം വരെ യുദ്ധം ചെയ്യൂ,' ഇതായിരുന്നു സവര്‍ക്കറിന്റെ ആപ്ത വാക്യം. 'മിത്രമേള' എന്ന യുവാക്കളുടെ സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. ദേശീയ കാഴ്ചപ്പാടോടെയുള്ള വിപ്ലവമായിരുന്നു ലക്ഷ്യം. 1901-ല്‍ സവര്‍ക്കര്‍ 'യമുന ഭായി'യെ വിവാഹം ചെയ്തു. 1902-ല്‍ പൂനയില്‍ ഫെര്‍ഗുസണ്‍ കോളേജില്‍ പഠനം ആരംഭിച്ചു. യൂണിവേഴ്സിറ്റി വിദ്യാഭ്യാസ ചെലവുകള്‍ വഹിച്ചിരുന്നത് അദ്ദേഹത്തിന്റെ ഭാര്യാ പിതാവായിരുന്ന രാമചന്ദ്ര ട്രയമ്പക ചിപ്ലൂങ്കര്‍ (Ramchandra Triambak Chiplunkar) ആയിരുന്നു. യുവാവായിരുന്നപ്പോള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നവര്‍ ബാല ഗംഗാധര തിലകന്‍, ബിപിന്‍ ചന്ദ്ര പാല്‍, ലാലാ ലജ്പത് റായ് എന്നീ തീവ്ര രാഷ്ട്രീയ ചിന്തകരായിരുന്നു.

ഹിന്ദു വര്‍ഗീയ വിഭാഗീയ ചിന്തകള്‍ സവര്‍ക്കറിന്റെ മനസ്സില്‍ ചെറുപ്പം മുതലേയുണ്ടായിരുന്നു. 1894-95-ല്‍ പന്ത്രണ്ടാം വയസ്സില്‍ സ്‌കൂള്‍ കുട്ടികളുമൊത്ത് ഹിന്ദു മുസ്ലിം ലഹളയുടെ പശ്ചാത്തലത്തില്‍ പൂനയില്‍ ഒരു മോസ്‌ക്ക് ആക്രമിക്കുകയുണ്ടായി. കല്ലുകളെറിഞ്ഞു മോസ്‌ക്കിന്റെ ജനലുകള്‍ തകര്‍ക്കുകയും മോസ്‌ക്കിന് ഭീമമായ നഷ്ടങ്ങള്‍ വരുത്തുകയുമുണ്ടായി. ഹിന്ദുക്കള്‍ മുസ്ലിമുകളെ കൊല്ലുന്ന വേളയില്‍ കുട്ടിയായിരുന്ന സവര്‍ക്കരും കൂട്ടുകാരും തെരുവുകളില്‍ തുള്ളിക്കൊണ്ടു ഡാന്‍സ് ചെയ്യുമായിരുന്നു. അവരുടെ ധീരതയുടെ അടയാളമായി മോസ്‌ക്കിന്റെ മുകളില്‍ ഹിന്ദുക്കളുടെ ചിന്ഹങ്ങളുള്ള കൊടികളും ഉയര്‍ത്തുമായിരുന്നു. ബ്രിട്ടീഷുകാരോട് കൂറ് പുലര്‍ത്തുന്നതിനുമുമ്പ് ഹൈന്ദവ ആചാരമായ സതി നിര്‍ത്തല്‍ ചെയ്തതിലും അദ്ദേഹം എതിര്‍പ്പു പ്രകടിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ എഴുതിയിരുന്നു.

ക്രിസ്ത്യാനികളെയും സവര്‍ക്കര്‍ ആക്രമിച്ചു കൊണ്ടിരുന്നു. 'ഹിന്ദു മതത്തിന്റെ അടിസ്ഥാനം തകര്‍ക്കാനാണ് സര്‍ക്കാര്‍ ഓരോ നിയമവും പാസാക്കുന്നതെന്നും ഹിന്ദുക്കളുടെ ഇടയിലുള്ള വര്‍ണ്ണ വ്യവസ്ഥകളെ നശിപ്പിക്കണമെന്ന ഉദ്ദേശത്തിലാണ് വലിയ തോതില്‍ തൊഴിലാളികളെ നിയമിച്ചു റെയില്‍വേ നിര്‍മ്മിക്കുന്നതെന്നും' അദ്ദേഹം എഴുതി. റയില്‍ ചക്രവണ്ടികള്‍ നിര്‍മ്മിക്കുന്നതും ഹൈന്ദവരുടെ തൊഴില്‍ ധര്‍മ്മത്തിനെതിരായി അദ്ദേഹം വീക്ഷിച്ചു. ക്രിസ്ത്യന്‍ മിഷ്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഭീമമായ പണം നല്‍കുന്നുവെന്നും ആവലാതിപ്പെട്ടിരുന്നു. അദ്ദേഹം എഴുതി 'വൈസ്രോയി 'കാനിംഗ് പ്രഭു'വിന്റെ ലക്ഷ്യം ഇന്ത്യ മുഴുവന്‍ ക്രിസ്ത്യന്‍ രാജ്യമാക്കുകയെന്നതാണ്. ഒരു സിപ്പോയി ക്രിസ്തുമതം സ്വീകരിച്ചാല്‍ അയാളെ പുകഴ്ത്തുകയും അയാള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം നല്‍കുകയും ചെയ്യുന്നു. അയാള്‍ക്ക് പെട്ടെന്ന് ശമ്പളം വര്‍ദ്ധിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും പതിവാണ്. സര്‍ക്കാരിന്റെ ലക്ഷ്യം ഹിന്ദുമതത്തെ നശിപ്പിച്ചു ക്രിസ്തുമതം പ്രചരിപ്പിക്കുകയെന്നതാണ്. ഓരോ പള്ളിയും ഇടിച്ചു താഴെയിടണം, കുരിശുകള്‍ തകര്‍ക്കണം, ഓരോ ക്രിസ്ത്യാനിയെയും സമൂഹത്തില്‍നിന്നും തുടച്ചുമാറ്റണം.'

ബിരുദമെടുത്ത ശേഷം അദ്ദേഹം നിയമം പഠിക്കാനായി ഇംഗ്‌ളണ്ടില്‍ പോയി. ഭാരതത്തിന്റെ സാംസ്‌കാരികവും പൈതൃകവുമായ ഹിന്ദു മതത്തിലേക്ക് വീണ്ടും വരാന്‍ സവര്‍ക്കര്‍ 'ഹിന്ദുത്വ' ആശയ സംഹിതകള്‍ക്ക് രൂപം കൊടുത്തു'. അദ്ദേഹം യുക്തിവാദി, മാനവ മത ചിന്തകന്‍, പ്രകൃതി തത്ത്വ ജ്ഞാനി, നാസ്തിക ചിന്തകന്‍, സാര്‍വത്രിക ചിന്തകന്‍ എന്നിങ്ങനെ അറിയപ്പെടുന്നു. എല്ലാ മതങ്ങളുടെയും യാഥാസ്ഥിതികത്വം അദ്ദേഹം എതിര്‍ത്തിരുന്നു. യാഥാര്‍ഥ്യ വാദങ്ങള്‍ക്കും പ്രായോഗിക വീക്ഷണ വാദങ്ങള്‍ക്കും മുന്‍ഗണന കൊടുത്തിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ യുദ്ധം എന്ന അര്‍ത്ഥം വരുന്ന 'ദി ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്' (The Indian War of Independence) എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പുസ്തകം നിരോധിക്കുകയും ചെയ്തു.

സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ദേശീയ പട്ടാളത്തെ സംഘടിപ്പിക്കുന്ന സമയത്ത് സവര്‍ക്കര്‍ കൊളോണിയല്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി യുവജനങ്ങളെ പട്ടാളത്തില്‍ ചേര്‍ത്തുകൊണ്ടിരുന്നു. 'ഇന്ത്യാ ഹിന്ദുക്കളുടെ' എന്ന മുദ്രിത ചിന്തകളുടെ' അടിസ്ഥാനത്തില്‍ ഹിന്ദുക്കളെ രണ്ടായി വിഭജിച്ച് സ്വാതന്ത്ര്യ സമരത്തിനു വിഘ്‌നം വരുത്താനും പ്രവര്‍ത്തിച്ചിരുന്നു. വര്‍ഗീയ ചിന്തകള്‍ ഉണര്‍ത്തി രാജ്യത്തെ വിഭജിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും അദ്ദേഹം ഗാന്ധിജിക്ക് എതിരായി പ്രവര്‍ത്തിക്കുകയായിരുന്നു. ഗാന്ധിജിയുടെ വധത്തിലെ ഗൂഢാലോചനക്കാരില്‍ സവര്‍ക്കരുടെ പേരുമുണ്ടായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ഗാന്ധി വധത്തില്‍ സവര്‍ക്കറിനെയോ ആര്‍.എസ്.എസിനെയോ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു നീതികരണവുമില്ല. അങ്ങനെയൊരു ചിന്താഗതി മാറി മാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളും നേതാക്കളും ജനങ്ങളുടെ മനസ്സില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനു പങ്കില്ലെന്ന് എല്ലാ ജുഡീഷ്യറി കമ്മീഷനുകളും വ്യക്തമാക്കിയിട്ടുള്ളതാണ്. ഗാന്ധിവധത്തെ സംബന്ധിച്ച് കുറ്റാന്വേഷകരുടെ അനേകം ജഡ്ജുമെന്റുകള്‍ ഉണ്ട്. ആ ജഡ്ജുമെന്റില്‍ എല്ലാം അവരെ കുറ്റവിമുക്തരാക്കിയിട്ടേയുള്ളൂ. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ആര്‍.എസ്.എസ് കാര്‍ക്ക് ഗാന്ധിവധത്തില്‍ പങ്കുണ്ടോയെന്നന്വേഷിക്കാന്‍ ഉത്തരവിട്ടു. ജസ്റ്റിസ് കപൂറെന്ന റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെ അതിനായി നിയമിച്ചിരുന്നു. അദ്ദേഹം വിശദമായി ഗാന്ധിവധത്തെ പഠിച്ചുകൊണ്ട് അവര്‍ക്കു ഗാന്ധിവധത്തില്‍ യാതൊരു പങ്കുമില്ലെന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. ഒരു ജുഡീഷ്യറി ബോഡി ഗാന്ധിവധത്തില്‍ ആര്‍.എസ്.എസ്. സംഘടനയ്ക്ക് പങ്കില്ലെന്നു തെളിയിച്ചിട്ടും വീണ്ടും കുപ്രചരണങ്ങളുമായി നടക്കുന്നത് നീതീകരിക്കാന്‍ സാധിക്കാത്ത രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമാണ്.

നരേന്ദ്ര മോദി മന്ത്രിസഭ വന്നതില്‍ പിന്നീട് സവര്‍ക്കരുടെ ചരിത്രം വ്യത്യസ്തങ്ങളായിട്ടാണ് ഇന്ന് വ്യാഖ്യാനിക്കുന്നത്. സവര്‍ക്കര്‍ രാജ്യത്തിന്റെ ഉത്തമപുത്രനെന്നും സര്‍വ്വ ജനതയ്ക്കും മാതൃകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജന്മദിനാശംസയില്‍ മോദി പറയുകയുണ്ടായി. ഹിന്ദുത്വയുടെ ഈ ദിവ്യന്റെ പ്രതിമയ്ക്ക് മുമ്പില്‍ പ്രധാനമന്ത്രി തല കുനിച്ചു ആദരിക്കുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും ഇന്ത്യ ചരിത്രത്തിനും വില തീരാത്ത സംഭാവനകളാണ് സവര്‍ക്കര്‍ നല്‍കിയിരിക്കുന്നതെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും അഭിപ്രായപ്പെടാറുണ്ട്. അദ്ദേഹത്തെ ഒരു സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക രാഷ്ട്രീയ ചിന്തകനുമായിട്ടാണ് ആധുനിക ചരിത്രത്തില്‍ അറിയപ്പെടുന്നത്. വാസ്തവത്തില്‍ സവര്‍ക്കര്‍ സ്വാതന്ത്ര്യത്തിനായി പൊരുതിയോ എന്ന ചോദ്യത്തിന് പൊരുതിയെന്ന ഉത്തരം മാത്രമേയുള്ളൂ. പക്ഷെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര ശ്രമങ്ങളൊക്കെ പത്തൊമ്പതാം നൂറ്റാണ്ടിലുള്ള യുവത്വകാലങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നു. ഹിന്ദുത്വ പ്രസ്ഥാനം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം ഒരു നാസ്തികനോ യുക്തിവാദിയോ ആയിരുന്നു.

1906-ല്‍ കപ്പല്‍ യാത്ര ചെയ്ത് അദ്ദേഹം ഇംഗ്ലണ്ടില്‍ നിയമം പഠിക്കാന്‍ പോയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പട പൊരുതാന്‍ അവിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി സംഘടനയുണ്ടാക്കി. സംഘടനയുടെ മുമ്പാകെ അദ്ദേഹം പറഞ്ഞിരുന്നു, 'നമ്മള്‍ കൊളോണിയല്‍ ബ്രിട്ടീഷുകാരെപ്പറ്റിയുള്ള ആരോപണങ്ങള്‍ അവസാനിപ്പിക്കണം; അവരുടെ നിയമങ്ങളെപ്പറ്റിയുള്ള ആവലാതികള്‍ ഇല്ലാതാക്കണം; ഒരു നിയമത്തിന്റെ പരിധി നാം നിശ്ചയിക്കാതെ നിയമം ഉണ്ടാക്കാനുള്ള അധികാരം നമുക്കു വേണം.' 'മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് വേണ്ടത് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്'.

എന്നിരുന്നാലും സമയം വന്നപ്പോള്‍ ഇന്ത്യയില്‍ കൊളോണിയല്‍ സാമ്രാജ്യത്തിനെതിരെയുണ്ടായ വിപ്ലവങ്ങളെ സവര്‍ക്കര്‍ എതിര്‍ക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാരെ പൂര്‍ണ്ണമായും പിന്താങ്ങുന്ന ഒരു നയം അദ്ദേഹം സ്വീകരിച്ചു. ഇങ്ങനെയുള്ള മാറ്റങ്ങള്‍ സംഭവിച്ചത് അദ്ദേഹത്തിനു ഒരു കൊലക്കേസിനോടനുബന്ധിച്ചുള്ള അമ്പതു കൊല്ലം ജയില്‍ശിക്ഷ ലഭിച്ചപ്പോഴായിരുന്നു. ആന്‍ഡമാന്‍ ഐലന്‍ഡിലെ ജയിലിലായിരുന്നു അദ്ദേഹത്തെ ശിക്ഷയ്ക്കുശേഷം പാര്‍പ്പിച്ചിരുന്നത്.

1909 ജൂലൈ ഒന്നാം തിയതി അദ്ദേഹത്തിന്റെ സുഹൃത്തായ മദന്‍ ലാല്‍ ഡിംഗാര എന്നയാള്‍ ഒരു ബ്രിട്ടീഷ് ഓഫീസറായ കാഴ്സണ്‍ വൈലിയേ വധിച്ചതില്‍ സവര്‍ക്കറും നിരീക്ഷണത്തിലായിരുന്നു. ആ വര്‍ഷം തന്നെ അദ്ദേഹം നേതൃത്വം കൊടുക്കുന്ന സംഘടനയിലെ അംഗങ്ങള്‍ നാസിക്ക് കളക്റ്ററായിരുന്ന ജാക്സണെക്കൂടീ കൊലപ്പെടുത്തിയതോടെ അദ്ദേഹത്തെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. 'അഭിനവ ഭാരത സംഘടന'യിലെ ഒരാള്‍ക്ക് സവക്കര്‍ തോക്ക് കൊടുത്തുവെന്നായിരുന്നു കേസ്. ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ആരോപിച്ചു. വിചാരണ ഇന്ത്യയില്‍ നടത്താനുള്ള കോടതി വിധി പ്രകാരം അദ്ദേഹത്തെ കപ്പല്‍ മാര്‍ഗം ഇന്ത്യയില്‍ അയക്കുകയും ഇടയ്ക്ക് മര്‍സെലീസില്‍ കപ്പല്‍ എത്തിയപ്പോള്‍ അദ്ദേഹം കപ്പലില്‍നിന്ന് രക്ഷപെടുകയുമുണ്ടായി. എന്നാല്‍ വീണ്ടും പിടിക്കപ്പെടുകയും ആന്‍ഡമാന്‍ ജയിലില്‍ അയക്കുകയും ചെയ്തു. അമ്പത് വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. 1921-ല്‍ ജയില്‍ വിമുക്തനാക്കുകയും ചെയ്തു. ആന്‍ഡമാനില്‍ എണ്ണച്ചക്ക് വലിക്കുകയായിരുന്നു ജോലി. മറ്റുള്ളവര്‍ ആട്ടുന്നതുപോലെ ഒരു നിശ്ചിത എണ്ണ ലഭിച്ചില്ലെങ്കില്‍ മര്‍ദ്ദനവും ലഭിക്കുമായിരുന്നു.

സവര്‍ക്കര്‍ അധികാരികളുടെ ദയയ്ക്കായി ഒരു കത്ത് എഴുതി, '1911-ല്‍ മറ്റുള്ള കുറ്റവാളികളോടൊപ്പം താന്‍ ഇവിടെ എത്തിയപ്പോള്‍ തന്നെ മാത്രം അപകടകാരിയായ ജയില്‍പ്പുള്ളികള്‍ക്കുള്ള 'ഡി' ഗണങ്ങളില്‍ തരം തിരിച്ചു. മറ്റുള്ള കുറ്റവാളികളോട് ആ വിവേചനം ഉണ്ടായിരുന്നില്ല. തന്നെ മാത്രം ഏകാന്തമായി ഒരു ഇരുട്ടുമുറിയില്‍ ആറു മാസം അടച്ചിട്ടു. നല്ല നടപ്പുകാരനായി ആറുമാസവും ജയിലിനുള്ളില്‍ കഴിഞ്ഞിട്ടും, മറ്റുള്ളവര്‍ തന്നോടൊന്നിച്ച് ജയിലില്‍ അടയ്ക്കപ്പെട്ടവരായിട്ടും താനൊഴിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ മറ്റെല്ലാവരെയും കുറ്റവിമുക്തരാക്കി പറഞ്ഞു വിട്ടു. സര്‍, അമ്പതു കൊല്ലം എനിക്ക് തന്ന ജയില്‍ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. മറ്റുള്ള കുഴപ്പക്കാരും, കൂടുതല്‍ കുറ്റങ്ങള്‍ ചെയ്തവരും, വില്ലന്മാരുമായ കുറ്റവാളികളെ വിമുക്തരാക്കിയപ്പോള്‍ തന്റെ ജീവിതം മാത്രം എന്തുകൊണ്ടു പന്താടുന്നു? അത് തികച്ചും അനീതിയാണ്. 1906-1907-ല്‍ വിപ്ലവ പാതയില്‍ താന്‍ എത്തിയ കാരണം ചിലര്‍ അന്ന് തെറ്റായി തന്നെ നയിച്ചതുകൊണ്ടായിരുന്നു. ഇന്ത്യ മുഴുവന്‍ അരാജകത്വത്തിലെന്നും രാജ്യം നശിക്കാന്‍ പോവുന്നുവെന്നും വിപ്ലവകാരികള്‍ തന്റെ മനസ്സില്‍ കുത്തിനിറച്ചിരുന്നു'. 'ദയാപൂര്‍വം തന്നെ ജയില്‍ വിമുക്തമാക്കുമെങ്കില്‍ ബാക്കിയുള്ള കാലം ബ്രിട്ടീഷ് സര്‍ക്കാരിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും' ദയാ ഹര്‍ജിയില്‍ എഴുതിയിരുന്നു.

മൂന്നു പ്രാവശ്യവും എഴുതിയ ദയാഹര്‍ജിയില്‍ ഉത്തരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ വീണ്ടും നാലാംപ്രാവിശ്യം അദ്ദേഹം എഴുതി, 'വിദേശ രാജ്യത്തും രാജ്യത്തിനുള്ളിലും താന്‍ മൂലം അനേകര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അവരെല്ലാം തന്റെ നേതൃത്വത്തിനായി കാത്തു നില്‍ക്കുന്നു. അവരെയെല്ലാം ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായികളായി മടക്കി കൊണ്ടുവരുകയും ചെയ്യാം. ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി ഏതു നിലവാരത്തിലും ജോലി ചെയ്യാനും തയ്യാറാണ്. തന്റെ മനഃസാക്ഷിയില്‍നിന്നാണ് ഇതെല്ലാം പറയുന്നത്.' 'മുടിയനായ ഒരു പുത്രന്‍ തന്റെ പിതൃഗൃഹത്തിലേക്ക് കാരുണ്യത്തിനായി മടങ്ങി വരുന്നുവെന്നു കരുതി ഈ ദയാഹര്‍ജി സ്വീകരിക്കണമെന്നും' അദ്ദേഹം അപേക്ഷിച്ചു.

1920-ല്‍ എഴുതിയ ഒരു കത്തില്‍ അദ്ദേഹം വടക്കേ ഇന്ത്യയില്‍ നിന്നുള്ള വര്‍ഗീയതയെ ചെറുക്കാന്‍ എല്ലാ ബുദ്ധിജീവികളും ബ്രിട്ടീഷ് സര്‍ക്കാരിനോട് സഹകരിക്കണമെന്നും ഇന്ത്യയുടെ താല്‍പ്പര്യത്തിന് അത് ആവശ്യമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. സവര്‍ക്കറിന്റെ പിന്നീടുള്ള കത്തുകള്‍ മുഴുവന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ പുകഴ്ത്തുന്നതായിരുന്നു. 'തന്നില്‍ നിന്ന് സുരക്ഷിത പ്രശ്‌നമാണ് ആഗ്രഹിക്കുന്നെങ്കില്‍ താനൊരിക്കലും ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നും' പ്രതിജ്ഞ ചെയ്തു. പത്തു വര്‍ഷത്തോളം കാരുണ്യത്തിനായുള്ള തുടര്‍ച്ചയായ ദയാഹര്‍ജികള്‍ക്കുശേഷം 1921-ല്‍ സവര്‍ക്കറിനെയും സഹോദരനെയും രത്‌ന ഗിരിയിലുള്ള ജയിലിലേക്ക് മാറ്റി. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ലെന്നുള്ള വ്യവസ്ഥയിലും രത്‌നഗിരി വിട്ടു പോവില്ലെന്ന വ്യവസ്ഥയിലും അദ്ദേഹത്തെ 1924-ല്‍ ജയില്‍ വിമുക്തനാക്കുകയും ചെയ്തു. 1937 വരെ ആ നിയന്ത്രണമുണ്ടായിരുന്നു.

1924-ല്‍ ബ്രിട്ടീഷുകാര്‍ക്ക് കൂറ് പ്രഖ്യാപിച്ചുകൊണ്ട് സവര്‍ക്കര്‍ കത്തെഴുതിയതും ബ്രിട്ടീഷ് സര്‍ക്കാരിനെ സേവിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തതും സ്വാതന്ത്ര്യ സമരത്തില്‍ തുടര്‍ന്നും പങ്കുകൊള്ളാന്‍ അദ്ദേഹത്തിന്റെ നയതന്ത്രമായ അടവായിരുന്നുവെന്നു ചിലര്‍ വാദിക്കുന്നു. എന്നാല്‍ പിന്നീടുളള ചരിത്രം മുഴുവന്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് കൂറ് പുലര്‍ത്തിയുള്ളതായിരുന്നു. അങ്ങനെയുള്ള ഒരു മനുഷ്യനെ വീരനായി ചിത്രീകരിക്കുന്നതും തികച്ചും വിരോധാഭാസമെന്നെ പറയാന്‍ സാധിക്കുള്ളൂ. 1926-ലാണ് ബാരിസ്റ്റര്‍ സവര്‍ക്കര്‍ എന്ന പേരില്‍ ചിത്രഗുപ്ത എന്ന എഴുത്തുകാരന്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചത്. ആ പുസ്തകത്തില്‍ ഒരു വീരനായകനായി സവര്‍ക്കറെ ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ സവര്‍ക്കറിന്റെ മരണശേഷം രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞു 1987-ല്‍ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. അതിലെ പ്രസാധകന്‍ ശ്രീ രവീന്ദ്ര രാംദാസ് ആമുഖത്തിലെഴുതിയിരിക്കുന്നത് 'ചിത്ര ഗുപ്ത' മറ്റാരുമല്ല അത് വീര സവര്‍ക്കര്‍ തന്നെയെന്നാണ്. ആത്മകഥയെ മറ്റൊരു പേരില്‍ ജീവചരിത്രമായി എഴുതി സ്വയം വീരപട്ടം നേടിയെന്നതും ഒരു പരാജിതനായ മനുഷ്യന്റെ നൈരാശ്യം നിറഞ്ഞ രോദനത്തിനുള്ള ഉദാഹരണമാണ്.

സ്വയം തൂലികാനാമത്തില്‍ എഴുതിയിരിക്കുന്ന പുസ്തകത്തില്‍ സവര്‍ക്കര്‍ ജന്മസിദ്ധമായ കഴിവുള്ളവന്‍, സര്‍വ്വരാലും ആരാധ്യന്‍, രണവീരന്‍, അതി സ്വഭാവ വൈശിഷ്ട്യമുള്ള ആദരണീയന്‍, ദൃഢമായ മനസിന്റെ ഉടമ, ആര്‍ക്കും കീഴടക്കാന്‍ സാധിക്കാത്ത അജയ്യന്‍, ചങ്കുറപ്പോടെ വലിയ കാര്യങ്ങള്‍ നേടിയെടുക്കുന്ന അതുല്യ വ്യക്തി എന്നിങ്ങനെ സ്വയം വിശേഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് തൂലിക നാമത്തില്‍ എഴുതിയ സ്വയം വിശേഷണങ്ങള്‍ ജീവചരിത്രമായി പ്രസിദ്ധീകരിച്ചതും പരിഹാസകരമാണ്. സ്വാതന്ത്ര്യ സമരത്തില്‍ ഇതിനേക്കാള്‍ കൊടും യാതനകള്‍ സഹിച്ചവരായവര്‍ ആന്‍ഡമാന്‍ ജയിലഴികളില്‍ കിടന്ന് മരിച്ചിട്ടുണ്ട്. അവരുടെ ചരിത്രമൊന്നും പുറം ലോകം അറിഞ്ഞിട്ടില്ല. അതേ സമയം ജയിലില്‍ കിടന്ന് സവര്‍ക്കര്‍ മോചനം ലഭിക്കാന്‍ ഇന്ത്യന്‍ സ്വാത്രന്ത്ര്യത്തിനെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു. കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ സമരത്തെ ഇദ്ദേഹം ചതിക്കുകയായിരുന്നു. ഒരു ദേശീയ വാദിക്കോ, രാജ്യസ്‌നേഹിക്കോ സവര്‍ക്കറിന്റെ വഞ്ചന ഒരിക്കലും പൊറുക്കാന്‍ സാധിക്കില്ല.

ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹം 'ഹിന്ദുത്വ' ആശയങ്ങള്‍ സംബന്ധിച്ച് പുസ്തകങ്ങള്‍ എഴുതിയിരുന്നു. വിപളവ പ്രസ്ഥാനങ്ങളില്‍ പങ്കുകൊള്ളുകയില്ലെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തെ ജയില്‍ വിമുക്തനാക്കിയത്. അദ്ദേഹം യാത്രകള്‍ നടത്തിയും ശക്തമായ പ്രസംഗങ്ങള്‍ ചെയ്തും, എഴുതിയും ഹിന്ദുക്കളില്‍ രാഷ്ട്രീയ ഐക്യം സ്ഥാപിക്കാന്‍ ശ്രമിച്ചും സേവന നിരതനായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ഹിന്ദു സംസ്‌ക്കാരത്തില്‍ ജനിച്ച ജൈനന്മാരും ബുദ്ധന്മാരും ഹിന്ദുത്വയുടെ ഭാഗമായി കരുതിയിരുന്നു. യാത്രകള്‍ ചെയ്തും ഗംഭീരങ്ങളായ പ്രസംഗങ്ങള്‍ ചെയ്തും എഴുതിയും ഹിന്ദു ഐക്യമത്യത്തിനായി ശ്രമിച്ചു. ഗാന്ധിയുടെ 1942 ക്വിറ്റ് ഇന്ത്യയെ എതിര്‍ത്തു. അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ സവര്‍ക്കരുടെ മനസ്സില്‍ വര്‍ഗീയത കടന്നുകൂടിയെങ്കിലും 'ഹിന്ദുത്വ' എന്ന ചിന്തകള്‍ മനസ്സില്‍ വീശിയത് ഇരുപതാം വയസുമുതലാണ്. ആദ്യകാലങ്ങളില്‍ എഴുതിയിരുന്നത് ബ്രിട്ടീഷുകാര്‍ക്കെതിരായ സമരങ്ങളെല്ലാം ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള സമരങ്ങളായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തോടൊപ്പം ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ആക്രമിക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. സ്വയം പരാജിതനായ സവര്‍ക്കര്‍ അവസാന ജയില്‍വാസ നാളുകളില്‍ ഹിന്ദുത്വയുടെ പ്രവാചകനായി മാറി. ഹിന്ദുത്വയുടെ ആശയങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് 1923 ലും 1928 ലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളുമായി മുമ്പോട്ട് പോവുന്നതില്‍ ബ്രിട്ടീഷുകാരുടെ പിന്തുണയുമുണ്ടായിരുന്നു. ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം മല്ലിട്ടു ജീവിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ കൊളോണിയല്‍ ഭരണം സുഗമമായി കൊണ്ടുപോവാനും സാധിക്കുമായിരുന്നു.

ഹിന്ദുത്വ തത്ത്വങ്ങള്‍ സനാതന ധര്‍മ്മമായി വ്യത്യാസമുണ്ടെങ്കിലും ഭാരതത്തില്‍ വസിക്കുന്ന മുസ്ലിമുകളും ക്രിസ്ത്യാനികളും ഹിന്ദു സംസ്‌ക്കാരവും ആചാരരീതികളും സ്വീകരിക്കണമെന്ന ചിന്താഗതിയായിരുന്നു സവര്‍ക്കറിനുണ്ടായിരുന്നത്. മുസ്ലിമുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഹിന്ദുത്വ സംസ്‌ക്കാരമുണ്ടെങ്കിലും ഈ രണ്ടു മതങ്ങളും ഇന്ത്യ അവരുടെ പുണ്യ ഭൂമിയായി കാണുന്നില്ലെന്നായിരുന്നു വാദം. സവര്‍ക്കര്‍ പറഞ്ഞിരുന്നു, 'മുസ്ലിമുകള്‍ക്ക് ഭാരതത്തേക്കാള്‍ പ്രിയം അവരുടെ പുണ്യഭുമിയായ മെക്കായോടും അവരുടെ പ്രവാചകന്മാരോടുമാണ്. മുസ്ലിമുകള്‍ക്ക് പാക്കിസ്താനികളോ അഫ്ഗാനിസ്ഥാനികളോ ആകാന്‍ കഴിയില്ല. കാരണം അവര്‍ക്ക് താല്‍പ്പര്യം സൗദി അറേബിയാ മാത്രമാണ്. മുസ്ലിമുകളുടെ പുണ്യ നഗരങ്ങളായ മെക്കായും മദീനയും അവരുടേതായ രാജ്യത്താണ്'.

1920 നു മുമ്പുമുതല്‍ തുടങ്ങിയ സവര്‍ക്കറിന്റെ ഹിന്ദുത്വ ആശയങ്ങള്‍ സ്വാതന്ത്ര്യ സമ്പാദനത്തിനുള്ള തടസങ്ങള്‍ക്കു സഹായകരമായിരുന്നു. അത് ബ്രിട്ടീഷുകാര്‍ അഭിനന്ദിക്കുകയും വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ജയില്‍ മോചിതനായ സവര്‍ക്കറിന് കൊളോണിയല്‍ സര്‍ക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതു നിരോധിച്ചിരുന്നെങ്കിലും ഹിന്ദുത്വയുടെ രത്‌ന ഗിരി മഹാസഭയില്‍ പ്രവര്‍ത്തിക്കുന്നതിനു എതിരില്ലായിരുന്നു. ഇന്ന് 'ഘര്‍വാപസി'യെന്നു പറയുന്നത് ഇതേ സംഘടനയാണ്. മുസ്ലിമുകളുടെ മോസ്‌ക്കില്‍ പ്രാര്‍ത്ഥനയുടെ സമയത്ത് മോസ്‌ക്കിന്റെ മുമ്പില്‍ പാട്ടു വെക്കുകയെന്നതും ഇവരുടെ ഹോബിയായിരുന്നു. ഹിന്ദുത്വയുടെ സ്ഥാപക നേതാവായ കെ.ബി. ഹെഡ്ജുവറുമായി (K.B. Hedgewar) സവര്‍ക്കര്‍ പരസ്പ്പരം ചര്‍ച്ച നടത്തുന്നതിലും ബ്രിട്ടീഷ് സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. അവര്‍ കൂടുതലും ചര്‍ച്ച ചെയ്തിരുന്നത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്ന കാര്യത്തിലായിരുന്നു.

സവര്‍ക്കറും മുസ്ലിം ലീഗുമായി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ ആദ്യകാലങ്ങളില്‍ സഹകരണ മുണ്ടായിരുന്നെകിലും മുസ്ലിമുകളാണ് ഹിന്ദുത്വയുടെ ഒന്നാം ശത്രുക്കളെന്നും ബ്രിട്ടീഷുകാര്‍ അല്ലായെന്നും സവര്‍ക്കര്‍ കൂടെ കൂടെ പറഞ്ഞിരുന്നു. ക്വിറ്റ് ഇന്ത്യ കാലത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ജയിലില്‍ കിടന്ന സമയം ഹിന്ദുത്വയും സവര്‍ക്കരിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭയും സിന്‍ഡിലും ബംഗാളിലും ബ്രിട്ടീഷുകാരോടൊത്തു ഭരണങ്ങളില്‍ സഹകരിച്ചും സഹായിക്കുന്നുമുണ്ടായിരുന്നു. മുസ്ലിമുകള്‍ ചിന്തിക്കാന്‍ തുടങ്ങുന്നതിനു പതിനാറു വര്‍ഷം മുമ്പുതന്നെ ഇന്ത്യ പാക്കിസ്ഥാന്‍ ഇരു രാഷ്ട്ര തീയറി സവര്‍ക്കര്‍ അവതരിപ്പിച്ചിരുന്നു. പിന്നീട് ഇന്ത്യ രണ്ടായി വിഭജിക്കുകയും ചെയ്തു. കാലക്രമേണ ഇന്ത്യ രണ്ടായി വിഭജിച്ചപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞതില്‍ സവര്‍ക്കര്‍ ഗാന്ധിയെ കുറ്റപ്പെടുത്താന്‍ തുടങ്ങി. സ്വന്തം അനുയായികളുടെ ഇടയില്‍ ഗാന്ധിജിയെപ്പറ്റി വെറുപ്പുണ്ടാക്കിക്കൊണ്ടിരുന്നു. അതുമൂലം സവര്‍ക്കറിന്റെ അടുത്ത ആരാധകനായ നഥുറാം ഗോഡ്‌സെയ്ക്ക് ഗാന്ധിയെ വധിക്കാനുള്ള പ്രചോദനവുമുണ്ടായി.

1925 സെപ്റ്റംബര്‍ മാസത്തിലെ ഹിന്ദുത്വയുടെ ഒരു സൗഹാര്‍ദ സമ്മേളന ശേഷം ഹെഡ്ജുവര്‍ (K.B. Hedgewar) ആര്‍.എസ്.എസ് സംഘടന സ്ഥാപിച്ചു. ബ്രിട്ടീഷുകാരുടെ അടിമയായ സവര്‍ക്കര്‍ ആ സംഘടനയുടെ തീവ്ര പ്രവര്‍ത്തകനുമായിരുന്നു. ബ്രിട്ടീഷുകാര്‍ അന്നത്തെ ഹിന്ദു രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ഹിന്ദു വര്‍ഗീയ വാദികളുടെ വളര്‍ച്ച കൊളോണിയല്‍ ഭരണത്തിന് ആവശ്യമായിരുന്നതിനാല്‍ ഹിന്ദുത്വയുടെ പ്രവത്തനങ്ങളില്‍ സര്‍ക്കാരിന് തടസങ്ങളുണ്ടായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിമുകളും വിഭജിച്ചു നില്‍ക്കുകയെന്നതും അവരുടെ നയമായിരുന്നു. 1937-ല്‍ സവര്‍ക്കറിനെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധം വന്നപ്പോള്‍ കൊളോണിയല്‍ ഇന്ത്യയും ജര്‍മ്മനിയോട് യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാമെന്ന വ്യവസ്ഥയില്‍ കോണ്‍ഗ്രസ്സ് കൊളോണിയല്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദു മഹാസഭയുടെ പ്രസിഡന്റെന്ന നിലയില്‍ സവര്‍ക്കരും ബ്രിട്ടീഷ് വൈസ്രോയി ലിന്‍ലീതഗൗവിനെ (Linlithgow) കണ്ടിരുന്നു.

ജയില്‍വാസം കഴിഞ്ഞശേഷമുള്ള പുതിയ സാഹചര്യത്തില്‍ സവര്‍ക്കര്‍ പറഞ്ഞു, 'ബ്രിട്ടീഷ് രാജഭരണം ഹിന്ദുക്കളെ അനുഭാവപൂര്‍വം പരിഗണിക്കുന്നു. ഹിന്ദുക്കളുടെ പിന്തുണയും ആഗ്രഹിക്കുന്നു. നമ്മുടെ താല്‍പ്പര്യവും അത് തന്നെയാണ്. അതുകൊണ്ടു ബ്രിട്ടീഷ് സര്‍ക്കാരുമായി നമ്മള്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കണം. ഹിന്ദുമത തത്ത്വങ്ങളില്‍ അധിഷ്ഠിതമായ ആശയങ്ങളില്‍ നമ്മോടൊത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രേറ്റ് ബ്രിട്ടനും ഹിന്ദുക്കളും തമ്മില്‍ സഹവര്‍ത്തിത്വമാര്‍ജിച്ചുകൊണ്ടു ഒത്തൊരുമയോടെ ബ്രിട്ടീഷ് ഭരണത്തിന് ശക്തി നല്‍കണം. ഇനിമേല്‍ ആ രാജ്യവുമായി ഹിന്ദുക്കള്‍ക്ക് ശത്രുതയുണ്ടായിരിക്കില്ല.'

മഹാത്മാ ഗാന്ധി സത്യാഗ്രഹം നടത്തിയിരുന്ന നാളുകളില്‍ സവര്‍ക്കര്‍ യുവാക്കളോട് ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരാന്‍ പ്രോത്സാഹനം നല്‍കുകയായിരുന്നു. 1941-ല്‍ ബോസിന്റെ പട്ടാളം ജപ്പാന്റെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിക്കാനുള്ള പദ്ധതികളിട്ടിരുന്നു. ആ സമയം ഭഗല്‍പൂരില്‍ നടന്ന 1941-ലെ സമ്മേളനത്തില്‍ ഹിന്ദുക്കള്‍ ഒരു നിമിഷം പോലും കളയാതെ ബ്രിട്ടന്റെ ശത്രുക്കളോട് പോരാടണമെന്നായിരുന്നു സവര്‍ക്കര്‍ ആഹ്വാനം ചെയ്തത്. ബ്രിട്ടന്റെ കമാണ്ടര്‍ സവര്‍ക്കറിനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 1942-ല്‍ ഇന്ത്യ വിടുക (ക്യുറ്റ് ഇന്ത്യ) വിപ്ലവങ്ങളില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ പ്രകടനങ്ങളുണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രകടനങ്ങള്‍ നേരിടാന്‍ സവര്‍ക്കര്‍ ഹിന്ദു പട്ടാളക്കാരോട് ആജ്ഞകള്‍ നല്‍കി.

സുബാഷ് ബോസ് അക്കാലങ്ങളില്‍ ജര്‍മ്മനിയില്‍ വന്നു ഐ.എന്‍.ഐ പട്ടാളത്തെ സംഘടിപ്പിക്കുകയായിരുന്നു. സവര്‍ക്കര്‍ ബ്രിട്ടീഷ് പട്ടാളത്തോടു ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുക മാത്രമല്ല ബ്രിട്ടീഷ് പട്ടാളത്തിനുവേണ്ടി ഹിന്ദു യുവാക്കളെ റിക്രൂട്ട് ചെയ്തുകൊണ്ടുമിരുന്നു. കിഴക്കുള്ള സ്ഥലങ്ങളില്‍ ബോസിന്റെ ഐ.എന്‍.എ പട്ടാളമെന്നു കരുതുന്നവരെ വധിക്കാനും ആജ്ഞ കൊടുത്തിരുന്നു. ഒരു വര്‍ഷം കൊണ്ടു സവര്‍ക്കര്‍ ബ്രിട്ടീഷ് പട്ടാളത്തിനുവേണ്ടി ഒരു ലക്ഷം ഹിന്ദു മഹാസഭക്കാരെ റിക്രൂട്ട് ചെയ്തിരുന്നു.

ബ്രിട്ടീഷ് പട്ടാളം സവര്‍ക്കറും ഹിന്ദു മഹാസഭയുമായി യോജിച്ചെങ്കിലും സുബാഷ് ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ അവര്‍ക്കു പരാജയപ്പെടുത്താന്‍ സാധിച്ചെങ്കിലും പിന്നീട് റെഡ്ഫോര്‍ട്ടില്‍ ഐ.എന്‍.ഐ പട്ടാളക്കാരെ പരസ്യമായി വിസ്തരിക്കാനുള്ള തീരുമാനം ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പട്ടാളത്തില്‍ ധാര്‍മ്മിക രോഷം ഉയര്‍ത്താന്‍ ഇടയാക്കി. 1946-ല്‍ അത് കൊളോണിയല്‍ നേവിയില്‍ പട്ടാള ഇടര്‍ച്ചയ്ക്കും കാരണമായി. വിസ്താരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ ബ്രിട്ടീഷുകാര്‍ക്ക് ഭരണം അവസാനിപ്പിച്ചു ഇന്ത്യ വിടേണ്ടി വന്നു.

1966 ഫെബ്രുവരി ഇരുപത്തിയാറാം തിയതി സംഭവബഹുലമായ ഒരു ജീവിതത്തിന് അന്ത്യം കുറിച്ചുകൊണ്ട് 'വിനായക ദാമോദര്‍ സവര്‍ക്കര്‍' ലോകത്തോട് യാത്ര പറഞ്ഞു. സവര്‍ക്കരുടെ രാഷ്ട്രീയ ചരിത്രം ഇടതും വലതുമായ രാഷ്ട്രീയ ചിന്തകരുടെയിടയില്‍ ഇന്നും വിവാദപരമായി തന്നെ തുടരുന്നു. അദ്ദേഹം എന്തെങ്കിലും രാഷ്ട്രത്തിനായി ചെയ്തിട്ടുണ്ടെങ്കില്‍ ഭൂരിഭാഗം ജനതയും രാഷ്ട്രീയ പാര്‍ട്ടികളും അദ്ദേഹത്തെ മനസിലാക്കാതെ പോയതു ദൗര്‍ഭാഗ്യകരമെന്നും ചിന്തിക്കണം. അദ്ദേഹം ആരെന്നുള്ളത്, നീണ്ടകാലം ഇന്ത്യ ഭരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കണ്ണില്‍പ്പെടാതെ പോയതുമാവാം കാരണം. അദ്ദേഹം എഴുതിയ സാഹിത്യ കൃതികള്‍ കൂടുതലും മറാത്തിയിലായിരുന്നതുകൊണ്ട് മഹാരാഷ്ട്രക്ക് പുറത്തുള്ളവര്‍ക്ക് അദ്ദേഹത്തെപ്പറ്റി നേരാം വണ്ണം പഠിക്കാന്‍ സാധിച്ചിട്ടില്ല. മഹാത്മാഗാന്ധി വിരോധി എന്ന ലേബലും സത്യമായിരിക്കണമെന്നില്ല. സവര്‍ക്കറിനെപ്പോലെ വില്ലനായി ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു സ്വാതന്ത്ര്യ സമരയോദ്ധാവ് ഇന്ത്യയുടെ ചരിത്രത്തില്‍ ചൂണ്ടി കാണിക്കാന്‍ സാധിക്കില്ല. അതിനുള്ള കാരണങ്ങള്‍ അദ്ദേഹത്തിന്റെ സമര തന്ത്രങ്ങള്‍, ഹിന്ദുത്വ ആശയങ്ങള്‍, ഗാന്ധിജിയുമായുള്ള ആശയവിത്യാസങ്ങള്‍ എന്നിവകളായിരുന്നു.  
വീര സവര്‍ക്കര്‍: നായകനോ  പ്രതിനായകനോ? (ജോസഫ് പടന്നമാക്കല്‍)വീര സവര്‍ക്കര്‍: നായകനോ  പ്രതിനായകനോ? (ജോസഫ് പടന്നമാക്കല്‍)വീര സവര്‍ക്കര്‍: നായകനോ  പ്രതിനായകനോ? (ജോസഫ് പടന്നമാക്കല്‍)വീര സവര്‍ക്കര്‍: നായകനോ  പ്രതിനായകനോ? (ജോസഫ് പടന്നമാക്കല്‍)വീര സവര്‍ക്കര്‍: നായകനോ  പ്രതിനായകനോ? (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Ibin 2019-12-14 14:48:17
ഇത്ര വ്യെക്തമായി പറയാൻ സവർക്കറുടെ മനസാക്ഷി സൂക്ഷിപ്പ് കാരനോ..? 12വയസ്സിൽ ചെയ്തു എന്ന് പറയുന്ന കാര്യങ്ങൾ എങ്ങനെ അറിഞ്ഞു..? അറിയാൻ താത്പര്യം ഉണ്ട്.
Joseph 2019-12-14 18:44:47
"ഇത്ര വ്യെക്തമായി പറയാൻ സവർക്കറുടെ മനസാക്ഷി സൂക്ഷിപ്പ് കാരനോ..? 12വയസ്സിൽ ചെയ്തു എന്ന് പറയുന്ന കാര്യങ്ങൾ എങ്ങനെ അറിഞ്ഞു..? അറിയാൻ താത്പര്യം ഉണ്ട്."

ഹലോ Ibin: ഞാൻ, ഗാന്ധിജിയുടെ സമകാലികനായ സവർക്കറുടെ മനസാക്ഷി സൂക്ഷിപ്പുകാരാനാകാൻ അങ്ങ് ചിന്തിക്കാൻ കാരണമെന്താണ്? ചരിത്രാന്വേഷിയായ എനിക്ക് അങ്ങനെ ആഗ്രഹവുമുണ്ട്. ചരിത്രത്തിന്റെ വെളിച്ചത്തിലാണ് ഞാൻ അങ്ങനെ എഴുതിയത്. പ്രസിദ്ധ ചരിത്രകാരനായ 'ജ്യോതിർ മായ ശർമയുടെ' 'ഹിന്ദു നാഷണിലസം' എന്ന ബുക്കിൽ നിന്നും വെള്ളം ചേർക്കാതെ കോപ്പി ചെയ്തത് വായിക്കുക. 
   
"Right from childhood, he was an advocate of Hindutva, Renowned author Jyothirmaya Sharma demonstrated in his book “Hindutva: exploring the idea of Hindu Nationalism” that when Savarkar was 12-year-old, he leads a march with his schoolmates to vandalize a mosque in order to take revenge against the ‘atrocities’ committed against Hindus by Muslims." 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക