Image

ബമ്പ് സ്റ്റോക്ക് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 12 October, 2017
ബമ്പ് സ്റ്റോക്ക് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് (എബ്രഹാം തോമസ്)
ക്ലാര്‍ക്ക് കൗണ്ടി, നൊവാഡ: ലാസ് വേഗസില്‍ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ആദ്യ ലോ സ്യൂട്ട് ഇവിടെ ഡിസ്ട്രിക്്ട് കോടതിയില്‍ ഫയല്‍ ചെയ്തു. ഒരു ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ട് ആണിത്. റൗട്ട് 91 ഹാര്‍വസ്റ്റ് ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ക്ക് നേരെ വെടിയുണ്ടകള്‍ വര്‍ഷിച്ച സ്റ്റീഫന്‍ പാഡോക്ക് തന്റെ തോക്കുകളില്‍ ബബ്‌സ്‌റ്റോക്ക് ഘടിപ്പിച്ചിരുന്നുവെന്നും കൂട്ടമായി ജനങ്ങളെ കൊന്നതിന് ബമ്പ് സ്റ്റോക്ക് നിര്‍മ്മാതാക്കളായ സ്ലൈഡ് ഫയര്‍ സൊല്യൂഷന്‍സ് എല്‍പി ഉത്തരവാദികളാണെന്നും ആരോപിച്ച് ആ സ്ഥാപനത്തിന് എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ലാസ് വേഗസ് നിയമസ്ഥാപനം എഗ് ലൈറ്റ് പ്രിന്‍സും ബ്രാഡി സെന്റര്‍ ടുപ്രിവെന്റ് ഗണ്‍വയലന്‍സും ചേര്‍ന്നാണ് കേസ് കൊടുത്തിരിക്കുന്നത്.

മുന്‍പ് സെന്റര്‍ ടുപ്രിവെന്റ് ഹാന്‍ഡ് ഗണ്‍ വയലന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 1981 ല്‍ മുന്‍ പ്രസിഡന്റ് റോണാള്‍ഡ് റീഗന് നേരെ നടന്ന വധശ്രമത്തില്‍ അംഗവൈകല്യം നേരിട്ട ജെയിംസ് ജിം ബ്രാഡിയുടെ കൂടി പേര്‍ ചേര്‍ത്ത് 2001 ല്‍ ബ്രാഡി സെന്റര്‍ ടുപ്രി വെന്റ് ഗണ്‍ വയലന്‍സ് എന്ന് പേര് മാറ്റിയതാണ്. സ്ലൈഡ് ഫയര്‍ സൊല്യൂഷന്‍സിനൊപ്പം മറ്റ് വില്പനക്കാരെയും വിപണിയില്‍ ബമ്പ് സ്റ്റോക്ക് എത്തിക്കുന്നവരെയും പ്രതികലായി കേസില്‍ ചേര്‍ത്തിട്ടുണ്ട്. 2025 ഓടു കൂടി തോക്ക് ആക്രണത്തില്‍ മരിക്കുന്നവരുടെ സംഖ്യ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ബ്രാഡി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ബ്രാഡി സെന്ററും എഗ് ലൈറ്റും സംഗീതമേളയില്‍ പങ്കെടുത്ത മൂന്ന് നെവാഡ നിവാസികളെ പ്രതിനിധീകരിച്ചാണ് കോടതിയെ  സമീപിച്ചിരിക്കുന്നത്.

ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ട് ആയാല്‍ സംഗീത മേളയ്ക്ക് വേണ്ടി പണം ചെലവഴിച്ചവരും അവരുടെ ബന്ധുക്കളും നഷ്ടപരിഹാരം ആവശ്യപ്പെടാം. വൈകാരിക നഷ്ടവും മാനസിക ധൈര്യത്തിന് വേണ്ടി കൗണ്‍സിലിംഗിന് ചെലവഴിച്ച തുകയുമെല്ലാം അവകാശപ്പെടാം. ഇവയ്ക്ക് ശിക്ഷയായി പ്രതികള്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ലൈഡ് ഫയര്‍ സൊല്യൂഷന്‍സ് ബമ്പ് സ്റ്റോക്ക് നിര്‍മ്മിക്കുന്നതിലും വിപണനം ചെയ്യുന്നതിലും പൊതുജനങ്ങളോടുള്ള കടമയില്‍ നിന്ന് വ്യതിചലിക്കുകയും അങ്ങനെ ഫെഡറല്‍ നിയമലംഘനം നടത്തുകയും ചെയ്തു എന്നാണ് ആരോപണം.

വെസ്റ്റ് ടെക്‌സസിലെ ഒരു ചെറിയ പട്ടണമാണ് മോറന്‍. ജനസംഖ്യ 300. ഇവിടെയാണ് സ്ലൈഡ് ഫയറിന്റെ നിര്‍മ്മാണം നടക്കുന്നത്. ബമ്പ് സ്റ്റോക്ക് വികസിപ്പിച്ചെടുത്ത ജെറമിയ കോറ്റില്‍ ഒരു അഭിമുഖത്തില്‍ മുമ്പ് പറഞ്ഞത് താന്‍ കണ്ടുപിടുത്തം നടത്തിയത് വികലാംഗര്‍ക്ക് വേണ്ടിയാണെന്നാണ്. കൈകളുടെ ഉപയോഗം പരിമിതമായി മാത്രം നടത്താന്‍ കഴിയുന്നവര്‍ക്ക് വേണ്ടി ആയിരുന്നു ബമ്പ് സ്റ്റോക്ക് കണ്ടുപിടിച്ചത് എന്ന് കോറ്റില്‍ അവകാശപ്പെട്ടിരുന്നു, 2011 ലെ ദ ആല്‍ബനി ന്യൂസിലെ ലേഖനം അനുസരിച്ച് ഇയാള്‍ തന്റെ ജീവിതസമ്പാദ്യവും റിട്ടയര്‍മെന്റുമായി ഒരു ലക്ഷം ഡോളറിലധികം ഡോളര്‍ ചെലവഴിച്ചാണ് ഈ ഉല്പന്നം മാര്‍ക്കറ്റില്‍ എത്തിച്ചത്.
ഒരു തോക്കിന്റെ റീകോയില്‍(ഒരു വെടി ഉതിര്‍ത്തതിന് ശേഷമുള്ള ശക്തി) ഷൂട്ട് ചെയ്ത വ്യക്തിയുടെ വിരല്‍ തുടര്‍ച്ചയായി ബമ്പ് ചെയ്യുന്നു. ഷൂട്ടറിന് തുടര്‍ച്ചയായി നിര്‍ബാധം വെടി ഉതിര്‍ക്കുവാന്‍ ഇങ്ങനെ കഴിയുന്നു. 2010 ല്‍ കോട്ടലിന് ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ ആന്റ് ഫയര്‍ ആംസില്‍ നിന്ന് ലഭിച്ച എഴുത്തില്‍ ബമ്പ് സ്റ്റോക്ക് ഒരു ഫയര്‍ ആം അല്ലാത്തതിനാല്‍ ഇതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് പറഞ്ഞിരുന്നു. സാധാരണ പൗരന്മാര്‍ക്ക് മെഷീന്‍ ഗണ്ണുകള്‍ വില്‍ക്കുന്നത് 1986 മുതല്‍ നിരോധിച്ചിട്ടുണ്ട്. മാരകമായ ആയുധങ്ങള്‍ക്ക് 1930 മുതല്‍ പരിമിതികള്‍ നിശ്ചയിച്ചിട്ടുണ്ട്. പോഡോക്കിന്റെ ഹോട്ടല്‍ മുറിയില്‍ ബ്മ്പ് സ്റ്റോക്കുകള്‍ കണ്ടെത്തിയതായി അധികാരികള്‍ വെളിപ്പെടുത്തിയിരുന്നു.

ബ്രാഡി സെന്ററിന്റെ കോപ്രസിഡന്റ് ആവരി ഗാര്‍ഡിനറും ലാസ് വേഗസ് മെട്രോപ്പൊലിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവും സ്ലൈഡ് ഫയര്‍ ബമ്പ് സ്റ്റോക്കാണ് പാഡോക്ക് വെടിവയ്ക്കുമ്പോള്‍ ഉപയോഗിച്ചിരുന്നതെന്ന് ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു.

ബമ്പ് സ്റ്റോക്ക് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് (എബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക