Image

ചേമ്പിന്‍താളും മുക്കൂറ്റിപ്പൂവും (ജോര്‍ജ് തുമ്പയില്‍)

Published on 10 October, 2017
ചേമ്പിന്‍താളും മുക്കൂറ്റിപ്പൂവും (ജോര്‍ജ് തുമ്പയില്‍)
കേരളത്തില്‍ നിന്നു മഴവാര്‍ത്തകള്‍ തന്നെ കേള്‍ക്കുന്നു. ഇടയ്‌ക്കൊന്നു ഇടവേള എടുത്തു പിന്നെയും മഴ പെയ്തു കൊണ്ടേയിരിക്കുന്നു. അതിനിടയ്ക്ക് മുല്ലപ്പെരിയാറില്‍ ഷട്ടര്‍ തുറന്ന് വെള്ളം കൊണ്ടു പോകാന്‍ ചെന്നൈയില്‍ നിന്നും സാക്ഷാല്‍ ഒ.പനീര്‍ശെല്‍വം വരെ തേക്കടിയിലെത്തി. പൂജയും പ്രദക്ഷിണവും പരിവാരസമേതം നടത്തിയ അദ്ദേഹം ഒരു പ്രഖ്യാപനവും നടത്തി, അണക്കെട്ട് ഉയരം 152 അടിയാക്കും. അണക്കെട്ട് ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് കട്ടപ്പനയിലെ ചപ്പാത്തില്‍ നിരാഹാരസമരം നടത്തിയവരെക്കുറിച്ച് വാര്‍ത്തയില്ല, ഏറ്റവും കൂടുതല്‍ പ്രകോപനപരമായി സംസാരിച്ച മുന്‍ ജലവിഭവ വകുപ്പു മന്ത്രി പി.സി. ജോസഫിനു മിണ്ടാട്ടമില്ല, കേരളത്തിലെ പരിസ്ഥിതിവാദികള്‍ക്കും മിണ്ടാട്ടമില്ല. സര്‍, അപ്പോള്‍ പിന്നെ ഞങ്ങളെ പേടിപ്പിച്ചു കൊല്ലുകയായിരുന്നോ നിങ്ങളുടെ ഉദ്ദേശം എന്നു ഇടുക്കി ജില്ലയിലെ ജനം ചോദിച്ചു തുടങ്ങിയെന്ന് കേരളത്തില്‍ നിന്നും കേള്‍ക്കുന്നു.
*** *** ***

ട്രംപിന് വോട്ട് ചെയ്തതിനു സ്ത്രീകളെ മിഷേല്‍ ഒബാമ ശകാരിച്ചു എന്നൊരു വാര്‍ത്ത കണ്ടു. സെപ്റ്റംബര്‍ 27 ബുധനാഴ്ച ബോസ്റ്റണില്‍ നടന്ന പ്രഫഷണല്‍ ഡവലപ്‌മെന്റ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നതിനിടയില്‍ സദസ്യരില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മിഷേല്‍. ഹിലറിക്കു വോട്ട് ചെയ്യാത്തവര്‍ തങ്ങളുടെ സ്വന്തം സ്വരത്തിനെതിരെയാണ് വോട്ട് രേഖപ്പെടുത്തിയതത്രേ. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ നിങ്ങളുടെ സ്വരത്തെ ഇഷ്ടപ്പെടുന്നില്ലെന്നും ആരോ നിങ്ങളോടു ഇഷ്ടപ്പെടാന്‍ ആവശ്യപ്പെട്ടതു നിങ്ങള്‍ ഇഷ്ടപ്പെടുകയായിരുന്നുവെന്നും മിഷേല്‍ പറഞ്ഞു. എട്ടുവര്‍ഷം ഭരിച്ച ഭര്‍ത്താവ് ഒബാമയും മിഷേലും ഹിലരിയും എന്നും സ്ത്രീകളെ മാനിക്കുന്നുവരും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവരുമായിരുന്നുവെന്നും അവര്‍ പറയുമ്പോള്‍ അതില്‍ തെറ്റ് പറയാനാവില്ല.
*** *** ***

അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഒരു വാര്‍ത്ത. അമേരിക്കന്‍ സ്ഥാപനത്തിന് ഇന്ത്യന്‍ വംശജരില്‍ ആരും തന്നെ ഇതുവരെ നല്‍കിയിട്ടില്ലാത്ത ഏറ്റവും ഉയര്‍ന്ന തുക (220 മില്യന്‍ ഡോളര്‍) ഡോക്ടര്‍ ദമ്പതിമാരായ പല്ലവി പട്ടേലും കിരണ്‍ പട്ടേലും ചേര്‍ന്ന് ഫ്‌ളോറിഡാ ഫോര്‍ട്ട് ലോഡര്‍ ഡെയ്ല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോവ സൗത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിക്ക് സംഭാവന നല്‍കി. 2004 ല്‍ സ്ഥാപിതമായ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ പുറകിലും പല്ലവിയും കിരണുമാണ് പ്രവര്‍ത്തിച്ചിരുന്നത്.ആഗോളതലത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാംസ്ക്കാരിക പരിപാടികള്‍ എന്നിവക്ക് ഊന്നല്‍ നല്‍കികൊണ്ട് സ്ഥാപിതമായതാണ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍. ഇത്രയും വലിയ തുക സംഭാവന നല്‍കിയതിന്റെ നന്ദി സൂചകമായി ഓസ്റ്റിയൊപതിക്ക് മെഡിസിന്‍ കോളേജിന് കിരണ്‍ പട്ടേലെന്നും, ഹെല്‍ത്ത് കെയര്‍ സയന്‍സ് കോളേജിന് പല്ലവി പട്ടേല്‍ എന്നും നാമകരണം ചെയ്യുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. പ്രോത്സാഹജനകമാണ് ഇത്തരം നീക്കങ്ങള്‍. ഇത് മറ്റുള്ളവര്‍ക്കും ഒരു പ്രേരണയാകട്ടെ.
*** *** ***

രാമലീല വന്‍ ഹിറ്റായി എന്നാണ് റി പ്പോര്‍ട്ടുകള്‍. ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്കും രാമലീല എന്ന സിനിമയ്ക്കും തമ്മില്‍ എന്താണ് ബന്ധം എന്ന് പ്രേക്ഷകസമൂഹം ഉറ്റുനോക്കിയിരുന്നു. സിനിമാ മാധ്യമങ്ങളുടെ റി പ്പോര്‍ട്ട് അനുസരിച്ച് സിനിമയിലെ പല രംഗങ്ങളിലും പല ഡയലോഗുകളിലും അനിതര സാധാരണമായ ഈ സാമ്യം കാണാം. എല്ലാം മുന്‍കൂട്ടി കണ്ടതു പോലെ പ്രവചന സ്വഭാവമുള്ള സിനിമ. ഡയലോഗുകളില്‍ പലതും നേരത്തെ എഴുതിയതാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ആരും വിശ്വസിക്കില്ല. അത്തരം ഡയലോഗുകള്‍ കയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടതും. ഇതാണ് സിനിമയുടെ മേന്മ. വിശുദ്ധരാക്കാനും കരിവാരിത്തേക്കാനുമൊക്കെ സിനിമയ്ക്കുള്ള കഴിവും പ്രവചനാതീതം തന്നെ.
*** *** ***

കാനഡയില്‍ നിന്നും കേട്ടു വ്യത്യസ്തമായ ഒരു ഓണാഘോഷ വാര്‍ത്ത. കാനഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ (സി.എം.എന്‍.എ) പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായകമാകാനാണ് ഇത്തവണ ഓണാഘോഷം നടത്തിയത്. ആരോഗ്യ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളില്‍ പൊതുജനങ്ങള്‍ക്കും നഴ്‌സുമാര്‍ക്കും, പുതുതായി എത്തിച്ചേരുന്നവര്‍ക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ സി.എം.എന്‍.എ നടത്തിവരുന്നുണ്ട്. ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍, ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍സ്, ഹെല്‍ത്ത് അവയര്‍നെസ് സെഷന്‍സ് എന്നിവ ഇതില്‍ ചിലതുമാത്രം. ഇത്തരത്തിലാവണം സംഘടനാപ്രവര്‍ത്തനം എന്നു മറ്റുള്ള സമാജങ്ങളെ കൂടി ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ...

ജോര്‍ജ് തുമ്പയില്‍

email: thumpayil@aol.com
web :www.Thumpayil.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക