Image

കഥയുടെ ക്രാഫ്റ്റ് (കെ വി പ്രവീണ്‍)

Published on 10 October, 2017
കഥയുടെ ക്രാഫ്റ്റ് (കെ വി പ്രവീണ്‍)
കഥയെഴുത്ത് പഠിപ്പിക്കാന്‍ ആകുമോ എന്നത് പഴക്കം ചെന്ന ഒരു തര്‍ക്ക വിഷയമാണ്. പ്രചോദനം എന്ന ഭൂതം കുപ്പിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം സംഭവിക്കുന്ന വളരെ ജൈവികവും നൈസര്‍ഗികവുമായ ഒരു പ്രക്രിയയാണ് എഴുത്ത് എന്ന് വിശ്വസിക്കുന്നവരുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം മലയില്‍ മുല്ല പൂത്തു എന്നു കേട്ടയുടന്‍ മിനിറ്റുകള്‍ കൊണ്ട് കവിതയെഴുതുകയും അത് ഒരു മാറ്റവും വരുത്താതെ പ്രസിദ്ദീകരിക്കപ്പെടുകയും അതു പിന്നീട് ക്ലാസിക് രചനയായി വാഴ്ത്തപ്പെടുകയും ഒക്കെ ചെയ്യുന്ന അത്ഭുത കഥകള്‍ കേള്‍മ്പോള്‍ ‘ഹാ, ഭാഗ്യശാലികള്‍!’ എന്ന് തോന്നാറുണ്ട്. Writing poetry is an unnatural thing. It takes skill to make it natural എന്ന എലിസബത്ത് ബിഷപ്പിന്റെ അഭിപ്രായമാണ് എനിക്കു പ്രിയം.
പഠിക്കുന്ന കാലത്ത് എം ടിയുടെ ‘കാഥികന്റെ പണിപ്പുര’ ആവേശത്തോടെ വായിച്ചത് ഓര്‍ക്കുന്നു. കഥയെഴുത്തിന്റെ എല്ലാ രഹസ്യങ്ങളും ഒറ്റയടിക്ക് മനസ്സിലാക്കി എം ടിയെ പോലെ എഴുതിത്തുടങ്ങും എന്നായിരുന്നു പ്രതീക്ഷ. ഫലം നിരാശയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഇന്നിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് കടല്‍ത്തീരത്ത് മണലില്‍ ശില്പങ്ങള്‍ ഉണ്ടാക്കുന്ന കുട്ടിയുടെ വിരലുകളും കാര്‍മസോവ് സഹോദരന്മാര്‍ എഴുതിയ നോവലിസ്റ്റ്‌ന്റെ വിരലുകളും ചലിപ്പിക്കുന്നത് ഒരേ ശക്തിയാണെന്ന് ആദ്യ പേജില്‍ തന്നെ എം ടി കുറിച്ചു വെച്ചിരിക്കുന്ന മഹാസത്യം മാത്രമാണ്.

ആദ്യമായി ഒരമേരിക്കന്‍ പുസ്തകശാല സന്ദര്‍ശിച്ചപ്പോള്‍, എഴുത്ത് പഠിപ്പിക്കുന്ന നൂറു കണക്കിന് പുസ്തകങ്ങള്‍ കണ്ടപ്പോഴും അതേ ആവേശം ഉണ്ടായി. ബെസ്റ്റ് സെല്ലറുകള്‍ എഴുതാന്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ എഴുതുന്നവര്‍ക്ക് (അവരില്‍ പലരും നോവലിസ്റ്റുകള്‍ ആണു താനും) എന്തു കൊണ്ട് സ്വയം ബെസ്റ്റ് സെല്ലറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന്മില്ല എന്നോര്‍ത്തപ്പോള്‍ ആവേശം തനിയെ കെട്ടടങ്ങുകയും ചെയ്തു.
സത്യത്തില്‍ രണ്ടു തരം കഥകളേയുളളൂ എന്നു പറയാറുണ്ട്. ഒരാള്‍ തന്റെ നാടും വീടും വിട്ടു പോകുന്നു. അല്ലെങ്കില്‍ ഒരു അപരിചിതന്‍/അപരിചിത ഒരു നാട്ടിലേക്ക് വരുന്നു. അതു പോലെ മാസ്റ്റര്‍ പ്ലോട്ടുകളും പരിമിതമാണ് (പ്ലോട്ട് എന്താണ് എന്ന ചോദ്യത്തിന് ‘രാജാവ് മരിച്ചു; കുറച്ചു കഴിഞ്ഞ് റാണിയും മരിച്ചു’ എന്നതില്‍ പ്ലോട്ടില്ലെന്നും എന്നാല്‍ രാജാവ് മരിച്ചു; ആ ദുഖം കൊണ്ട് റാണിയും മരിച്ചു എന്നതില്‍ പ്ലോട്ടുണ്ടെന്നും’ പറയാറുണ്ട്.)

ആകെയുളള മാസ്റ്റര്‍ പ്ലോട്ടുകള്‍ തന്നെ പുതിയ രീതിയില്‍ എഴുതുകയാണ് മികച്ച എഴുത്തുകാര്‍ ചെയ്യുന്നത്. ഈ വര്‍ഷം ഇറങ്ങിയ ജോര്‍ജ് സോന്‍ഡേര്‍സിന്റെ ആദ്യ നോവലായ
‘Lincoln in the Bardo നോക്കാം. അബ്രഹാം ലിങ്കന്റെ 11 വയസ്സുളള മകന്‍ പനി ബാധിച്ച് മരിച്ചതും അതീവ ദുഖിതനായ പ്രസിഡണ്ട് മകനെ അടക്കം ചെയ്ത രാത്രിയില്‍ ഒറ്റക്ക് സെമിത്തേരിയില്‍ തിരിച്ചു ചെന്ന് മകന്റെ ശവപ്പെട്ടി മടിയില്‍ വെച്ച് കരഞ്ഞതും ചരിത്ര വസ്തുതയാണ്. ഈ സംഭവത്ത ആസ്പദമാക്കിയാണ് സോന്‍ഡേര്‍സിന്റെ നോവല്‍. പറയത്തക്ക പ്രമേയപരമായ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഈ സംഭവത്തെ സോന്‍ഡേര്‍സ് അവതരിപ്പിക്കുന്ന രീതിയാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്.

ആമൃറീ എന്നത് തിബത്തന്‍ ബുദ്ധിസമനുസരിച്ച് ജീവിതത്തിനും മരണത്തിനും ഇടക്കുളള അവസ്ഥയാണ്. മരിച്ചയാള്‍ മരണാനന്തര ലോകത്ത് എത്തുന്നതിനു മുന്‍പുളള സമയം ചെലവഴിക്കുന്ന ഒരിടം. ആ ലോകത്തുളള കുറേ പ്രേതാത്മാക്കള്‍ ലിങ്കന്റെ മകന്റെ ശവശരീരം സെമിത്തേരിയിലെക്ക് കൊണ്ടു വരുന്നതും തുടര്‍ന്ന് രാത്രിയില്‍ ലിങ്കണ്‍ ഒറ്റക്കു വരുന്നതും ഒക്കെ കാണുന്നതും അതിനെക്കുറിച്ച് നടത്തുന്ന സംഭാഷണങ്ങളും ലിങ്കന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പത്രപ്രവര്‍ത്തകരും സെമിത്തേരി ജീവനക്കാരും ഒക്കെ ആ സംഭവത്തെക്കുരിച്ച് എഴുതിയ ചരിത്ര രേഖകളും (സങ്കല്‍പ്പികവും അല്ലാത്തതും) കൂട്ടിക്കലര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. വിരസമായ ഒരു പരീക്ഷണാത്മക നോവല്‍ എന്ന് കേള്‍ക്കുമ്പോള്‍ തോന്നാമെങ്കിലും അസാധാരണമായ വൈകാരിക ശക്തിയുളള നോവലാണിതെന്ന് എടുത്ത് പറയേണ്ടതുണ്ട്. ഒരു പഴയ പ്രമേയം ഒരു മാസ്റ്റര്‍ എഴുത്തുകാരന്‍ തന്റെ ക്രാഫ്റ്റിന്റെ ശക്തി കൊണ്ട് അസാധരണമായ സാഹിത്യാനുഭവമാക്കി മാറ്റുന്നതിന്റെ ഉദാഹരണമാണ് ഈ നോവല്‍.

ഇതിന്റെ മറുവശത്ത് പി എഫ് മാത്യൂസ് നിരീക്ഷിച്ച വസ്തുതയുമുണ്ട്. ക്രാഫ്റ്റിന്റെ കാര്യം വച്ച് കുറ്റവും ശിക്ഷയും കാര്‍മസോവ് സഹോദരന്മാരെക്കാള്‍ മികച്ചു നിക്കുന്നു എന്നതു കൊണ്ട് ഒരു നോവല്‍ എന്ന നിലയില്‍ കാര്‍മസോവ് സഹോദരന്മാരുടെ സ്ഥാനത്തിന് ഇളക്കം തട്ടുകയില്ല. അതു പോലെ തന്നെയാണ് നിയതമായ പ്ലോട്ടും കേന്ദ്ര കഥാപാത്രങ്ങളും ഇല്ലായെന്ന കാര്യത്താല്‍ പുറത്തിറങ്ങിയ കാലത്ത് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയ വാര്‍ ആന്‍ഡ് പീസിന്റെ കാര്യവും.

‘മുതലനായാട്ട്’ പോലുളള വിവരണങ്ങളില്‍ നിന്ന് ഏറ്റവും പുതിയ കഥയിലേക്ക് മലയാളം വളര്‍ന്നത് കാലം കൊണ്ട് മാത്രമല്ല ക്രാഫ്റ്റ് കൊണ്ടു കൂടിയാണ് എന്നാണ്. ചുരുക്കത്തില്‍, ഒരു ചീത്ത കഥയില്‍ നിന്ന് ശരാശരിക്കു തൊട്ടു മുകളില്‍ നില്‍ക്കുന്ന കഥയിലേക്ക് പുരോഗമിക്കാന്‍ ക്രാഫ്റ്റിന്റെ പഠനം കൊണ്ട് കഴിഞ്ഞേക്കാം പക്ഷെ ശരാശരിയില്‍ നിന്ന് മഹത്തായ കഥയിലേക്കുളള പ്രയാണം ആര്‍ക്കും പിടി തരാത്ത പ്രതിഭാ രഹസ്യമാണ്.
Join WhatsApp News
Dr. PC Nair 2017-10-14 17:00:19
I read with interest the article by Mr.K.V.Praveen about the craft of short story. While I 
do not agree with all his observations therein, it is indeed very refreshing in the way he
selected the theme, and his analyses and narrative are very lucid and enjoyable to read.
I expect more writings of this nature in E-malayalee. Congratulations to Mr.Praveen.

Hope you are doing well, George.
with regds
sincerely
Dr.P.C.Nair
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക