Image

ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)

ഡോ. സാം ജോസഫ് പടിഞ്ഞാറ്റിടം Published on 06 October, 2017
ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)
ഫോമാ റീജണല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി. അദ്ദേഹം സാഹയ ഹസ്തവുമായി എത്തി. ഓസ്റ്റണിലുള്ള ജിബി ജോര്‍ജ്ജ് എന്നെ സഹായിക്കാനെത്തി. മകള്‍ ആഷ്‌ലിയുടെ സുഹൃത്ത് ജയിമ്‌സ് കാറുമായി എത്തി എന്നെ ജൂബിയുടെ ഔട്ട് ഹൗസില്‍ എത്തിച്ചു.

നാട്ടിലായിരുന്ന എന്റെ സുഹൃത്ത് ഷാജി ആനക്കുഴി വിവരം അറിഞ്ഞെന്നെ വിളിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് റോണി ഓസ്റ്റിനില്‍ താമസിക്കുന്നതായി എന്നെ അറിയിച്ചു. അദ്ദേഹവും വന്നു എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഹ്യൂസ്റ്റണില്‍ ഉള്ള എന്റെ സുഹൃത്ത് തോമസ് ഓളിയാന്‍കുന്നേല്‍ എന്നെ അറിയിച്ചു മോഹന്‍ എന്നൊരാള്‍ ഓസ്റ്റിനില്‍ നിന്നും ഹ്യൂസ്റ്റണിലേക്ക് റോഡുമാര്‍ഗ്ഗം വരുന്ന വിവരം. മോഹനെ ഞാന്‍ ബന്ധപ്പെട്ടു. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാം എന്നു സമ്മതിച്ചു. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുള്ള അദ്ദേഹത്തെ എനിക്കു നേരത്തെ തന്നെ അറിയാമായിരുന്നു.
തമിഴ് അറിയാവുന്ന എനിക്ക് വളരെ നാളുകള്‍ക്കു ശേഷം തമിഴില്‍ സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷം തോന്നി.

ഹ്യൂസ്റ്റണ്‍ സിറ്റിയോട് അടുക്കുന്തോറും പ്രളയബാധിത പ്രദേശങ്ങളുടെ ലക്ഷണങ്ങള്‍ പലതും കണ്ടു തുടങ്ങി. കണ്ണെത്താദൂരത്തുള്ള കൃഷിയിടങ്ങള്‍ പലതും വെള്ളത്തിനടിയില്‍. പലയിടത്തും അങ്ങിങ്ങായി പശുക്കള്‍ ചത്തു കിടക്കുന്നു. വന്യമൃഗങ്ങളും പലയിടങ്ങളില്‍ ചത്തു കിടക്കുന്നു. വാഹനങ്ങള്‍ പലതും വെള്ളം കയറി നശിച്ചിരിക്കുന്നു. കടകള്‍ പലതും അടഞ്ഞും കിടക്കുന്നു. വീടുകളില്‍ ഒന്നും തന്നെ ആളുകള്‍ ഇല്ല.

പലയിടത്തും മിന്നി മിന്നി നിലയ്ക്കാതെ കറങ്ങുന്ന സിഗ്നല്‍ ലൈറ്റുകള്‍. ബില്‍ഡിംഗുകളില്‍ പലതിലും വെള്ളം കയറിയിറങ്ങിയ വരകള്‍.

നിരത്തുകളില്‍ വാഹനങ്ങള്‍ നന്നേ കുറവ്, പലയിടത്തും റോഡുകളില്‍ ഒരടിയോളം വെള്ളം പലയിടത്തും പോലീസ് വഴി തിരിച്ചുവിടുന്നു.

റോഡില്‍ പലയിടങ്ങളിലും ഉപേക്ഷിച്ച കാറുകള്‍, തലകീഴായി മറിഞ്ഞ ട്രക്കുകള്‍. ഭക്ഷണമില്ലാതെ അലഞ്ഞു തിരിയുന്ന കാലികള്‍.

ചിലയിടങ്ങളില്‍ ട്രാഫിക് ബ്ലോക്കുകള്‍. മെല്ലെ കാറിന്റെ ചില്ലുകള്‍ താഴ്ത്തി പുറത്തേക്ക് നോക്കി. നേരിയ ദുര്‍ഗന്ധത്തിന്റെ മണം.

മൂന്നു മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ഭാര്യയെയും മകനെയും നേരില്‍ കണ്ടപ്പോള്‍ വീണ്ടുമൊരു ജന്മം ലഭിച്ചതുപോലെ.

പ്രളയക്കെടുതി ബാധിച്ച പല സ്ഥലങ്ങളും സുഹൃത്തുക്കളുമൊത്തു നേരിട്ടുകണ്ടു. സ്‌ക്കൂള്‍ പഠന കാലത്തു എന്‍.എസ്.എസ്. ലൂടെയും പിന്നീട് ജൂനിയര്‍ പേസ്‌റിലൂടെയും ചെയ്ത സാമൂഹിക പ്രവര്‍ത്തനങ്ങളും അഞ്ചു വര്‍ഷക്കാലം ഗൂഢല്ലൂര്‍ മുന്‍സിപ്പാലിറ്റിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ അനേകം ഗ്രാമങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മനസ്സിലേക്ക് ഓടിയെത്തി.
എന്തെങ്കിലും ചെയ്യണം. ഈ സമൂഹത്തിനു വേണ്ടി ഈ ദുരന്തഭൂമിയില്‍ ആരെങ്കിലുമൊക്കെ സഹായിക്കണം എന്നുള്ള ത്വര മനസ്സിലുണര്‍ന്നു.

ആഗ്‌സ്റ്റ് 30-ാം തീയ്യതി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ വിളിച്ചുകൂട്ടിയ ഹാര്‍വി ദുരന്ത നിവാരണ മീറ്റിംഗില്‍ പങ്കെടുത്തു.

പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കു സേവനം നല്‍കാന്‍ കമ്മറ്റികള്‍ രൂപപ്പെട്ടു. ആഗസ്റ്റ് 31 നു സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ വിളിച്ചു കൂട്ടിയ ചര്‍ച്ചയില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ ലിയനോര്‍ഡ് സ്‌കാര്‍സില്ല, സ്റ്റാഫോര്‍ഡ് പോലീസ് ചീഫ് റിച്ചാര്‍ഡ് റാമിര്‍സ്, സ്റ്റാഫോര്‍ഡ് കൗണ്‍സില്‍മാര്‍ കെന്‍ മാത്യു, സിസില്‍ വെയ്ല്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചര്‍ച്ചയില്‍ നിരോധനാജ്ഞ എത്രയും വേഗം പിന്‍വലിക്കാമെന്നും പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള അനുമതി നല്‍കാമെന്നും അറിയിച്ചു. സന്നദ്ധ സേവനത്തിനായി എല്ലാവരും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നു ആഹ്വാനം ചെയ്യപ്പെട്ടു. പ്രളയ ബാധിതര്‍ക്ക് സാമ്പത്തിക സഹായവും മറ്റു ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയും ശ്രീമാന്‍ ജി.കെ.പിള്ളയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി രൂപപ്പെട്ടു.

സെപ്റ്റംബര്‍ മാസം ഒന്നാം തീയതി കൂടിയ മീറ്റിംഗില്‍ ഡോ.സാം ജോസഫിന്റെ നേതൃത്വത്തില്‍ വോളന്റിയറിങ്ങിനായി എല്ലാ മലയാളി സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മറ്റിക്ക് രൂപം നല്‍കി.

അടുത്ത ദിവസം തന്നെ റിവര്‍ സ്റ്റോണ്‍ പ്രദേശം സന്ദര്‍ശിച്ചെങ്കിലും വീടുകളും റോഡുകളും മൂന്നടിയോളം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന കാഴ്ചയാണ് ഞങ്ങള്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. പോലീസ് ആരെയും തന്നെ കടത്തിവിടാഞ്ഞതുകൊണ്ട് അന്ന് രക്ഷാപ്രവര്‍ത്തനം ചെയ്യുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

സിററിയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ രണ്ടു ദിവസം തുടര്‍ച്ചയായി വെള്ളം പമ്പു ചെയ്തു നീക്കിയ ശേഷമാണ് ഞങ്ങള്‍ക്ക് ആ പ്രദേശത്തേക്ക് കടന്നു ചെല്ലാന്‍ അനുമതി ലഭിച്ചത്.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി, രണ്ടു ടീമുകളായി തിരിച്ചു. ദുരിതമനുഭവിക്കുന്ന പ്രദേശവാസികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ട കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍ വൃത്തിയാക്കാനുള്ള ഉപകരണങ്ങള്‍, ഫേസ് മാസ്‌ക്, കയ്യുറകള്‍, ബൂട്ട് തുടങ്ങിയവ താല്‍ക്കാലികമായുണ്ടാക്കിയ റ്റെന്റിലേക്ക് ഞങ്ങള്‍ എത്തിച്ചു. പ്രദേശവാസിയായ റെജി ജോണിന്റെ നേതൃത്വത്തില്‍ മലയാളികളായ പ്രളയദുരിതത്തിനിടയായവരുടെ പേരു വിവരങ്ങളും വിലാസവും തരപ്പെടുത്തി. ബൂത്തിന്റെ ചുമതല ഫോര്‍ട്ട് സെന്റ് കൗണ്ടി ട്രസ്റ്റി ബോര്‍ഡ് അംഗവും പ്രദേശവാസിയുമായ ശ്രീ.കെ.പി.ജോര്‍ജിനു നല്‍കി.

മാസ്‌കും, ബൂട്ടും, ഗ്ലവുസും ധരിച്ച് ഒരുപിടി ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനു അണി നിരന്നു.
ആദ്യം ഞങ്ങള്‍ രജ്ഞിത്ത് ജോര്‍ജ്ജ് എന്നയാളുടെ ഭവനത്തിലേക്കാണ് ചെന്നത്. റോഡു മുഴുനീളം ഒന്നരയടിയോളം വെള്ളമുണ്ടായിരുന്നു. സാധാരണ കാറുകള്‍ എത്തിചെല്ലാന്‍ കഴിയാത്തതിനാല്‍ ട്രക്കിലാണ് ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നത്.

പ്രളയം ആരംഭിച്ച് ഒരാഴ്ചക്കുശേഷമാണ് ഞങ്ങളോടൊപ്പം രഞ്ജിത്തും അവിടെ എത്തിച്ചേര്‍ന്നത്. വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ എല്ലാം തന്നെ നാലടിയില്‍ കൂടുതല്‍ വെള്ളത്തില്‍ മുങ്ങിയ പാടുകള്‍. മുന്‍വാതില്‍ തുറന്നു അകത്തേക്കു കടന്നു. മുഴുവന്‍ നനഞ്ഞു കുതിര്‍ന്ന പ്രതലം. കാര്‍പ്പെറ്റുകളും മരത്തിന്റെ തറകളും വെള്ളം കുടിച്ചു ചീര്‍ത്തിരിക്കുന്നു. കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങള്‍ പലതും ഒഴുകി നടക്കുന്നു. അടുക്കളയിലെ പാത്രങ്ങള്‍ പലതും പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു. കുടിലുകളും മറ്റും നനഞ്ഞു കുതിര്‍ന്നു ചരിഞ്ഞ നിലയില്‍. നാലടിയോളം വെള്ളം കയറിയ ഭവനത്തില്‍ ഫര്‍ണിച്ചറുകളും, ഫ്രിഡ്ജും, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍ തുടങ്ങി എല്ലാ സാധനങ്ങളും ഉപയോഗശൂന്യമായിരിക്കുന്നു.

പെട്ടെന്ന് ഞാന്‍ രഞ്ജിത്തിന്റെയും ഭാര്യയുടെയും മുഖത്തേക്ക് നോക്കി. സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട ആ കുടുംബം നിര്‍വ്വികാരരായി തരിച്ചു നില്‍ക്കുന്നു. സാന്ത്വനപ്പെടുത്തുവാന്‍ ഞങ്ങള്‍ക്കു വാക്കുകളില്ലായിരുന്നു. രഞ്ജിത്തിന്റെ അനുവാദത്തോടെ ഞങ്ങള്‍ ഓരോ മുറികളിലേയും കാര്‍പ്പറ്റുകള്‍ മുറിച്ചു നീക്കി. ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍ മുഴുവന്‍ പുറത്തേക്ക് നീക്കി.
ഫയലുകളും, ഫോട്ടോ ആല്‍ബങ്ങളും മറ്റും ചിതറിക്കിടക്കുന്നു. ഒരു ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതും ജീവിത സ്വപ്‌നങ്ങളും ഒരു ദിവസം കൊണ്ട് നഷ്ടപ്പെട്ടിരിക്കുന്നു.

കേരളത്തില്‍ നിന്നു പ്രവാസികളായെത്തി കഠിനാദ്ധ്വാനം മൂലവും ബാങ്കു ലോണുമെടുത്ത് കോടികള്‍ മുടക്കി സമ്പാദിച്ച സ്വത്തുക്കള്‍ നഷ്ടപ്പെട്ടതു മലയാളികള്‍ക്കു മാത്രമല്ല. കറുത്തവര്‍ഗ്ഗക്കാരും, മെക്‌സിക്കരും, ചൈനക്കാരും, ഫിലിപ്പിനികളും ഉള്‍പ്പെടുന്ന അനേകായിരങ്ങള്‍ക്കാണ്. പ്രകൃതി സംഹാര താണ്ഡവമാടിയ പ്രളയ ഭൂമിയില്‍ ഞങ്ങളും തരിച്ചുനിന്നു.

ടവറുകളുടെ കേടുപാടുകള്‍ മൂലം പലപ്പോഴും അന്യോന്യം ബന്ധപ്പെടുവാന്‍ ഞങ്ങള്‍ നന്നേ പാടുപ്പെട്ടു. ജിജി കുളങ്ങരയും, ജോണ്‍ വര്‍ഗ്ഗീസും ഞങ്ങള്‍ക്കു വേണ്ടി ഭക്ഷണവും വെള്ളവും വീടുകള്‍ വൃത്തിയാക്കുവാനുള്ള ഉപകരണങ്ങളും എത്തിച്ചു തന്നു.

ഏകദേശം 5 ദവിസങ്ങള്‍ക്കൊണ്ട് അമ്പതില്‍ പരം വീടുകളില്‍ ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനം നിര്‍വ്വഹിച്ചു. റിവര്‍ സ്റ്റോണ്‍, പാസഡീന തുടങ്ങിയ പ്രദേശങ്ങളിലെ മലയാളി സംഘടനകളും ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയിലെ പുരോഹിതന്മാരും ഇടവകയിലെ യുവജനങ്ങളും ഒത്തു കൂടിയപ്പോള്‍ നൂറില്‍പരം ഭവനങ്ങളില്‍ സഹായം എത്തിക്കാന്‍ കഴിഞ്ഞു.
മലയാളികളുടെ ഏറ്റവും മുഖ്യ ആഘോഷമായ ഓണം എല്ലായിടത്തും മാറ്റിവെക്കപ്പെട്ടു.
തിരുവോണ ദിവസം ഞങ്ങള്‍ വോളന്റിയര്‍മാരെല്ലാം ബൂത്തിനടുത്ത് ഒത്തുകൂടി. തെരുവോരത്തു നിരത്തിയ മേശയില്‍ വിളമ്പിയ ഓണവിഭവങ്ങള്‍ കഴിച്ചു.

പുത്തന്‍ കോടികളില്ലാതെ, ചെണ്ടമേളമില്ലാതെ തിരുവാതിരക്കളിയും മാവേലിയുമില്ലാതെ തെരുവില്‍ മുഷിഞ്ഞ വസ്ത്രവുമായി ഒരു തിരുവോണം.

ഒരിക്കലും മറക്കാനാവാത്ത എന്നാല്‍ ജീവിതത്തിലെ ഏറ്റവും സംതൃപ്തിയാര്‍ന്ന ഒരു ഓണമായിരുന്നു അത്. ഞങ്ങള്‍ക്ക് ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്ത ജോണ്‍ വര്‍ഗീസിനോടും ജോയിസ് തോന്ന്യാമലയോടും കൃതജ്ഞത രേഖപ്പെടുത്തുന്നു.

മലയാളി അസോസിയേഷന്‍ പ്രസിഡന്റ ശ്രീ.തോമസ് ചെറുകര, ഫോമാ-ഫൊക്കാന മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാര്‍ ശ്രീ കെന്‍ മാത്യു, സുരേഷ് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

വോളന്റിയര്‍മാരായ പ്രവര്‍ത്തിച്ച ശ്രീ.തോമസ് മാത്യു, റെജി, പ്രമോദ്, മെവിന്‍, അജു, നിജു, ജോജി രാജന്‍ യോഹന്നാന്‍, പ്രേംദാസ്, മൈസൂര്‍ തമ്പി, സെബാസ്റ്റന്‍ പാല, ജോര്‍ജ് കാക്കനാടന്‍, സണ്ണി കാരിക്കല്‍, ജോര്‍ജ് ഈപ്പന്‍, സാബു തെക്കേക്കര, ജിജി ഓലിക്കന്‍, തോമസ് ഓലിയാന്‍ കുന്നേല്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ എത്തിച്ചേരാന്‍ സാധിക്കാത്ത സാജു കുരിയാക്കോസ്, ഫിലിപ്പ് കൊച്ചുമ്മന്‍, ഏബ്രഹാം ഈപ്പന്‍, അനില്‍ ആറന്‍മുള, ജയിംസ് ജോസഫ് തുടങ്ങിയവര്‍ സാമ്പത്തീക സഹായം നല്‍കി ഞങ്ങളെ സഹായിച്ചു.
ഹാര്‍വി വിതച്ച പ്രളയം അവസാനിച്ചെങ്കിലും ഭവനരഹിതരായവര്‍ തങ്ങളുടെ വീടുകളില്‍ താമസമുറപ്പിക്കണമെങ്കില്‍ ഇനിയും ആഴ്ചകളോ മാസങ്ങളോ എടുക്കുമെന്നുള്ളത് ഒരു സത്യമാണ്. വീടുകളുടെ അറ്റകുറ്റപണികള്‍ നിര്‍വ്വഹിച്ച് പുതിയ ഫര്‍ണീച്ചറുകള്‍ വാങ്ങിക്കൂട്ടി വരുന്നതു ഭീമമായ ചിലവിനിടയാക്കും.

ഫ്്‌ളഡ്(Flood) ഇന്‍ഷുറന്‍സ് എടുക്കാത്തവരാണി ഭൂരിഭാഗവും അക്കാരണത്താല്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം തന്നെ പ്രളയ ബാധിതരെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. സഹായ ഹസ്തം ലഭിക്കുമെന്നു കരുതിയ നാഷ്ണല്‍ ഏജന്‍സിയായ ഫീമയില്‍ നിന്നും യാതൊരു സഹായവും ഇതുവരെ ലഭ്യമായിട്ടില്ലെന്നുള്ളതാണ് മറ്റൊരു വിരോധാഭാസം.
15 ട്രില്ല്യന്‍ ഗാലന്‍ മഴവെള്ളമാണ് ഹാര്‍വി ദുരന്തം മൂലം ഹ്യൂസ്റ്റണിലും മറ്റു ഭാഗങ്ങളുമായി പെയ്ത ഒഴുകിയത്. ഹ്യൂസ്റ്റണ്‍ പട്ടണത്തിന്റെ മൂന്നില്‍ ഒരു ഭാഗം വെള്ളത്തിനടിയില്‍ മുങ്ങിയ ദുരന്തത്തിന്റെ ഇരകള്‍  ഫീമയുടെ കണക്കു പ്രകാരം രണ്ടു ലക്ഷത്തി പതിനായിരം ആളുകളാണ്. കരീബിയന്‍ ദ്വീപ് സമൂഹങ്ങളില്‍ 83 പേരും ടെക്‌സാസിന്റെ വിവിധ  ഭാഗങ്ങളില്‍ 82 പേരും മരിച്ചതായി രേഖപ്പെടുത്തുന്നു.

എഴുപതു മുതല്‍ 200 ബില്യന്‍ വരെ നഷ്ടം സംഭവിച്ചു എന്നും കണക്കാക്കപ്പെടുന്നു. ദുരന്തം നേരിട്ടു കാണാന്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് 5.95 ബില്ല്യന്‍ ഡോളര്‍ സഹായധനമായി പ്രഖ്യാപിച്ചു. അനേകം സന്നദ്ധ സംഘടനകളും ബിസിനസ്സ് സ്ഥാപനങ്ങളും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പ്രളയം കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും ആര്‍ക്കും തന്നെ ധനസഹായം ലഭ്യമായിട്ടില്ലെന്നുള്ളതാണ് വസ്തുത.

ഹ്യൂസ്റ്റണ്‍ സിറ്റി പതിയെ പ്രളയ ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ നിന്നും മുക്തി നേടികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളുമായി ഹാര്‍വി ദുരന്തത്തിന്റെ വേദനയുമായി ഒരു പറ്റം ബലിയാടുകള്‍.


ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)ഹാര്‍വി ദുരന്തം വിതച്ച ഹൂസ്റ്റണിലൂടെ(ഭാഗം:2- ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക