Image

ആദ്യത്തെ കൈക്കൂലി, അവസാനത്തെയും (അധ്യായം:25)- ഫ്രാന്‍സിസ് തടത്തില്‍

ഫ്രാന്‍സിസ് തടത്തില്‍ Published on 05 October, 2017
ആദ്യത്തെ കൈക്കൂലി, അവസാനത്തെയും (അധ്യായം:25)- ഫ്രാന്‍സിസ് തടത്തില്‍

എന്റെ ജീവിത്തില്‍ ഏറ്റവും ആദ്യവും അവസാനവുമായി എഴുതാന്‍ വേണ്ടി കൈക്കൂലി വാങ്ങിയത് ഒരു കത്തോലിക്ക പുരോഹിതനില്‍ നിന്നാണ്. അതിന് കൈക്കൂലി വാങ്ങി എന്നു പറയുന്നതിനെക്കാള്‍ ഉത്തമം കൈക്കൂലി നല്‍കി എന്നു പറയുന്നതാണ്. ഏതാണ്ട് 22 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ജേര്‍ണലിസം ട്രെയിനി ആയി തൃശ്ശൂരില്‍ ജോലി ചെയ്യുമ്പോഴാണ് സംഭവം. നേരേത്തെ ഒരു അധ്യായത്തില്‍ സൂചിപ്പിച്ചിരുന്നതുപോലെ ട്രെയിനിംഗ് പിരീയഡിനു ആദ്യ വര്‍ഷം വെറും 1250 രൂപയായിരുന്നു സ്റ്റൈപ്പന്റ്. ആ തുക അന്ന് വലുതായിരുന്നുവോ എന്നു ചോദിച്ചാല്‍ ശരിയാണ്. എന്നാല്‍ ഒരു യുവ പത്രപ്രവര്‍ത്തകനെ സംബന്ധിച്ച് എല്ലാ അര്‍ത്ഥത്തിലും അടിച്ചു പൊളിച്ചു ജീവിക്കണമെങ്കില്‍ ആ തുക മതിയാകുമായിരുന്നില്ല. കുറച്ചു പണം വീട്ടില്‍ നിന്നു കിട്ടും. ബാക്കി പണത്തിനായി ചെയ്തിരുന്ന മാര്‍ഗമാണ് രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ കീഴിലുള്ള പ്രസിദ്ധീകരണങ്ങളിലും എഴുതുകയാണെങ്കില്‍ 50 മുതല്‍ 150 രൂപ വരെ പ്രതിഫലം ലഭിക്കും. സണ്‍ഡേ സപ്ലിമെന്റില്‍ കവര്‍ സ്റ്റോറി ചെയ്താല്‍ 250 രൂപ വരെ ലഭിക്കുമായിരുന്നു. അങ്ങനെ കായികലോകം എന്ന സ്‌പോര്‍ട്‌സ് മാസികക്കുവേണ്ടി എഴുതിയതാണ് സംഭവത്തിനാധാരം.

ഒരിക്കല്‍ ചീഫ് എഡിറ്റര്‍ ഫാ.ജോസ് പന്തപ്ലാംതൊട്ടിയില്‍ പറഞ്ഞു കായിക ലോകത്തിനു വേണ്ടി ഒരു സ്‌ക്കൂളിനെക്കുറിച്ചു ഒരു ലേഖനം എഴുതണം. ഇരിങ്ങാലക്കുടയിലുള്ള ഒരു സി.ബി.എസ്.സി. സ്‌ക്കൂളാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ സ്‌ക്കൂളിനായിരുന്നു ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ സ്ഥിരം ചാമ്പ്യന്‍ഷിപ്പ്.

അച്ചന്റെ നിര്‍ദ്ദേശ പ്രകാരം ഫോട്ടോഗ്രാഫര്‍ ടി.എ.സാബുവിനെയും കൂട്ടി മോട്ടോര്‍സൈക്കിളില്‍ ഇരിങ്ങാലക്കുടയ്ക്കു പോയി. സ്‌ക്കൂള്‍ പ്രിന്‍സിപ്പലായായിരുന്ന ഒരു വൈദികനുമായും കായികാധ്യാപകനുമായും ദീര്‍ഘനേരം സംസാരിച്ച് ലേഖനത്തിനു വേണ്ട വിവരങ്ങള്‍ ശേഖരിച്ചു. ആവശ്യത്തിനു വേണ്ട ചിത്രങ്ങളും എടുത്തു. പ്രിന്‍സിപ്പാള്‍ അച്ചനോട് യാത്രയും പറഞ്ഞ് പോകാന്‍ നേരം അദ്ദേഹം ഒരു കവര്‍ എന്റെ കയ്യില്‍ തന്നു. ഞാന്‍ ചോദിച്ചു: 'ഇതെന്താ അച്ചാ?' 'ഒരു ചെറിയ പോക്കറ്റ് മണിയാണ്. തൃശൂരില്‍ നിന്നു ഇവിടെ വരെ വരാന്‍ പെട്രോളടിക്കാനും മറ്റും ഒരു പാട് കാശായില്ലെ. ഇതിരിക്കട്ടെ.' അച്ചന്‍ കവര്‍ കയ്യിലേക്ക് നീട്ടിയപ്പോള്‍ ഞാന്‍ വലിച്ചു കൊണ്ടു പറഞ്ഞു. 'അച്ചാ. അതു സാരമില്ല. എനിക്ക് ഇത്തരം റിപ്പോര്‍ട്ടിംഗിനും മറ്റും പോകുമ്പോള്‍ യാത്രാബത്ത ലഭിക്കാറുണ്ട്. അതുകൊണ്ട് എനിക്കിതു വേണ്ട.'- ഒന്നാമത് കൈക്കൂലി. അതും ഒരു വൈദികനില്‍ നിന്ന് എന്റെ ഉള്ളോന്നു പിടഞ്ഞു. അച്ചന്‍ വിടാന്‍ ഭാവമില്ല. ആ കവര്‍ നിര്‍ബന്ധമായും പിന്നെ പിടിച്ചേല്‍പ്പിച്ചു. എനിക്ക് എന്തു ചെയ്യണമെന്നറിയില്ല. ദയനീയമായി സാബുവിനെ നോക്കി. സാബു കണ്ണടച്ചു കാണിച്ചു. പിന്നെ ഒന്നും മിണ്ടിയില്ല. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഇരിങ്ങാലക്കുട ഓഫീസിലേക്കു പോയി.

അവിടെ വച്ച് വിന്‍സെന്റ് എന്ന പ്രാദേശിക ലേഖകനോട് കാര്യങ്ങള്‍ മുഴുന്‍ പറഞ്ഞു. വിന്‍സെന്റ് പറഞ്ഞു. കൊന്നാല്‍ പാപം തിന്നാല്‍ തീരും. നീയാ കവറിങ്ങോട്ടു തന്നേ? ഞാന്‍ വിന്‍സെന്റിനു കവര്‍ കൈമാറി. കവര്‍ തുറന്നപ്പോള്‍ 200 രൂപ. 'എ്ന്റമ്മേ' എന്റെ തല കറങ്ങി. ഞങ്ങള്‍ ആ പൈസ നയാ പൈസാ മിച്ചം വയ്ക്കാതെ അപ്പോള്‍ തന്നെ പൊടിച്ചുതീര്‍ത്തു. തിരിച്ചു തൃശൂര്‍ക്ക് വന്നതിനുശേഷം പിറ്റേന്ന് ജോലിത്തിരക്ക് ഒക്കെ കഴിഞ്ഞ് ലേഖനം എഴുതാന്‍ പേനയും പേപ്പറും കയ്യിലെടുത്തു. എത്ര ശ്രമിച്ചിട്ടും ഒരക്ഷരം എഴുതാന്‍ കഴിയുന്നില്ല. ഉള്ളില്‍ നിറയെ കുറ്റബോധം. ജേര്‍ണലിസം സ്‌ക്കൂളില്‍ നിന്നും പുറത്തിറങ്ങിയിട്ട് അധികം കാലമായിട്ടില്ല. ടി. ദേവപ്രസാദ് സാര്‍ പഠിപ്പിച്ച 'എത്തിക്‌സ് ഇന്‍ ജേര്‍ണലിസം' ത്തിലെ ആദ്യ പാഠം തന്നെ ലംഘിച്ചിരിക്കുന്നു. ഒരക്ഷരം പോലും എഴുതാന്‍ കഴിയാതെ ആദ്യദിവസം പിന്നിട്ടു. പിന്നീട് ദിവസങ്ങള്‍ പലതും പിന്നിട്ട്ു ഈ ലേഖനമെന്നല്ല ഞാന്‍ എഴുതിക്കൊടുക്കാമെന്ന് വാക്കുകൊടുത്തിരുന്ന ഒരൊറ്റ ലേഖനങ്ങള്‍ പോലും എഴുതാന്‍ കഴിയുന്നില്ല. ഒരു തരം 'റൈറ്റേഴ്‌സ് ബ്ലോക്ക്'. സ്ഥിരം റുട്ടീന്‍ ജോലികളല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ ആകെ വിഷണ്ണനായി. പ്രസാദ് സാറിനെ വിളിച്ചു പറഞ്ഞാലോ? വേണ്ട. അല്ലെങ്കില്‍ തന്നെ അദ്ദേഹത്തിന് എന്നോടത്ര മതിപ്പില്ല. ഇനി ഇതും കൂടി കേട്ടാല്‍ എന്നെ പഞ്ഞിക്കിടും. തികഞ്ഞ കരിസ്മാറ്റ്കാരനായ പ്രസാദ് സാറ് ഒരിക്കലും പൊറുക്കില്ലാത്ത തെറ്റാണ് ഞാന്‍ ചെയ്തത്. അതും ഒരു വൈദികനില്‍ നിന്നു പണം വാങ്ങിയിരിക്കുന്നു. ഇതിനിടെ ഷാജി ജേക്കബ് സാര്‍(കായിക ലോകം എഡിറ്റര്‍ ഇന്‍ചാര്‍ജ്) രണ്ടു തവണ ഐറ്റം തരാനായി എന്നെ വിളിച്ചിരുന്നു.

ഒരു ദിവസം രാവിലെ ചീഫ് എഡിറ്ററുടെ ഒരു ഫോണ്‍ കോള്‍. 'എടോ ഫ്രാന്‍സിസ്, താന്‍ ഇരിങ്ങാലക്കുട സ്‌ക്കൂളിന്റെ ഫീച്ചര്‍ ഇതുവരെ കൊടുക്കാത്തതെന്താ? ആ ഫീച്ചര്‍ എഴുതാന്‍ താന്‍ പ്രിന്‍സിപ്പല്‍ അച്ചനോട് കാശും വാങ്ങിയല്ലേ? തനിക്കുനാണമില്ലടോ ഇത്തരം തരം താഴ്ന്ന പരിപാടികള്‍ ചെയ്യാന്‍?'

എന്റെ സ്വരം അടഞ്ഞ് വിക്കി വിക്കി പോയി. ഞാന്‍ പറഞ്ഞു വാങ്ങിയതല്ല അച്ചോ. പ്രിന്‍സിപ്പലച്ചന്‍ പിടിച്ചേല്‍പ്പിച്ചതാ. രണ്ടും ഒന്നും തന്നെയാ. എത്രയും വേഗം ആ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരിക്കണം. അച്ചന്‍ ഫോണ്‍ വച്ചപ്പോഴാണ് എനിക്കു ശ്വാസം നേരെ വീണത്. കള്ളി വെളിച്ചത്തായപ്പോള്‍ മനസിനു എന്തോ ഒരു സുഖം. ഉള്ളില്‍ മാഞ്ഞുകിടന്നിരുന്ന ആശങ്ങളൊക്കെ രചനയുടെ ഭാവത്തില്‍ പുറത്തുവന്നു. പിന്നൊട്ടും അമാന്തിച്ചില്ല. അന്നു വൈകുന്നേരം കുത്തിപ്പിടിച്ചിരുന്ന് ഒരൊറ്റ എഴുത്ത്. പിറ്റേ മാസത്തെ കായിക ലോകത്തില്‍ ഫീച്ചര്‍ അതിഗംഭീരമായി വന്നു.

ഒരു ദിവസം എനിക്കൊരു ഫോണ്‍ വന്നു. പ്രിന്‍സിപ്പലച്ചനായിരുന്നു മറുവശത്ത്. നന്ദി പറയാന്‍ വിളിച്ചതാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു 'തല്ല തന്നതുകൊണ്ട്  ഇപ്പോള്‍ തലോടുകയാണ് അല്ലേ!' അച്ചന്‍ പറഞ്ഞു: ഞാനങ്ങനെ ഉദ്ദേശിച്ചൊന്നുമല്ല ചീഫ് എഡിറ്ററോട് പരാതി പറഞ്ഞത്. രണ്ടുമാസമായിട്ടും ഫീച്ചര്‍ കാണാത്തതുകൊണ്ടുള്ള ആശങ്ക കൊണ്ടാണ് അ്‌ദ്ദേഹത്തെ വിളിച്ചത്. അല്ലാതെ പരാതി പറയാനല്ല. എനിക്ക് അരിശം വന്നു. ഞാന്‍ ചോദിച്ചു ഫീച്ചര്‍ നന്നായി വരുത്തുന്നതിന് 200 രൂപയും ഞാന്‍ അവനു കൊടുത്തു എന്നു പറഞ്ഞതോ? അപ്പോള്‍ അച്ചനു ഉത്തരം മുട്ടി. ഞാന്‍ പറഞ്ഞു. ഏതായാലും ആ സത്യം അച്ചന്‍ ചീഫ് എഡിറ്ററോടു പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്നും എന്റെ 'റൈറ്റേഴ്‌സ് ബ്ലോക്ക്' മാറില്ലായിരുന്നു. കൂടുതലൊന്നും പറയാതെ അച്ചന്‍ ഫോണ്‍ വച്ചു. ്അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കൈക്കൂലി വാങ്ങിയുള്ള എഴുത്ത്.

പിന്നീടൊരിക്കല്‍ തൃശൂര്‍ പ്രസ് ക്ലബില്‍ പത്രസമ്മേളനം നടക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നു നാലു പത്രസമ്മേളനങ്ങള്‍. അവസാനം തൃശൂരിലെ ഒരു പ്രമുഖ പള്ളിയിലെ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് പത്രസമ്മേളനം നടത്തുകയായിരുന്നു. പത്രസമ്മേളനത്തിനിടെ ഒരു വൈദികന്‍ ചോദിച്ചു: ദീപികയുടെ റിപ്പോര്‍ട്ടര്‍ ആരാണ്? ഞാന്‍ കൈപൊക്കി. അപ്പോള്‍ എല്ലാ പത്രക്കാരും എന്നെ ആക്കി ഒരു നോട്ടം. ചെല്ല്, അച്ച•ാരുടെ പത്രമല്ല നിനക്കു വല്ല പ്രത്യേക സമ്മാനവും കൊണ്ടുവന്നിട്ടുണ്ടാകും. ഓ, വാര്‍ത്ത നന്നായി കൊടുക്കാന്‍ പറയാനായിരിക്കും അന്വേഷിച്ചത്. ഞാന്‍ മനസിലോര്‍ത്തു.
പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ മേല്‍പ്പറഞ്ഞ വൈദികന്‍ എന്നെ വിളിച്ചു ഒരു മൂലക്കു കൂട്ടിക്കൊണ്ടുപോയി. ഞാന്‍ ചോദ്യഭാവേന നോക്കിയപ്പോള്‍ മുഖവുരയില്ലാതെ അച്ചന്‍ പറഞ്ഞു. സഹായിക്കണം. മൂന്നാം പേജില്‍ തലക്കെട്ട് വെണ്ടക്കാ നിരത്തണം. എന്നിട്ട് അച്ചന്‍ ളോഹയുടെ പോക്കറ്റില്‍ കയ്യിട്ട് ഒരു കവര്‍ പുറത്തെടുത്തു. 'കൂടുതലൊന്നുമില്ല. 250 രൂപയുണ്ട്. നിങ്ങളൊക്കെ എത്രയാ ചാര്‍ജ് ചെയ്യുന്നതെന്ന് ഒരു തിട്ടവുമില്ല. അതോണ്ടാ.' ഞാന്‍ ഞെട്ടിപ്പോയി. 'എന്താ അച്ചാ ഇത്. കൈക്കൂലിയോ?' ഉടന്‍ അച്ചന്‍ ആകെ വിഷണ്ണനായി ക്ഷമിക്കണം. അങ്ങനെ ഒന്നും വിചാരിക്കരുത്. സാധാരണ ഞങ്ങളുടെ പള്ളിപ്പെരുന്നാളിന്റെ വാര്‍ത്ത വരുമ്പോള്‍ മാത്രം ആരും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. അതേ സമയം ഞങ്ങളുടെ തൊട്ടടുത്തുള്ള ആ ചെറിയ പള്ളിയുടെ വാര്‍ത്തപോലും വെണ്ടക്ക് അക്ഷരത്തില്‍ വന്നു. അപ്പോള്‍ എന്നോടൊരാള്‍ പറഞ്ഞു ദീപികയുടെ ആളെ ഒന്നു സ്‌പെഷലായി കണ്ടാല്‍ മതിയെന്ന്. അതുകൊണ്ടാണ്.
പാവം വൈദികന്റെ അറിവില്ലായ്മയല്ലോ എന്നോര്‍ത്ത് ഞാന്‍ സ്വയം ആശ്വസിച്ചു. എന്നിട്ട് ഞാന്‍ ആ കവര്‍ അച്ചനെ തന്നെ തിരിച്ചേല്‍പ്പിച്ചിട്ടു പറഞ്ഞു. ആളുകള്‍ പലതും പറയും. അതു വക വയ്‌ക്കേണ്ട. ആരെങ്കിലും വാര്‍ത്ത എഴുതാന്‍ കാശു ചോദിച്ചാല്‍ അച്ചന്‍ എന്നെ അറിയിക്കണം. ഞാന്‍ അയാള്‍ക്കെതിരെ വാര്‍ത്ത എഴുതിക്കോളാം. അച്ചന്റെ വാര്‍ത്ത നന്നായി കൊടുക്കാമെന്ന് ഉറപ്പുനല്‍കി ഞാന്‍ ഓഫീസ് റൂമിലേക്ക് വന്നപ്പോഴാണ് അടുത്ത പുകില്‍ അവിടെ വട്ടം കൂടിനിന്ന എന്റെ പത്രസുഹൃത്തുക്കള്‍ ചോദിച്ചു. 'എത്ര കിട്ടി. ഞങ്ങള്‍ കണ്ടു. കവറ്.' കവര്‍ വാങ്ങിയില്ലെന്ന സത്യം അവരെ ബോധിപ്പിക്കാന്‍പ്പെട്ടപാട് ഓര്‍ത്തപ്പോള്‍ വാങ്ങിയാല്‍ മതിയെന്ന തോന്നലായി. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാല്‍ അറയ്ക്കും!

തൃശൂരിലെ പത്രപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും അക്രൈസ്തവരാണ്. അതുകൊണ്ട് അവര്‍ക്ക് കത്തോലിക്കാ സഭാ കാര്യങ്ങളിലുള്ള അറിവും പരിമിതമാണ്. ഇന്ത്യന്‍ എക്‌സ്പ്രസിലെ ഡേവിഡ് ചേട്ടന്‍, പി.ടി.ഐ.യിലെ ജോര്‍ജ് ചേട്ടന്‍ ഇവര്‍ക്കു മാത്രമെ അല്‍പ്പമെങ്കിലും സഭാ കാര്യങ്ങളെക്കുറിച്ച് അറിവുള്ളൂ.

സീറോ മലബാര്‍ സഭയില്‍ കല്‍ദായ-കല്‍ദ്ദായ വിരുദ്ധര്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും നിലനിന്നിരുന്നകാലം. സഭക്കുള്ളിലെ വിശ്വാസത്തര്‍ക്കം പൊതുനിരത്തിലേക്കു വരെ ചിലര്‍ വലിച്ചിഴച്ചപ്പോള്‍ ഒരുതരം വൃത്തിക്കെട്ട സഭാ രാഷ്ട്രീയമായിരുന്നു ചിലര്‍ കാട്ടിക്കൂട്ടിയിരുന്നത്. കല്‍ദായവിരുദ്ധരായ വൈദികര്‍ അല്‍പ്പം തീവ്രനിലപാടുകളെടുത്ത് തെരുവിലൂടെ വായമൂടിക്കെട്ടി പ്രതിഷേധ സമരം തന്നെ നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം കത്തിവേഷം കെട്ടാന്‍ ചില ആത്മ ഭോഷ•ാരും ഉണ്ടായിരുന്നു.

തൃശൂര്‍ പ്രസ്‌ക്ലബില്‍ കല്‍ദ്ദായ വിരുദ്ധരുടെ പത്രസമ്മേളനം നടക്കുന്നു. 'ദീപിക' യെ കല്‍ദ്ദായ വിരുദ്ധര്‍ക്കെതിരെ നിലപാടെക്കുന്ന പത്രമായാണ് പലരും കണ്ടിരുന്നത്. പ്രത്യേകിച്ച് കല്‍ദ്ദായ വിരുദ്ധര്‍. അങ്ങനൊന്നില്ല. അവരവരുടെ തോന്നല്‍ മാത്രമായിരുന്നു. സഭക്കുള്ളിലെ പ്രശ്‌നങ്ങള്‍ തെരുവില്‍ പ്രക്ഷോഭം നടത്തുന്ന നിലപാടിലുള്ള അഭിപ്രായ വ്യത്യാസം മാത്രമായിരുന്നു ഞ്ങ്ങള്‍ക്കുണ്ടായിരുന്നത്.

ഏതായാലും പത്രസമ്മേളനത്തില്‍ ഒരു വൈദികന്‍ എന്താണ് കല്‍ദായവാദം അല്ലെങ്കില്‍ കല്‍ദായവിരുദ്ധവാദം എന്നൊക്കെ ഘോരാഘോരം പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. സഭയിലെ പാരമ്പര്യം, തിരശീല, മുന്നോട്ടുതിരിഞ്ഞുള്ള കുര്‍ബാന, പിറകോട്ടു തിരിഞ്ഞുള്ള കുര്‍ബാന, താമരക്കുരിശ്(മാര്‍ത്തോമ്മാകുരിശ്) തുടങ്ങി പല പല കാര്യങ്ങളാണ് അച്ചന്‍ തട്ടിവിടുന്നത്. സാധാരണ സഭാ വിഷയങ്ങളെക്കുറിച്ച് ഏകദേശ ധാരണ പോലുമില്ലാത്ത അക്രൈസ്തവരായ പത്രപ്രവര്‍ത്തകര്‍ക്ക് എന്തിനാണ് ഈ വൈദികനും കൂട്ടരും ആത്മരോഷം കൊള്ളുന്നതെന്ന് മാത്രം പിടികിട്ടിയില്ല. കാര്യങ്ങള്‍ക്ക് ഒരു നീക്കുപോക്ക് ഇല്ലാതെ വന്നതിനെ തുടര്‍ന്ന് പത്രക്കാരില്‍ ഒരു വിരുതന്‍ ചോദിച്ചു 'അച്ചോ സഭ പിളരുമോ' കൂട്ടത്തില്‍ ആവേശം കയറിയ ഒരച്ചന്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ ചിലപ്പം പിളരും. കാരണം ഞങ്ങളുടെ നിലപാടുകള്‍ ശരി വക്കുന്നതു വരെ ഞങ്ങള്‍ പ്രക്ഷോഭം തുടരും. ഈ നിലപാടുകള്‍ ശരിവക്കാത്തവര്‍ പുറത്തു പോകട്ടെ.- അച്ചന്‍ ആക്രോശിച്ചു.

തുടര്‍ന്നങ്ങോട്ട് വിഭജനത്തെക്കുറിച്ചായി ചര്‍ച്ച. അങ്ങനെ ഒരു സംഭവം കത്തോലിക്കാ സഭ ചിന്തിച്ചിട്ടുപോലുമില്ല. ഒരച്ചന്റെ വായില്‍ നിന്നു വീണ് അബന്ധത്തെ ഏറ്റുപിടിച്ച് പത്രക്കാര്‍ പെരുമാറ്റം തുടങ്ങിയപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകുമോ എന്നു തോന്നിയ നിമിഷം അതുവരെ നിശബ്ദനായിരുന്ന ഞാന്‍ വാ തുറന്നു. കുര്‍ബാനാക്രമത്തിലെ ആരാധയുടെ തര്‍ക്കവിഷയം വൈദികരെ മാത്രം ബാധിക്കുന്ന വിഷയമല്ലെ. എ്ന്തിന് ആത്മായരെ കൂട്ടുവിളിച്ച് നിങ്ങള്‍ തെരുവിലിറങ്ങണം.' ഞാന്‍ പറഞ്ഞു തീരും മുമ്പ് നിയമസഭയിലെ കൂത്തരങ്ങുപോലെ ഡയസിലിരുന്നവര്‍ ഒന്നടങ്കം എഴുന്നേറ്റു പ്രത്യാക്രമണം തുടങ്ങി. ഒരു വൈദികന്‍ ചോദിച്ചു. 'ഏതാണിവന്‍?' അപ്പോള്‍ എന്നെ അറിയാവുന്ന ഒരു അത്മായ നേതാവ് പറഞ്ഞു അവന്‍ ദീപികയുടെ റിപ്പോര്‍ട്ടറാണ്. ഇവ•ാര്‍ എപ്പോഴും നമുക്കെതിരാണ്. ഉടന്‍ ഒരു വൈദികന്‍ ചാടി എഴുന്നേറ്റ് എന്നോടു പറഞ്ഞു. 'ഇറങ്ങിപ്പോടാ, ഞങ്ങള്‍ക്ക് ദീപികയോട് സംസാരിക്കണ്ട'.( ആ നിമിഷം പ്രസ് റിലീസ് ഡയസിലേക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയ ഞാന്‍ ഓഫീസിലെത്തി പ്രസ് ക്ലബ് പ്രസിഡന്റിന് രേഖാമൂലം പരാതി നല്‍കി. പത്രസമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിന്റെ പേരില്‍ അസഹിഷ്ണുതപ്രകടിപ്പിക്കുക ചട്ടവിരുദ്ധമാണെന്നു എന്റെ പരാതിയുടെ വെളിച്ചത്തില്‍ പ്രസിഡന്റ് ഇടപ്പെട്ട് അപ്പോള്‍തന്നെ പത്രസമ്മേളനം നിര്‍ത്തിവയ്പിച്ചു. പത്രസമ്മേളനത്തില്‍ പങ്കെടുത്ത വൈദികര്‍ക്കും അത്മായര്‍ക്കും പ്രസ് ക്ലബില്‍ വിലക്ക് കല്‍പ്പിച്ചു. പത്രസമ്മേളനം നടത്തുമ്പോള്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പത്രസമ്മേളനം നടത്തുന്നവര്‍ ബാധ്യസ്ഥരാണെന്ന സാമാന്യബോധം പോലുമില്ലാതെയായിരുന്നു അവര്‍ പത്രസമ്മേളനം നടത്തിയത്. പണി പാളിയത് മനസിലാക്കിയ വൈദികര്‍ ഉടന്‍ ക്ഷമാപണം നടത്തി. എന്നാല്‍ അംഗത്തോട്(എന്നോട്) വ്യക്തിപരമായി ക്ഷമാപണം നടത്തണമെന്നായി പ്രസിഡന്റ്. അതിനും അവര്‍ തയ്യാറായെങ്കിലും ഞാന്‍ സമ്മതിച്ചില്ല.

ഇതിനിടെ പ്രസിഡന്റിനെക്കൊണ്ട് ഞാന്‍ എന്റെ ചീഫ് എഡിറ്ററെ വിളിപ്പിച്ച് സംഭവങ്ങളുടെ നിജസ്ഥിതി അറിയിച്ചു.

പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ വൈദികരിലൊരാള്‍ എന്റെ അടുത്തുവന്ന് പറഞ്ഞു. നിനക്കുള്ളത് ഞാന്‍ വെച്ചിട്ടുണ്ട്. അപകടം മുന്‍കൂട്ടി മണത്തുകൊണ്ടാണ് ചീഫ് എഡിറ്ററെ പ്രസ് ക്ലബ് പ്രസിഡന്റിനെക്കൊണ്ട് വിളിപ്പിച്ചത്. ഏതാനും നിമിഷങ്ങള്‍ക്കകം ചീഫ് എഡിറ്ററുടെ കോള്‍ വന്നു. എടോ എന്താണ് അവിടെ നടക്കുന്നത്. ഥാന്‍ അച്ച•ാരെയും സഭയെയും ഒക്കെ നാറ്റിക്കുമോ? ഞാന്‍ പറഞ്ഞു. സത്യത്തില്‍ ഞാന്‍ നാറ്റിക്കുക അല്ല ചെയ്തത്. രക്ഷിക്കുകയായിരുന്നു. കാര്യങ്ങള്‍ ഹൈജാക്കു ചെയ്തുപോകുമെന്നു തോന്നിയപ്പോള്‍ ഇടപെടുകയായിരുന്നു. ഞാന്‍ അദ്ദേഹത്തോട് നടന്നതെല്ലാം. വിവരിച്ചു. ഫോണ്‍ വച്ച് തിരിഞ്ഞു നോക്കുമ്പോള്‍ ആ വൈദികന്‍ മുമ്പില്‍ നില്‍ക്കുന്നു. പണികിട്ടി അല്ലെ? - അദ്ദേഹം ചോദിച്ചു ഞാന്‍ പറഞ്ഞു. കിട്ടി. സന്തോഷം! നിങ്ങള്‍ ചീഫ് എഡിറ്ററെ വിളിച്ച് എന്റെ പണി തെറിപ്പിക്കുമെന്ന് എനിക്കു നേരത്തേ തന്നെ അറിയാമായിരുന്നു. അതുകൊണ്ട് ഞാന്‍ ഒരു മുഴം മുമ്പേ എരിഞ്ഞ് പണി രക്ഷിച്ചെടുത്തു. എന്നിട്ടും മതിവരാതെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അദ്ദേഹം പ്രസ് ക്ലബിന്റെ പടികള്‍ ഇറങ്ങിപ്പോകുന്നതു കാണാമായിരുന്നു.
നേരത്തേ സൂചിപ്പിച്ചിരുന്ന റൈറ്റേഴ്‌സ് ബ്ലോക്ക് മൂലം ഒരു പാട് ലേഖനങ്ങള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ കിടപ്പുണ്ടായിരുന്നു. ട്രെയിനി ആയതുകൊണ്ട് ഒരു ദിവസം പോലും ഓഫ് എടുക്കാന്‍  കഴിയാതെ എല്ലാ ദിവസവും ജോലിത്തിരക്കുമൂലം ക്രിയാത്മകമായ എഴുത്തുകള്‍ക്ക് സമയം ലഭിക്കാതെയായി. ലേഖനം തരാമെന്ന് വാക്കുകൊടുത്ത പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരുടെ വിളി ഒരു വശത്ത്. അതുകൂടാതെ ഒരു ലേഖനപരമ്പര തയ്യാറാക്കാനുമുണ്ട്. ഒരു ദിവസം ഞാന്‍ രണ്ടും കല്‍പ്പിച്ച് രണ്ടു ദിവസത്തേക്ക് അവധി എടുക്കാന്‍ തീരുമാനിച്ചു. ഓഫീസിനടുത്തുള്ള ഗസ്റ്റ് ഹൗസില്‍ താമസിക്കുമ്പോള്‍ എപ്പോഴും ഫോണ്‍വിളികളുടെ ശല്യമായിരിക്കും. രാത്രിയിലെങ്ങാനും എന്റെ തലവെട്ടം കണ്ടാല്‍ ന്യൂസ്എഡിറ്റര്‍ ഡസ്‌ക്കില്‍ സഹായിക്കാമോ എ്‌ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് വിളി ആയിരിക്കും. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പുറത്തെവിടെയെങ്കിലും മാറിനില്‍ക്കാമെന്ന് കരുതി. പക്ഷേ എവിടെ പോകും?
പിറ്റേന്ന് രാവിലെ തന്നെ ഓഫീസില്‍ നിന്നു വണ്ടിയുമെടുത്ത് പുറത്തിറങ്ങി. ലക്ഷ്യബോധമില്ലാതെ എവിടേക്കോ വണ്ടിയുമോടിച്ചുകൊണ്ട് യാത്രയായി. യാത്ര അവസാനിച്ചത് ഗുരുവായൂരില്‍ എത്തിയപ്പോഴാണ്. ഞങ്ങളുടെ ഗുരുവായൂര്‍ ലേഖകന് ക്ഷേത്രത്തിനടുത്ത് ഒരു ചെറിയ ലോഡ്ജ് സ്വന്തമായിട്ടുണ്ട്. അദ്ദേഹത്തെ വിളിച്ച് ഒരു മുറി തരമാക്കി. ജനല്‍ തുറന്നിട്ടാല്‍ അമ്പലപ്പരിസരവും ചുറ്റുവട്ടങ്ങളും നന്നായി കാണാം.

ഉച്ചയ്ക്ക് ഒരു ഹോട്ടലില്‍ നിന്നു വയര്‍ നിറയെ വെജിറ്റബിള്‍ ഊണും കഴിച്ച് ലോഡ്ജ് മുറിയില്‍ എത്തി സുഖമായൊരുറക്കം. കുറെകാലങ്ങള്‍ക്കുശേഷമായിരുന്നു ഒരു ഉച്ച ഉറക്കം. വൈകുന്നേരം മൈക്കില്‍ നിന്നുള്ള ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജന നടക്കുകയാണ്. കുളി കഴിഞ്ഞ് പുറത്തിറങ്ങി അമ്പല പരിസരവും മറ്റും ചുറ്റിയടിച്ചു. സെല്‍ഫോണ്‍ ഓഫാക്കിയതിനാല്‍ ഫോണ്‍ കോളുകള്‍ ശല്യപ്പെടുത്തില്ല. രാത്രി അത്താഴം കഴിഞ്ഞ് വീണ്ടും റൂമിലെത്തിയപ്പോഴാണ് ഒരു പ്രധാനപ്പെട്ട പകല്‍ മുഴുവന്‍ നഷ്ടപ്പെട്ടതോര്‍ക്കുന്നത്.


പിന്നെ പേനയും കടലാസുകളുമെടുത്ത് ഒറ്റ എഴുത്ത് ആരംഭിച്ചു. പുറം ലോകവുമായി ബന്ധമില്ലാത്ത എന്റെ രചനയില്‍ മാത്രം മുഴുകി ഒരു രാവ്. നേരം വെളുക്കുവോളം യാതൊരു ക്ഷീണവും തോന്നാതെ എഴുത്തുതുടര്‍ന്നു. പുലര്‍ച്ചെ മൂന്നര മണിക്കാണെന്ന് തോന്നുന്നു അമ്പലത്തില്‍ നിന്നു പ്രഭാത ഭജനകള്‍ ആരംഭിച്ചു. എത്ര ഉറക്കത്തില്‍ ആകുന്നവരെയും തഴുകി തലോടി ഉണര്‍ത്തുന്ന സംഗീതമായിരുന്നു കേട്ടുകൊണ്ടിരുന്നു. നട തുറന്നു അതിരാവിലെ തന്നെ ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ ഭക്തര്‍ എത്തിക്കൊണ്ടിരിക്കുന്നു. ക്ഷേത്രത്തില്‍ നിന്നുയരുന്ന പ്രഭാത ഭജന എനിക്ക് എഴുത്തിന് കൂടുതല്‍ ഉന്മേഷം നല്‍കി. ഏതാണ്ട് എട്ടുമണിയായപ്പോള്‍ മുറിയില്‍ ആരോ മുട്ടി. റൂം ബോയി ചായയുമായി വന്നതാണ്. ഒരു മണിക്കൂറിനുള്ളില്‍ അവന്‍ പ്രാതലും കൊണ്ടുവന്നു. പ്രാതല്‍ കഴിഞ്ഞപ്പോള്‍ പഴയ ഉന്മേഷമൊക്കെ മാറി കണ്ണുകളില്‍ മയക്കം ഉരുണ്ടുകയറി. പിറ്റെദിവസം പകല്‍ മുഴുവന്‍ കിടന്നറുങ്ങി. വൈകുന്നേരം എഴുന്നേറ്റ് വീണ്ടും എഴുത്തില്‍ വ്യാപ്രതനായി. പുലര്‍ച്ചെ അമ്പലത്തില്‍ നിന്ന് പ്രഭാത കീര്‍ത്തനങ്ങള്‍ കേട്ടു തുടങ്ങും വരെ എഴുത്തു തുടര്‍ന്നു. ഏതാണ്ട് അഞ്ചു മണി ആയപ്പോള്‍ ഞാന്‍ ബാക്കി വച്ചിരുന്ന എഴുതാന്‍ കഴിയാതെ പോയ എല്ലാ ലേഖനങ്ങളും എഴുതിതീര്‍ത്തു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 'ദീപിക' യുടെ ലീഡര്‍ പേജില്‍ ഏഴുദിവസങ്ങളിലായി 'മഹാകവി മാപ്പ്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പര. കേരള കലാമണ്ഡലത്തില്‍ അക്കാലത്തുണ്ടായ രാഷ്ട്രീയ പേക്കുത്തുകളെക്കുറിച്ച് എഴുതിയ ഈ ലേഖന പരമ്പരയാണ് പ്രഥമ പുവങ്കര ബാലനാരായണന്‍ എന്‍ഡോവ്‌മെന്റിന് എന്നെ അര്‍ഹനാക്കിയത്. ഈ പരമ്പരയുടെ പേരില്‍ അന്നത്തെ കലാമണ്ഡലം ചെയര്‍മാന്‍ ആയിരുന്ന പ്രൊഫസര്‍ ഒ.എന്‍.വി.കുറുപ്പ് തൃശ്ശൂര്‍ പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തി എന്നെ കൂലി എഴുത്തുകാരന്‍ എന്നു വിളിച്ചു ആക്ഷേപിച്ചു. കാരണം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഓ.എന്‍.വി.കുറുപ്പ് കഥകളി പ്രചാരണത്തിനായി ഒരു പറ്റം കഥകളി കലാകാരന്മാരുമായി അമേരിക്കന്‍ പര്യടനത്തിലായിരുന്നു. കലാമണ്ഡലം കത്തിയെരിയുമ്പോഴും ചെയര്‍മാന്‍ ഒ.എന്‍.വി. വീണവായിക്കുകയായിരുന്നുവെന്ന പ്രയോഗമാണ് അദ്ദേഹത്തെ ഏറെ ചൊടിപ്പിച്ചത്. കലാമണ്ഡലത്തില്‍ രാഷ്ട്രീയം കത്തി വേഷം കെട്ടിയാടി എന്ന പ്രയോഗത്തെയും അദ്ദേഹത്തെ വേദനിപ്പിച്ചു. പത്രം ഉയര്‍ത്തിക്കാട്ടി രോഷം പ്രകടിപ്പിച്ച ഒ.എന്‍.വി. എന്ന തുറന്ന വാഗ്വാദത്തിനായി വെല്ലുവിളിച്ചു. പത്രസമ്മേളനത്തിനുശേഷം അദ്ദേഹത്തെ കണ്ട് ഞാന്‍ ക്ഷമാപണം നടത്തി. എന്റെ എഴുത്തിലെ നിലപാടുകള്‍ക്കു വേണ്ടിയല്ല ഒ.എന്‍.വി. എന്ന ഒരു മഹാകവിയുടെ ഹൃദയം വേദനിപ്പിച്ചതിനെ ഓര്‍ത്ത്. എന്നെ മുന്‍പരിചയമില്ലാതിരുന്ന ഒ.എന്‍.വി. അതെഴുതിയത് ഞാനാണെന്നറിഞ്ഞപ്പോള്‍ അത്ഭുതമായി. കേവലം 23 വയസുമാത്രമുള്ള എന്നോടായിരുന്നു ആ വെല്ലുവിളി നടത്തിയതെന്ന് ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിനും സങ്കടമായി. അന്നു മുതല്‍ ഞാന്‍ അമേരിക്കയിലേക്ക് കുടിയേറും വരെ ഒ.എന്‍.വി. മഹാകവിയുമായി ഒരു പ്രത്യേക സ്‌നേഹവും ബന്ധവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എവിടെയുണ്ടെങ്കിലും അതു കേള്‍ക്കാനോ റിപ്പോര്‍ട്ടു ചെയ്യാനോ ഞാന്‍ എത്തുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് വ്യക്തിപരമായി വേദന ഉളവാക്കുകയുണ്ടായി.

സാഹിത്യലോകത്തെ ചില കുലപതികളുമായുള്ള സമ്പര്‍ക്കം ഉണ്ടാക്കാന്‍ കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരില്‍ ജോലി ചെയതതു വഴി സാധിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയ വിവിധ സംസ്‌ക്കാരങ്ങളുടെ ഒരു വലിയ സമന്വയമാണ് തൃശൂര്‍ എന്ന സാംസ്‌ക്കാരിക നഗരം.

സാംസ്‌ക്കാരിക കേരളത്തിന്റെ തലസ്ഥാനമായ കേരളത്തില്‍ കണ്ടുമുട്ടിയ സാഹിത്യ മേളയിലെ കുലപതികളുമായി ഉണ്ടായ ചില കാര്യങ്ങള്‍ അടുത്ത അധ്യായത്തില്‍.

ആദ്യത്തെ കൈക്കൂലി, അവസാനത്തെയും (അധ്യായം:25)- ഫ്രാന്‍സിസ് തടത്തില്‍
Join WhatsApp News
Jessy 2017-10-10 18:55:36
Well written
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക