Image

ബാബുരാജ്‌ നായകനായകുന്ന `നോട്ടി പ്രൊഫസര്‍'

Published on 08 March, 2012
ബാബുരാജ്‌ നായകനായകുന്ന `നോട്ടി പ്രൊഫസര്‍'
സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്‌ നായകനാവുന്ന ചിത്രമാണ്‌ നോട്ടി പ്രൊഫസര്‍. ഈ ചിത്രത്തിന്റെ രചനയും ബാബുരാജ്‌ തന്നെ നിര്‍വഹിക്കുന്നു. ചിത്രം ഹരിനാരായണന്‍ സംവിധാനം ചെയ്യുന്നു.

വിശ്വംഭരന്‍ കെമിസ്‌ട്രി പ്രൊഫസറാണ്‌. വിവാഹിതനായ ഇദ്ദേഹത്തിന്റെ ഭാര്യ അര്‍ച്ചന ചലച്ചിത്ര നടിയായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന മകനും നാലാംക്ലാസില്‍ പഠിക്കുന്ന മകളുമാണ്‌ പ്രൊഫസറുടെ കുടുംബം.

ശരീര സംരക്ഷണത്തില്‍ അതീവ ശ്രദ്ധാലുവായ പ്രൊഫസര്‍ സൗന്ദര്യവര്‍ദ്ധക സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും തന്റെ സൗന്ദ്യരത്തെക്കുറിച്ച്‌ മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്‌. പഠിപ്പിക്കുന്നതിനേക്കാള്‍ ശരീര സൗന്ദര്യത്തെക്കുറിച്ചാണ്‌ വിശ്വംഭരന്‍ ക്ലാസുളില്‍ സംസാരിക്കുന്നത്‌. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കാന്‍ ക്യാംപസില്‍ ഒരു സംഘം തന്നെയുണ്‌ട്‌.

എന്നാല്‍ വിശ്വംഭരന്‍ വീട്ടിലെ ഒരു കാര്യങ്ങളിലും ശ്രദ്ധിക്കാറില്ല. ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ അല്‌പം പോലും ശ്രദ്ധയില്ലാത്തവനാണ്‌ വിശ്വംഭരന്‍. അതിന്‌ പ്രധാന കാരണം വിശ്വംഭരന്റെ ഈഗോയാണ്‌.

ചലച്ചിത്രതാരമായിരുന്ന ഭാര്യയുടെ പേരില്‍ അറിയപ്പെടുന്നത്‌ കുറച്ചിലായതിനാല്‍ അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ്‌ അയാള്‍ കാണിക്കുന്നതെല്ലാം.

അന്നാ അമല ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ജോസ്‌, ശ്രീകാന്ത്‌ പിള്ള എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന നോട്ടി പ്രൊഫസര്‍ എന്ന ചിത്രത്തില്‍ പ്രൊഫസര്‍ വിശ്വംഭരനായി ബാബുരാജും, ഭാര്യ അര്‍ച്ചനയായി ലക്ഷ്‌മി ഗോപാലസ്വാമിയും ചാക്കോയായി ടിനി ടോമും, ടെസയായി ലെനയും വേഷമിടുന്നു.

ഇന്നസെന്റ്‌, ജനാര്‍ദ്ദനന്‍, രാജീവ്‌പിള്ള, കാതല്‍ സന്ധ്യ, മളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.

റഫീക്ക്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ ജാസിഗിഫ്‌റ്റ്‌ ഈണം പകരുന്നു. ഛായാഗ്രഹണം സജിത്ത്‌ മേനോന്‍. സ്റ്റില്‍സ്‌ - അനില്‍ പേരാമ്പ്ര, എഡിറ്റിംഗ്‌ - ബിജിത്ത്‌ ബാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര. - എ.എസ്‌ ദിനേശ്‌.
ബാബുരാജ്‌ നായകനായകുന്ന `നോട്ടി പ്രൊഫസര്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക