Image

ഇന്ത്യയില്‍നിന്നുള്ള തൊഴിലന്വേഷകരുടെ ഒഴുക്ക്‌ കുറഞ്ഞുവെന്ന്‌ വയലാര്‍ രവി

Published on 08 March, 2012
ഇന്ത്യയില്‍നിന്നുള്ള തൊഴിലന്വേഷകരുടെ ഒഴുക്ക്‌ കുറഞ്ഞുവെന്ന്‌ വയലാര്‍ രവി
ദോഹ: ഇന്ത്യയില്‍നിന്ന്‌ വിദേശത്തേക്കുള്ള തൊഴിലന്വേഷകരുടെ ഒഴുക്ക്‌ ഗണ്യമായി കുറഞ്ഞുവരുന്നതായി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍രവി. രണ്‌ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്‌ ദോഹയിലെത്തിയ മന്ത്രി ഇന്ത്യന്‍ എംബസിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2008-09 കാലത്ത്‌ ഇന്ത്യയില്‍നിന്ന്‌ 8.4 ലക്ഷം ആളുകളാണ്‌ തൊഴില്‍ തേടിയും മറ്റുമായി വിദേശത്തേയ്‌ക്ക്‌ കുടിയേറിയിരുന്നത്‌. 2010ല്‍ അത്‌ 6.4 ലക്ഷമായും 2011ല്‍ 6.2 ലക്ഷമായും കുറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ സംബന്ധമായി അനുദിനമുണ്‌ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനും അനധികൃത കുടിയേറ്റം തടയാനും അടിസ്ഥാനപരമായ മാറ്റങ്ങളോടെ പുതിയ എമിഗ്രേഷന്‍ നിയമം താമസിയാതെ നിലവില്‍ വരും. നേരത്തേ വിദേശത്ത്‌ സ്ഥിരമായി താമസിച്ചിരുന്നവര്‍ക്ക്‌ പി.ഐ.ഒ. എന്നും ഒ.സി.ഐ. എന്നും തിരിച്ചാണ്‌ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്‌. എന്നാല്‍ ഈ വിഭാഗങ്ങള്‍ക്കെല്ലാം വേള്‍ഡ്‌ സിറ്റിസണ്‍ എന്ന നിലയില്‍ ഒരൊറ്റ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കിവരുന്നത്‌ കാരണം അതിന്റെ പ്രയോജനം ധാരാളമാളുകള്‍ പ്രയോജനപ്പെടുത്തുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

വിദേശ എംബസികള്‍ക്ക്‌ താന്‍ അധികാരമേറ്റെടുത്തശേഷം 65 കോടി രൂപ അനുവദിച്ചു. 15 ലക്ഷം രൂപ ഖത്തറിലെ ഇന്ത്യന്‍ എംബസിക്കും നല്‍കി. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക്‌ പ്രയാസങ്ങള്‍ നേരിടുന്ന ഘട്ടത്തില്‍ അവരെ സഹായിക്കാനാണ്‌ ഈ തുക ഉപയോഗപ്പെടുത്തുക. തൊഴിലാളികളുടെ ആനുകാലികമായുണ്‌ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനും നിയമസഹായം നല്‍കാനും ഗള്‍ഫ്‌രാജ്യങ്ങളിലെ എംബസികളില്‍ രൂപം നല്‍കിയ വെല്‍ഫെയര്‍ ഫണ്‌ട്‌ ഇപ്പോള്‍ 40 രാജ്യങ്ങളിലേക്ക്‌ വ്യാപിപ്പിച്ചിട്ടുണെ്‌ടന്ന്‌ മന്ത്രി പറഞ്ഞു.

എംബസിയില്‍ സര്‍വീസിലെത്തുന്നവരില്‍നിന്ന്‌ ഈടാക്കുന്ന ഒരു റിയാലിന്‌ തുല്യമായ തുച്ഛമായ സംഖ്യയില്‍നിന്നാണിത്‌ കണെ്‌ടത്തുന്നത്‌.

ഇന്ത്യയില്‍നിന്ന്‌ വീട്ടുജോലിക്ക്‌ പുരുഷന്മാരെയും സ്‌ത്രീകളെയും കൊണ്‌ടുവരണമെങ്കില്‍ 2,500 ഡോളര്‍ തൊഴിലുടമ കെട്ടിവയ്‌ക്കണം. 250നും 300നുമിടയില്‍ ഡോളര്‍ മിനിമം ശമ്പളവും പ്രതിമാസം നല്‍കണം. എംബസിയുമായി ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണും നല്‍കണം. ഇത്‌ താങ്ങാന്‍ കഴിയാത്തവരാണ്‌ സന്ദര്‍ശക വീസയിലും ബിസിനസ്‌ വീസയിലും വീട്ടുജോലിക്കാരെ കൊണ്‌ടുവന്ന്‌ വീസ സ്ഥിരപ്പെടുത്തി ഇഷ്ടമുള്ള ശമ്പളം നല്‍കിവരുന്നത്‌. ഇത്‌ തടയാനുള്ള നടപടികള്‍ കൈക്കൊണ്‌ടുവരുന്നതായി വയലാര്‍ രവി പറഞ്ഞു.

അനധികൃതമായി വിമാനത്താവളങ്ങള്‍ വഴി മനുഷ്യക്കടത്ത്‌ നടത്തുന്നുണേ്‌ടാ എന്ന്‌ പരിശോധിച്ച്‌ വിമാനത്താവളങ്ങളില്‍ സിബിഐ റെയ്‌ഡ്‌ നടത്തിവരുന്നുണ്‌ട്‌. അനധികൃത രീതിയില്‍ മനുഷ്യക്കടത്ത്‌ നടത്തുന്ന റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ക്കെതിരെയും കൂട്ടുനില്‍ക്കുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശനനടപടികള്‍ കൈക്കൊണ്‌ടുവരുന്നതായി മന്ത്രി അറിയിച്ചു.

പ്രൊട്ടക്ട്‌ ആന്‍ഡ്‌ ജനറല്‍ ഓഫ്‌ എമിഗ്രന്റ്‌സ്‌ ഹുബ്രില്‍, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍വദ്വ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യയില്‍നിന്നുള്ള തൊഴിലന്വേഷകരുടെ ഒഴുക്ക്‌ കുറഞ്ഞുവെന്ന്‌ വയലാര്‍ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക