Image

സ്‌ത്രീകളോട്‌ വിവേചനം കൂടുതല്‍ ജര്‍മന്‍ സമൂഹത്തില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 08 March, 2012
സ്‌ത്രീകളോട്‌ വിവേചനം കൂടുതല്‍ ജര്‍മന്‍ സമൂഹത്തില്‍
ബര്‍ലിന്‍: യൂറോപ്പില്‍ സ്‌ത്രീകള്‍ ഏറ്റവുമധികം വിവേചനം നേരിടുന്നത്‌ ജര്‍മന്‍ സമൂഹത്തിലെന്ന്‌ പഠന റിപ്പോര്‍ട്ട്‌. ശമ്പളക്കാര്യത്തില്‍ സ്‌ത്രീ-പുരുഷ വ്യത്യാസം ഏറ്റവും കൂടുതല്‍ ഇവിടെയാണെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക്‌ കോഓപ്പറേഷന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടുന്നു.

ഫുള്‍ ടൈം ജോലിയുള്ള സ്‌ത്രീകള്‍ക്ക്‌ ജര്‍മനിയില്‍ കിട്ടുന്ന ശമ്പളം പുരുഷന്‍മാരെ അപേക്ഷിച്ച്‌ ശരാശരി 21.6 ശതമാനം കുറവാണ്‌. 34 വ്യാവസായിക രാജ്യങ്ങളുടെ ഗ്രൂപ്പായ ഒഇസിഡിയില്‍ ഏറ്റവും കൂടുതലാണിത്‌. ഗ്രൂപ്പിലെ വ്യത്യാസം ശരാശരി 16 ശതമാനം മാത്രം.

പൊതുമേഖലയിലാണ്‌ ജര്‍മനിയില്‍ വിവേചനം കൂടുതലെന്നും കണ്‌ടെത്തിയിട്ടുണ്‌ട്‌. ഇവിടെ പുരുഷന്മാരെക്കാള്‍ 23 ശതമാനം കുറവത്രെ സ്‌ത്രീകളുടെ ശമ്പളം. ജര്‍മനിയിലെ മാനേജ്‌മെന്റ്‌ പോസ്റ്റുകളില്‍ സ്‌ത്രീകളുടെ എണ്ണം തുച്ഛമാണെന്ന വസ്‌തുതയെയും ഒഇസിഡി വിമര്‍ശിക്കുന്നു. ജര്‍മന്‍ മാനേജ്‌മെന്റ്‌ ബോര്‍ഡ്‌ സ്ഥാനങ്ങളില്‍ സ്‌ത്രീ സാന്നിധ്യം വെറും മൂന്നു ശതമാനമാണ്‌. ഇക്കാര്യത്തില്‍ ഒഇസിഡി ശരാശരി പത്തു ശതമാനവും. ഫ്രാന്‍സ്‌, സ്വീഡന്‍, ഫിന്‍ലന്‍ഡ്‌, സ്ലോവാക്യ എന്നീ രാജ്യങ്ങളില്‍ ഇത്‌ 15 ശതമാനം മുതല്‍ 20 ശതമാനം വരെയുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക