Image

ലോകത്തെ ശതകോടീശ്വരന്‍മാരില്‍ നാല് ശതമാനവും ഇന്ത്യക്കാര്‍

Published on 08 March, 2012
ലോകത്തെ ശതകോടീശ്വരന്‍മാരില്‍ നാല് ശതമാനവും ഇന്ത്യക്കാര്‍
ന്യൂയോര്‍ക്ക്: ലോകത്തെ ശതകോടീശ്വരന്‍മാരില്‍ നാല് ശതമാനവും ഇന്ത്യക്കാരെന്ന് പ്രമുഖ ബിസിനസ് മാസികയായ ഫോര്‍ബ്‌സ്. ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ലോകത്തെ 1,226 ശതകോടീശ്വരന്‍മാരില്‍ അസിം പ്രേംജി, എന്‍.ആര്‍ നാരായണമൂര്‍ത്തി അംബാനി സഹോദരന്‍മാര്‍ എന്നിവരുള്‍പ്പെടെ 48 പേരാണ് ഇന്ത്യയില്‍ നിന്ന് ഇടം നേടിയത്. 48 ഇന്ത്യക്കാര്‍ക്കു പുറമെ ഇഡോനേഷ്യ, അയര്‍ലാന്‍ഡ്, തായ്‌ലന്‍ഡ്, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നായി ഒമ്പത് ഇന്ത്യന്‍ വംശജരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്

മെക്‌സിക്കന്‍ ടെലികോം ഭീമന്‍ കാര്‍ലോസ് സ്ലിം നേതൃത്വം നല്‍കുന്ന പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 19-ാം സ്ഥാനത്തെത്തി. 22.3 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് തന്നെയാണ് ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ മുമ്പന്‍. 20.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലക്ഷ്മി മിത്തല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍സെലര്‍ മിത്തല്‍ ആണ് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്.

15.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി മൂന്നാമതാണ്. ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ടു വനിതകളാണുള്ളത്. 10.9 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജിന്‍ഡാല്‍ ഗ്രൂപ്പിലെ സാവിത്രി ജിന്‍ഡാലും 2.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബെന്നറ്റ് കോള്‍മാന്‍ ഗ്രൂപ്പ് ചെയര്‍പേഴസണ്‍ ഇന്ദു ജെയിനും.

ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇത്തവണ ഒരുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,226 ശതകോടീശ്വരന്‍മാരുടെ ആകെ ആസ്തി മൂല്യം 4.6 ട്രില്യണ്‍ ഡോളറാണ്. ഇന്ത്യയിലെ 48 കോടീശ്വരന്‍മാരുടെ ആകെ ആസ്തി 194.6 ബില്യണ്‍ ഡോളറാണെന്നും ഫോര്‍ബ്‌സ് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക