Image

ജോസ് ചെരിപുറം: നമ്മുടെ മധ്യത്തില്‍ ഒരു കര്‍ഷകന്‍കൂടി

ബാബു പാറയ്ക്കല്‍ Published on 30 September, 2017
ജോസ് ചെരിപുറം: നമ്മുടെ മധ്യത്തില്‍ ഒരു കര്‍ഷകന്‍കൂടി
ന്യൂയോര്‍ക്ക് മലയാളികള്‍ക്കു സുപരിചിതനാണ് എല്‍മോണ്ടില്‍ താമസിക്കുന്ന ജോസ് ചെരിപുറം. അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ എന്നതിലുപരി അമേരിക്കയില്‍ മൂന്നു പതിറ്റാണ്ടിന്റെ കാര്‍ഷിക പാരമ്പര്യം അവകാശപ്പെടാവുന്ന വ്യക്തിയാണ് കേരളത്തില്‍ പാലായ്ക്ക് അടുത്തുള്ള ചെങ്ങളം സ്വദേശിയായ ജോസ്. മാതാപിതാക്കളുടെ പതിനൊന്നു മക്കളില്‍ മൂന്നാമന്‍. സ്കൂളിലും കോളജിലും പഠിച്ചിരുന്നപ്പോള്‍ പിതാവിനെ സഹായിച്ചതുകൊണ്ട് കൃഷിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചു. അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ ആദ്യ പരിഗണന സഹോദരങ്ങളേക്കൂടി ഇക്കരെയെത്തിക്കുക എന്നതിനായിരുന്നു. ഇന്ന് ആ പതിനൊന്നു പേരും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു. അതിലുപരി പലയിടത്തും കാണുന്നതുപോലെ ഛിദ്രമനോഭാവമില്ലാതെ സ്‌നേഹത്തിലും പൂര്‍ണ്ണ സഹകരണത്തിലുമാണ് എല്ലാ കുടുംബങ്ങളും കഴിയുന്നത്.

'എല്ലാം ഇവളുടെ സന്മനസ്സിന്റെ ഫലമാണ്' സഹധര്‍മ്മിണി ഏലിക്കുട്ടിയെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് ജോസ് പറഞ്ഞു.

ജീവിതത്തില്‍ കടമകള്‍ നിര്‍വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യം ആ മുഖത്തു തെളിഞ്ഞു.
'ജോസിന്റെ കൃഷിയിടം ഒന്നു കാണണമല്ലോ'
'വരൂ'
അദ്ദേഹം എന്നെ കൂട്ടിക്കൊണ്ട് വീടിന്റെ പിന്‍ഭാഗത്തേക്കിറങ്ങി.

കൃഷിടിയത്തില്‍ പാവലം, പടവലം, പയര്‍, വെണ്ട, ചീര, വഴുതന, തക്കാളി, കറിവേപ്പ്, മുല്ല എല്ലാം അദ്ദേഹം കാത്തു പരിപാലിച്ചു വളര്‍ത്തുന്നു. ജോസിന്റെ കൃഷിവൈഭവം അവടേക്ക് ഇറങ്ങി വന്നപ്പോള്‍ തന്നെ കണ്ടു. അഞ്ചര അടിയില്‍ അധികം നീളമുള്ള ഒരു പടവലമാണ് കവാടത്തില്‍ സ്വാഗതമരുളാനെന്നപോലെ തൂങ്ങിനില്‍ക്കുന്നത്.

'അതി വിത്തുനുവേണ്ടി ഇട്ടിരിക്കുകയാണ്. വിളവെടുപ്പ് മിക്കവാറും കഴിഞ്ഞ സമയമായതിനാല്‍ അധികമൊന്നും ഇപ്പോള്‍ തോട്ടത്തിലില്ല'. അത്ഭുതത്തോടുകൂടി നോക്കിയ എന്നോട് ജോസ് പറഞ്ഞു.

പാവലും പയറുമൊക്കെ ഇപ്പോഴും ധാരാളമായി കായ്ച് കിടക്കുന്നു. കറിവേപ്പിന്റെ രണ്ട് തോട്ടംതന്നെയുണ്ട്. ന്യൂയോര്‍ക്ക് സിറ്റി സര്‍വീസില്‍ നിന്നും മൂന്നു പതിറ്റാണ്ടിന്റെ പ്രശസ്ത സേവനം കഴിഞ്ഞ് റിട്ടയര്‍മെന്റ് എടുത്തിരിക്കുകയാണ് ജോസും ഭാര്യയും. കൃഷിക്കുവേണ്ടി അവര്‍ ഇപ്പോള്‍ ധാരാളം സമയം കണ്ടെത്തുന്നു. വളരെയധികം ഫലം കായ്ച് കിടക്കുന്ന പലയിനത്തിലുള്ള ചെറിയ മരങ്ങളും കൃഷിത്തോട്ടത്തില്‍ കണ്ടു.

ഭൂമിയെ സ്‌നേഹിക്കുന്ന, പ്രകൃതിയെ സ്‌നേഹിക്കുന്ന ഈ ദമ്പതികള്‍ക്ക് കൃഷിയിടത്തിലെ ചെടികളും മക്കളേപ്പോലെയാണ്.

ജോസിന്റെ സാഹിത്യസൃഷ്ടിയില്‍ ഒരു കവിതാ സമാഹാരവും, നര്‍മ്മകഥകളുടെ ഒരു സമാഹാരവും വിരിഞ്ഞിട്ടുണ്ട്. കഥാസമാഹാരത്തിന്റെ ശീര്‍ഷകം തന്നെ "അളിയന്റെ പടവലങ്ങ' എന്നാണ്. അതുതന്നെ അദ്ദേഹത്തിന്റെ കൃഷിയോടുള്ള സ്‌നേഹം വെളിവാക്കുന്നു. മുല്ലച്ചെടികളും കറിവേപ്പ് ചെടികളും കാര്യക്ഷമമായി പരിപാലിക്കുന്നത് ജോസിന്റെ ഭാര്യ ഏലിക്കുട്ടിയാണ്. വിശ്രമ ജീവിതം ക്രിയാത്മകമാക്കി ആനന്ദവേളകള്‍ സൃഷ്ടിക്കുന്ന ദമ്പതികളുടെ കൃഷിയിടം ഇനിയും പടര്‍ന്നു പന്തലിക്കട്ടെ.
ജോസ് ചെരിപുറം: നമ്മുടെ മധ്യത്തില്‍ ഒരു കര്‍ഷകന്‍കൂടി
Join WhatsApp News
വിദ്യാധരൻ 2017-10-01 00:50:34
ഇടകൾ തൂർന്നു നിൽക്കും കറിവേപ്പിന്റെ കൂട്ടം 
പടവലങ്ങ കണ്ടാൽ NK  മിസൈല്‍ എന്നു തോന്നും
പാവാട ഇട്ട ഒരു സുന്ദരികുട്ടിയെപ്പോൽ   
പാവയ്ക്ക  തൂങ്ങി നിൽപ്പൂ പഞ്ചാരകുട്ടന്മാർക്കായ് 
വെണ്ടയ്ക്ക വഴുതന തക്കാളി വാഴ തയ്യും
ഉണ്ടെല്ലോ പഴവർഗ്ഗ ചെടികൾ   അങ്ങിങ്ങായ്
പരിമളം തൂവീടുന്ന മുല്ലയാൽ പുരയിടം  
ഹരിതമാക്കി നിങ്ങൾ ചെരിപുറ ദമ്പതിമാർ
തൂമ്പയിൻ തുമ്പാൽ നിങ്ങൾ കവിത കുറിയ്ക്കുമ്പോൾ
നാമ്പിടും തരിശായ ഹൃത്തിലും കാവ്യശകലങ്ങൾ 

കാന്താരി 2017-10-01 11:53:19
'അളിയന്റെ പടവലം' 
അതിന്റെ മുഴുപ്പും നീളോം 
അതുകണ്ടാൽ ആരും ഞെട്ടും 
എളിയിൽ വച്ചമർത്തല്ലേ 
അതുവേഗം ചുങ്ങിപോകും 

andrew 2017-10-01 06:42:01
ഉഗ്രന്‍.
വിട്ടു കൊടുക്കരുത്  ഒരു കാരണവശാലും , അളിയന്‍റെ  പടവിലങ്ങ  ഉഗ്രന്‍ തന്നെ .
Sudhir 2017-10-01 20:46:54
സാഹിത്യകാരന്മാരോട് എൻ വി പറഞ്ഞു പേന കൊണ്ട് കിളക്കരുതെന്നു. ജോസ്
ചെരിപുരം പേന കൊണ്ടെഴുതുകയും തൂമ്പ കൊണ്ട് പറമ്പിൽ കിളക്കുകയും
ചെയ്യുന്നു.  അദ്ദ്ദേഹത്തിന്റെ പച്ചക്കറി തോട്ടം മനോഹരം. എഴുത്തിലും
കൃഷിയിലും ഒരു പോലെ താല്പര്യമുള്ള ശ്രീ ജോസിന്റെ പ്രയത്നങ്ങൾ
ഫലവത്താകട്ടെ എന്ന് ആശംസിക്കുന്നു. മത്ത പൂത്തതും കാ പറിച്ചതും
കറിക്കരിഞ്ഞതും നീ അറിഞ്ഞോടി ..അടുത്ത വീട്ടിലെ കറുത്ത പെണ്ണെ മീനാക്ഷി
എന്നൊക്കെ പാടാൻ  അല്ലെങ്കിൽ എഴുതാൻ മോഹമുള്ളയാളാണ് ജോസ്.
എഴുതിയിട്ടുമുണ്ട്. ഇനിയും എഴുതുക. നന്മകൾ നേർന്നുകൊണ്ട്..
ശ്രീ പാറക്കലിന്റെ വിവരണവും കൊള്ളാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക