Image

ഇന്നിന്റെ മക്കള്‍: സി.എം.സി.

സി.എം.സി. Published on 27 June, 2011
ഇന്നിന്റെ മക്കള്‍: സി.എം.സി.
ഇരുപത്തിയൊന്നാം വയസ്സില്‍ ഒരു ഐ.ടി.ബിരുദവുമായി മന്‍ഹാട്ടണില്‍ എത്തിയ അവളുടെ പ്രശ്‌നം താന്‍ ഒരു കൊച്ചു മിടുക്കിയാണെന്ന് അവള്‍ക്ക് തന്നെ അറിയാം എന്നതായിരുന്നു. സെല്‍ഫോണും ലാപ്‌ടോപ്പും ഒരു എ.ടി.എം.കാര്‍ഡുമുണ്ടെങ്കില്‍ ലോകം കാല്‍ക്കീഴിലാക്കാവുന്നതേയുള്ളൂ എന്ന വിചാരം. പരമ്പരാഗതമായതൊന്നിലും അവള്‍ വിശ്വസിക്കുന്നില്ല. വിവരം വിരല്‍ത്തുമ്പിലാണെന്നാണു വാദം. എവിടെയും ഏതു പാതിരയ്ക്കും പോകാമെന്ന തന്റേടം. ഇരുട്ടിലും കാണാമെന്ന തോന്നല്‍ .
ഉപരിപഠനത്തിനായി അമേരിക്കയിലേക്കു തിരിക്കും മുമ്പ് അമ്മ “വല്ല്യമ്മായിയും അന്തോണിപ്പാപ്പനും പത്തൊന്‍പതു വര്‍ഷമായി ന്യൂയോര്‍ക്കില്‍ താമസമാണ്”
വായുഗുളിക വാങ്ങാന്‍ പോലും വണ്ടി ഓടിക്കാന്‍ കെല്‍പില്ലാത്ത അന്തോണിപ്പാപ്പനെക്കൊണ്ടന്താകാന്‍ ? കംപ്യൂട്ടറില്‍ കിട്ടാത്തതെന്ത്? വിരലമര്‍ത്തുകയേ വേണ്ടൂ. താമസ സൗകര്യമോ വഴിയോ കണ്ടെത്താന്‍ അതിനേക്കാള്‍ നന്നായി മറ്റൊന്നില്ല 'ക്രേഗ് ലിസ്റ്റി'നെപ്പറ്റി അറിയാത്ത ചെറുപ്പക്കാരുണ്ടോ? ആകാശത്തിനു താഴെയുള്ളതെന്തും അതിലൂടെ ലഭ്യമാണ്. തടസ്സങ്ങള്‍ ?
അത് ചവുട്ടിയരയ്ക്കാനല്ലേ കൂര്‍ത്ത ഹീലുള്ള ചെരുപ്പ്?
കംപ്യൂട്ടറിന്റെ സഹായത്തോടെ യൂണിവേഴ്‌സിറ്റിയില്‍ നിന്നു വളരെ അകലെയല്ലാത്ത ഒരു താമസ സൗകര്യം കണ്ടെത്തി. തങ്കത്തലമുടിയുള്ള മദാമ്മയുടെ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടുമുറികളിലൊന്നു സ്വന്തമായും കുളിമുറിയും മറ്റു സൗകര്യങ്ങളും പങ്ക് വെച്ചും ഉപയോഗിക്കാം. തൊട്ടടുത്തുതന്നെ നടക്കാവുന്നത്ര ദൂരത്തില്‍ മറ്റെല്ലാ സൗകര്യങ്ങളും. വാടകയും വളരെ തുച്ഛം.
ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ മദാമ്മയുടെ ഡോക്ടര്‍ മകള്‍ യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ സാമൂഹ്യ സേവനം നടത്തുന്നതായിട്ടാണ് പരസ്യത്തില്‍ പറഞ്ഞിക്കുന്നത്. പാസ്‌പോര്‍ട്ടോ പേപ്പേഴ്‌സോ ചോദിക്കാത്ത വാടകച്ചീട്ടോ മുന്‍കൂര്‍ വാടകയോ ആവശ്യപ്പെടാത്ത മാന്യയായ ഒരു പാശ്ചാത്യ വനിത. അമേരിക്കക്കാരെപ്പറ്റിയും അവരുടെ ജീവിതരീതിയെപ്പറ്റിയുമൊക്കെ ആകെ ഒരു മതിപ്പുളവാക്കി. അന്യോന്യം വിശ്വസിച്ച്, ആരും ആരെയും ഭയപ്പെടാതെ, ആരും ആരെയും ആശ്രയിക്കാതെ തനി സ്വതന്ത്രമായ ജീവിതം.
ആദ്യത്തെ വെള്ളിയാഴ്ച പുറത്തുപോയ മദാമ്മ വളരെ വൈകിയിട്ടും മടങ്ങി വന്നില്ല. അവള്‍ മുറിപൂട്ടി ഉറങ്ങി.
രാത്രി ഏറെ നേരം പഠിച്ചിരുന്നതുകൊണ്ടും ശനിയാഴ്ച ക്ലാസില്ലാത്തതു കൊണ്ടും ഉച്ചയോടടുത്തപ്പോഴാണ് എണീറ്റത്. മുറി തുറന്നപ്പോള്‍ കണ്ടു. ഏതാണ്ട് പൂര്‍ണ്ണ നഗനയായി മദാമ്മ സോഫയില്‍ കിടക്കുന്നു. മേശപ്പുറത്ത് മദ്യകുപ്പികള്‍ , മയക്കുമരുന്ന്. കുലുക്കിവിളിച്ചിട്ടും ഉണരാത്തതുകൊണ്ട് നാഡി പരിശോധിച്ചു. അവള്‍ ഞെട്ടി.
ജീവിതത്തില്‍ ആദ്യമായി ഈശ്വരനെ വിളിച്ചു. “ഈശ്വരാ…..ഞാനെന്തു ചെയ്യണം?” പോലീസിനോ ആംബുലന്‍സിനോ വിളിക്കേണ്ടത്? ഫ്രിഡിജിന്റെ കതകില്‍ ചിലരുടെയെല്ലാം ഫോണ്‍ നമ്പര്‍ കുറിച്ചിട്ടുണ്ട്. അവരില്‍ ആരെയെങ്കിലും വിളിച്ചാലോ?വന്നുകയറുന്നവര്‍ എത്തരക്കാണെന്നാര്‍ക്കറിയാം?അതുകൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമോ? ഒരു രേഖയുമില്ലാതെ ഈ മുറിയിലെത്തിയതെങ്ങനെയെന്ന് ചോദിച്ചാല്‍ ? മദാമ്മയുടെ മരണത്തിനു താന്‍ ഉത്തരവാദിയാകുമോ? പെട്ടിയെടുത്ത് മുറിപൂട്ടിയിറങ്ങിയാലോ? എങ്ങോട്ട്?
പുറത്ത് ചീറിപാഞ്ഞുപോകുന്ന പോലീസ് കാറിന്റെ സൈറണ്‍ . അമ്മ കൊടുത്തുവിട്ട
ഫോണ്‍ ബുക്കില്‍ അന്തോണിപ്പാപ്പന്റെ നമ്പര്‍ പരതുമ്പോള്‍ കാല്‍കീഴില്‍ കനലെരിയുന്ന പ്രതീതി.
ഇന്നിന്റെ മക്കള്‍: സി.എം.സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക