Image

എന്റെ ഉമ്മുക്ക: കെ.പി. ഉമ്മറുമായി 35 വര്‍ഷത്തെ സൗഹ്രുദത്തിന്റെ ഓര്‍മ്മ

മീട്ടു റഹ്മത്ത് കലാം Published on 27 September, 2017
എന്റെ ഉമ്മുക്ക: കെ.പി. ഉമ്മറുമായി 35 വര്‍ഷത്തെ സൗഹ്രുദത്തിന്റെ ഓര്‍മ്മ
സഹോദരന്‍ സിദ്ദിഖ് നിര്‍മിച്ച നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച അബ്ദുല്‍ മജീദ് ഇതിനോടകം മുന്നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയി വിരമിച്ച അദ്ദേഹം ഇപ്പോള്‍ എറണാകുളം ഇടവനക്കാടാണ് താമസം. കമലിന്റെ ആമി എന്ന സിനിമയുടെ പണിപ്പുരയിലാണ്.
ഭാര്യ നജ്മയോടോപ്പം നടത്തുന്ന നന്ദനം ഗാര്‍ഡന്‍സിനു ഉദ്യാന്‍ ശ്രേഷ്ട അവാര്‍ഡ് ലഭിച്ചു.
അദ്ധേഹത്തിന്റെ സൗഹ്രുദ കുറിപ്പ്


ജീവിതം ഒന്നു റീവൈന്‍ഡ് ചെയ്തുനോക്കിയാല്‍, എണ്ണിയാല്‍ തീരാത്തത്ര സുഹൃത്തുക്കളുടെ മുഖങ്ങള്‍ മിന്നിമറയും. അക്കൂട്ടത്തില്‍ ഹൃദയത്തിന്റെ ആഴത്തില്‍ പതിഞ്ഞ ഒരു മുഖമുണ്ട്. അഭിമാനത്തോടെ മനസ്സില്‍ ഇന്നും സൂക്ഷിക്കുന്ന ആ സൗഹൃദത്തിലെ നായകന്‍ കെ.പി.ഉമ്മറാണ്, എന്റെ ഉമ്മുക്ക.

ആദ്യ കൂടിക്കാഴ്ച

ഞാന്‍ പഠിച്ചിരുന്ന കോളേജിന്റെ പരിസരത്ത് പ്രീതി എന്നൊരു തീയറ്റര്‍ ഉണ്ടായിരുന്നു. അതിന്റെ വാതില്‍ക്കല്‍ നാടകത്തിന്റെ വാന്‍ കിടക്കുന്നതു കണ്ട് കൗതുകം തോന്നി നോക്കിയപ്പോള്‍ തൊട്ടരികില്‍ നിന്ന സുമുഖനായ യുവാവില്‍ എന്റെ കണ്ണുടക്കി. ജീവിതത്തില്‍ ആദ്യമായാണ് അത്ര സുന്ദരനായ ഒരാളെ നേരില്‍ കാണുന്നത്. നോവലുകളിലെ പുരുഷ സങ്കല്‍പ വര്‍ണ്ണനകള്‍ക്കൊത്ത ആ രൂപം കൂടുതല്‍ വ്യക്തമായി. ജൂബ്ബ ധരിച്ച് സിഗരറ്റ് വലിച്ച് നില്‍ക്കുന്ന അദ്ദേഹത്തെക്കണ്ട് ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ' ഉമ്മ' സിനിമയില്‍ കണ്ട 'സ്‌നേഹജാന്‍' എന്ന കഥാപാത്രം കണ്മുന്നില്‍ നില്‍ക്കുന്നു!
ഗേറ്റ് തുറന്നയുടന്‍ തന്നെ ഞാന്‍ അകത്തേയ്ക്ക് ഓടിച്ചെന്നു. കിതപ്പ് മാറിയിരുന്നില്ല. ആരാധനാപാത്രത്തെ നേരില്‍കണ്ട ആവേശത്തില്‍ ഞാന്‍ പറഞ്ഞു: 'എന്റെ പേര് മജീദ്. ഇവിടെ പോളിടെക്നിക് പഠിക്കുന്നു. താങ്കളുടെ അഭിനയം എനിക്കിഷ്ടമാണ്.'

'നന്നായി പഠിക്കൂ' എന്നൊരു ഉപദേശത്തോടൊപ്പം സ്‌നേഹം തുളുമ്പുന്ന പുഞ്ചിരിയും കൂടി സമ്മാനിച്ചതോടെ ഞാന്‍ കടുത്ത ഉമ്മര്‍ ഫാനായി മാറി.
അങ്ങനെ ഇരിക്കെയാണ് 'മുറപ്പെണ്ണ് 'റിലീസ് ആകുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണതില്‍ ഉമ്മുക്കയുടേത്. പ്രേംനസീര്‍ അവതരിപ്പിച്ച ബാലനോട് പ്രേക്ഷകര്‍ക്കു തോന്നുന്ന സ്‌നേഹത്തിന്റെയും സഹതാപത്തിന്റെയും യഥാര്‍ത്ഥ കാരണം വില്ലന്റെ ശക്തമായ പ്രകടനമാണെന്ന് എനിക്ക് തോന്നി. വീണ്ടും ആ സിനിമ കണ്ടപ്പോള്‍, ഉമ്മറിനെ മാത്രമേ ഞാന്‍ ശ്രദ്ധിച്ചിരുന്നുള്ളു.

സൗഹൃദത്തിന്റെ തുടക്കം

രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി മറൈന്‍ ഡ്രൈവിലെ സി.ആര്‍.എച്ച് (കൊച്ചിന്‍ റിഫ്രഷ്‌മെന്റ് ഹൗസ്) ല്‍ ചായകുടിക്കാന്‍ കയറിയപ്പോള്‍ വീണ്ടും ഞങ്ങള്‍ തമ്മില്‍ കണ്ടു. നേരത്തെ കാണുമ്പോള്‍ ഉണ്ടായിരുന്നത്ര മുടി ഇല്ലെന്നത് ഞാന്‍ ശ്രദ്ധിച്ചു. ഒരിക്കല്‍ പരിചയപ്പെട്ട കാര്യം പറഞ്ഞതും അദ്ദേഹമെന്നെ ഓര്‍ത്തെടുത്തു. 'ഒരു ഫോട്ടോ അയച്ചു തരുമോ' എന്ന് ഔചിത്യമൊന്നും നോക്കാതെ ചോദിച്ചപ്പോള്‍ എന്നിലെ നിഷ്‌കളങ്കത അദ്ദേഹത്തെ പൊട്ടിച്ചിരിപ്പിച്ചു. കപട ഗൗരവത്തോടെ ഒരു മറുചോദ്യം ഉടന്‍ വന്നു: 'അതിനെനിക്ക് മജീദിന്റെ അഡ്രസ്സ് അറിയില്ലല്ലോ?'

അപ്പോള്‍ ഞാന്‍ നിര്‍ദ്ദേശിച്ച പോംവഴി ഇന്നു ചിന്തിക്കുമ്പോള്‍ രസകരമായി തോന്നുന്നു.'സര്‍ വിലാസം തന്നാല്‍ ഞാനൊരു കത്തയയ്ക്കാം. അതിന് മറുപടിയായി ഫോട്ടോ അയച്ചാല്‍ മതി' എന്നാണ് ഞാന്‍ പറഞ്ഞത്.
മുപ്പത്തിയഞ്ച് വര്‍ഷക്കാലം നീണ്ടു നിന്ന സൗഹൃദം ദൃഢമാക്കിയ ആ വിലാസം ഇന്നും ഓര്‍മയിലുണ്ട്: 'കെ.പി.ഉമ്മര്‍
ഗുഡ് ലക്ക്
ടി-നഗര്‍
മദ്രാസ് '.

ചിറകൊടിഞ്ഞ സിനിമാസ്വപ്നം 

എഴുപതുകളുടെ തുടക്കത്തില്‍ കെ.എസ്.ഇ.ബി യില്‍ ജോലി ലഭിച്ചശേഷവും സിനിമാ ഭ്രമം എന്നെ വിട്ടുമാറിയിരുന്നില്ല. ഉദയാ സ്റ്റുഡിയോയില്‍ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതറിഞ്ഞ് ഒരവസരം ചോദിക്കാന്‍ അതിരാവിലെ ആലപ്പുഴയ്ക്ക് വച്ചുപിടിച്ചു. അപ്പച്ചനെക്കണ്ട് നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നൊക്കെ ധരിപ്പിച്ചു. ഒരു ഡയലോഗ് പറഞ്ഞു കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതും മനസ്സില്‍ വന്നത് മുറപ്പെണ്ണ് സിനിമയില്‍ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ ഉമ്മുക്ക പറഞ്ഞ ഹൃദയസ്പര്‍ശിയായ വാചകങ്ങളാണ്. അപ്പച്ചന്‍ സാറിനെന്റെ അഭിനയം ബോധിച്ചതും സംവിധാന സഹായിയായ രഘുനാഥിനെ വിളിച്ച് എനിക്കുള്ള ഡയലോഗ് നല്‍കാന്‍ ആവശ്യപ്പെട്ടു.

പ്രിവ്യു തീയറ്ററിന്റെ പിറകില്‍നിന്ന് ഉമ്മുക്കയോടൊപ്പം പ്രേംനസീറും കുഞ്ചാക്കോയും നടന്നു വന്നപ്പോള്‍ കണ്ടത് ഡയലോഗ് ഉരുവിട്ടുകൊണ്ടിരിക്കുന്ന എന്നെയാണ്. കത്തുകളിലൂടെ വളര്‍ന്ന സൗഹൃദത്തിന്റെ പിന്‍ബലത്തില്‍ ഒരു അനിയനോടുള്ള വാത്സല്യത്തോടെ ഉമ്മുക്ക എന്നോട് സംസാരിച്ചു. അന്ന് ചെറിയ റോള്‍ ചെയ്യുന്ന നടന്മാര്‍ക്ക് പ്രത്യേക ഭക്ഷണമൊന്നുമില്ലാത്തതുകൊണ്ട് എന്നെ വിളിച്ച് നസീര്‍ കോട്ടേജില്‍ കൊണ്ടുപോയി അവര്‍ക്കൊപ്പം ഇരുത്തി ഉമ്മുക്ക ഭക്ഷണം തന്നു.

അങ്ങനെ സന്തോഷത്തിന്റെ മൂര്‍ധന്യതയില്‍ നില്‍ക്കുമ്പോഴാണ് രഘുനാഥ് വന്നത്. 'മജീദിനെ പിന്നെ വിളിപ്പിക്കാം. ഇപ്പോള്‍ പൊയ്‌ക്കോളൂ' എന്നുമാത്രം പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. ആ വിളി വന്നില്ല. സിനിമ ഇറങ്ങിയപ്പോള്‍ എനിക്ക് പറഞ്ഞിരുന്ന റോള്‍ ചെയ്തത് ജി.കെ.പിള്ളയായിരുന്നു. അദ്ദേഹമത് ഭംഗിയായി അവതരിപ്പിച്ചെങ്കിലും അന്നത്തെ പക്വതക്കുറവുകൊണ്ട് എന്നെയത് വല്ലാതെ ഉലച്ചു. സിനിമയില്‍ ഇതൊക്കെ പതിവാണെന്ന ധാരണയൊന്നും അന്നില്ലല്ലോ.

വര്‍ഷങ്ങള്‍ കടന്നുപോയി. ഉമ്മുക്കയുമായുള്ള ബന്ധം അനുദിനം വളര്‍ന്നു. ഇതിനിടയില്‍ എന്റെ അനിയന്‍ സിദ്ദിഖ് നടനായി. സിനിമാഭ്രമമൊക്കെ വിട്ട് ഞാന്‍ ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് കഴിയുന്നതിനിടയില്‍ ഉമ്മുക്ക ഒരു കത്തില്‍ ഇങ്ങനെ എഴുതി: 'മറ്റൊരു നടന്‍ സൗഹൃദത്തിന്റെ പേരില്‍ സ്‌നേഹം കലര്‍ന്ന ഇടപെടല്‍ നടത്തിയിരുന്നില്ലെങ്കില്‍ സിദ്ദിഖിനെക്കാള്‍ മുന്‍പ് സിനിമയില്‍ നീ വരുമായിരുന്നു മജീദ് ...'എന്റെ കഴിവുകുറവല്ല അന്ന് അവസരം നഷ്ടപ്പെടാനുള്ള കാരണമെന്ന് ആ വരികളിലൂടെ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍ സിനിമാമോഹം വീണ്ടും മുളപൊട്ടുമായിരുന്നില്ല. ആ വാക്കുകള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നു.

രക്തബന്ധത്തെക്കാള്‍ തീവ്രമായ ആത്മബന്ധം

സൗഹൃദത്തിനപ്പുറം ഒരു ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉടലെടുത്തു. കുടുംബങ്ങള്‍ തമ്മിലും ആ അടുപ്പം ഉണ്ടായിരുന്നു. എറണാകുളത്ത് വരുമ്പോള്‍ മിക്കപ്പോഴും ഉമ്മുക്ക എന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കുകയും എന്നെയും കുടുംബത്തെയും വിശേഷാവസരങ്ങളില്‍ ചെന്നൈയില്‍ വിളിച്ച് സല്‍ക്കരിക്കുന്നതുമായ തരത്തില്‍ ഞങ്ങള്‍ അടുത്തു.

2001 ജൂണില്‍ എന്റെ മൂത്തമകന്‍ ശിഹാബിന്റെ വിവാഹം ക്ഷണിച്ചപ്പോള്‍ മേയ് മാസത്തില്‍ കൊച്ചിയിലൊരു ചടങ്ങിന് വരുന്നുണ്ടെന്നും നിന്റെ വീട്ടില്‍ നിന്നാണ് ഭക്ഷണമെന്നും അദ്ദേഹം പറഞ്ഞു. പതിവിലും കൂടുതല്‍ നേരം അന്ന് ഞങ്ങള്‍ സംസാരിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖം അലട്ടുന്നതു കൊണ്ട് കല്യാണത്തിന് വരാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് മോനെ അടുത്തുവിളിച്ചിരുത്തി അനുഗ്രഹിച്ചു.

ആ രാത്രി ഞാന്‍ ഉറങ്ങിയില്ല

ഒക്ടോബര്‍ 29, 2001 തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പെരുമ്പാവൂരു വെച്ചാണ് ഉമ്മുക്കയുടെ മരണവിവരം ഞാന്‍ അറിയുന്നത്. ഉടനെ അദ്ദേഹത്തിന്റെ മകന്‍ റഷീദുമായി ബന്ധപ്പെട്ടു. മൃതദേഹം കോഴിക്കോട് കൊണ്ടുപോയി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് വാപ്പ പറഞ്ഞിരുന്നതുകൊണ്ട് മദ്രാസില്‍ തന്നെ കബറടക്കം നടത്താനാണ് തീരുമാനമെന്ന് മോന്‍ പറഞ്ഞു. അന്നുരാത്രി ഞാന്‍ ഉറങ്ങിയില്ല. ഒരു കൂടപ്പിറപ്പിനെ നഷ്ടമായ വേദനയായിരുന്നു നെഞ്ചില്‍. ചെന്നൈയില്‍ ചെല്ലുമ്പോള്‍ ഇസ്ലാമിക നിയമങ്ങള്‍ അറിയാവുന്ന ആരും അവിടെ ഉണ്ടായിരുന്നില്ല. മയ്യത്ത് കുളിപ്പിക്കുന്നതടക്കം എല്ലാ കാര്യങ്ങളും ഞാന്‍ നിന്ന് ചെയ്തു. ചൂളൈമേട് ജുമാമസ്ജിദിലായിരുന്നു കബറടക്കം. മാനസികമായി പൊരുത്തമില്ലാത്തവര്‍ കുളിപ്പിച്ചാല്‍ ആ ശരീരത്തിന് വേദനിക്കുമെന്നാണ് പറയപ്പെടുന്നത്. ഞങ്ങളുടെ ആത്മബന്ധത്തിന്റെ തീവ്രതയാണ് ഒരു നിയോഗംപോലെ ഉമ്മുക്കയുടെ അന്ത്യകര്‍മ്മങ്ങള്‍ എന്നെക്കൊണ്ട് ചെയ്യിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കടപ്പാട്: മംഗളം
എന്റെ ഉമ്മുക്ക: കെ.പി. ഉമ്മറുമായി 35 വര്‍ഷത്തെ സൗഹ്രുദത്തിന്റെ ഓര്‍മ്മഎന്റെ ഉമ്മുക്ക: കെ.പി. ഉമ്മറുമായി 35 വര്‍ഷത്തെ സൗഹ്രുദത്തിന്റെ ഓര്‍മ്മഎന്റെ ഉമ്മുക്ക: കെ.പി. ഉമ്മറുമായി 35 വര്‍ഷത്തെ സൗഹ്രുദത്തിന്റെ ഓര്‍മ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക