Image

ഒരു വെടിയും ചില രുചികളും(ലൗഡ് സ്പീക്കര്‍ : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 27 September, 2017
ഒരു വെടിയും ചില രുചികളും(ലൗഡ് സ്പീക്കര്‍ : ജോര്‍ജ് തുമ്പയില്‍)
പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെക്കുറിച്ച് നല്ലതോ ചീത്തയോ പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ അദ്ദേഹം അടുത്തിടെ അമേരിക്കയില്‍ നടത്തിയ സന്ദര്‍ശനത്തിനിടയ്ക്ക് വച്ചു കാച്ചിയ ചില ഡയലോഗുകള്‍ കേട്ടപ്പോള്‍ ഒന്നു തോന്നി. സമൂഹത്തില്‍ നടക്കുന്നതൊന്നും വിളിച്ചു പറയുന്നത് മാന്യതയ്ക്ക് ചേരുന്നതല്ല. അതു സത്യമായിരിക്കാം, എന്നാല്‍ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നതില്‍ ചില മാന്യത ഉണ്ടാകുന്നിടത്താണ് ഒരു പൊതുപ്രവര്‍ത്തകന്റെ വിജയം. അമേരിക്കയില്‍ നിന്നു തിരിച്ചെത്തിയ ഉടന്‍ വനിത കമ്മീഷന്‍ അധ്യക്ഷന്‍ എം.സി ജോസഫൈനുമായി അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി എന്തൊക്കെ കാണണമോ എന്തോ? അവരെ ചീമുട്ടയെന്നും വിസര്‍ജ്യമെന്നുമൊക്കെ വിളിച്ചു കൊണ്ടാണ് എതിരേല്‍പ്പ് നടത്തുന്നത്. ഇതൊക്കെ ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതാണോ എന്ന കാര്യത്തിലേ സംശയമുള്ളു.

***        ***        ***
സിപിഎം നേതാക്കളും ജനപ്രതിനിധികളുമൊക്കെയുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ. ഇടുക്കി ഏരിയ എന്ന ഈ ഗ്രൂപ്പില്‍ നിരവധി സ്ത്രീകളുമുണ്ട്. പാര്‍ട്ടി അംഗം തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെക്കുറിച്ച് പാര്‍ട്ടി അന്വേഷണവും തുടങ്ങി. സംഭവം അറിഞ്ഞ അഡ്മിന്‍ അംഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കാന്‍ തുടങ്ങിയെന്ന് തൊടുപുഴയില്‍ നിന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത് ശനിയാഴ്ച സെപ്തംബര്‍ 16-ന്. വീഡിയോ കിട്ടുന്നവര്‍ അതു കണ്ടു സായൂജ്യമടഞ്ഞാല്‍ പോരേ, പത്തു പേരെക്കൂടി കാണിക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ പറയാന്‍ വരട്ടെ. ഇതാ അമേരിക്കയിലെ ഇര്‍മ്മ കൊടുങ്കാറ്റിനിടയിലും സമാന സംഭവം ഉണ്ടായി. കൊടുങ്കാറ്റില്‍ പെട്ടവര്‍ക്ക് സഹായം നല്‍കാനും അവര്‍ക്ക് രക്ഷയ്ക്കുമൊക്കെയായി അനിയന്‍ ജോര്‍ജ് 'ഹെല്‍പ്പ് ഫ്‌ളോറിഡ' എന്ന പേരിലൊരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. മികച്ച നിലയില്‍ മുന്നേറിയ ഈ ഗ്രൂപ്പില്‍ കുട്ടികളും സ്ത്രീകളുമൊക്കെയുണ്ടായിരുന്നു. അതിലേക്കാണ് ഒരു സുപ്രഭാതത്തില്‍ അശ്ലീലവീഡോയകള്‍ പ്രവഹിച്ചത്. കണ്ടവര്‍ ഞെട്ടിപ്പോയി. ഞരമ്പുരോഗികള്‍ എല്ലായിടത്തുമുണ്ട്. അവരത് പൊതുസമൂഹത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മാനസിക രോഗികളായി മാറുന്നുവെന്ന് തിരിച്ചറിയുന്നില്ലല്ലോ....
**    **    **    **

അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഓണാഘോഷം ഏറെ വ്യത്യസ്തമായാണ് ഓരോ വര്‍ഷവും ആഘോഷിക്കുന്നത്. ഒത്തുകൂടാന്‍ ഒരു വേദി എന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്. ഫിലഡല്‍ഫിയയിലെ ഒരു സൗഹൃദക്കൂട്ടായ്മയാണ് ഏറെ ശ്രദ്ധേയം. അമേരിക്കന്‍ മലയാളി പോസ്റ്റല്‍ എംപ്ലോയീസ് അസോസിയേഷന്‍ ആണ് ഓണസദ്യ ഒരുക്കിയത്. യു.എസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിവിധ വകുപ്പില്‍ ജോലി ചെയ്യുന്ന മലയാളികളായ എല്ലാവരും ഒന്നിച്ച് ഓണസദ്യ ഉണ്ണാന്‍ ഒത്തു കൂടുന്നത് സെപ്തംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയായ ലേബര്‍ ഡേ ദിനത്തിലാണ്. അസോസിയേഷന്‍ അംഗങ്ങള്‍ ഭവനത്തില്‍ നിന്നും കൊണ്ടു വന്ന 28 ഇനം കറികളായിരുന്നു ഓണസദ്യയുടെ പ്രത്യേകത. ഇങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികള്‍ ശരിക്കും കേരളത്തിലുള്ള സഹോദരി സഹോദരന്മാര്‍ക്കും പരീക്ഷിക്കാവുന്നതാണ്. ഓണത്തിന്റെ കാര്യം പറയുമ്പോള്‍ ഒന്നു കൂടെ പറയാം, ഇലയില്‍ വിളമ്പിയാണ് ഓണസദ്യ കഴിക്കേണ്ടത്. അമേരിക്കയിലെ ഒട്ടുമിക്ക ഓണസദ്യകളും അങ്ങനെ തന്നെയാണ്. എന്നാല്‍ ഇക്കഴിഞ്ഞയാഴ്ച ഒരിടത്ത് കണ്ടു. ക്യൂ നിന്ന് പേപ്പര്‍ പ്ലേറ്റ് താങ്ങി ചോറും കറികളും. എല്ലാം കൂടി കൂമ്പാരം കൂട്ടി മല പോലെ കൊണ്ടു പോയി എല്ലാം കൂട്ടിക്കഴിച്ച് കഴിക്കുന്ന ആ പ്രക്രിയയ്ക്ക് ഓണസദ്യ എന്നു പറയാനാവുമോ?

****    ***    ***        ***
28 ഇനം കറിയുടെ കാര്യം പറഞ്ഞപ്പോഴെ നാവില്‍ രുചിയൂറി. അപ്പോഴാണ് തിരുവനന്തപുരത്തെ അമ്മച്ചി ഹോട്ടലിന്റെ വാര്‍ത്ത കണ്ടത്. മീന്‍ ആണ് ഇവിടുത്തെ സ്‌പെഷ്യല്‍. തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷനു സമീപമുള്ള അമ്മച്ചി ഹോട്ടല്‍ എഴുപത്തിയെട്ടുകാരിയായ ശാന്തേടത്തി നടത്തുന്നതാണ്. 'കൃഷ്ണ' എന്ന പേരില്‍ ആരംഭിച്ച ഹോട്ടലില്‍ അമ്മച്ചിയുടെ രൂചിക്കൂട്ടില്‍ തയാറാക്കിയ വിഭവങ്ങളുടെ സ്വാദു പിടിച്ചുപറ്റിയ ഭക്ഷണപ്രേമികള്‍ അമ്മച്ചി ഹോട്ടല്‍ എന്നു പേരു നല്‍കി. സ്വന്തമായി ഉണക്കി പൊടിച്ചെടുക്കുന്ന മുളകും മഞ്ഞളും കുരുമുളകുമൊക്കെ ചേര്‍ത്തു ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയില്‍ വറുത്തുകോരുന്ന മീനിന് പ്രത്യേക സ്വാദാണ്. ഹോട്ടലില്‍ രാവിലെ അപ്പം, ഇടിയപ്പം, പൊറോട്ട, ഇഡലി തുടങ്ങിയവ  വിളമ്പുമെങ്കിലും ഊണിനും മീന്‍ പൊരിച്ചതിനുമാണ് ആവശ്യക്കാര്‍ ഏറെയും. ഹോട്ടലിലേക്ക് ആവശ്യമായ മീനുകളെല്ലാം വേളി കടപ്പുറത്തു നിന്നും വിഴിഞ്ഞം കടപ്പുറത്തു നിന്നും വാങ്ങുന്ന റോള്‍ അമ്മച്ചിക്കാണ്. പാകം ചെയ്യുന്ന മീന്‍ ഫ്രഷ് ആയിരിക്കണമെന്ന് അമ്മച്ചിക്ക് നിര്‍ബന്ധമാണ്. ചൂര, കണവ, അയല, മത്തി, ആവോലി, ചെമ്പല്ലി നെയ്മീന്‍ എന്നുവേണ്ട സകല മീനുകളും കറിയായും ഫ്രൈയായും ഹോട്ടലിലെ തീന്‍മേശയിലെത്തും. മറ്റൊരു പ്രധാന ആകര്‍ഷണം ആവശ്യക്കാര്‍ക്ക് വറചട്ടിയില്‍ നിന്നു അപ്പപ്പോള്‍ മീന്‍ പൊരിച്ചു കൊടുക്കും. ഭക്ഷണപ്രിയരെല്ലാം അമ്മച്ചി ഹോട്ടലില്‍ എത്തുന്നത് മീന്‍ പൊരിച്ചതിന്റ രുചി അറിഞ്ഞാണ്. ഒരിക്കല്‍  ശാന്ത അമ്മച്ചിയുടെ ഊണിന്റെയും മീന്‍ വിഭവങ്ങളുടേയും രുചിയറിഞ്ഞാല്‍  പിന്നെ തിരുവനന്തപുരം വഴി യാത്ര ചെയ്യുന്നവര്‍ തീര്‍ച്ചയായും പേട്ടയിലെ അമ്മച്ചി ഹോട്ടലില്‍ കയറാതെ മടങ്ങില്ല. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഈ രുചി തേടി ഞാനും പേട്ട റെയില്‍വേസ്റ്റേഷനില്‍ വണ്ടിയിറങ്ങും. ഉറപ്പ്.

****    ***    ***        ***
പിസിയുടെ വെടികള്‍ കൊണ്ടാണ് തുടങ്ങിയത്, ഇനി അദ്ദേഹത്തിന്റെ തോക്കിന്റെ കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ പ്രസംഗത്തിലെ ചില ഉദ്ധരണികള്‍ ഇവിടെ പങ്കു വയ്ക്കുന്നു. അതിങ്ങനെയാണ്.
-നിങ്ങളുടെ ഭൂമി ആരെങ്കിലും പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അതു സത്യസന്ധമാണെങ്കില്‍ എന്നോടു പറഞ്ഞാല്‍ മതി. നിങ്ങളുടെ ഭൂമി ആരും കൊണ്ടു പോവുകയില്ല. -ഇന്ത്യയില്‍ എറ്റവും കൂടുതല്‍ പട്ടിണിക്കാര്‍ ഉള്ള സംസ്ഥാനമാണ് കേരളം. -ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ കേരളത്തിലാണ്. -വനിത ഐപിഎസ്‌കാരിയായ എസ്.സന്ധ്യയുടെ വൈരാഗ്യത്തിന്റെ ഫലമാണ് ഗംഗാശ്വാനന്ദ സ്വാമി. കേസ്, പുല്ല്, ഒന്നും പറയുന്നില്ല. എനിക്ക് പേടിയില്ല.  തെണ്ടി. അവിവേകമല്ലേ അവര്‍ കാട്ടിയത്. ആ സ്വാമി പരിശുദ്ധന്‍ ആണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. ആ പെണ്‍കുട്ടിയും പരിശുദ്ധയാണ്. -1980 മുതല്‍ എന്റെ ബുദ്ധി അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ആ ഏഭ്യന്മാരില്‍ നിന്നും മോചനം കിട്ടിയതിന്റെ സന്തോഷത്തിലാണ്. (കെ.എം. മാണിയേയും പി.ജെ. ജോസഫിനെയും പരാമര്‍ശിച്ച്) -എന്നെ പോലെ ഒരു പാവം മനുഷ്യന്‍ ലോകത്തില്ല. പിന്നെ തോക്ക്, അതിരിക്കട്ടെ ഒരു ബലത്തിന്.
****    ***    ***        ***
കാത്തിരിക്കുന്നു ബഹു പി.സി ജോര്‍ജ്, അങ്ങയുടെ അമേരിക്കയിലേക്കുള്ള അടുത്ത വരവിന്.



ഒരു വെടിയും ചില രുചികളും(ലൗഡ് സ്പീക്കര്‍ : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക