Image

കാണാതെ പോയൊരു കുറിപ്പ് (സജി വെച്ചൂര്‍)

Published on 24 September, 2017
കാണാതെ പോയൊരു കുറിപ്പ് (സജി വെച്ചൂര്‍)
എന്റെ കുട്ടിക്കാലത്ത്
അമ്മ നെല്ല് പുഴുങ്ങി ഉണങ്ങാനിടുമ്പോള്‍, അത് കാക്കയും കോഴിയും കൊണ്ടു പോകാതെ നോക്കാന്‍ ചുമതലപ്പെടുത്തുന്നത്,
ഞങ്ങള്‍ കുട്ടികളെയായിരുന്നു.
കളിച്ചു തിമിര്‍ക്കാന്‍ കൊതിക്കുന്ന
അവധി ദിനങ്ങള്‍തന്നെ തെരഞ്ഞുപിടിച്ച്,
നെല്ല് പുഴുങ്ങാന്‍ നിശ്ചയിക്കുന്നതിനോടും അതിന്റെ സംരക്ഷണ ചുമതല, ഞങ്ങള്‍ കുട്ടികളെ തന്നെ ഏല്പിക്കുന്നതിനോടും,
ശക്തമായ എതിര്‍പ്പും പ്രതിഷേധവുമുണ്ടായിരുന്നെങ്കിലും 'ബാലവേല കുറ്റ'മായി കരുതാതിരുന്ന അക്കാലത്ത് ഞങ്ങള്‍ക്ക് അനുസരിക്കാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.
രാവിലെ പുഴുങ്ങിക്കോരിയ നെല്ല്,
തഴപ്പായ വിരിച്ച് നിരത്തിയാല്‍,
പിന്നെയത്, ഉച്ചതിരിഞ്ഞ് ഉണങ്ങി വാരുന്നത് വരെ, ഞങ്ങളുടെ എല്ലാ സ്വാതന്ത്ര്യവും അതിന്റെ ചുവട്ടില്‍ അടിയറവ് വെച്ചിട്ടുണ്ടാവും.
നെല്‍കൃഷിയും കാലിവളര്‍ത്തലും പ്രധാന ഉപജീവന മാര്‍ഗ്ഗമായിരുന്ന ഞങ്ങളുടെ നാട്ടില്‍, വീട്ടമ്മമാരുടെ ചെറിയ അടുക്കള സമ്പാദ്യം, മുട്ടക്കോഴി വളര്‍ത്തലായിരുന്നു.
അതുകൊണ്ട് ഓരോ വീട്ടിലും
മുട്ടയിടുന്നതും തലയില്‍ ചുവന്ന പൂവും അങ്കവാലുമുള്ള പൂവന്‍കോഴികള്‍ ഉള്‍പ്പടെ വിവിധ തലമുറകളില്‍ പെട്ട അനേകം കോഴികളുണ്ടാവും.
കൂടെ, വീട്ടുമുറ്റത്തോ തൊടിയിലോ ശരണ മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടും പോലെ കീയോം കീയോം ഉരുവിട്ട്, ഇടതും വലതും തിരിഞ്ഞ്...

പിന്നെയെന്തെങ്കിലുമൊന്ന് കൊത്തിയെന്ന് വരുത്തി, ഇനി ചിലപ്പോള്‍ ഒരു പ്രാണിയുടെ പിന്നാലെ, അവര്‍ ഒന്നിലധികം പേര്‍ മത്സരിച്ചോടിയും മറ്റും..... അങ്ങനെ മുന്നേറുന്ന അമ്മക്കോഴിയും കുഞ്ഞുങ്ങളുമെല്ലാം ഗ്രാമ സൗന്ദര്യത്തിന്റെ അകക്കാഴ്ചകളായിരുന്നു.
പായ വിരിച്ച് നെല്ല് ചൊരിഞ്ഞ വിവരം കിട്ടുന്ന മുറയ്ക്ക്, അവരെല്ലാം നെല്ലുംപായ ലക്ഷ്യം വെച്ച് പതിയെ എത്തിത്തുടങ്ങും.
കണ്ണൊന്ന് തെറ്റിയാല്‍, പായക്കരികിലെത്തി നെല്ല് കൊത്തിത്തിന്നുന്ന കോഴിയെ ഒന്നോടിക്കണമെങ്കില്‍, കൈയ്യില്‍ കിട്ടുന്നതെന്തെങ്കിലുമെടുത്തെറിയണം.
അല്ലെങ്കില്‍ കൈവശം കരുതിയിട്ടുള്ള നീളമുള്ള കമ്പോ, ഒരോലത്തുഞ്ചോ എടുത്ത് വീശിക്കൊണ്ട് അതിനടുത്തേയ്ക്ക് ഓടിച്ചെല്ലണം.

എങ്കില്‍ മാത്രമേ കോഴി നെല്ലും പായ വിട്ട് പോകൂ.
കൈയ്യില്‍ കിട്ടുന്നത് എടുത്തെറിഞ്ഞാലുള്ളൊരു ദോഷം, അത് ചെന്ന് നെല്ലും പായയിലാണ് വീഴുന്നതെങ്കില്‍,
കോഴിയും കാക്കയും തിന്നുമായിരുന്നതിനേക്കാള്‍ കൂടുതല്‍ നെല്ല്, പായയ്ക്ക് വെളിയിലേയ്ക്ക് തെറിച്ചു പോകും.
അങ്ങനെ പല തവണ അമ്മയില്‍ നിന്ന് ശകാരം കേട്ട അനുഭവമുള്ളതുകൊണ്ട് ഞാനിപ്പോള്‍ അതിന് മുതിരാറില്ല.

അതല്ല, രണ്ടാമത് പറഞ്ഞ രീതിയാണെങ്കില്‍, കൂടെക്കൂടെ എഴുന്നേറ്റ്, വെയിലത്തിറങ്ങി പായയ്ക്കരുകില്‍ ചെന്ന്, കോഴിയെ ഓടിക്കുകയെന്നത് ശ്രമകരവും മുഷിച്ചിലുണ്ടാക്കുന്നതുമായ പണിയായിരുന്നു.
അതുകൊണ്ട്, ഞാന്‍ ഇത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു സൂത്രം കണ്ടു പിടിച്ചിരുന്നു.
നെല്ലും പായയുടെ സംരക്ഷണ ചുമതലയേറ്റ്,
അങ്ങോട്ടേയ്ക്ക് തിരിക്കുമ്പോള്‍, കൂടെ വീട്ടിലെ മുഖക്കണ്ണാടിയും കൂടി കൈയ്യില്‍ കരുതും.

നെല്ലും പായ ലക്ഷ്യം വെച്ച് കോഴിയെത്തുമ്പോള്‍,
ഞാന്‍ പതിയെ വെയില്‍ പതിക്കുന്നയിടത്തേയ്ക്ക് നീങ്ങിയിരുന്ന്, സൂര്യപ്രകാശം കണ്ണാടിയില്‍ തട്ടിച്ച്, പ്രതിബിംബം കോഴിയുടെ കണ്ണിലേയ്ക്ക് തിരിച്ചുവിടും.
വെയിലിന്റെ പുറമെ വീണ്ടുമെത്തുന്ന മൂര്‍ച്ചയുള്ള ഈ പ്രകാശ രശ്മികള്‍ പൊടുന്നനെ, കോഴിയെ തെല്ലൊന്ന് അമ്പരപ്പിക്കുകയും അന്ധാളിപ്പിക്കുകയും ചെയ്യും....!

അപ്പോള്‍, എന്തോ ഒരു പന്തികേട് മണുത്തിട്ടെന്നോണം കോഴി, മുന്‍പിന്‍ കാല് വെച്ച്... പതിയെ ഒന്ന് ചാഞ്ഞും ചരിഞ്ഞുമൊക്കെ നോക്കി...
പിന്നെ, അവിടെ നടന്ന സംഭവങ്ങളില്‍ തനിയ്‌ക്കൊരു പങ്കുമില്ലെന്ന് ധ്വനിപ്പിക്കും വിധം.... അതായത്, ഞാനൊന്നും കണ്ടില്ല കേട്ടുമില്ലായെന്ന് വരുത്തി, പതിയെ പമ്മിപ്പമ്മി സ്ഥലം വിടും.

എന്റെ കൈവശമിരിക്കുന്ന കണ്ണാടിയില്‍ നിന്ന് സൂര്യപ്രകാശം കോഴിയില്‍ പതിക്കുമ്പോള്‍, ദൂരക്കൂടുതല്‍ കൊണ്ട്, പ്രതിബിംബത്തിന്റെ വലിപ്പം കണ്ണാടിയുടെ അളവിലും വലുതാകയാല്‍, കോഴി ഒരു ഫെയിമില്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ തോന്നും.

കണ്ണാടിയിലൂടെ സൂര്യപ്രകാശം എങ്ങനെയാണോ കോഴിയിലേയ്‌ക്കെത്തിച്ച്, കോഴിയെ ഞാനൊരു ഫ്രെയിമില്‍ നിര്‍ത്തിയത്, അതുപോലെയാണ് ശ്രീ.ഠ ച ഗോപകുമാര്‍ എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ "ഏഷ്യാനെറ്റ് " എന്ന കണ്ണാടിയെ നമുക്കിടയില്‍ ദുഃഖമനുഭവിക്കുന്നവരിലേയ്ക്കും ദുരിതമനുഭവിക്കുന്നവരിലേയ്ക്കും നീതി നിഷേധിക്കപ്പെടുന്നവരിലേയ്ക്കും മറ്റ് എണ്ണമറ്റ പീഢിതരിലേയ്ക്കും തിരിച്ച് പിടിച്ച്,
അവരെ "കണ്ണാടി''യെന്ന ഫ്രെയിമിലാക്കി, അവര്‍ക്ക് സാമൂഹ്യനീതിയും ശ്രദ്ധയും പരിഗണനയും വാങ്ങിക്കൊടുത്തത്.
ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം .....

(യശ: ശരീരനായ
ശ്രീ. ടി.എന്‍.ഗോപകുമാറിന്റെ,
ചരമവാര്‍ഷിക ദിനത്തില്‍ എഴുതാതെ പോയത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക