Image

കൊടുങ്കാറ്റും ഭൂതവും (ലൗഡ് സ്പീക്കര്‍ -3: ജോര്‍ജ് തുമ്പയില്‍)

Published on 23 September, 2017
കൊടുങ്കാറ്റും ഭൂതവും (ലൗഡ് സ്പീക്കര്‍ -3: ജോര്‍ജ് തുമ്പയില്‍)
തമ്പി ആന്റണി പുതിയ നോവല്‍ എഴുതിയിരിക്കുന്നു. ഹൂസ്റ്റണില്‍ താമസിക്കുന്ന തമ്പിയുടെ പുതിയ നോവല്‍ പക്ഷേ കേരളത്തില്‍ വലിയ വാര്‍ത്തയായിരിക്കുന്നു എന്നാണ് വിവരം. നോവലിന്റെ പേര് ഭൂതത്താന്‍ കുന്ന്. നോവല്‍ പ്രകാശനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത് കോതമംഗലം എം.എ എന്‍ജിനീയറിംഗ് കോളേജിലായിരുന്നു. പക്ഷേ, അവിടെ അനുമതി നല്‍കാന്‍ കോളേജ് അധികൃതര്‍ വിസമ്മതിച്ചു. കുട്ടികളെ വഴിതെറ്റിക്കുമെന്നു കോളേജ് പ്രിന്‍സിപ്പില്‍. വായന ഇല്ലാതായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അങ്ങനെ വായിച്ചു കുട്ടികള്‍ വഴിതെറ്റുമെന്നു വിചാരിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന്റെ യുക്തിയെക്കുറിച്ചോര്‍ത്തപ്പോള്‍ അറിയാതെ ചിരിച്ചു പോയി. നോവലിന്റെ പേരായ ഭൂതത്താന്‍ കുന്ന് എന്നു കേട്ടപ്പോള്‍ പാവം പേടിച്ചു പോയി കാണും. അല്ലാതെന്തു പറയാന്‍. പ്രിയ തമ്പി, അങ്ങ് ഇതൊന്നും കണ്ട് പേടിക്കണ്ട. സധൈര്യം എഴുത്തു തുടരുക.

** ** **

മിത്രാസ് 2017 മൂവി അവാര്‍ഡുകള്‍ സമ്മാനിച്ചു. നോര്‍ത്ത് അമേരിക്കയില്‍ നിര്‍മിച്ച ഇരുപത്തിയഞ്ചോളം സിനിമകളില്‍ ഓരോ വിഭാഗങ്ങളിലായി തെരെഞ്ഞെടുക്കപ്പെട്ട മൂന്നു നോമിനികളില്‍ നിന്നും വിജയിയെ പുരസ്കാര വേദിയില്‍ വെച്ച് തന്നെ തത്സമയം പ്രഖ്യാപിക്കുകയായിരുന്നു. സംഗതി നന്നായി. അമേരിക്കയില്‍ ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ തോന്നിയ ധൈര്യത്തെ പ്രശംസിക്കാതിരിക്കാന്‍ വയ്യ. അവാര്‍ഡ് സ്വന്തമാക്കിയവര്‍ക്കെല്ലാം ആശംസകള്‍.

മികച്ച സിനിമയായി "നടന്‍' തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ വിക്ടര്‍ മാത്യൂസ്, മികച്ച നടന്‍ ജോബിന്‍ ജോണ്‍, മികച്ച നടി ദൃശ്യ രഘുറാം, മികച്ച ഛായാഗ്രാഹകന്‍ നിഷാന്ത് നായര്‍, മികച്ച ഗായിക ശാലിനി രാജേന്ദ്രന്‍ എന്നിവരാണ് അവാര്‍ഡ് നേടിയത്. ഇതൊരു പുതിയ തുടക്കമാണ്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നിന്നും ഇത്തരം പുതുമയാര്‍ന്ന കലാപരമായ ആശയങ്ങള്‍ ഇനിയും ഉയര്‍ന്നു വരണം. അതാണ് അമേരിക്കന്‍ മലയാളികള്‍ കാലാകാലങ്ങളായി ആഗ്രഹിക്കുന്നത്.

** ** **

ഹറിക്കേന്‍ അമേരിക്കയുടെ ഒരു ശാപമാണ്. അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം, മുന്‍കരുതലുകളും സുരക്ഷാ പദ്ധതികളെക്കുറിച്ചും നാമേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഹാര്‍വിക്കു ശേഷം ഇനി വരാനിരിക്കുന്നത് ഒട്ടനവധി കൊടുങ്കാറ്റുകളാണ്. ആ നിലയ്ക്ക് നാമേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഹൂസ്റ്റണിലെ ഹാര്‍വിയുടെ അനുഭവ പശ്ചാത്തലത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ജി. പുത്തന്‍കുരിശ് പറഞ്ഞത് ഏറെ നന്നായി എന്നു തോന്നി. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഇതാണ്. നാഷണല്‍ വെതര്‍ സെന്ററില്‍ നിന്നുള്ള അറിയിപ്പുകള്‍ ശ്രദ്ധിക്കുക, അത്യാവശ്യ സാധനങ്ങള്‍ പരിശോധിച്ച് കുറവുകള്‍ നികത്തുക, കാറ്റ് അടിച്ച് പറത്താന്‍ സാധ്യതയുള്ള സാധനങ്ങള്‍ വീടിന് അകത്ത് കൊണ്ടുവരിക, കതകും ജനാലകളും അടച്ച് ഭദ്രമാക്കുക, റഫ്‌റിജറേറ്ററും ഫ്രീസറും, അഥവാ രണ്ടുമൂന്നു ദിവസം വൈദ്യുതി നഷ്ടപ്പെട്ടാലും, ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചീത്തയാകാത്ത വിധത്തില്‍ ഏറ്റവും തണുപ്പില്‍ സെറ്റു ചെയ്യുക, ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ കണക്ഷന്‍സ് നീക്കം ചെയ്യുക, കാറിന്റെ ഗ്യാസ്റ്റാങ്ക് നിറക്കുക, കുടംബത്തിലുള്ളവരുമായി രക്ഷാപദ്ധതികള്‍ ആസൂത്രണം ചെയ്യുക, നമ്മള്‍ ജീവിക്കുന്ന കമ്മ്യൂണിറ്റിയുടെ രക്ഷാപദ്ധതികള്‍, മാര്‍ഗ്ഗങ്ങള്‍, ഷെല്‍റ്ററുകള്‍ എന്നിവ അറിഞ്ഞിരിക്കുക. കുടംബത്തില്‍ ആരെങ്കിലും ആരോഗ്യപരമായി പ്രത്യേക ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ കമ്മ്യൂണിറ്റിയുടെ അത്യാഹിത വിഭാഗത്തില്‍ അറിയിക്കുക, അഥവാ വീട് ഒഴിഞ്ഞുപോകാന്‍ ആജ്ഞ ഉണ്ടായാല്‍, പോകുന്ന മാര്‍ഗ്ഗത്തില്‍ വെള്ളപ്പൊക്കമോ, മറ്റ് അപകടങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക. സാധാരണയായി നാം താമസിക്കുന്ന ഭവനങ്ങള്‍ക്ക് ഹറിക്കേനും വെള്ളപ്പൊക്ക കെടുതികള്‍ക്കുമായുള്ള ഇന്‍ഷ്വ്വറന്‍സ് ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റ് ഇന്‍ഷ്വറന്‍സ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരം തേടുക എന്നിവയാണ്. ഇതൊക്കെ സ്വയം അറിയുന്നതും നമ്മുടെ കൂടെയുള്ളവരെ അറിയിക്കുന്നതും ഒരു കടമയാണെന്നു കരുതുക. നന്ദി ജി. പുത്തന്‍കുരിശ് അങ്ങയുടെ ഉദ്യമത്തിന്.

** ** **

വാട്‌സാപ്പും ഫേസ്ബുക്കും തങ്ങളുടെ വിവരങ്ങള്‍ മൂന്നാമത് ആര്‍ക്കെങ്കിലും നല്‍കുന്നുണ്ടോയെന്ന് ഇന്ത്യന്‍ സൂപ്രീം കോടതി ചോദിച്ചിരിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലായിരുന്നു വാട്‌സ് ആപ്പിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. ഈ കോണ്‍ഗ്രസ് വക്കീല്‍ മുന്‍പ് ബാര്‍ കോഴക്കേസില്‍ കേരളസര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതാണ്. ആ ഉദാഹരണം മുന്നില്‍ ഉള്ളതു കൊണ്ട് ചോദിച്ചു പോവുകയാണ്, സിബല്‍ജി വാട്‌സ് ആപ്പിനെ കാത്തോണേ?
Join WhatsApp News
A.C. George 2017-09-23 23:02:43
Thanks for the article and observation. let me point out a small corrction.  Mr. Thampy Antony lives in San Francisco/CA. His brother Babu Antony lives here at Sienna Plantation (Missouri City)- Houston area/Texas.  It is not a big deal. Just a small correction only. 
വാർത്ത 2017-09-24 09:21:46
വലിയ വാർത്ത ആയതോ, ആക്കിയതോ? ചിന്തിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക