Image

മന്‍മോഹന്‍ സിങ്ങിനെ മാറ്റില്ലെന്ന് സോണിയാഗാന്ധി

Published on 08 March, 2012
മന്‍മോഹന്‍ സിങ്ങിനെ മാറ്റില്ലെന്ന് സോണിയാഗാന്ധി
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഡോ. മന്‍മോഹന്‍ സിങ്ങിനെ മാറ്റില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടതായി സമ്മതിച്ച സോണിയ പക്ഷേ, അത് കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാറിനെ ബാധിക്കില്ലെന്നും പറഞ്ഞു. സഖ്യകക്ഷികളുമായി ഫലപ്രദമായ ഏകോപനത്തിലൂടെ സര്‍ക്കാര്‍ മുന്നോട്ടുപോകും. വിജയമായാലും തോല്‍വിയായാലും ഓരോ തിരഞ്ഞെടുപ്പും തങ്ങള്‍ക്ക് പാഠമാണ്-അവര്‍ പറഞ്ഞു.
അതേസമയം, 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തോട് കോണ്‍ഗ്രസ് അധ്യക്ഷ പ്രതികരിച്ചില്ല.
രാജ്യത്തെ വിലക്കയറ്റം കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെന്ന് സമ്മതിച്ച സോണിയ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളും വിമത സാന്നിധ്യവും മറ്റുമാണ് പ്രധാനമായും കോണ്‍ഗ്രസ്സിന്റെ തോല്‍വിക്ക് കാരണമായി നിരത്തിയത്.
ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നതായും തങ്ങള്‍ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സോണിയ പറഞ്ഞു.
പഞ്ചാബില്‍ വിജയിക്കാനാവുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ അകാലിദളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ മന്‍പ്രീത് സിങ് ബാദലിന്റെ പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടിയുടെ സാന്നിധ്യമാണ് ദോഷകരമായി ബാധിച്ചത്. അതേസമയം, ഗോവയിലെ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ്സിനോട് അതൃപ്തിയണ്ടായിരുന്നെന്ന് സോണിയ സമ്മതിച്ചു.
യു.പി.യില്‍ പാര്‍ട്ടി ദുര്‍ബലമായിരുന്നു. ജനങ്ങള്‍ക്ക് ബി.എസ്.പി. സര്‍ക്കാറിനോട് വെറുപ്പുണ്ടായിരുന്നു. അവരുടെ മുന്നിലുണ്ടായിരുന്ന ബദല്‍ എസ്.പി. ആയിരുന്നതിനാല്‍ എസ്.പി.ക്ക് പിന്തുണ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക