Image

അമേരിക്കന്‍ വ്യാപാര ബില്ലിനെതിരെ ചൈന

Published on 08 March, 2012
അമേരിക്കന്‍ വ്യാപാര ബില്ലിനെതിരെ ചൈന
ബെയ്ജിംഗ്: ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സബ്‌സിഡി സാധനങ്ങള്‍ക്കു നികുതി ചുമത്താന്‍ ശിപാര്‍ശ ചെയ്യുന്ന അമേരിക്കന്‍ വ്യാപാര ബില്ലിനെതിരെ ചൈന ശക്തമായി രംഗത്തുവന്നു. അമേരിക്കന്‍ തൊഴിലവസരം സംരക്ഷിക്കാനെന്ന പേരില്‍ പ്രസിഡന്റ് ഒബാമ മുന്‍കൈയെടുത്തുകൊണ്ടുവരുന്ന ബില്ലാണ് വിവാദമായത്. 

ബില്ലില്‍ പ്രസിഡന്റ് ഉടന്‍ ഒപ്പുവയ്ക്കും. എന്നാല്‍ അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്കു വിരുദ്ധമാണ് അമേരിക്കയുടെ നടപടിയെന്നു ചൈന ആരോപിച്ചു. വ്യാപാരക്കമ്മി പരിഹരിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ട സ്ഥിതിയില്‍ അതിനു പരിഹാരമായി യുവാന്റെ മൂല്യം താഴ്ത്തുന്ന പ്രശ്‌നമില്ലെന്നും ചൈന അറിയിച്ചു. ലോക വ്യാപാര സംഘടനയുടെ നിയമങ്ങളാണു പാലിക്കേണ്ടത്. അതിനു വിരുദ്ധമായി ഏതെങ്കിലും രാജ്യം കൊണ്ടുവരുന്ന നിയമങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ക്ക് ഒരു ബാധ്യതയുമില്ലെന്നു ചൈനീസ് വാണിജ്യ കാര്യമന്ത്രി ഷെന്‍ ഡെമിംഗ് പറഞ്ഞു. പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോക വ്യാപാരരംഗത്ത് സന്തുലിതാവസ്ഥ കൊണ്ടുവരാനായി അമേരിക്കയേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ചൈനയ്ക്കു കഴിഞ്ഞു. അതിനാല്‍ തങ്ങളുടെ വ്യാപാരക്കമ്മി കഴിഞ്ഞവര്‍ഷം 2.1 ശതമാനത്തിലേക്കു താഴ്ന്നു. എന്നാല്‍ അമേരിക്കയുടേത് ആഭ്യന്തര ഉത്പാദനത്തിന്റെ 4.8% ആണ്. സ്വന്തം കമ്മി വര്‍ധിക്കാന്‍ കാരണം സ്വന്തം ചെയ്തി തന്നെയാണെന്നു ചൈന കുറ്റപ്പെടുത്തി. അമേരിക്കയുടെ വ്യാപാരക്കമ്മി 35,00,000 കോടിയാണ്. എന്നാല്‍ ചൈനയുടേത് 7.5 ലക്ഷം കോടി മാത്രമാണ്. പക്ഷേ അമേരിക്കയുമായി തങ്ങള്‍ക്ക് പത്തുലക്ഷം കോടിയുടെ വ്യാപാരമിച്ചമുണ്ടായതെങ്ങനെയാണെന്ന ് മന്ത്രി ചോദിക്കുന്നു. സാമാന്യ സാമ്പത്തിക ബോധമുള്ള, മുന്‍വിധിയില്‍ നിന്നു സ്വതന്ത്രനായ ഏതൊരു വ്യക്തിക്കും ശരിയായ തീരുമാനത്തിലെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

വിവാദ ബില്‍ കഴിഞ്ഞദിവസം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നു. വിപണി ഇതര സമ്പദ്‌വ്യവസ്ഥകളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കു നികുതി ചുമത്തരുതെന്ന് ഒരു യുഎസ് കോടതി കഴിഞ്ഞ ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. ഇതു മറികടക്കാനാണ് ബില്‍ കൊണ്ടുവന്നത്. കഴിഞ്ഞവര്‍ഷം ചൈനയില്‍ നിന്നുള്ള യുഎസ് ഇറക്കുമതി 20,00,000 കോടിയുടേതായിരുന്നു. ചൈനയുമായുള്ള വ്യാപാരക്കമ്മി 15,00,000 കോടിയിലെത്തിയെന്ന് വാഷിംഗ്ടണ്‍ പറയുന്നു. എന്നാല്‍ ചൈനയുടെ കണക്കുകളില്‍ വ്യാപാരമിച്ചം പത്തുലക്ഷം കോടിയ്ക്കു മേല്‍ മാത്രമാണ്. സ്വയംഭരണ പ്രവിശ്യയായ ഹോങ്കോംഗിന്റെ വ്യാപാരവും കൂടി ചേര്‍ത്താണ് അമേരിക്ക കണക്കുണ്ടാക്കിയതെന്ന് ചൈന ആരോപിക്കുന്നു. 

മികച്ച മൂല്യത്തിലാണ് യുവാന്റെ വിനിമയ നിരക്കെന്ന് ചൈന വാദിക്കുന്നു. അത് ഇനി താഴ്ത്താന്‍ ഉദ്ദേശിക്കുന്നില്ല. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓരോ രാജ്യവും അവരവരുടെ വിനിമയ നിരക്ക് സുസ്ഥിരമാക്കുമെന്നു ചൈന പറയുന്നു. ചൈനയുടെ ഫാക്ടറി ഉത്പാദന നിരക്ക് വര്‍ധിച്ചുവരുന്നത് അമേരിക്ക ഉള്‍പ്പെടെ വികസിതരാജ്യങ്ങളെ ചൊടിപ്പിക്കുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക